Tuesday, July 14, 2020

ശ്രീ. വിദ്യാധരൻ ഐവർകാല - കാലം മറയ്ക്കാത്ത കലോപാസകൻ !

മേളപ്പെരുമയുറവുകൊണ്ട വാദ്യക്കാരൻ, നടനമർമ്മം കണ്ടറിഞ്ഞ നാടകപ്രവർത്തകൻ, അനുഷ്ഠാനകലകളിൽ നിഷ്ഠ തെറ്റാത്ത നാടൻകലാകോവിദൻ, വരകലയിൽ വർണ്ണമേളം തീർക്കുന്ന ചിത്രകാരൻ, മുത്തുക്കുടയും നെറ്റിപ്പട്ടവും മുതൽ പരബ്രഹ്മസ്വരൂപമായ ദൈവത്തിടമ്പു വരെ വാർത്തെടുക്കുന്ന വരേണ്യൻ, ഭാവലോകത്തിന് വാങ്മയ ചിത്രങ്ങളൊരുക്കുന്ന പാട്ടെഴുത്തുകാരൻ- ഇങ്ങനെ സരസ്വതീദേവിയുടെ സവിശേഷാനുഗ്രഹത്തിന് പാത്രമായ വിദ്യാധരൻ മാഷിന്റെ വിശേഷണങ്ങൾ പലതാണ്. സർവ്വഥാ ഒരു സകലകലാവല്ലഭൻ! പിന്നെ, ഇടതുപക്ഷ സഹയാത്രികനും.

ഇപ്പറഞ്ഞതൊന്നുമല്ലാതിരുന്നിട്ടും ഈയുള്ളവനും അദ്ദേഹത്തിന്റെ പരിചയ വലയത്തിലേക്ക് വന്നുപെടുകയായിരുന്നു. ഗ്രന്ഥശാലാ പ്രസ്ഥാനവും അനുബന്ധ സാംസ്കാരിക പ്രവർത്തനങ്ങളുമാണ് എന്നെ വൈകിയെങ്കിലും കൊണ്ടെത്തിച്ചത്. ഏറെനാളൊന്നും ഒത്തു പ്രവർത്തിക്കാൻ ഇടയായില്ലെങ്കിലും പരസ്പരം സ്നേഹ ബഹുമാനങ്ങളുടെ ഒരു മൂർത്ത ബന്ധനം തന്നെ ഉരുവായിക്കഴിഞ്ഞിരുന്നു. അതിനിടയിൽ കുറച്ചു നാളെങ്കിലും ചെണ്ടമേളം അഭ്യസനത്തിൽ ഗുരു സ്ഥാനത്ത് നിർത്താൻ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു. ഇവനു വന്നുപെട്ട ഒരു സൈക്കിൾ അപകടത്തോടെയാണ് ആ ഗുരുശിഷ്യ ബന്ധത്തിന് ഒരു താൽക്കാലിക വിരാമം ഇടേണ്ടി വന്നത്. പിന്നെ ജീവിതത്തിന്റെ കൈവഴികൾ പലതായി പിരിഞ്ഞു. എങ്കിലും അളവറ്റ മനുഷ്യ സ്നേഹത്തിന്റെയും സമഭാവനയുടെയും പ്രകാശം ജ്വലിച്ചു തന്നെ നിന്നു.

പ്രതിഭാപ്പെരുക്കത്തിന്റെ ഒരു ആറാട്ടുത്സവമായിരുന്നു വിദ്യാധരൻ മാഷ്. എന്നാൽ അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ലാളിത്യവും വിനയവും മൂലം അദ്ദേഹത്തിന്റെ മഹത്വം സ്വന്തം നാട്ടുകാർ വേണ്ടത്ര തിരിച്ചറിയുന്നതിനിടയായിട്ടുണ്ടോ എന്ന് സംശയം. മാത്രമല്ല തൊലിനിറം നോക്കി വിലയിടുന്ന രീതി നമുക്കിനിയും തൂത്തുകളയാനായിട്ടില്ലെന്നതും ലജ്ജാകരം തന്നെ.

എങ്കിലും ഐവർകാലയെന്ന തന്റെ നാട്ടുമ്പുറത്തിലും അതിനു പരിസരത്തുമുള്ള കലാവാസനയുള്ള ചെറുപ്പക്കാരെ ഒത്തു ചേർത്ത് 'ചങ്ങാത്തം' എന്ന ഒരു കൂട്ടായ്മ തുടങ്ങിവച്ചു. നെഹ്റു യുവകേന്ദ്ര തുടങ്ങിയ സർക്കാർ ഏജൻസികളിലൂടെ സഹായങ്ങൾ ഏകോപിപ്പിച്ച് അവരുടെ കലാവൈഭവം തേച്ചുമിനുക്കി എടുക്കാനുള്ള ആ പരിശ്രമം പാതിവഴിയാക്കിയാണ് അദ്ദേഹം കടന്നുപോകുന്നത്. ഒരു കൊല്ലം മുമ്പുള്ള വെക്കേഷൻകാലത്തെ കൂടിക്കാഴ്ചയിൽ ഇക്കാര്യങ്ങൾ ആഹ്ളാദത്തോടെ സംസാരിച്ചിരുന്നു. അടുത്തകൊല്ലം എത്തുമ്പോൾ ഇക്കാര്യത്തിൽ കൂടുതൽ ഫലങ്ങൾ ഉണ്ടാകും എന്ന് പ്രതീക്ഷ പ്രകടിപ്പിച്ചാണ് അന്നു പിരിഞ്ഞത്. ഇവനാൽ കഴിയുന്ന സപ്പോർട്ടും വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ അത് അവസാനത്തെ കൂടിക്കാഴ്ചയാകുമെന്ന് കരുതിയില്ല.

