Saturday, December 13, 2008

ബർത്ത്‌ഡേകളുണ്ടാകുന്നത്‌...

പണ്ടു ഞങ്ങളുടെ നാട്ടിലെ സ്കൂളുകളിലൊരു പതിവുണ്ടായിരുന്നു, ഒന്നാം ക്ലാസിൽ കുട്ടിയെച്ചേർക്കുമ്പോൾ ഹെഡ്മാസ്റ്റർ അങ്ങേരുടെ പ്രതിഭയ്ക്കനുസരിച്ച്‌ ഒരുബെർത്ത്‌ഡേയങ്ങു സൃഷ്ടിച്ചുനൽകും. ക്ലാസിൽച്ചേർക്കുന്ന തീയതിയിൽ അഞ്ചുവയസ്സു തികയുമാറ്‌ മനക്കണക്കു കൂട്ടി ആ മാസത്തിലെ ഒരു ഡേറ്റ്‌ വച്ച്‌ അഞ്ചുവർഷം മുമ്പ്‌ ഈ തലതെറിച്ചവൻ 'അവതെറിച്ചു' എന്നായിരിക്കും അതിന്റെ രത്നച്ചുരുക്കം. സിമ്പിൾ അരിത്ത്‌മെറ്റിക്‌. അങ്ങനെ മിക്കവരും മെയ്‌, ജൂൺ മാസങ്ങളിൽ ജനിച്ചു.

ഇതിനുകാരണം പക്ഷേ എനിക്കിന്നുതോന്നുന്നത്‌ നമ്മുടെ കാർന്നോമ്മാരുടെ അപാരമായ ഓർമ്മശക്തിയാണു്ന്നാണു്. ഓഫീസുമുറിയിൽ ഓഛാനിച്ചുനിൽക്കുന്ന പിതാശ്രീയോട്‌ തലമാസ്റ്റർ രജിസ്റ്റർ നിവർത്തിവച്ച്‌ വായിലെമുറുക്കാൻ വിസ്തരിച്ചൊന്നുചവച്ച്‌ വരാന്തയിലേക്കുപോലുമിറങ്ങാതെ നിത്യത്തൊഴിലഭ്യാസമെന്ന ലാഘവത്തിൽ മുറ്റത്തേക്കുന്നീട്ടിയൊന്നുതുപ്പി, മേലേക്കുനോക്കി അണ്ണാക്കിൽ നിന്നു് സർക്കാരുവണ്ടി സ്റ്റാർട്ടാക്കാൻ ശ്രമിക്കുമ്പോലെയൊരു ശബ്ദമുണ്ടാക്കി കണ്ഠശുദ്ധിവരുത്തി മുറുക്കാൻ വായിലൊരുവശത്തേക്കൊതുക്കി ഒരുചോദ്യം,
"എന്താ പേരു്"
തന്റെയല്ല, അടുത്തുനിൽക്കുന്ന, അതിനകം മേശപ്പുറത്തിരുന്ന റൂൾത്തടികൊണ്ട്‌ അടുക്കിവച്ചിരുന്ന ഹാജർബുക്കുകൾ കുത്തിമറിച്ചിട്ട്‌ വീണതു താനുദ്ദേശിച്ചതുപോലെയോയെന്നു കൺഫേം ചെയ്യുന്നതിൽ വ്യപൃതനായിരിക്കുന്ന കടിഞ്ഞൂൽക്കനിയുടെയാണെന്നു സാഹചര്യത്തെളിവുകളിൽനിന്നു തിരിച്ചറിഞ്ഞ്‌ ഒരു മിനിറ്റുപോലും അടങ്ങിയിരിക്കാൻ പറ്റാത്ത സൽപുത്രന്റെ പേരുപറയും,
"ശാന്തകുമാർ"
"ഒവ്വ" എന്നൊരു വശംകെട്ട ഭാവം മുഖത്തു വിരിയുമെങ്കിലും ഇവന്റെ ശീലത്തിനു ചേർന്നപേരു പിന്നീടു മറ്റുള്ളകുട്ടികൾതന്നെ വിളിച്ചോളുമെന്നു സമാധാനിച്ച്‌ കേട്ടെഴുത്തു നടത്തും ഹെഡ്മാസ്റ്റർ.കണ്ണടയൊന്നിളക്കിവച്ച്‌ അടുത്ത ഡാറ്റയ്ക്കായി മുഖമുയർത്തും.
"എന്നാ ജനനം?"
രണ്ടാമതൊന്നാലോചിക്കേണ്ടാത്തതുകൊണ്ട്‌ സംശയലേശമെന്യേ ഉത്തരം കൊടുക്കും. "നാലാംകൊല്ലം പൊര കെട്ടിമേഞ്ഞതിന്റെ പിറ്റേന്നന്നെ." ചിന്തോദ്ദീപകമായ മറുപടികേട്ട്‌ താനെന്നെങ്കിലും ഇവന്റെ മേച്ചിലൂണിനു പോയിട്ടുണ്ടോയെന്ന് സാറദ്ദ്യേം ആലോചനാനിമഗ്നനാവും. പിന്നെച്ചോദ്യമില്ല.

ഇവിടെയാണു മുമ്പു പറഞ്ഞ സിമ്പിൾ അരിത്‌മെറ്റിക്‌ മാഷുടെ സഹായത്തിനെത്തുന്നതു്. മാഷ്‌ ഒരുവനു ഹാപ്പിബെർത്ത്‌ഡേ പ്രദാനംചെയ്തുകഴിഞ്ഞു. രജിസ്റ്ററിൽ തീയതി എഴുതിച്ചേർക്കും. തന്റെ ഉത്തരങ്ങളെല്ലാം കൃത്യമല്ലായിരുന്നെങ്കിൽ "വേലുപ്പിള്ളസ്സാറു ചുറ്റിപ്പോയേനെ"യെന്നാശങ്കിച്ച്‌ അതിനിടയുണ്ടാകാതെ മകനെ ഉസ്കൂളിൽ ചേർത്തിയ സംതൃപ്തിയിൽ പിതാവു പടിയിറങ്ങും.

ഏതാണ്ടിത്തരമോ സമാനമായമറ്റേതോ സാഹചര്യത്തിലായിരിക്കണമെന്നുതോന്നുന്നു, എനിക്കും ചാർത്തിക്കിട്ടി ഒരു ബെർത്ത്‌ഡേ. പിൽക്കാലത്ത്‌ അതെന്റെ ഓഫീഷ്യലും ഞാനോർത്തിരിക്കുന്നതുമായ ജനനത്തീയതിയായി.

Wednesday, December 3, 2008

കല്ലടയാറു്-കൊല്ലത്തിന്റെ കൊച്ചുസുന്ദരി !

ഐവർകാലാ മാഹാത്മ്യം(അവസാന ഭാഗം) :

കല്ലടയാറു്-കിഴക്കു കുളത്തൂപ്പുഴമലയിൽ നിന്നുയിർക്കൊണ്ട്‌ അഷ്ടമുടിക്കായലിലലിഞ്ഞു ചേരുംമുൻപ്‌ കൊല്ലംജില്ലയെ തൊട്ടുനനച്ചു ഫലഭൂയിഷ്ഠമാക്കുന്ന ഞങ്ങളുടെ കൊച്ചുസുന്ദരി. പോരാത്തതിന്‌ ഐവർകാലയെ രണ്ടുപുറവുംചുറ്റിവളഞ്ഞു തന്റെകസവുസാരിയുടുപ്പിച്ചു നാടിനെയും സുന്ദരിയാക്കുന്നു അസൂയതീണ്ടാത്ത ആജന്മസുന്ദരി. അറിഞ്ഞോഅറിയാതെയോ ഈ ജീവദായിനിയോടു ഞങ്ങൾ നന്ദികേടുകാണിച്ചിട്ടില്ലേയെന്നു സംശയം. ഇവിടെനിന്നെമ്പാടും പായുന്ന നൂറുകണക്കിനുമണൽ ലോറികളുടെ ഇരമ്പത്തിൽ അവളുടെ ഹൃദയംനുറുങ്ങിയതേങ്ങലുകൾ മുങ്ങിപ്പോവുകയായിരുന്നില്ലേ ഇതുവരെ? 'അന്യജീവനുതകി സ്വജീവിതം ധന്യമാക്കുന്ന' ഇവൾക്കെന്തു പകരം നൽകിയാലാണു മതിയാവുക?

കിഴക്കും തെക്കും വശങ്ങൾ പുഴയാൽചുറ്റപ്പെട്ട ഐവർകാലക്കാർക്ക്‌ പുഴ ഒരുസംസ്കൃതിതന്നെയാണെന്നെടുത്തു പറയേണ്ടല്ലോ. അതോരോകാലത്തും ഓരോഭാവങ്ങളിലാവും, മാനങ്ങളിലാവും. ഇവിടങ്ങളിലൊക്കെ വർഷങ്ങളായിത്തുടരുന്ന ആറ്റുമണൽവാരൽ ജീവിതത്തിന്റെ ശീലമായിക്കഴിഞ്ഞിരുന്നു. അദ്ധ്വാനശീലരായനാട്ടുകാർക്കു ഏറെപ്പേർക്ക്‌ നിത്യവൃത്തിക്കുള്ളവക നൽകിയിരുന്നതും ഇത്തൊഴിലായിരുന്നു. അവർക്കും ഏവരേയുമ്പോലെ പട്ടിണിയായിരുന്നു പരിസ്ഥിതിയേക്കാൾ ഗൗരവമുള്ളത്‌. എങ്കിലും മാറിയ സാഹചര്യങ്ങളുമായും വെളിപാടുകളുമായും പൊരുത്തപ്പെടാനും പരിസ്ഥിതിയെസംരക്ഷിക്കേണ്ടതു ഞങ്ങളുടെതന്നെ വരുംതലമുറയ്ക്കുവേണ്ടിക്കൂടിയാണെന്ന ബോധം ആത്മാവിന്റെഭാഗമാക്കാനും നാട്ടുകാർ പരിശ്രമിക്കുന്നുണ്ട്‌.

മുപ്പതുകൊല്ലങ്ങൾക്കുമുമ്പ്‌ എന്റെചെറുപ്പത്തിൽ ആറ്റിൽനിന്നു തടിയെടുത്തും മീൻപിടിച്ചും കക്കാവാരിയും കഴിഞ്ഞിരുന്നു പലരും. കൃഷിയോടൊപ്പം ഒരുനേരമ്പോക്കായും ഒരഡീഷണൽ വരുമാനമായും ഇത്തരം കലാപരിപാടികൾ പലരുംകൊണ്ടുനടന്നിരുന്നു. എന്നലിന്ന് മണൽവാരി പുഴയാകെ അഗാധകയങ്ങളായതിനാൽ ഇവയ്ക്കുള്ള സ്കോപ്പില്ലെന്നുതന്നെ പറയാം.


അടുത്തകാലത്തു യാത്രയ്ക്കായി തയ്യാറായ ഞാങ്കടവു (njankadavu) പാലം ഞങ്ങളുടെനാടിന്റെ ഒരു ചിരകാലസ്വപ്നമായിരുന്നു. നാൽപതിനടുത്തുവർഷങ്ങളായി ഐവർകാല താലോലിച്ചസ്വപ്നം. പാലംപണിയൊക്കെ സർക്കാരുകാര്യമല്ലേ, മുറപോലെയും മുറംപോലെയുമൊക്കെയായി പാറ്റിക്കൊഴിച്ചെടുക്കാൻ കുറെപാടുപെട്ടു. ഇപ്പോൾ ഞങ്ങൾക്കു കൊട്ടാരക്കരയും തിരോന്തരവുമൊക്കെ ഏറെയടുത്തു. പുത്തൂർവഴി പെട്ടെന്നെത്താമെന്നായി. മുൻപ്‌ പഞ്ചായത്തുവക വള്ളംകടത്തിനെയായിരുന്നു അക്കരെയിക്കരെ പോകാനാശ്രയിച്ചിരുന്നത്‌. അൽപംമുകളിലായി മഠത്തിനാപ്പുഴ, പള്ളിക്കൽ തുടങ്ങിയകടവുകൾ.

കാര്യം പാലം സൗകര്യംതന്നെയെങ്കിലും ഇതുവരെ ഞങ്ങളുടെജീവിതത്തിന്റെഭാഗമായിരുന്ന കടത്തുവള്ളവും കടത്തുകാരനും വള്ളക്കടവിലെ കാത്തിരിപ്പും കൂവൽവിളിയുമൊക്കെ ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളായിമാറിക്കൊണ്ടിരിക്കുന്നു. (ഇങ്ങിവിടെ ഈ അറബിക്കഥയോരത്തിൽ ഇതൊക്കെയോർക്കുമ്പോൾ 'ചെറുതരിസുഖമുള്ളനോവുകളാ'യി ഓർമകൾ...എന്നാലും ഇക്കടവിനുമൽപംതാഴെ എന്റെ വീടിനുതൊട്ടടുത്തുള്ള വേലൻമൂഴിക്കടവിൽ(velanmuzhi) ഞങ്ങൾക്കു കാത്തിരിക്കാൻ പ്രിയപ്പെട്ടചെറുകടത്തുവള്ളവും വള്ളക്കാരനും ഇപ്പോഴുമുണ്ടെന്ന അറിവുതരുന്നസുഖമൊന്നുവേറെ. ഇപ്പറഞ്ഞ സുഖവും നോവുമൊക്കെ ഒരുപ്രവാസിക്കുണ്ടാകുന്ന അതേയളവിലൊരുപക്ഷേ ഒരുനാട്ടുകാരനുതോന്നാനിടയില്ലെങ്കിലും...)

Monday, December 1, 2008

ഞങ്ങടെ സ്വന്തം 'പാകിസ്താൻ' !

ഐവർകാലാ മാഹാത്മ്യം(സ്ഥലപുരാണം)-മൂന്നാം ഭാഗം
***************************************

ഐവർകാലയുടെ അവിഭാജ്യഭാഗമായ 'പാകിസ്താൻ' ഞങ്ങളുടെ അഭിമാനമാണിപ്പോഴും. അതെ, പാകിസ്താൻ തന്നെ. നാനാത്വത്തിൽ ഏകത്വത്തിനും സാഹോദര്യത്തിനും മകുടോദാഹരണമായി ഞങ്ങളുടെ പാകിസ്താൻ. ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോൾ നമുക്കുനഷ്ടപ്പെട്ട പാകിസ്താനുപകരമായി ഞങ്ങൾ രൂപം കൊടുത്ത നമ്മുടെസ്വന്തം പാകിസ്താൻ! അത്‌ ഐവർകാലയുടെ ഭാഗമാണു്. പേരുസൂചിപ്പിക്കുമ്പോലെ മുസ്ലിംസഹോദരന്മാർ ഏറെയുള്ള പ്രദേശം.

ഞാനും വാങ്കുവിളിയുടെ സംഗീതമാസ്വദിക്കാൻ തുടങ്ങിയതിവിടെനിന്നാണു്. നിലയ്ക്കൽ അമ്പലത്തിലെ കീർത്തനാലാപവും പാകിസ്താന്മുക്കിലെ(pakisthan Jn.) വാങ്കുവിളിയും ഒരേമനസ്സോടെ ഏറ്റുവാങ്ങുന്നവരാണീനാട്ടുകാർ. അവ്വോക്കറും അരവിന്ദനും മഹമ്മദും മാധവനും ഇവിടെ ഒരുമിച്ചു പണിയെടുക്കുന്നു, ഉത്സവങ്ങളാഘോഷിക്കുന്നു. ഇവിടെ ഒരിക്കലും കലാപമില്ല. ഗൂഢാലോചനകളില്ല, നുഴഞ്ഞുകയറ്റങ്ങളില്ല. ഇൻഡ്യാ-പാക്‌ ക്രിക്കറ്റുകളിയിൽ ഇൻഡ്യതോറ്റാൽ പടക്കം പൊട്ടാറില്ല. പകരം സച്ചിനും ധോണിക്കും പഠാനും ശ്രീശാന്തനുമെല്ലാം കളിപിഴച്ചാൽ ചെകിടുപൊട്ടുന്ന തെറി കിട്ടാറുണ്ടുതാനും.

ഒരുപക്ഷേ ആദിയിയിൽ ഈവചനമുണ്ടായകാലത്ത്‌ ആരോ ഇടമ്പേരുവിളിച്ചതായിരിക്കണമെന്നു ഞാനൂഹിക്കുന്നു. പക്ഷേ കാലാന്തരത്തിൽ അത്‌ ഐവർകാലയുടെ ഐഡന്റിറ്റിയായി. എന്തിനേയും സ്വാംശീകരിക്കുന്ന നാട്‌. എതിർക്കാൻ വരുന്നവരെയും എതിരായിപ്പറഞ്ഞതിനെയും ഏറ്റെടുത്തുസ്വന്തമാക്കുന്ന നാട്‌. നഷ്ടപ്പെട്ടതിനെ വീണ്ടെടുക്കുന്ന നാടു്. ഇതിനെല്ലാം മറ്റുള്ളവർക്കു മാതൃകയാകുന്ന നാടു്. ഇന്ത്യക്കുനഷ്ടപ്പെട്ട പാകിസ്താൻ ഐവർകാല വീണ്ടെടുക്കുകയായിരുന്നു. കണ്ണുള്ളവർകാണട്ടെ, കാതുള്ളവർ കേൾക്കട്ടെ! ഭാരതത്തിന്റെ ഇതിഹാസപുരാണങ്ങളും ചരിത്രപുസ്തകവും ഇവിടെ തെളിഞ്ഞ കണ്ണുകൾക്കു വായിക്കാൻ ഒരിക്കലും വിഷമമില്ല.
തുടരും-
കല്ലടയാറു്-കൊല്ലത്തിന്റെ കൊച്ചുസുന്ദരി !

Saturday, November 29, 2008

വായനശാല മുതൽ വെടിക്കെട്ടുവരെ.

(ഐവർകാലാ മാഹാത്മ്യം- രണ്ടാം ഭാഗം)

ഒരു ഹൈസ്കൂൾ(H.S.Karuvamala), ഒരുസർക്കാർ സ്കൂളുൾപ്പെടെ രണ്ടു യു.പി.സ്കൂളുകൾ(SNVGUPS Puthanampalam, DVNSS UPS Iverkala East), നാല്‌ L.P.സ്കൂളുകൾ(കീച്ചപ്പിള്ളിൽ, ഗണപതിയാംമുകൾ, വട്ടവിള, പുത്തനമ്പലം) എന്നീ വിദ്യാലയങ്ങൾ ഐവർകാലയിലുണ്ട്‌. കൂടാതെ 'ശ്രീവിദ്യാധിരാജ' ഇംഗ്ലീഷ്‌മീഡിയം നഴ്സറിസ്കൂളും ഏതാനും അംഗൻവാടികളും.)

ഇലക്ട്രോണിക്‌, സൈബർ വിപ്ലവത്തിന്റെ ഇക്കാലത്ത്‌ വായനയും മരിച്ചുകൊണ്ടിരിക്കുന്നുവെന്ന ദു:ഖസത്യം നമ്മുടെ കണ്മുന്നിലുണ്ട്‌. എങ്കിലും കേരളത്തിലെ ഏറ്റവും പഴക്കമുള്ള വായനശാലകളിലൊന്ന് ഇവിടെയുണ്ട്‌. 'ചങ്ങനാശേരി' സ്മാരകഗ്രന്ഥശാല. കേരളഗ്രന്ഥശാലാസംഘത്തിന്റെ സ്ഥാപകാംഗങ്ങളിലൊന്നായി നാലാമതു നമ്പറായി രജിസ്റ്റർ ചെയ്തിട്ടുള്ളതാണിതെന്നത്‌ ഏവർക്കും അഭിമാനത്തിനുവകനൽകുന്നു. ഒരുവർഷം നീണ്ടുനിൽക്കുന്ന പ്ലാറ്റിനംജൂബിലിയാഘോഷങ്ങൾക്കു തയ്യാറെടുക്കുകയാണിപ്പോൾ. കൂടാതെ സുവർണ്ണജൂബിലിയാഘോഷിച്ച 'മഹാത്മാഗാന്ധി' ഗ്രന്ഥശാലയും പുത്തനമ്പലം 'ഭഗവതിവിലാസം'ഗ്രന്ഥശാല, പ്രഭാത്ഗ്രന്ഥശാല ഇവയും നാടിന്റെ സാംസ്കാരിക, വിദ്യാഭ്യാസമേഖലയിൽ അഭിമാനകരമായ പങ്കാണുവഹിച്ചിട്ടുള്ളത്‌.

കേബിൾ T.V.യും മൊബൈൽഫോണും പ്രചാരത്തിലായിട്ടുണ്ടെങ്കിലും കമ്പ്യൂട്ടറും ഇന്റർനെറ്റും ഈമെയിലുമൊന്നും ആനുപാതികമായി ഇനിയും കടന്നെത്തിയിട്ടില്ല.

ജനിക്കുമ്പോഴേ 'ചിക്കുൻകൂനിയ' ബാധിച്ച്‌ കൂനിപ്പോയ രണ്ടു സർക്കാർപ്രാഥമികാരോഗ്യകേന്ദ്രങ്ങൾ ജനങ്ങളുടെ സേവനത്തിനായുണ്ട്‌. ഒന്നു ആയുർവേദാശുപത്രിയാണു്. ഒരുപിഴിച്ചിലു നടത്തി അതിനെയൊന്നു രക്ഷിച്ചെടുക്കാൻ സർക്കാർ കനിഞ്ഞെങ്കിലെന്നു പ്രാർത്ഥിക്കാത്തവരായി നാട്ടിലാരുമുണ്ടാകുമെന്നു തോന്നുന്നില്ല. ഒരു സ്വകാര്യ ആശുപത്രിയുള്ളതിന്റെ അവസ്ഥയും ഇതൊക്കെത്തന്നെ.

എല്ലാഗ്രാമങ്ങളുടെയും സംസ്കാരത്തിന്റെയും ഐശ്വര്യത്തിന്റെയും വിശുദ്ധിയുടെയും ഉറവിടങ്ങളാണല്ലോ ആരാധനാലയങ്ങൾ. വിവിധ ദേവീദേവന്മാരുടേതായി പത്തോളം പ്രധാനക്ഷേത്രങ്ങളും ഏതാനുംകാവുകളും. ഒരുമുസ്ലിംപള്ളിയും അഞ്ചിൽക്കുറയാത്ത വിവിധവിഭാഗങ്ങളിൽപ്പെട്ടക്രിസ്ത്യൻദേവാലയങ്ങളും ഈഗ്രാമത്തിലുണ്ട്‌.

രണ്ടു കശുവണ്ടി ഫാക്ടറികൾ അനവധി സ്ത്രീകൾക്കു തൊഴിൽ നൽകുന്നുണ്ട്‌. മൂന്നു മിൽമാ പാൽസംഭരണ വിതരണയൂണിറ്റുകൾ കന്നുകാലി കർഷകർക്കാശ്വാസമാണു്. റബ്ബർ കർഷകരെ സഹായിക്കാൻ രണ്ടു റബ്ബർ ഉത്പാദകസംഘങ്ങളും ഭേദപ്പെട്ട രീതിയിൽ പ്രവർത്തിക്കുന്നു. പുത്തനമ്പലം സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാരംഭിച്ച റബ്ബർപാൽസംസ്കരണയൂണിറ്റ്‌ നിലവാരമുള്ള ഷീറ്റുകളുൽപാദിപ്പിക്കുന്നതിനു് കർഷകരെ ബോധവത്‌കരിക്കുന്നതിലും അവരുടെയുൽപന്നത്തിനു് ഉയർന്നവില ലഭിക്കുന്നതിനും സഹായിക്കുന്നുണ്ട്‌.

കർഷകരുടെ സാമ്പത്തികപ്രശ്നങ്ങൾക്കുള്ള പരിഹാരമായി രൂപംകൊണ്ട രണ്ടു സഹകരണസംഘങ്ങളും പ്രവർത്തിക്കുന്നു, ഇവയെത്രമാത്രം സഹായകരമാകുന്നു എന്നതിൽ തർക്കമുണ്ടാകാമെങ്കിലും.

പൊതുവിതരണശൃംഖലയിലുള്ള റേഷൻകടകളുടെ പ്രസക്തി കേരളത്തിലെവിടെയുമെന്നപോലെ സ്വാഭാവികമരണം(?) പ്രതീക്ഷിക്കുന്നു. എങ്കിലും ഈയുൾനാടൻ ഗ്രാമത്തിലും അഞ്ചിലേറെ റേഷൻകടകൾ ഇപ്പോഴും തങ്ങളുടെ സാന്നിദ്ധ്യമറിയിക്കുന്നു. ഇവയെ ആശ്രയിക്കുന്ന ഏറെസാധുകുടുംബങ്ങൾ ഇപ്പോഴുമുണ്ട്‌.

ഞങ്ങളെ പുറംലോകത്തേക്കു റോഡുമാർഗ്ഗം നയിക്കുന്നത്‌ രണ്ടു സർക്കാർ ബസ്സുകളുൾപ്പെടെ ഏഴോളം ബസ്സുകളാണു്. പുറമേ അനവധി ഓട്ടോറിക്ഷകളും ടാക്സിക്കാറുകളും.

പഞ്ചായത്താസ്ഥാനമിരിക്കുന്ന കുന്നത്തൂർ ആണു അയൽരാജ്യം. മറ്റൊരയൽ പഞ്ചായത്തുരാജ്യമാണു കടമ്പനാട്‌. ഐവർകാലയ്ക്കു ദാവണിചുറ്റിയ കല്ലടയാറിനക്കരെ തെക്കുഭാഗത്ത്‌ പവിത്രേശ്വരം പഞ്ചായത്തിലുൾപ്പെട്ട പുത്തൂർ, പാങ്ങോട്‌ പ്രദേശങ്ങൾ. കിഴക്കുവശത്ത്‌ കുളക്കടപ്പഞ്ചായത്തും. ചരിത്രപ്രസിദ്ധമായ മണ്ണടിക്ഷേത്രവും ഏറെയടുത്തു തന്നെ.

കേരളത്തിലെ ഏക ദുര്യോധനക്ഷേത്രമായ(ഒരുപക്ഷേ മറ്റൊന്ന് എവിടെയുമില്ലതന്നെ)പ്രസിദ്ധമായ മലനടക്ഷേത്രത്തിലേക്കു മൂന്നോനാലോ മൈൽ ദൂരം മാത്രമേയുള്ളൂ ഇവിടെനിന്ന്. കടമ്പനാടുപഞ്ചായത്തിലാണിത്‌. വർഷങ്ങൾക്കുമുൻപുനടന്ന ഒരുവെടിക്കെട്ടപകടത്തിന്റെ കറുത്ത ഓർമ്മകൾ ഇപ്പോഴും പക്ഷേ മാഞ്ഞിട്ടില്ല, കൊല്ലത്തുകാരിൽനിന്നു്. അന്നീയപകടത്തെത്തുടർന്നു കേരളത്തിലാകെ വെടിക്കെട്ടുകൾക്കേർപ്പെടുത്തിയ നിരോധനം പൂർണമായി ഇതുവരെ പിൻവലിച്ചതായിട്ടറിയില്ല.

തുടരും-
ഞങ്ങടെ സ്വന്തം 'പാകിസ്താൻ' !

Friday, November 28, 2008

ATS മേധാവിയ്ക്കും മറ്റുധീരന്മാർക്കും സല്യൂട്ട്‌!!!


സല്യൂട്ട്‌! സല്യൂട്ട്‌!! സല്യൂട്ട്‌!!!