കൊല്ലം നീരാവിൽ 'പ്രകാശ് കലാകേന്ദ്ര'ത്തിന്റെയും കടമ്പനാട് നിലയ്ക്കൽ 'മനീഷ' കലാകേന്ദ്രത്തിന്റെയും പ്രവർത്തനങ്ങൾക്ക് അദ്ദേഹത്തിന്റെ സംഭാവനകൾ നിസ്തുലമാണ്.

സ്വാർത്ഥത ലവലേശം പ്രകടിപ്പിച്ചിട്ടില്ലാത്ത മാഷ് സ്വതവേ ഊർജ്ജസ്വലനായിരുന്നെങ്കിലും പ്രമേഹരോഗത്തിന്റെ അസ്കിത കലശലായി ഉണ്ടായിരുന്നു എന്നാണ് അറിയാൻ കഴിയുന്നത്. ഒപ്പം സ്വന്തം ആരോഗ്യകാര്യങ്ങളിലെ ഉപേക്ഷയും കൊറോണക്കാലത്തെ അടച്ചിരിപ്പും ആരോഗ്യം വഷളാക്കിയിരിക്കാം.

ഭൗതികജീവിതത്തിന്റെ പ്രൗഢിയും സമ്പത്തുമൊന്നും അദ്ദേഹത്തെ തെല്ലും ആകർഷിച്ചതായി തോന്നിയിട്ടില്ല. ജീവിക്കാനാവശ്യമായ വരുമാനമേ അദ്ദേഹം തേടിയുള്ളൂ. സമ്പാദ്യത്തിനു തെല്ലുമാഗ്രഹിച്ചില്ല. ജീവിതം തന്നെ കലയ്ക്കുവേണ്ടിയായപ്പോൾ കലയാകട്ടെ കാലയാപനം നടത്തിക്കൊടുത്തുകൊണ്ടുമിരുന്നു. തന്റെ പ്രതിഭയ്ക്ക് പരസ്യം ആഗ്രഹിക്കാത്ത അദ്ദേഹത്തിന്റെ നിഷ്കളങ്കനിലപാടുകളാണ് നാടുമുഴുവൻ കൊണ്ടാടേണ്ട ഈ കലാകാരനെ പരിമിതാതിരുകൾക്കുള്ളിൽ ഒതുക്കിക്കളഞ്ഞത്.

ഉള്ളതുകൊണ്ട് ആത്മാവിൽ തൊട്ട് സന്തോഷത്തോടെ ജീവിതം നയിച്ച ഒരു അവധൂതനാണ് അദ്ദേഹമെന്ന് ഓർത്തു പോകാറുണ്ട്. എന്നാൽ ആധുനികകാലത്ത് കുടുംബസ്ഥനായ ഒരാൾ സമ്പാദ്യത്തിന്റെ പ്രാധാന്യം ഓർത്തു വയ്ക്കേണ്ടതാണെന്ന് തെല്ലു നിരാശയോടെ അദ്ദേഹത്തിന്റെ കാര്യത്തിൽ പറയാതെ വയ്യ. ആ പ്രതിഭയുടെ തിരിനാളം മിടുക്കിയായ മകളിലൂടെ തുടർന്നും പ്രകാശിക്കുമെന്ന പ്രതീക്ഷയും നയിച്ചിരിക്കാം. ഏകമകൾ അഭിജ ചിത്രകലാ വിദ്യയിൽ പ്രാവീണ്യം തെളിയിച്ചു കൊണ്ടിരിക്കുന്ന കലാകാരിയാണ്. മാവേലിക്കര രവിവർമ്മ കോളേജിൽ ചിത്രകലയിലെ ബിരുദാനന്തരബിരുദ വിദ്യാർത്ഥിനിയും.

ആരോടും പരിഭവമില്ലാതെ, ഒരിക്കലും മുഖം കറുപ്പിക്കാതെ അറിഞ്ഞുകൊണ്ട് ആരെയും വേദനിപ്പിക്കാതെ അദ്ദേഹം ജീവിച്ചു കടന്നുപോയി. കലയോടുള്ള അർപ്പണബോധവും ലാളിത്യവും പ്രതിഭാവിലാസവും ആസ്വാദകരുടെയും സുഹൃത്തുക്കളുടെയും ഓർമ്മകളിൽ തെളിഞ്ഞു തന്നെ നിൽക്കും.

അന്തിപ്പോഴൻ
13-07-2020
Youtube Links:-
വിദ്യാധരൻ മാഷ് രചിച്ച സുന്ദരമായ ഒരു പരിസ്ഥിതിഗാനം

വിദ്യാധരൻ മാഷ് രചിച്ച കോവിഡ് ഗാനം- 'ഭൗമഭൂതം'