ജന്മനാടിന്റെ അഖണ്ഡതയ്ക്കായി ജീവൻ ബലിനൽകിയ മേജർ സന്ദീപ്‌ ഉണ്ണിക്കൃഷ്ണനും മറ്റു ധീരദേശാഭിമാനികൾക്കും സല്യൂട്ട്‌!!!


പ്രിയ ശ്രീ സന്ദീപ്‌, ഞങ്ങൾ അഭിമാനിക്കുന്നു, താങ്കളെയോർത്ത്‌. ഈ ബലി പാഴാകില്ലെന്നു ഞങ്ങൾ ഉറപ്പുതരുന്നു.


പ്രിയ ശ്രീ ഉണ്ണിക്കൃഷ്ണൻ,ഞങ്ങൾ അഭിമാനിക്കുന്നു, താങ്കളുടെ മകനെയോർത്ത്‌. താങ്കൾക്കും കുടുംബത്തിനുമൊപ്പം ഞങ്ങളുമുണ്ടാവും, എന്നും.


ATS മേധാവിയ്ക്കും മറ്റുധീരന്മാർക്കും ഞങ്ങളുടെ സല്യൂട്ട്‌!!!


രാജ്യത്തിന്റെ അഖണ്ഡതസംരക്ഷിക്കാനും അഭിമാനം കാക്കാനും പോരാട്ടം നടത്തുന്ന ധീരജവാന്മാർക്കു പിന്തുണനൽകാൻ നമുക്കുകൈകോർക്കാം!!.

Thursday, November 27, 2008

ഐവർകാലാ മാഹാത്മ്യം(ഒന്നാം ഭാഗം) :-

(അയ്യടിമനമേ അയ്യരുകാലേ-രണ്ട്‌)

(ഇതെന്റെ സ്വകാര്യ അഹങ്കാരമായ ജന്മനാടിനെക്കുറിച്ചുള്ള ഒരു വസ്തുസ്ഥിതിവിവരണമാണു്. ഏതാനും ചിത്രങ്ങൾ സഹിതം കൊടുക്കണമെന്നായിരുന്നു ആഗ്രഹമെങ്കിലും കിട്ടാനുള്ള ബുദ്ധിമുട്ടുകൊണ്ടും നാട്ടിലെത്തുംവരെകാത്തിരിക്കാനുള്ള ക്ഷമയില്ലാത്തതുകൊണ്ടും ഇതാ ഈ പൊങ്ങച്ചങ്ങൾ. സ്വന്തം കുഞ്ഞിന്റെ മേന്മകൾ വിളമ്പുന്നതു മറ്റുള്ളോർക്കു ബോറായേക്കുമെന്നുറപ്പുണ്ടെങ്കിലും നമ്പ്യാരാശാൻ പറഞ്ഞപോലെ 'ഈബോറു് അടിയനിഷ്ടമാണു്'.)

ഈയുള്ളവന്റെ തിരുപ്പിറവികൊണ്ടു ചരിത്രത്തിലിടംപിടിച്ച പുണ്യസ്ഥലമത്രേ ഐവർകാല. പോരാത്തതിനു മറ്റു ചിലരുടെ പെരുമയും ഈ സ്ഥലത്തിനു പേരിനു പറയാനുണ്ടു്. പുരാണത്തിൽ നിന്നു ചിലരുടെ. പോട്ടെ പാവങ്ങൾ പിഴച്ചുപൊക്കോട്ടെയെന്നുവച്ച്‌ ഞാൻ അംഗീകരിച്ചുകൊടുക്കാറുമുണ്ട്‌.


ഇതിഹാസപുരുഷന്മാരായ ഐവർ(പഞ്ചപാണ്ഡവർ) തങ്ങിയിരുന്നയിടം എന്നത്രേ ഐവർകാലയുടെ അർഥം. ഇതു സ്ഥാപിക്കുന്ന നിരവധി തെളിവുകൾ കാണിക്കാനുണ്ടിവിടെ. 'പാണാന്മുകൾ' എന്നു വിളിക്കുന്ന 'പാണ്ഡവന്മുകൾ' എന്നയിടം, അവർ പ്രാതൽ കഴിച്ചതിന്റെ അവശിഷ്ടങ്ങളായ 'തെരളിക്കല്ലുകൾ', കൗരവരുമായി ഒരിക്കൽ ഏറ്റുമുട്ടിയെന്നു പറയപ്പെടുന്ന പോർക്കളം- ഇവയൊക്കെ അവയിൽച്ചിലതു മാത്രം. പോർക്കളം പിന്നീടു ഉപയോഗശൂന്യമായിക്കിടന്നു കാട്ടുചെടികൾ വളർന്നു ഇപ്പോളൊരു സർപ്പക്കാവായിമാറീട്ടുണ്ടു്. പോർക്കളത്തുകാവു്. അതിപ്പോൾ ഒരു ബ്രാഹ്‌മണയില്ലക്കാരാണു് കൈവശംവച്ചു പൂജയും മറ്റും( ആണ്ടിലൊരിക്കലുള്ള നൂറും പാലും) നടത്തുന്നത്‌. അന്നേ ദിവസം നാട്ടുകാരുടെവകയായും പുരാണപാരായണം, ഭജന, ദീപാരാധന ഇവയുണ്ടാകാറുണ്ടു്.


ഐവർകാല കിഴക്കേക്കരയെ കാത്തുരക്ഷിച്ചുപോരുന്ന കീച്ചപ്പള്ളിൽ ദേവീക്ഷേത്രമാണു മറ്റൊരുതെളിവ്‌. പാണ്ഡവകഥയിലെ കീചകനുമായിബന്ധപ്പെട്ടാണീ പേരിന്റെയുത്ഭവം. സൈരന്ധ്രിയെക്കാമിച്ച വിരാടരാജാവ്‌-കീചകൻ. കീചകപ്പിള്ളിൽ ലോപിച്ചാണു കീച്ചപ്പിള്ളിലായതത്രേ.(പക്ഷേ ഇതുവരെ ഈസ്ഥലത്തെക്കുറിച്ചു കേട്ടിട്ടില്ലല്ലോയെന്നു നിങ്ങൾ പറയുകയാണെങ്കിൽ അതെന്റെ കുറ്റമല്ലാ. നിങ്ങൾ അറിയാത്ത പ്രധാനപ്പെട്ടയെത്രയോ കാര്യങ്ങൾ ലോകത്തുണ്ടു്! ഈ അറിവില്ലായ്മ തൽകാലം നോം ഷെമിച്ചിരിക്ക്‌ണൂ. മേലിൽ റിപ്പീറ്റ്‌ ചെയ്യർത്‌.)


കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അതിർത്തിയിൽ വർത്തിക്കുന്ന നയനമനോഹരമായ ഒരു നാട്ടിൻപുറം. കല്ലടയാറിന്റെ കസവുസാരി ചുറ്റിയ ഒരു സർവ്വാംഗ സുന്ദരി. ശാന്തിയും സമാധാനവും വേണ്ടുവോളമുള്ളയിടം. നാട്ടിൻപുറമായതിനാൽത്തന്നെ നന്മകളാലും സമൃദ്ധം. വെള്ളപ്പൊക്കവും കൃഷിനാശവും മേമ്പൊടിക്കു മാത്രം.


കുന്നത്തൂർ പഞ്ചായത്തിന്റെ പകുതിയോളം ഉൾക്കൊള്ളുന്ന ഈ ഗ്രാമം നാലുകരകളായിത്തിരിച്ചു വ്യവഹരിക്കാറുണ്ടു്. ഞാങ്കടവ്‌(njankadavu), കീച്ചപ്പിള്ളിൽ, കിഴക്കേഭരണിക്കാവ്‌, കല്ലേലി(kalleli) ഏലാ, തെറ്റിമുറി(thettimuri) ഇവയുൾക്കൊള്ളുന്ന കിഴക്കേക്കര, ഗണപതിയാംമുകൾ, കളീക്കലഴികത്തുമുക്ക്‌(kaleekkalazhikath), വേലൻമൂഴിക്കടവ്‌(velanmoozhi)ഇവയുൾപ്പെടുന്ന നടുവിലേമുറി, തമിഴംകുളം ഏലാ(thamizhamkulam), കോന്തപ്പിള്ളിൽമുക്ക്‌, പുത്തനമ്പലം(puthanampalam), കരിമ്പിൻപുഴ(karimpinpuzha) പ്രദേശങ്ങളുൾപ്പെട്ട പടിഞ്ഞാറ്റക്കരതെക്ക്‌, ബദാമ്മുക്ക്‌, തലയാറ്റ്‌(thalayat), വേമ്പനാട്ടഴികത്ത്‌(vempanattazhikath), വടക്കേഭരണിക്കാവ്‌ ഇവയുൾപ്പെട്ട പടിഞ്ഞാറ്റക്കരവടക്ക്‌.



കേരളത്തിൽ ഏറ്റവുമവസാനം വൈദ്യുതിയെത്തിയ ചില പ്രദേശങ്ങളെങ്കിലുമുള്ള കുഗ്രാമങ്ങളിലൊന്നു എന്ന ഖ്യാതിയും ഷെയർ ചെയ്യാൻ ഞങ്ങൾക്കു സന്തോഷമേയുള്ളു. മാത്രമല്ല, ഇപ്പോഴും ബസ്സോടി അലമ്പാക്കാത്ത ചില റോഡുകളെങ്കിലുമുള്ളതുമാണു (പകരം മണൽ, ചെളി ലോറികൾ ആ കർമം സ്തുത്യർഹമായി നിർവഹിക്കുന്നു.) എന്റെയീ സ്വന്തനാടു്.



ഏറെയും കൃഷിക്കാരായ നാട്ടുകാർ. സർക്കാരുദ്യോഗമുള്ളവരും ചെറിയ ശതമാനമെങ്കിലും കിട്ടാനുണ്ട്‌. മറ്റ്‌ ജോലികൾക്കു പോകുന്നവരും കുറവല്ല. അതായതു ഇഷ്ടികപ്പണി, മണൽ വാരൽ തുടങ്ങിയവ. സ്ത്രീകളുടെ വരുമാനവും പല കുടുംബങ്ങളുടെയും താങ്ങാണ്‌. കശുവണ്ടി ഫാക്ടറികളാണു സ്ത്രീകളുടെ തൊഴിൽദാതാക്കൾ. സാമ്പത്തികമേഖലയുടെ നട്ടെല്ലു തന്നെ കശുവണ്ടിയാണെന്നു പറയാം,ഇപ്പോൾ തുലോം കുറഞ്ഞുവരുന്നെങ്കിലും. ഒരുപക്ഷെ ഇപ്പോളാസ്ഥാനം റബ്ബർ കയ്യടക്കിയെന്നുപറഞ്ഞാൽ കൂടുതൽ ശരിയായിരിക്കും.



പക്ഷേ എന്റെയറിവിൽ ഇതുവരെയാരും ഷെയർമാർക്കറ്റിൽ പണം നിക്ഷേപിച്ചിട്ടില്ല. പാഴാക്കിക്കളയാൻ എന്റെനാട്ടിൽ കാശു മിച്ചമുണ്ടാകാറില്ലയെന്നതാണു സത്യം. അതിനാൽ അമേരിക്കയേക്കാൾ ഭേദമായും ജോർജ്ജ്ബുഷിനേക്കാൾ ഡീസന്റായും നാടും നാട്ടുകാരും വർത്തിക്കുന്നു.

തുടരും-
(ഓർമ്മകൾ-ഓർക്കാനും മറക്കാനും.)

Monday, November 24, 2008

പെണ്ണിയാർച്ച-ഒരു പൂഴിക്കടകൻകാഴ്ച!

ആരാണുപറഞ്ഞത്‌ പെണ്ണുങ്ങൾക്കു സാഹിത്യമാസ്വദിക്കാനുള്ള കഴിവില്ലെന്നു്? എങ്ങനെയോ ഈപോഴനും അക്കൂട്ടത്തിലായിരുന്നു, അടുത്തകാലംവരെ. മാത്രമല്ല, ആവർഗ്ഗത്തെക്കുറിച്ചു പൊതുവെ വലിയ അഭിപ്രായമുണ്ടായിരുന്നില്ല. എന്നാലിപ്പോഴാകട്ടെ അതുമാറിയെന്നു മാത്രമല്ല, അൽപം കടന്നുകാണുന്നവരുമാണെന്നു ബോധ്യമായി.
ഞാനവളെ നമിക്കുന്നു. വീട്ടുകാർക്കിഷ്ടപ്പെട്ടിട്ടും ഈയുള്ളവന്റെ കേരളാമാട്രിമൊണിയലിലെ അൽപം സാഹിത്യച്ചുവയുള്ള പ്രൊഫൈയ്‌ല്‌ വായിച്ച്‌ ഈകശ്മലന്റെ ഭാര്യയാവുന്നതിലുംഭേദം വിവാഹമേവേണ്ടെന്നു വെക്കുന്നതാണെന്നുവിശ്വസിക്കുന്ന ദില്ലിയിലെ ആ നഴ്സുസുന്ദരിയെ.
അങ്ങനെ പെണ്ണുകാണുമ്മുമ്പേ 'വിധവനാ'യ ഒരുഭാഗ്യവാനുമാകുന്നു ഈയുള്ളവൻ!
സാഹിത്യത്തിലൊരു പ്രയോഗമുണ്ടല്ലോ, വരികൾക്കിടയിൽ വായിക്കുകയെന്നു്. അതു പക്ഷെ സ്ത്രീകളുടെ cup of teaയല്ല എന്നു ഞാൻ എങ്ങനെയോ വിശ്വസിച്ചിരുന്നു. എന്നാലിത്തരം പരിപാടികളുടെ ഒരു കണ്ണൻദേവൻ തേയിലത്തോട്ടംതന്നെ ഇവരുടെപക്കലുണ്ടെന്നു എനിക്കുബോധ്യമായ സംഭവമിങ്ങനെ:-
ഞാനിനിയും അവിവാഹിതനായിത്തുടർന്നാൽ ലോകത്തിനെന്തോ ആപത്തുവരാൻപോകുന്നുവെന്നു പലരും ദീർഘദർശ്ശനംചെയ്തതിന്റെയടിസ്ഥാനത്തിൽ അങ്ങു ഗോസായിയുടെ നാട്ടിൽ, തലസ്ഥാനനഗരിയിലെ ഒരുവലിയവൈദ്യശാലയിൽ എല്ലാവരുടെയും പ്രിയസഹോദരിയായി സേവനകർമ്മം,ക്രിയ,കർത്താവ്‌ ഇവയെല്ലാമനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന ഒരു വനിതാരത്നത്തെ എന്റെപ്രിയഭാര്യയാക്കുവാൻ ഗൂഢാലോചന നടത്തി, പുത്രീവത്സല്യം തൊട്ടുതീണ്ടിയിട്ടില്ലാത്ത ജനകന്മാർ ഒരുകുറിമാനം കൊടുത്തയയ്ക്കുന്നു.
ജാതകമൊത്താൽ എല്ലാമൊത്തുവെന്നു വിശ്വസിക്കുന്ന അവർ നാൾപ്പൊരുത്തമൊക്കെനോക്കിയിരുന്നുവത്രേ. അവർ രണ്ടുംകൽപിച്ചാണെന്നു ബോധ്യായപ്പോൾ, പ്രായത്തെ ബഹുമാനിച്ച്‌ ആദ്യം എന്റെ ബയൊഡാറ്റ കൊടുത്തു ഭയപ്പെടുത്താൻ നോക്കി. കുലുക്കമില്ല. പിന്നെ മുതുമുത്തഛന്മാർ അനുഗ്രഹിച്ചുതന്ന അടവായ 'സൗഭദ്രം എന്നു തോന്നിക്കുന്ന ശ്വാനപിണ്ടം (എന്റെ ഫോട്ടം)' പുറത്തെടുത്തു. ഒരുമാതിരി പയറ്റുകാരൊക്കെ അതോടെ കട്ടയുംപടവും മടക്കുന്നതാണു കണ്ടിട്ടുള്ളതു്.
പക്ഷെ പതിനെട്ടും പതിനെട്ടും അമ്പത്താറുകളരികൾക്കുമോശാനപാടിയിട്ടുള്ള ഈ ചന്ത്വമ്മാവനാകട്ടെ, "എന്റെ മോളെക്കെട്ടാതിരിക്കാൻ നിനക്കാവില്ല മക്കളെ" എന്നു കട്ടായം നിന്നു. സാമം, ദാനം, ഭേദ്യം ഇവകൊണ്ടൊത്തില്ലെങ്കിൽപിന്നെ ദെണ്ണം വന്നാലേ കെടപ്പാവൂന്നാണല്ലോ.
എന്തുഭീകര പ്രത്യാഘാതവുമുണ്ടാകട്ടെ നേരിട്ടുമുഖം കാണിക്കുമെന്നു ഭീഷണിമുഴക്കി. ചന്ത്വമ്മാവനാരാ മോൻ? എന്നാൽ നീ ചുണയുണ്ടെങ്കിലെത്രയുമ്പെട്ടെന്നു നാട്ടിലെത്തുമ്പോഴാകട്ടെയെന്നു നേരവും സമയവും നിശ്ചയിച്ചു വെല്ലുവിളിയേറ്റെടുത്തു.
എന്നിട്ടുമരിശം തീരാഞ്ഞ്‌ മോളുടെ കേരളമാട്രിമൊണി ഐ.ഡി.യെന്ന അങ്കക്കിഴി വച്ചുതന്നു് എന്നെക്കൊണ്ട്‌ ഓക്കെ പറയിക്കുകയുംചെയ്തു. പകരംവീട്ടാൻ എന്റെ അങ്കക്കിഴിയെന്ന 'ഐഡി'യയും കൊടുത്ത്‌ അതു മോളുടെ അറയിലെത്തിക്കാനാവശ്യപ്പെട്ടു.
പിന്നീടാകട്ടെ പൊന്നുമോളുടെ (മൊബൈൽ)ഫോണിക്കടകനുമുന്നിൽ ചന്ത്വമ്മാവന്റെ അടിപതറുന്ന കാഴ്ചയാണുകണ്ടതു്. എന്റെ പ്രൊഫൈയ്‌ലം കണ്ട മോളാർച്ച ഞെട്ടിത്തെറിച്ചുപോയത്രേ. ഇങ്ങനെയൊരു കശ്മലനെയാണോ തന്റെ നേരച്ഛൻ വരനായിത്തെരഞ്ഞെടുത്തതെന്നോർത്തു രോഷം കൊണ്ടു. വിരണ്ടുപോയ ചന്ത്വമ്മാൻ അങ്കക്കിഴി മടക്കിത്തന്ന് ക്ഷമാപണം നടത്തി നിലംതൊട്ടുവന്ദിച്ചു പിരിഞ്ഞു.
പിന്നെ സാവകാശം കാര്യകാരണവിചാരണ നടത്തിയവാറേ ജനകനെ മകൾ ബോദ്ധ്യപ്പെടുത്തിയത്രേ, കെട്ടാനെത്തിയവൻ ഒരുകെട്ടവനാണെന്ന 22കാരറ്റ്‌ മാറ്റുള്ളസത്യം! അയാൾക്കു ജാതി, മതം ഇതിലൊന്നും വിശ്വാസമില്ലത്രേ! മണിയല്ല മനസ്സാണു പ്രധാനമത്രേ! കുട്ടികളുടെ മനസ്സാണത്രേ, അവരുടെ നിഷ്കളങ്കത ഇഷ്ടപ്പെടുന്നവനാണത്രേ ദുഷ്ടൻ! അതും പോരാഞ്ഞ്‌ ശ്രീരാമനേക്കാൾ, ഹനൂമാനേക്കാൾ വലുതായിക്കാണുന്നതു ഹ്യുമാനിറ്റിയാണത്രേ!
"ഇക്കാലത്ത്‌ ഇങ്ങനെയൊരുത്തനെക്കെട്ടി എന്റെ ജീവിതം കട്ടപ്പൊകയാക്കണോ?"യെന്ന ചോദ്യത്തിനു മുന്നിൽ അടവുകളൊന്നും തെളിഞ്ഞുവന്നില്ലത്രേ ചേകോനു്.

Saturday, November 22, 2008

ഒരു ചിത്രം പൂർത്തിയായി

(അയ്യടിമനമേ അയ്യരുകാലേ(ഐവരുകാലേ)!! -ഒന്നു്)
ഒരു ചിത്രം പൂർത്തിയായി:- പ്രസിദ്ധനാടകകൃത്ത്‌ ശ്രീ സി.എൽ. ജോസിന്റെ ഒരു നാടകമാണിത്‌.പാവപ്പെട്ട ഒരു ചിത്രകാരന്റെ കുടുംബത്തിന്റെ ദുരന്തമാണു നാടകത്തിന്റെ പ്രമേയം.കർട്ടനുയരുമ്മുൻപേ ദുരന്തത്തിൽ കലാശിച്ച ഒരു നാടകാവതരണത്തിന്റെ കഥയാണിപ്പോൾ പറയുന്നതു്.


വർഷങ്ങൾക്കുമുമ്പു് ഒരു പഞ്ചായത്തുകലാമേളയുടെ കാലം. നാട്ടിലെ ചെറുപ്പക്കാരെല്ലാം ഓരോകലാപരിപാടികൾ തങ്ങളാലാവുംവിധം അവതരിപ്പിക്കാനുള്ള ആവേശത്തിലാണു്. മേളയോടനുബന്ധിച്ചു് ഒരു ഏകാങ്കനാടകമത്സരവും സംഘടിപ്പിക്കുന്നു.


എന്റെ വീടിനടുത്തുള്ള യൂത്തുകളും ചേട്ടന്റെ നേതൃത്വത്തിൽ തയ്യാറാവുന്നു. അവർക്കൊരു ക്ലബ്ബുണ്ടവിടെ-'കലാരഞ്ജിനി'. അതിന്റെ ആഭിമുഖ്യത്തിൽ ഒരു നാടകമാകട്ടെയെന്നുള്ള ഒരാളുടെയഭിപ്രായം അംഗീകരിക്കപ്പെട്ടു. കൂട്ടത്തിൽ വിദ്യാഭ്യാസം കൂടുതുലുള്ള ചേട്ടനെ നാടകത്തിന്റെ സ്ക്രിപ്റ്റ്‌ സംഘടിപ്പിക്കാൻ ചുമതലപ്പെടുത്തി.


അയാൾ വായനശാലയിൽനിന്നും ഒരു നാടകം തെരഞ്ഞെടുത്തു- 'ഒരു ചിത്രം പൂർത്തിയായി.'അതിന്റെ ഷൂട്ടിങ്ങു്, സോറി, റിഹേഴ്സലാരംഭിച്ചു. ഒപ്പം നാടകങ്ങളുടെ സ്ക്രിപ്റ്റ്‌ മുൻകൂറായി സംഘാടകരെ ഏൽപിക്കേണ്ടതിനാൽ ഇവരുടെ ഒരു ടീം സെക്രട്ടറിയെക്കാണാൻ പുറപ്പെട്ടു.


ഇക്കാലത്തു നാട്ടിൽ മറ്റൊരു ഇഷ്യു ചൂടുപിടിച്ചു ചർച്ചചെയ്യപ്പെടുന്നുണ്ടായിരുന്നു. നാട്ടിലെ പൗരപ്രമുഖനും പഞ്ചായത്തുമെമ്പറുമായ പിള്ളസ്സാറിന്റെ മകളെപ്പറ്റി പഠിക്കുന്ന സ്കൂളിന്റെ മതിലിൽ ആരോ ഇലസ്ട്രേഷനോടെ എന്തോ അനാവശ്യമെഴുതിയതിനെപ്പറ്റിയായിരുന്നു അതു്. രാഷ്ട്രീയനേതാവുകൂടിയാതിനാൽ പിള്ളസ്സാറിന്റെ കേസിൽ പോലീസും ഉത്സാഹം കാണിക്കുന്നുണ്ടായിരുന്നു. പ്രതിയെപ്പിടിക്കാൻ പലരെയും ചോദ്യംചെയ്യുന്നുണ്ടു്.
അത്തരമൊരു വൈകുന്നേരത്താണു് നാടകസംഘത്തിന്റെ പ്രയാണം. കയ്യിൽ നാടകത്തിന്റെ കയ്യെഴുത്തുപ്രതികൾ, മറ്റുചില പേപ്പറുകൾ. എല്ലാവരും ഇരുപതിൽത്താഴെയുള്ള പയ്യന്മാർ. നല്ല ജോളിട്രിപ്‌. ജംഗ്ഷനടുത്തുള്ള സ്കൂളിനടുത്താണവർക്കു കാണേണ്ടയാളിന്റെ വീട്‌. സ്കൂളിന്റെ സമീപത്തെത്തിയപ്പോഴാണു ഒരു പോലീസ്സുജീപ്പു ചവിട്ടിനിർത്തി എസ്സ്‌.ഐ. അദ്ദ്യേം ചാടിയിറങ്ങിയതു്.


ജീപ്പിന്റെ ചവിട്ടും എസ്സൈയദ്ദ്യേത്തിന്റെ ചാട്ടവും കണ്ടുനമ്മുടെ യുവജനത നാട്ടുനടപ്പനുസരിച്ച്‌ ഒന്നുപരുങ്ങി. സാറദ്ദ്യേവും പതിവുതെറ്റിക്കാതെ പ്രോട്ടോക്കോളനുസരിച്ചു ഭേദപ്പെട്ട ഒരു സംബോധനയോടെ കലാകേരളത്തിനു മുതൽക്കൂട്ടാൻ കച്ചകെട്ടുന്ന നാടകാചാര്യന്മാരെ ഹൃദ്യമായി സ്വാഗതംചെയ്തു. (നമ്മുടെ പൊലീസേമാന്മാരുടെ ഒരുഗുണവുമതാണല്ലോ. നമ്മുടെവീട്ടിലെത്തി നമ്മേക്കാൾ സ്വാതന്ത്ര്യം കാണിക്കും. വീട്ടുകാരനു വിരുന്നുകാരനാവാൻ പോലുമൂള്ള പാങ്ങില്ലാണ്ടാവും.)

"ബ്ഭ! ---മോമ്മാരെ, എവടെപ്പൊയടാ?" ഒരിടിവെട്ടി! ഹൗ! എത്ര മാന്യമായ ഇടപെടൽ!



ഏമാന്റെ സന്തോഷം കണ്ടു ശ്വാസം ഒരുനിമിഷത്തേക്കു കിട്ടാതായെങ്കിലും സംഘത്തിന്റെ മുന്നിലുണ്ടായിരുന്ന സ്വന്തം ചേട്ടായി വിക്കി(പീഡിയയായി)-
"സ്‌ സ്സാർ...ഞ്‌..ഞങ്ങൾ... ന്‌.. നാടകം...സെക്രട്ടറി...."
"ബ്ഭ! ----മോനേ, നാടകോ? എന്തോ നാടകവാടാ? ഇതെന്തുവാടാ നിന്റെയൊക്കെ കയ്യില്‌?" ഏമാൻ വീണ്ടും വാത്സല്യനിധിയായി.

"സ്‌ സാർ, ഒരു ചിത്രം പൂർത്തിയായി"

"ങ്‌ ങാ ഹാ, ഏതുചിത്രവാടാ, നീയൊക്കെ ആ മതിലേ വരച്ചതാന്നോടാ?"

"അല്ല സാറേ, ഇത്‌...ഞങ്ങൾടെ നാടകം.."

"ബ്ബ്‌ ഭ! ----മോനേ(ഇത്തവണ ഒരു പുതിയ 'മോൻ') നീയൊക്കെ എന്റെ മുമ്പി നാടകം കളിക്കാറായോടാ? കേറടാ എല്ലാവ്വനും വണ്ടിയേലു്." ഏമാൻ ആജ്ഞാപിച്ചു. "സൂമാരപിള്ളേ, എട്ത്ത്‌ർ റോ എല്ലാവനേം വണ്ടിയേല്‌. എവനെയൊക്കെ കളി ബാക്കി ഞാൻ പഠിപ്പിക്കാം."

(ഫിസിക്സ്‌ ലാബിൽ തെളിയിക്കാൻ ആർക്കും സാധിച്ചിട്ടില്ലെങ്കിലും 'ആവേശം' എന്നതിനു നനവിന്റെ സ്വഭാവമാണെന്നു ലോകത്താദ്യമായി അവർ കണ്ടുപിടിച്ചു. കൂട്ടത്തിലാർക്കൊക്കെയോ പെട്ടെന്നൊരു നനവനുഭവപ്പെട്ടത്‌ നാടകം കളിക്കാനിറങ്ങിയ ആവേശം പെട്ടെന്നു ചോർന്നാണെന്നു അവർ ഇപ്പോഴും വിശ്വസിക്കുന്നു.)


ഏമാന്റെ കോടതി കുറ്റവാളിയെക്കണ്ടുപിടിച്ചുകഴിഞ്ഞസ്ഥിതിക്ക്‌ അപ്പീലില്ലല്ലോ. പിന്നെല്ലാം വളരെപ്പെട്ടെന്നായിരുന്നു. തലയ്ക്കു വിലയിട്ടിരുന്ന ഒരു സംഘം ഭീകരവാദികളെയും കൊണ്ടു സർക്കാർവണ്ടി കുതിച്ചുപാഞ്ഞു. ഒരു ചാകര കിട്ടിയസന്തോഷത്തിൽ, "തന്തന..തന്തന..താ..തന്നനാ..തന്നനാ" എന്ന സിനിമാപ്പാട്ടിന്റെ ട്യൂണിൽ.


ജംഗ്ഷനിലിരുന്ന ചിലർ ജീപ്പിലിരുന്ന ഭീകരന്മാരുടെ മുഖം തിരിച്ചറിഞ്ഞ്‌ വീട്ടിലറിയിക്കുകയായിരുന്നു.(ഞങ്ങളുടെ സ്റ്റേഷനിൽ തീവ്രവാദികളുടെ മുഖം മൂക്കാറായ വാഴക്കുല പോലെ പൊതിഞ്ഞുകെട്ടുന്ന രീതി അന്നു നിലവിലില്ലായിരുന്നു).


വിവരമറിഞ്ഞു യുവനാടകാചാര്യന്മാരുടെ കാർന്നോമ്മാർ സ്ഥലത്തെ മറ്റൊരു നേതാവിനേയും കൂട്ടി സ്റ്റേഷനിലെത്തി. ഭാവിയിലെ തോപ്പിൽഭാസിയും ഓ.മാധവനും മറ്റും സ്റ്റേഷനിലും പുറത്തുമായി കുത്തിയിരിപ്പുണ്ട്‌. തികച്ചും വ്യത്യസ്തമായ പശ്ചാത്തലത്തിലരങ്ങേറിയ ആ ഏകാങ്കനാടകത്തിന്റെ അവസാനരംഗത്തിനു കർട്ടൻ വീഴുമ്പോൾ രാത്രി ഏറെവൈകിയിരുന്നു.

Friday, November 21, 2008

ഇങ്ങനേം ബ്ലോഗാം

ഇതെന്റെ ബ്ലോഗിങ്ങിനെക്കുറിച്ചാണു്. ഒരു നെറ്റ്കണക്ഷൻ സ്വന്തമായില്ലാതെയും ബ്ലോഗാമെന്നാണുചുരുക്കം. മറ്റുപലബ്‌ ളോഗെഴുത്തഛ്ന്മാരെയും പോലെ ഓഫീസിലിരുന്നു ബ്ലോഗാനും സാമൂഹ്യസേവനം നടത്താനും ഇടകിട്ടാറില്ല.നെറ്റ്കഫെയിൽ വായിക്കാനുള്ള സൈറ്റുകൾ ഓപ്പണിച്ച്‌ അതൊരു പെൻഡ്രൈവിലാക്കും. വായന, റൂമിലെ സിസ്റ്റത്തിൽ. ബ്ലോഗാനുള്ള മാറ്ററും കുറിപ്പുകളും തയ്യാറാക്കുന്നത്‌ റൂമിൽ വന്നു സ്വന്തം കമ്പ്യൂട്ടറിൽ. പെൻഡ്രൈവിൽ സേവി സമയമ്പോലെനേരെ നെറ്റ്കഫേയിലേക്ക്‌. അവിടെ കോപ്പി- പേസ്റ്റ്‌, കോപ്പി-പേസ്റ്റ്‌, കോപ്പി........

2GB പെൻഡ്രൈവിൽ 'വരമൊഴി'യും ഒരുവെടിക്കുള്ള മറ്റത്യാവശ്യ മൃദുലവയറുകളും (software) തയ്യാർ. (വരമൊഴിversion1.7.1 ആണുപയോഗപ്പെടുക. version 1.8.2 ഉപയോഗിച്ചു പരാജയപ്പെട്ടു. അതിൽനിന്നു യൂണിക്കോഡിലേക്കുമാറ്റി കോപ്പി -പേസ്റ്റ്‌ നടക്കുന്നില്ല. എന്താണു കുഴപ്പമെന്നിനിയും പിടികിട്ടിയിട്ടില്ല. പുതിയതു പഴയതിനേക്കാൾ മോശമെന്നുവരുമോ? അറിവുള്ളവർ സംശയനിവൃത്തിവരുത്തുമെന്നു പ്രതീക്ഷിക്കുന്നു.)

ഈ സ്ട്രാറ്റ്ജി കൊണ്ടുള്ള ഗുണങ്ങൾ- മാറ്ററുകൾ സ്വസ്ഥമായി തയ്യാറാക്കാം. എഡിറ്റിംഗ്‌ മുതലായവയ്ക്കു സൗകര്യം. സ്വന്തമായി നെറ്റ്കണക്ഷനില്ലെങ്കിലും കാര്യം നടക്കും. നെറ്റ്കഫെയിലെ ചെലവു പരിമിതപ്പെടുത്താം. ഓഫീസിൽ സ്വസ്ഥം ഓഫീസുഭരണം.ദോഷങ്ങൾ:- വല്യ ദോഷമൊന്നുമങ്ങനെയുണ്ടായിട്ടില്ല. എങ്കിലും റിയൽടൈം ബ്ലോഗു നടക്കില്ല. ഒരൽപം ലാഗിംഗുണ്ടാകും. വിഭവങ്ങൾ ചൂടോടെ വിളമ്പാൻ പറ്റില്ല; അൽപം തണുത്തുപോകും.
എങ്കിലും താരതമ്യേന നിരുപദ്രവകരമായ ഒരുദോഷത്തെ മറ്റുവമ്പൻ ലാഭങ്ങൾ കോമ്പൻസേറ്റ്ചെയ്യുമെന്നു കരുതുന്നു.

Wednesday, November 19, 2008

അയ്യടിമനമേ അയ്യരുകാലേ(ഐവരുകാലേ)!! / IVERKALA MAHATMYAM

(തട്ടമിട്ടനാട്ടിൽ ഇവന്റെ തോന്ന്യാസമെല്ലാം നിവൃത്തികേടുകൊണ്ടു സഹിച്ചുകൊണ്ടിരിക്കുന്ന, അജീഷ്‌, ബോബി, സൂരജ്‌, ജിനീഷ്‌, മനോജ്‌, ജസ്റ്റിൻ, ജഹീർ, പദ്മനാബൻ തുടങ്ങിയ മല്ലു,പാണ്ടിസുഹൃത്തുക്കൾക്കും സഹികെട്ട്‌ സ്ഥലംവിട്ട നെപ്റ്റ്യു എന്നു ലോകത്തുവേറാർക്കുമില്ലാത്ത പേരുമായി എന്നെ കുറച്ചുകാലത്തേക്കെങ്കിലും (സൗരയൂഥത്തോളം) മഹാനായ 'കൺഫൂഷ്യസാ'ക്കിയിട്ട്‌ ഇപ്പോൾ ചണ്ഡിഗഡിൽ ചടഞ്ഞിരിക്കുന്ന ഗഡി തുടങ്ങിയവർക്കുമായി ഈ(ആ)മുഖത്തെ സമർപ്പിച്ചുകൊള്ളുന്നു.)

മുൻകൂർജാമ്യം: ഇതിനെ 'നാട്ടുമ്പുറക്കഥകളെ'ന്നോ 'നർമ്മംതേച്ചനുണുങ്ങോർമ്മകളെ'ന്നോ 'അടവറിയാത്ത ആത്മഗദ'യെന്നോ അവനവന്റെ സൗകര്യമ്പോലെ വിളിക്കാം. നോം ഈ ഗദാപ്രയോഗം തെല്ലും വശമില്ലാത്തവനാകുന്നു. അതിനാൽ ഇതിനിരയാകുന്നവർ (അവർ നോം വളരെയധികം ഇഷ്ടപ്പെടുന്ന, അതിനേക്കാളേറെ നോനെ ഇഷ്ടപ്പെടുന്ന നോന്റെ നല്ലകൂട്ടുകാർ, വീട്ടുകാർ, നാട്ടുകാർ തുടങ്ങിയ 'കാർ'കമ്പനികൾ, ബന്ധുജനങ്ങൾ, അഭ്യുദയകാംക്ഷികൾ തുടങ്ങിയ 'കള്ള്‌'കമ്പനികൾ, ഒടുവിലിപ്പോൾ നിങ്ങൾ-പടച്ചോൻ പോലും കൈവിട്ട നോന്റെ വായനക്കാർ എന്നിവരൊക്കെയാകാം.) പറയുമ്പോഴുള്ള ഒരുരസത്തിനുവേണ്ടി അൽപം പൊടി(യു)പ്പും തേങ്ങയും ചേർക്കുന്നത്‌ എല്ലാവരും ക്ഷമിച്ചു(ചവച്ചു)കളഞ്ഞേക്കണമെന്നപേക്ഷ. വല്ലഭനു മാത്രമല്ല, വഴിപോക്കനും എന്തുപുല്ലും ഒരായുധമാക്കാമല്ലോ.

ഇതൊരു സ്ഥിരം ഉപദ്രവമാക്കാനുള്ള ഉദ്ദേശ്യമൊന്നുമില്ല. പക്ഷേ സമയവും മൂഡും അനുവദിക്കുന്നതിനനുസരിച്ചു സഹിച്ചേ പറ്റൂ....

ഇതിനൊക്കെ ഒരു ലോജിക്കോ ആദിമധ്യാന്തപ്പൊരുത്തമോ ഒന്നുമുണ്ടാകണമെന്നില്ല. അല്ല, ഇതെല്ലാമുള്ളതിനെ പോഴത്തമെന്നാരെങ്കിലും വിളിക്കുമോ? നോനെന്തു പോഴൻ?!
***************************************************

ഇതൊരാമുഖമൊന്നുമല്ല, ഈമുഖം രക്ഷിച്ചെടുക്കാനുള്ള ഒരു കുതന്ത്രം. ഇവൻ നാട്ടിൽനിന്നടിച്ചുമാറ്റി ഇക്കഥയലമാരകളിൽ കഴുകിയും അല്ലാതെയും കമിഴ്ത്തി വച്ചിരിക്കുന്ന പാത്രങ്ങൾ ബ്ലോഗിൽനിന്നിറങ്ങിവരില്ലെങ്കിലും ഇതിന്റെ ഉടയോന്മാരായ പലരും നാട്ടിൽ പ്രതാപികളായിത്തന്നെ 'വാഴുന്നോർ' ആയതിനാൽ സ്വന്തം മുഖത്തിന്റെ ഷേപ്പുമാറുമോന്നൊരാഷങ്ക! ഷേപ്പാകട്ടെ പണ്ടേ ദുർബല, പോരെങ്കിൽ പട്ടിണിയും എന്ന അവസ്ഥയിലും. എത്രകാലം ശ്രീ.ശ്രീ.ശ്രീ അബ്ദുള്ളാരാജാവു് ഇവനെ സഹിക്കും? മാത്രമല്ല നാട്ടിലും ചില ഊരാക്കുടുക്കുകൾ മുറുകുന്നു എന്നാണൊടുവിൽ കിട്ടിയ 'പ്രസ്സു നിറുത്തം'.

എന്തായാലും ഇതുവരെയുള്ള ഭീകരപ്രവർത്തനംകൊണ്ട്‌ ആരും കയ്യും കാലും തല്ലിയൊടിച്ചില്ലെങ്കിൽ എന്റെ'കളരി"പരമ്പര'ദൈവങ്ങളാണെ', 'എന്റെ ഉപാസനാ'മൂർത്തികളാണെ, 'എന്റെ മാമാട്ടിക്കുട്ടിയമ്മ'യാണെ,'മൈഡിയർകുട്ടിച്ചാത്തനാ'ണെ, ഇത്തിക്കര വയലിൽപുത്തൻവീട്ടിൽ നീലാണ്ടപ്പിള്ളയവർകൾഭാര്യ ഗൗരിയമ്മ മകൾ പൊന്നമ്മപ്പിള്ള(എന്റെ 'അമ്മയാണെ)സത്യം', ഇതിന്റെയൊക്കെ സംവിധായകരാണെ സത്യം ഞാൻ 'വരും വരാതിരിക്കില്ല'!(സൂക്ഷിച്ചാൽ ദു:ഖിക്കേണ്ടാന്നു സാരോപദേശം !)

Tuesday, November 18, 2008

ത്രേസ്യാക്കൊച്ചേ നീ പുലിയാ മോളേ !!

(ഏതാനും നാൾമുമ്പു ചുമ്മാ ഒന്നു നടക്കാനിറങ്ങിയതാണു ഒരു വൈകുന്നേരം. മൊത്തത്തിൽ സഞ്ചരിക്കാനൊത്തില്ലെങ്കിലും കുറെവഴി ഒറ്റയടിക്കു നടന്നുതീർത്തു, ത്രേസ്യാക്കൊച്ചിന്റെ ബ്‌ലോകത്തിലൂടെ. അപ്പോളെഴുതിവച്ച കുറിപ്പ്‌ അങ്ങനെതന്നെ ഇവിടെപ്പേസ്റ്റട്ടെ. )
എന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ദിവസമാകുന്നു ഇന്നു്; എന്നുപറഞ്ഞാൽ 2008 ഒക്ടോബർ 25 ശനിയാഴ്ച. കൃത്യമായിപ്പറഞ്ഞാൽ സൗദി സമയം രാവിലെ 10.30നും 11.30നും ഇടക്കുള്ള ശുഭവും ശുഭകരമല്ലാത്തതുമായ മുഹൂർത്തം.(പെണ്ണുങ്ങൾക്കു ശുഭം. ആണുങ്ങൾക്ക്‌ അശുഭം. വഴിയേ വ്യക്തമാകും.) എന്തെന്നാൽ ഈ മുഹൂർത്തത്തിലാണു(ഞാൻ രണ്ടു പക്ഷതിലും ചേരാത്ത ന്യൂട്രലാകുന്നു-അർഥം നിങ്ങളെങ്ങനേയെട്‌, നിങ്ങളായി എന്റെ പാടായി) ഞാൻ ഇതുവരെ ധരിച്ചു വെച്ചിരുന്ന പ്രപഞ്ച ധാരണകളെയൊക്കെ 'മകിടം തറിക്കുന്ന', 'കുരുത്തി തിറിക്കുന്ന' ഒരു സംഭവമുണ്ടായതു്.
പണ്ട്‌ അപ്പിയിടാനിരുന്ന ന്യുട്ടൺചേട്ടന്റെ തലയിൽ ആപ്പിൾ വീണപോലെ. ലോകത്തിന്റെ(എന്റെ എന്നു പറയാൻ മാത്രം സങ്കുചിതനല്ല ഞാൻ. എന്റെ വിശാലകാഴ്ചപ്പാടിനു തെളിവായിക്കോട്ടെ!) ചില വിശ്വാസങ്ങളെ കീഴ്മേൽ മറിക്കുന്ന സംഭവം. ഈമുഹൂർത്തത്തിലത്രേ ഞാൻ ആദ്യമായി 'കൊച്ചുത്രേസ്യയുടെ ലോക'ത്തു ചെന്നുകയറിയതു്.
ഭഷ്ട്‌! ഇതാണോ ഇത്രവലിയകാര്യം? ഇതൊരുമാതിരി, ചില ത്രില്ലർ സിനിമകളിൽ കൊല്ലപ്പെടാൻ പോകുന്ന നായിക രാത്രിയിലെന്തോ ശബ്ദം കേട്ടു ഞെട്ടിയുണർന്ന് അതാരാണെന്നന്വേഷിച്ചു ഒരു പ്രത്യേക മ്യൂസിക്കിന്റെ അകമ്പടിയോടെ ഇരുട്ടിലൂടെ നടത്തി മനുഷേന്റെ ചങ്കിടിപ്പു കൂട്ടീട്ട്‌ ഒടുവിൽ തട്ടുമ്പുറത്തോടുന്ന ഒരെലിയെ കാണിച്ചു ആളെ വടിയാക്കുന്ന പോലത്തെ പണിയായിപ്പോയല്ലോ എന്നു പറയാൻ വരട്ടെ. മൊത്തം കേക്ക്‌. (അല്ലെങ്കി അലുവ. ഒന്നു പോവ്‌വ്വാ!)
അന്നു് ആപ്പിളു വീണതിന്റെ പിറകു പുള്ളിക്കാരനുണ്ടായ വെളിപാടാണല്ലൊ ഏറ്റവും വലിയപാട്‌. അതുപോലെ ഇതും. ഒരു പെണ്ണൊരുമ്പെട്ടാൽ ഇങ്ങനെ ആവ്വ്വോ എന്നു ഞാൻ അത്ഭുതപരതന്ത്രശാലിയായ കുറുക്കനായി. അമ്മയാണെ നേരു്.
എന്റെയൊരു അനുഭവം വച്ചു് ഒരു പെണ്ണിനു ഒരു ഇന്ദിരാഗാന്ധിയാവാം, മാർഗ്ഗരറ്റ്‌ താച്ചറാവാം. അതുമല്ലെങ്കിൽ ഒരു എം.എസ്‌. സുബ്ബലക്ഷ്മിയോ, മാക്സിമം ഒരു മഡോണയോ ആകാം. അക്ഷരമുറ്റത്തു് ഒരു പി.വൽസലയൊ മഹാശ്വേതാദേവിയൊ ഒരു അഗതാക്രിസ്റ്റിയോ വരെയും കണ്ടിട്ടുണ്ടു്. വേളൂർക്കൃഷ്ണൻകുട്ടിയെയോ വി.കെ.എൻ നേയോ ഒരു ആനന്ദക്കുട്ടനെയോ പോലും സാരിചുറ്റിയോ ചുരിദാറിട്ടോ കാണാനുള്ള അവസരമുണ്ടായിട്ടില്ല. പി.നരേന്ദ്രനാഥിനോ മറ്റേതെങ്കിലും എമണ്ടന്മാരായ സാഹിത്യശാസ്ത്രജ്ഞന്മാർക്കോ തങ്ങളുടെ ഭാവനയിലോ കൽപനയിലോ പോയിട്ടു് ഉർവശിയിൽപ്പോലും കാണാൻ കഴിഞ്ഞിട്ടില്ലാത്ത ഗാര്യം!
ഇതിപ്പോ പച്ചജീവനത്തേ തന്നെ എന്റെ മുന്നിൽ കൊച്ചുത്രേസ്യാമ്മച്ചിയെ 'ഇച്ചിരിബൂലൊഗ'ത്തു കണ്ടപ്പോൾ ഞാൻ (അത്ഭുത)പെട്ടുപോയതിൽ ആ ഭൂതമൊ ഈഭൂതമോ ഇല്ലല്ലോ!
നർമത്തിന്റെ കിരീടംവെച്ചതും വെക്കാത്തതുമായ രാജാക്കന്മാരും ഭടജനങ്ങളും ആണുങ്ങൾ മാത്രമാണെന്നുകണ്ടു് അവർക്ക്‌ ആത്മാർഥമായി സമ്മതിദാനാവകാശം വിനിയോഗിച്ചുപോന്ന ഒരു വോട്ടറുടെ മുന്നിലേക്കു എതിരാളിക്കൊരു പോരാളിയായി കച്ചമുറുക്കി ത്രേസ്യാക്കൊച്ചു തട്ടിലിറങ്ങിയപ്പോൾ മെയ്യുകണ്ണാക്കിയും കണ്ണുമെയ്യാക്കിയും ഞാൻ എഴുന്നേറ്റുനിന്നു കയ്യടിച്ചുപോയി. അമ്മസത്യം.
ഭാരതീയരുടെ സ്വന്തം അമ്മത്രേസ്യയെ കൂപ്പിയ കൈകൾ കൊണ്ടു കേരളീയരുടെ സ്വന്തം കൊച്ചുത്രേസ്യാക്കു ക്ലാപ്‌...ക്ലാപ്‌....ക്ലാപ്പ്‌ !! അങ്ങനെ ഇന്നേവരെ മൊത്തമായി ആണുങ്ങൾക്ക്‌ ചെയ്തിരുന്ന വോട്ടു ഇന്നുമുതൽ ചില്ലറയായി പെണ്ണുങ്ങൾക്കും നൽകാൻ ഞാൻ കൊച്ചുത്രേസ്യയുടെ ബ്ലോഗസുഖമനുഭവിച്ചു (തീരുമാനി)ചിരിക്കുന്നതായി എല്ലാ പുല്ലിംഗ പുല്ലന്‌മാരെയും തെര്യപ്പെടവെച്ചു കൊള്ളുന്നു. (എങ്കിലുമെന്റെ കൂട്ടരേ ഇപ്പഴും ഒരു സംശയം ബാക്കി; ഇത്തൂലികാനാമത്തിനു പിന്നിൽ ഒരു ബാലിക തന്നെയോ? തെറ്റിധരിക്കല്ല്, ചെമ്പരത്തിപ്പൂ പറിച്ചു കാണിച്ചാലും ചങ്കാണെന്നു പറയാൻ മടിയുള്ളവരുടെ കാലമല്ലേ?!)
*****************************************

Saturday, November 15, 2008

വീണ്ടുമൊരു തെറിമാനം (Invitation)

എന്നാലുമെന്റെ വിശാൽജീ, ഇച്ചതി ഇന്നോടുതന്നെ വേണ്ടീർന്നോ?
ഈയുള്ളോൻ കഴിഞ്ഞദെവിസി ഇക്കാണായ ബ്ലൂലോകം മുഴോനും എന്‌തോരം അലഞ്ഞൂന്നറിയോ അവിടത്തെയന്വേഷിച്ച്‌? കയ്യിലൊരു പെറ്റീഷനും തയ്യാറാക്കിവച്ചിരുന്നു, അവിടത്തെത്തിരുമുമ്പിൽ സമർപ്പിച്ചുകഴുവേറ്റാൻ. പച്ചേങ്കില്‌ എവടെക്കിട്ടാൻ?
ഒരു ചെങ്ങറക്കാരൻ മെട്രോസിറ്റിയിലെത്തിയാലത്തെക്കഥ അവിടുത്തേക്കൂഹിക്കാമല്ലോ. ഹൊ! അട്യേനു തലപെരുക്കണൂ! ട്രെയിനിടിച്ചുചാകാതെ കുടീല്‌ തിരിച്ചെത്താമ്പറ്റീത്‌ അകത്തുള്ളോര്‌ടെ സുകൃതം!
എങ്കിലും മറ്റുചിലലാഭങ്ങളുണ്ടായതു പറയാണ്ടെവേയ്ക്ക്വൊ. അലഞ്ഞുനടന്നകൂട്ടത്തിൽ സിറ്റിയിയിലെ ചില എണ്ണമ്പറഞ്ഞ ഫൈവ്സ്റ്റാർ മാളുകളിലൊക്കെയൊന്നുകയറി ആ ഏ.സീയുടെ തണുപ്പിലൊന്നു കുത്രിക്കാൻപറ്റി. കേട്ടിട്ടുമാത്രമുണ്ടായിരുന്നവ. ഹൊ! എന്‌താ ഒരുസെറ്റപ്പ്‌, ഓരോന്നിന്റേയും!(പോങ്ങുമ്മൂടൻ,തമനു,ഹരി പാലാ, കൊച്ചുത്രേസ്യ, അഞ്ചൽക്കാരൻ, സഹയാത്രികൻ, മൊത്തംചില്ലറ, നട്ടപ്പിരാന്‌ത്‌, വിക്രമാദിത്യൻ, ബെർളിത്തരങ്ങൾ തുടങ്ങി അനേകം ഹൈ്ഫൈ് മാളുകൾ! കണ്ണഞ്ചിപ്പിക്കുന്ന നിരവധി ഐറ്റംസ്‌ കണ്ണിൽപ്പെട്ടു.
ഇത്തരമോ ദ്‌നേക്കാൾ മേത്തരമോ എനിയുമുണ്ടാകുമെന്നുകേട്ടു. സൗകര്യമ്പോലെ ഒരിക്കൽ ഇനിയും ചുറ്റിക്കാണാമെന്നു വിചാരിക്കുന്നു. ഇരുളുവീഴുമ്മുമ്പേ കുടിയിലെത്തേണ്ടീരുന്നോണ്ട്‌ മടങ്ങിപ്പോരെണ്ടിവന്നു. ഹൈ്വേക്കിരുപുറവുമുള്ള ഒട്ടനവധി ചെറുകിടവഴിയോരവാണിഭങ്ങളും ഉന്തുവണ്ടിക്കച്ചവടങ്ങളുമൊക്കെക്കണ്ടെങ്കിലും സമയച്ചുരുക്കംകൊണ്ടുതന്നെ അവിടെങ്ങും ഒന്നെത്തിനോക്കാൻപോലും ഇടകിട്ടിയില്ല.
അതൊക്കെയിരിക്കട്ടെ, എബടെയാണവിടത്തെ ദൂബായിക്കൊട്ടാരം? മുമ്പു പലയിടത്തും പരസ്യപ്പലകകളും ഫ്ലക്സ്ബോർഡുകളും കൈചൂണ്ടികളായ ലിംഗപ്രതിഷ്ഠകളും മറ്റും കണ്ടതായോർക്കുന്നു. കഴിഞ്ഞ ദിവസം ഗൂഗിളും ബൂഗിളും മുഴോനും തെണ്ടിനടന്നിട്ടും ഒരു റിസൽട്ടുമുണ്ടായില്ലല്ലോ. റിയലെസ്റ്റേറ്റ്‌ കച്ചവടത്തിലെ തുട്ടുമോഹിച്ചു മറിച്ചുവിറ്റോ അതോ പൊളിച്ചടുക്കിയോ?
ന്തായാലും ഇച്ചങ്കരൻ തെണ്ടിത്തിരിഞ്ഞു പിന്നേം പഴേതെങ്ങുമ്മൂട്ടിൽത്തന്നെ തിരിച്ചെത്തി. ഇനീപ്പൊ ദുംകൂടിബ്‌ടെത്തന്നെ പേസ്റ്റീട്ടു പോയേക്കാം. അവിടത്തെ പള്ളിയുറക്കം കഴിഞ്ഞു നല്ല പള്ളിസൗകര്യമുണ്ടേൽ അടിയേന്റെ കുപ്പമാടത്തിലൊന്നെഴുന്നള്ളി തൃക്കൺപാർത്ത്‌ പുല്ലുമേഞ്ഞ മേൽക്കൂര മാറ്റി ഓലയെങ്കിലുമാക്കാനുള്ള വരംതന്നനുഗ്രഹിച്ചാൽ വേണ്ട്യേലാർന്നു. അട്യേന്റെ പഴമനസ്സില്‌ തോന്നിയ ആഗ്രഹമാണ്‌. ഒരത്യാഗ്രഹമായിത്തോന്നുന്നെങ്കിലങ്ങ്‌ ഷെമി.

ചില കുറിമാനങ്ങൾ

വിശാലമനസ്കന്റെ ഡൂബായ്‌ സിറ്റിയിലെ പുതിയഫ്ലാറ്റിലേക്കയച്ച അറിയിപ്പ്‌.:-വിശാലപ്രഭോ ! അടിയൻ ഈബ്ലൂലോകത്തിലെ ഒരു പിച്ചക്കാരനാണു്‌. ന്ന്വച്ചാൽ പിച്ചനടക്കാൻ പടിക്കണേള്ളൂന്ന്‌. ഒരു പുതുക്കൻ.
അടിയനൊരൂട്ടം പോഴത്തം കാട്ടീട്ട്ണ്ട്‌. മാപ്പാക്കണം(സ്കെയിലു തെറ്റണ്ടാ). തീരെനിവൃത്തില്ലാഞ്ഞ്‌ ഒരുബ്ലോഗുണ്ടാക്കി അവുടുത്തേക്കു സമർപ്പിച്‌(ചിരിക്കുണു). അവിടത്തെ പെർമ്മിഷൻ മാങ്ങാണ്ട്‌. അങ്ങയുടെ മൂത്തുപഴുത്തബ്ലോങ്ങാ മൊത്തം ഒറ്റയിരിപ്പിനു ചവച്ചരച്ചകത്താക്കിയതിന്റെ ഒരാവേശത്തിൽ ചെയ്തുപോയതാണു്‌. നാലു തെറി(പച്ചമലയാളത്തിൽ പറഞ്ഞാൽ 'കമന്റ്‌') മുഖത്തുനോക്കിപ്പറയണംന്നു തോന്നി. അതിനുകണ്ടവഴിയാണു്‌. മാപ്പുണ്ടാക്കണം.
ബ്ലോഗ്‌ ഉണ്ടയായിക്കഴിഞ്ഞപ്പോൾ, കാക്കത്തൊള്ളായിരം ആത്മാക്കൾ ഗതിയില്ലാതുരുണ്ടുനടക്കുന്ന ഈലോകത്ത്‌ അങ്ങനൊരുഗതിയുണ്ടാകാതെ എവിടെയെങ്കിലുമൊന്നിരുത്തണമെന്നു തോന്നി. (എന്നേക്കും കൊണ്ടുനടക്കാനുള്ള പാങ്ങ്‌ അടിയനില്ലാ.) അതു നമ്മുടെ നാട്ടുമ്പുറത്തു മന്ത്രവാദികളുടെ പക്കലുള്ള സാധാരണ പരിഹാരമാണല്ലോ. അങ്ങനെ അതിനെ അങ്ങയുടെ പാരഗൺ ചപ്പലിന്റെ തൊട്ടുമുന്നിലായിവച്ചിട്ടു അടിയൻ മാറി ദേ ഇങ്ങു തീണ്ടാപ്പാടകലെ ഓഛാനിച്ചുനിൽക്കാണ്‌. സ്വീകരിച്ചനുഗ്രഹിക്കാൻ തിരുവുള്ളക്കേടുണ്ടാകണം.
ഏർക്കനവേ ഈവിവരം ഇഞ്ചെക്ഷൻ ചെയ്ത്‌(സൂചിപ്പിച്ച്‌) ഒരു കമന്റ്‌ അടിയൻ അങ്ങയുടെ പുരാതനബ്ലോഗിന്റെ മതിലിന്മേൽ തേച്ചുപിടിപ്പിച്ചിരുന്നു. ആദ്യമേയീ പോഴന്റെ പാഴ്‌കുടിലിന്റെ പുറത്തു ഒരു ബോർഡു വച്ചിരുന്നു, അങ്ങ്‌ അതുവഴിയേ എഴുന്നള്ളുമ്പോൾ തൃക്കൺപാർക്കാൻ പാകത്തിൽ. എവടെ?! അത്തപ്പാടി എന്നും അത്തപ്പാടി തന്നെയെന്നു ബോധ്യായപ്പോളാണു്‌ പായുംചുരുട്ടി അങ്ങയുടെ കോലോത്തെത്തിയത്‌.
ഏറെനാളായി ആൾപ്പെരുമാറ്റമില്ലാതെ കിടക്കുകയാണെന്നു പുറത്തുനിന്നു കണ്ടപ്പോൾ തോന്നി. മുറ്റമടിക്കാറില്ല. കരിയിലയും ഓലമടലും തലങ്ങും വിലങ്ങും കിടക്കുന്നു. ആരൊക്കെയോവന്നുകണ്ടു കമണ്ടിപ്പോയതു കണ്ടമാനം കൂട്ടിയിട്ടിരിക്കുന്നു. കാത്തിരുന്നുമടുത്തപ്പോൾ എന്‌തായാലുംവന്നില്ലേയെന്നുകരുതി വന്നിടമറിയിക്കാൻ അടിയന്റെ കൈക്കുറ്റപ്പാട്‌ കിട്ടിയവട്ടപ്പശവച്ചൊട്ടിച്ചുവച്ചു, മതിലിലിന്മേൽത്തന്നെ. അങ്ങു വന്നാൽത്തന്നെ കോലോത്തിന്റെയവസ്ഥ കണ്ട്‌ അകത്തുകയറിയില്ലെങ്കിലോ? പുറത്തുവച്ചുതന്നെ കണ്ടോട്ടെയെന്നുവച്ചു.(അടിയന്റെ ചെറീയ (അപ്പക്കാള)പുത്തിയിൽ തോന്നിയതാണേ).
പിന്നീടാണറിഞ്ഞത്‌ അങ്ങയുടെ, ദൂബായിസിറ്റിയിലുള്ള പുതിയഫ്ലാറ്റിൽ ഇടക്കിടെവന്നുപോകാറുണ്ടെന്നും അവിടെത്തിയാൽ മുഖംകാണിക്കാമെന്നും.(ദെന്‌താപ്പൊ പുതിയൊരു ഫ്ലാറ്റ്‌സംസ്കാരം? സ്റ്റാർ സിങ്ങർ സ്പോൺസറാവാനുള്ള ഐഡിയാ വല്ലതുമുണ്ടാ?) അങ്ങനെ പെട്ടിയുംകെടക്കയുമെടുത്ത്‌ ഇങ്ങോട്ടുവിട്ടിരിക്കുകയാണു്‌.
എന്നാൽ ഇങ്ങ്‌ അറകെട്ടിത്താമസിച്ച്‌ ഇത്തിരുമുറ്റം മറ്റൊരു ചെങ്ങറയാക്കാമ്പോവ്വാണെന്ന തിരുപ്പേടിയൊന്നും വേണ്ടാട്ടൊ.വന്നവിവരമുണർത്തിച്ചു്‌ ഒടിഞ്ഞുമടങ്ങിക്കൊള്ളാമേ. ഈ പോഴന്റെ സമർപണത്തിനു പിന്നിൽ മറ്റൊരുലാഭം കൂടി ഇച്ചെറിയപുത്തിയിൽ(വീണ്ടും അപ്പക്കാള)കാണുന്നുണ്ട്‌. അവിടുത്തേക്കാത്തുരക്ഷിച്ചുപോരുന്ന എടക്കാടുമുത്തപ്പന്റെ കരുണാകടാക്ഷം ഒരിത്തിരിപ്പോലം അടിയന്റെ നേർക്കുമുണ്ടായെങ്കിലോ? യേത്‌, ബെറ്‌തെ കിട്ടണത്‌ എന്‌തിന്‌ ബേണ്ടാന്നുബെക്കണം? (ആയതിലേക്കായി ഒരു ചിന്ന ശുപാർശ തിരുമുഖത്തുനിന്നുമുണ്ടാകാൻ മനസ്സിരുത്തണമെന്നുണർത്തിച്ച്‌ അട്യേൻ അങ്ങ്‌ട്‌.....)

Monday, November 10, 2008

ബ്ലൂലോകം! l bloolokam!

ഈ ബ്ലൂലോകത്തു ഞാൻ ഒരു പിച്ചക്കാരനാകുന്നു. ന്ന്വച്ചാൽ.. പ്പൊ..പ്പെറ്റുവീണു നടക്കാൻ പഠിക്കണേള്ളൂന്നു്‌. 'ബൂലോഗ'ത്തെ ഞാനെന്‌തിനു പരിഷ്കരിച്ചൂന്നു ചോദിച്ചാൽ ("എന്റെ സൗകര്യം" എന്നു തറുതല പറയുന്നതിനുമുമ്പു്‌) പറയാനുണ്ടു്‌.




'ബൂലോകം'! ! ഹാ, എത്ര ഭാവനാസുന്ദരമായ പദം!! (മാഷേ, ഒന്നൊതുങ്ങി ഇത്തിരിയിടം താ.. ഒന്നു പ്രണമിച്ചോട്ടെ അതാവിഷ്കരിച്ച ആമഹാത്മാവിനെ. 'മ്പ'. -ങ്ങ, കഴിഞ്ഞു. മുട്ടുകുത്തി നമസ്കരിച്ചതിന്റെ ഫോട്ടോഗ്രാഫാ; കൊള്ളാമോ?)


അതിലെ ഭാവനയുടെ വലിപ്പവും സൗന്ദര്യവുമോർത്തു ഞാൻ അന്‌തംവിട്ടു പണ്ടാരടങ്ങിനിന്നുപോയെന്റിഷ്ടാ ! ഭൂലോകം എന്ന ഒറിജിനലിന്റെ വാക്കും അതിന്റെ ആശയവും, blog എന്ന പുതുജിനലിന്റെ അർഥം, ആശയം, ഇവയുടെ വ്യാപ്തി (internet ഉൾപ്പെടെ) പിന്നെ ഒരു പുത്തനാശയം convey ചെയ്യുന്ന പുതുപദസൃഷ്ടിയുടെ ത്രില്ല്‌- ഇങ്ങനെ പല മാനങ്ങൾ ഒറ്റയടിക്കു 'തമസ്കരിച്ചു'കളഞ്ഞില്ലേ('ഉൾക്കൊള്ളിച്ചിരിക്കുന്നല്ലോ'യെന്നു സ്വൽപം വെയിറ്റിട്ടു പറഞ്ഞതാടോ) ഈയൊറ്റ വാക്കിലൂടെ, ആ ബ്രഹ്‌മാ‍വുതമ്പുരാൻ, ആരായിരുന്നാലും.




നമ്മളാകട്ടെ അതിനെ എല്ലാ എസ്സെൻസിലും ഏറ്റെടുത്തുകൊണ്ടാടുകയും ചെയ്തുകഴിഞ്ഞതു ചരിത്രം. മലയാളത്തിന്റെ നല്ലകാലത്തുതന്നെ 'ഫാര്യ'മാർ വീടു ഭരിക്കാനും ചില 'ഫയങ്കര'ന്മാർ നമ്മെ 'ബയപ്പെടു'ത്താനും തുടങ്ങിയിരുന്നല്ലൊ ബൂലോഗത്തു്‌. ഫലത്തിൽ 'ഭൂലോകം' പോലെയുള്ള വാക്കുകൾതന്നെ പലരും ഓർമയിൽനിന്നു ഡിലീറ്റുചെയ്തു പുതുവാക്കുകളെ കുടിയിരുത്തിയമട്ടായിട്ടുണ്ടു്‌.


'ശബ്ദതാരാവലി'യുടെ പുതിയ പതിപ്പിൽ ഇവപലതുമുണ്ടാവില്ലെന്നാണു പറഞ്ഞുകേൾക്കുന്നതു്‌ !! (നൂറ്റാണ്ടുകൾക്കു ശേഷം ഈ വാക്കിന്റെ ഫോസിലുകൾ മണ്മറഞ്ഞ ഗ്രന്ഥക്കെട്ടുകൾക്കിടയിൽനിന്നു ചില ചരിത്രപണ്ഡിതന്മാർ കണ്ടെടുത്തേക്കാം. അന്നു നമുക്കു ഇതിനെപ്പറ്റി ഗവേഷണവും പ്രബന്ധാവതരണവും നടത്തി നാട്ടുകാരെ ബോറടിപ്പിക്കാം.)




'മോങ്ങാനിരുന്ന മലയാളിയുടെ മണ്ടയിൽ ബ്ലോങ്ങാ വീണെ'ന്നു പറഞ്ഞപോലെയായി കാര്യങ്ങൾ. പുതുതലയുടെ മുറയിലിപ്പോൾ 'ബൂലോഗം' മാത്രമേയുള്ളൂ. ഈ മനോഹര മൊമെന്റിലാണു ഒരു ച്‌..ചെറി..യ.. (അത്രവേണ്ടെങ്കിൽ, ഒരു ഞ്‌..ഞെറിയ..) പരിഷ്കാരത്തിൽ തരക്കേടില്ലെന്നു തോന്നിയതു്‌. മാത്രമല്ല ഇന്ദ്ര-ജാല(inter-net)ത്തിന്റെയും ഇമെയിലിന്റെയും MMSന്റെയും ബ്ലോഗുകളുടെയും ഈലോകത്തെ ബ്ലൂലോകമെന്നു വിളിച്ചുണർത്തിക്കണമെന്നു്‌ ബ്ലോങ്ങാനിരിക്കുന്ന എല്ലാ നായകന്മാരെയും ഇതിനാൽ ഉദ്ബോധിപ്പിച്ചുകൊള്ളിവയ്ക്കുന്നു.

ഒരു നിശ്ചയമില്ലയൊന്നിനും

അങ്ങനെ ഞാനും ഒരു ബ്ലോഗിയായി. ചുമ്മാ ഒരു രസത്തിനു്‌. ആ കടിയങ്ങു മാറിക്കിട്ടിയെന്നല്ലാതെ ഇതെത്രനാൾ മുന്നോട്ടു പോകുമെന്നൊന്നും ഇപ്പോൾ പറയാനാകില്ല. കാരണം മറ്റൊന്നുമല്ല, അൽപവിഭവന്മാരുടെ വിഷയദാരിദ്ര്യം തന്നെ. എന്‌തെടുത്തിട്ടു പോസ്റ്റും റെഗുലറായി, എന്നൊരാഷങ്ക! എന്നാലും പ്രതീക്ഷയ്ക്കൊരു വകയുള്ളതു്‌ എന്റെ ചില ശീലങ്ങളെയാണു്‌. ചുമ്മാ ഒരു സെന്റൻസിലങ്ങു തുടങ്ങിയാൽ എവിടെയെങ്കിലും ഒരു കരയ്ക്കടുപ്പിക്കാം. പക്ഷെ ഈ തുടങ്ങലാണു പാടു്‌. തോന്നുന്നു നിങ്ങളിൽ പലരുടെയും അനുഭവമിതുതന്നെയെന്നു്‌.


നമ്മൾ യുവാക്കളുടെ മുഖമുദ്രയാണല്ലോ മടി, ചില വേണ്ടാത്ത കാര്യങ്ങളിലൊഴികെ! ജോലിയായി വീട്ടിൽനിന്നു പുറപ്പെട്ടു പോയതിനു ശേഷം വീട്ടിലേക്കു കത്തെഴുതാൻ മടിയായിരുന്നു. എന്നാൽ എന്‌തെങ്കിലും രണ്ടു വാചകം എഴുതിവിട്ടേക്കാമെന്നുകരുതി തുടങ്ങിയാൽ ഒരു ചെറുനോവെലിന്റെ വലിപ്പമുണ്ടാകും,കുറച്ചുദിവസങ്ങൾക്കു ശേഷം പോസ്റ്റുചെയ്യുമ്പോൾ. കൂടെയുള്ളവർ ചോദിക്കും താനെന്‌തിനാടോ ഇങ്ങനെ വീട്ടുകാരെ ശിക്ഷിക്കുന്നതു്‌? എന്നാലും അതിനൊരു സുഖമുണ്ടെന്നു ഞാൻ വിനീതനാകും. ഒരു സാഡിസ്റ്റിന്റെ സുഖം!


ഇതേ സുഖമത്രേ ഈ ബ്ലോഗിൽനിന്നും എന്റെ പ്രതീക്ഷ. 'ഒരു നിശ്ചയമില്ല ബ്ലോഗിനും വരുമോരോ കടി വന്നപോലെപോം' എന്ന മട്ടിലാകരുതെന്നു ആഗ്രഹമുണ്ടു്‌.

കമന്റടിക്കാനൊരു കുറുക്കുവഴി!

അങ്ങനെ ഞാനും ഒരു ബ്ലോഗിയാകുന്നു. നല്ലതു ചെയ്യുന്ന കൊറച്ചു ദുഷ്ടന്മാർ എന്റെ ദൃഷ്ടിദോഷത്തിൽ പെട്ടിട്ടുണ്ടു്. അവരെയൊക്കെ പോസ്റ്റി വളർത്തുക എന്ന ദുഷ്ടലാക്കോടെയാനു ഞാനും സ്വയംബ്ലോഗിയായതു്. ഒരു നാച്ചുറൽ എഴുത്താളനല്ലാത്തതോണ്ടു മുക്കാലെ മുണ്ടാണിയും, ചെലപ്പോ മൊത്തത്തിലും പ്രകൃതിവിരുദ്ധമായേക്കാം.
എന്നിരിക്കിലും ഞാൻ പറയുന്നതെല്ലാം നമ്പർ വൺ അഭിപ്രായമാണെന്നും എഴുതുന്നതൊക്കെ ലോകോത്തര സാഹിത്യമാണെന്നും തോന്നുന്നവർ മാത്രം എന്നെ കമന്റടിക്കാൻ വന്നാൽ മതി. മറിച്ചെന്തെങ്കിലും തോന്നിയാലതെല്ലാം മനസ്സിൽ വച്ചുകൊള്ളാനും എന്റെ നിയോജകമണ്ഡലത്തിലൊ പുറത്തോ ആ മാതിരി കമന്റിയാൽ അവമ്മാരുദെയും അവളുമാരുദെയും ഈരും പേരും കണ്ടുപിടിച്ചു ഈമെയിലു വരെ തകർത്തുകളയുകയോ നട്ടപ്പാതിരയ്ക്കു കുറ്റാക്കുറ്റിരുട്ടത്തു NH-47ൽ നേരിടുകയൊ ചെയ്യുമെന്നുമുള്ള സന്തോഷവാർത്തയെ കണ്ണുതുറിപ്പിച്ചും മുഖംചുവപ്പിച്ചും ഷർട്ടിന്റെ കൈ ആമ്പിറ്റ്‌ വരെ തെറുത്തുകയറ്റിയും മുഷ്ടി ചുരുട്ടി വിരൽചൂണ്ടി താക്കീതു ചെയ്തും തൽക്കാലം വിട്ടയയ്ക്കുന്നു.


ഇപ്പൊൽ മീശ പിരിക്കാത്തതു് അടുത്തിടെ ക്ലീൻ ഷേവു ചെയ്തതു കൊണ്ടാണെന്നും പക്ഷെ അതുകൊണ്ടു് ഇപ്പരഞ്ഞതിന്റെ സീരിയസ്നെസ്സിൽ കുറവുവരാൻ പാടില്ലാത്തതാകയാൽ ആ കർമ്മം മീശ വളർന്നാലുടൻ നിർവ്വഹിക്കുമെന്നും ഉറപ്പു തരുന്നു.


ഈ ക്രുരകൃത്യം ചെയ്യാൻ ഏന്നെ കലിപ്പിച്ചതിന്റെ കഴുക്കോൽവാദി, കൊടകരയെ ചുമ്മാ പുരാണിച്ചു വെച്ച ഒരു മഹാനാ(റിയാ)ണെന്നും എപ്പോഴെങ്കിലും ആർക്കെങ്കിലും തല്ലണമെന്നൊ തെറിവിളിക്കണമെന്നൊ തോന്നിയാൽ അതു കൊടകരയിലെ മുത്തപ്പന്റെ വീട്ടുമുറ്റത്തു പൂർണ്ണമനസ്സോടെ അനുവദിച്ചുകൊണ്ടും നോം കൈകഴുകിത്തുടച്ചുകൊള്ളുന്നു.


വിശാല മനസ്കനിട്ടൊരു കമന്റടി.-1) ഹോ, ഈ വി.മനസ്കന്റെയൊരു കാര്യം! എന്താ പറയ്യാ? ഇങ്ങൊരെക്കൊണ്ടു ജയിച്ചൂന്നു പറഞ്ഞാ മതീല്ലൊ. എന്തെങ്കിലും വായിച്ചു ചിരിക്കാനുള്ള കഴിവു നഷ്ടപ്പെട്ടെന്നു കരുതിയിരിക്കയായിരുന്നു ഞാൻ ഏറെക്കാലമായി. ചിരിക്കാനുള്ള വക വായിക്കുന്നതിലില്ലാത്തതോണ്ടാകാമെന്നു ചിലർ പറഞ്ഞിരുന്നെങ്കിലും എനിക്കു വിശ്വാസമായിരുന്നില്ല.


പക്ഷെ ഇപ്പൊ കൊടകരക്കാരന്റെ പഴമ്പുരാണം വായിച്ചു ചിരിച്ചു (ചിരിച്ചു ഞാൻ മണ്ണു കപ്പീന്നൊക്കെ എന്റെ ശത്രുക്കൾ പറയുന്നതു വെറുതെ. ഇന്നലെക്കണ്ട ഒരുവനു അതൊരു പുകഴ്തലായിപ്പോകൂല്ലെ? അതു വേണോ? വി.മനസ്കൻ അവമ്മാരുടെ ആരെങ്കിലും ആയതോണ്ടാരിക്കും. (എന്നേ നമ്മൾ മല്ലൂസ്‌ പറയാവൂ). ഒരുപാടു പൊക്കിയാൽ ഉത്തരത്തെ മുട്ടി 'മു'ല 'ത'ഴക്കുമെന്നും അറിയണ്ടെ?


അതിന്റെ കേടാർക്കാ?സത്യത്തിൽ സംഭവിച്ചതിതാണു്- ഈ പഴമ്പുരാണമൊക്കെ വായിച്ചപ്പൊ ഞാൻ ചിരിച്ചു എന്നതു നേരു്. ചുമ്മാ ചിരിക്കുന്നതിനു് ഒരു ത്രില്ലില്ലെന്നു വേറൊരു കൊടകരക്കാരൻ, സൊറി, കരമനക്കാരൻ ഒരു സിലിമായിൽ പറഞ്ഞതോർക്കയാൽ തലകുത്തിനിന്നു ചിരിച്ചു. ഒരു ചെയ്ഞ്ചിനു്.


പക്ഷെ ഈ അഭ്യാസം ഏറെനാളായി പ്രാക്റ്റീസു ചെയ്യാതിരുന്നതിനാലാകണം ബാലൻസു തെറ്റി. (പണ്ടു ശ്രി.വേളുർ കൃഷ്ണൻകുട്ടിയുടെ കാലത്താണു ഞാൻ ഈ അഭ്യാസക്കാഴ്ച്ച നടത്തിയിരുന്നതു്. അന്നുറയിലിട്ട വാളു് പിന്നീടു പ്രയോഗിക്കാനവസരപ്പെട്ടിട്ടില്ല. ആരു വാളുവെച്ചാലും അവിടെക്കിടന്നു ക്രമേണ ഉറുമ്പരിക്കുമല്ലൊ). മുഖമടിച്ചു വീണു. സൗദിയറേബ്യയല്ലെ? മണ്ണിനുണ്ടോ പഞ്ഞം? വായിൽക്കേറുന്നതു നാച്ചുറൽ. ഈ നാച്ചുറാലിറ്റിയെയാണു അവമ്മാർ വളച്ചൊടിച്ചു് എന്നെ പ്രാകൃതനാക്കിവിട്ടതു്.)


'ഉപമാ വി.മനസ്കസ്യ'എന്നു കാളിദാസന്റെ കാലത്തു(കലികാലം എന്നും ചുരുക്കാം. kali-കലി. dasa(ദശ)-കാലം) ചിലർ പറഞ്ഞു വെച്ചിരുന്നതു വെറുതെയാണെന്നും എനിക്കുമനസ്സിലായി.


ഹാവു! ഇപ്പൊ ഞാനും മലയാളിയാണെന്നു തെളിയിച്ചില്ലേ? എന്തൊരു മനസ്സമാധാനം!! നാടറിയാതെ മാജിക്കു കാണിച്ചിട്ട്‌ അതു കേരളക്കരയാണെന്നു കൃത്യമായിക്കണ്ടുപിടിച്ച ആ ഫോറിൻ മജിഷ്യനു വകോനാമം!!


2)അല്ലയൊ വി.യുനസ്കൊ അങ്ങു എന്നെ ഇങ്ങനെ തലകുത്തി ചവിരിപ്പിച്ചതിനു പ്രതികാരം വീട്ടേണ്ടതു് എങ്ങിനെയാണവോ? വംശനാശം സംഭവിക്കുന്ന ഇത്തരം ജീവജാലങ്ങളെ കുറ റി അറ റു പൊകാതെ-ഇവിടെ ഒരു സൗണ്ട്‌ എഫെക്ടിനുള്ള വകവച്ചുകൊടുക്കുന്നു- ശിക്ഷിച്ചെടുക്കണമല്ലൊ.


ഡീസീയിൽ പോയി അങ്ങയുടെ koppu (കൊ.പു.-അലങ്കാരം ഉലല്ലെഖം-ഒന്നിലധികമുണ്ടെങ്കിലങ്ങനെയാവാമെന്നു വൃത്തിചു അലങ്കരിച്ചു വ്യാകരിച്ച മഹാവഷളനായ കേ.പാ. (കേട്ട പാതി കേക്കാത്ത പാതി) പറഞ്ഞതു അമ്മച്ചിയാണെ ഞാൻ കേട്ടതാ) വാങ്ങി അങ്ങയെ സഹായിക്കാമെന്നുവച്ചാൽ മുക്കാലും അവരെടുക്കും .എന്റെ കാശു വേസ്റ്റു്.


പോരാഞ്ഞിട്ടു എല്ലബോറുകളും ഒരുമിച്ചു സംഹരിക്കാത്തതിനാലക്കൊണ്ടു അതിപ്പഴും കൊ.പു.(കൊച്ചു പുസ്തകം)ആയിത്തന്നെയിരിക്കുന്നു. വേഗമൊന്നു വളത്തിയെടു്. പ്രായപൂർത്തിയായതിന്റപ്പറം ഞാൻ ദത്തെടുത്തോളാം. അർജന്റായിട്ടിപ്പൊ ഒരു വലിയ 'കുത' ഞാൻ സംഭാവന ചെയ്യാനുദ്ദേശിക്കുന്നു.


മനോരാജ്യത്തിലെ രാജാവിനു തുണിയില്ലാണ്ടും നടക്കാലൊ. എന്തിനു ഗുണനം, ഹരനം, ന്യുനം ഛെ അധികം(ഹാവു, കിട്ടി!), വിശാലപ്പ്രഭോ, എനിക്കിനിയും കലിയടങ്ങിയിട്ടില്ലാാാ.....