Thursday, May 27, 2021

An open letter to Kerala Govt. - മോട്ടോർ, ടാക്സി-ഓട്ടോ, ആംബുലൻസ് ജീവനക്കാർക്ക് കോവിഡ് വാക്‌സിനേഷൻ മുൻഗണന.

 
 കോവിഡ് രോഗം പടർന്നുപിടിക്കുമ്പോൾ എല്ലാവരും ആശങ്കയിലാണ്. അധികാരികൾ അവരുടെ കഴിവനുസരിച്ചു പ്രയത്നിക്കുന്നു. വാക്‌സിനേഷൻ കേരളത്തിൽ മറ്റെവിടത്തെയുംകാൾ കാര്യക്ഷമമായി നടക്കുന്നു എന്നറിയുന്നതിൽ സന്തോഷം. രോഗബാധയ്ക്കുള്ള സാധ്യത കുടുതലുള്ളവരെ- പ്രതിരോധശേഷികുറഞ്ഞ പ്രായക്കൂടുതലുള്ളവർ, മറ്റുരോഗങ്ങളുള്ളവർ, കൂടുതൽ ജനസമ്പർക്കമുള്ളവർ - വാക്‌സിനേറ്റ് ചെയ്യുന്നതിനായി മുൻഗണന കൊടുത്തു സർക്കാർ ഉത്തരവായിട്ടുണ്ട്. ഇത് അനുകരണീയമാണ്. അഭിനന്ദനീയവും. പൊതുജനങ്ങളുമായി ഇടപഴകുന്ന ആളുകൾക്ക് അവരുടെ ജോലി അനുസരിച്ച് മുൻ‌ഗണന നൽകുന്നത് വിലമതിക്കാനാവാത്തതാണ്. രണ്ട് സർക്കാർ ഉത്തരവുകൾ (1102/2021/H&FWD, 1114/2021/H&FWD) മിക്കവാറും എല്ലാ വിഭാഗങ്ങളും ഉൾക്കൊള്ളുന്നു. നന്നായി.

 എന്നാൽ അവശ്യം വേണ്ട രണ്ടു വിഭാഗങ്ങൾ ഉൾപ്പെട്ടുകണ്ടില്ല- 1. ആരോഗ്യപ്രവർത്തകർ - ഡോക്ടർമാരും നഴ്സുമാരും മറ്റു ജീവനക്കാരും 2. മോട്ടോർ, ടാക്സി-ഓട്ടോ, ആംബുലൻസ് ഡ്രൈവർമാർ. ആരോഗ്യപ്രവർത്തകർ സ്വാഭാവികമായി മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെടുമെന്നതിനാലും വാക്‌സിനേഷൻ എളുപ്പമാകുമെന്നതിനാലും എടുത്തുപറയാഞ്ഞതാണോയെന്നറിയില്ല. വിട്ടുപോയതെങ്കിൽ ഉടൻതന്നെ ഉൾപ്പെടുത്തണം. 

 എന്നാൽ രോഗി ഡോക്ടറെ കാണുന്നതിനു മുമ്പുതന്നെ സമ്പർക്കമുണ്ടാകുന്നത് അവരെ ആശുപത്രിലേക്കെത്തിക്കുന്ന ഓട്ടോ- ടാക്സി ജീവനക്കാരുമായാണ്. രോഗബാധിതനായ രോഗിയുടെ ആദ്യ സമ്പർക്കപ്പട്ടികയിൽ‌ ഉൾപ്പെടുന്നവർ. കോവിഡ് -19 അണുബാധയ്ക്ക് ഏറ്റവും സാധ്യതയുള്ള വിഭാഗത്തിൽ മോട്ടോർ ട്രാൻസ്പോർട്ട് (സ്വകാര്യബസുകൾ), ടാക്സി-ഓട്ടോ തൊഴിലാളികൾ എന്നിവർ ഉൾപ്പെടുന്നു. ദയവായി അവരെ സംരക്ഷിക്കുക. കാരണം: 
 1). എല്ലാദിവസവും പൊതുജനങ്ങളുമായി ഇടപഴകുന്നതിനാൽ രോഗം പിടിപെടാനും മറ്റുള്ളവരിലേക്കു അണുബാധ പകരാനും സാധ്യത കൂടുതലാണ്. 
2). ദൈനംദിന വേതനം ലഭിക്കുന്നതു കൊണ്ടു കുടുംബം പോറ്റുന്ന കുറഞ്ഞ വരുമാനക്കാർ. സാമൂഹ്യസുരക്ഷ ഏറ്റവും കുറഞ്ഞവരും.
 3). പലപ്പോഴും അയൽക്കാർക്കും നാട്ടുകാർക്കും വേണ്ടി കൂലി പോലും വാങ്ങാതെ ആത്മാർത്ഥത കാട്ടുന്നവർ. 
4). രോഗം ബാധിച്ചാൽ കുറഞ്ഞത് രണ്ടാഴ്ച നഷ്ടം, വരുമാനവും. സമൂഹത്തിനും കുടുംബത്തിനും വലിയ ഭാരമാണ്. 

 നിലവിൽ മുൻഗണനാ പട്ടികയിലുള്ള പല വിഭാഗങ്ങളും സർക്കാർ ജീവനക്കാരാണ്, സ്ഥിരമായ ജോലിയും വരുമാനവുമുള്ളവർ - ഒരു പരിധിവരെ സാമ്പത്തികമായും സാമൂഹികമായും സുരക്ഷിതർ. മഹാമാരിക്കെതിരെ പോരാടുന്ന അവർക്കു വേണ്ട സംരക്ഷണം ഒരുക്കുക തന്നെ വേണം. 
ഒപ്പം ഇവരെയെല്ലാം യഥാസമയം യഥാസ്ഥാനത്തെത്തിച്ചു സമൂഹത്തെ ചലനാത്മകമാക്കുന്നത് ഓട്ടോ-ടാക്സി ഗതാഗതവാഹനങ്ങളാണ്. അവരെയും തുല്യമായി പരിഗണിക്കുക തന്നെ വേണം.

Tuesday, May 11, 2021

മെട്രോമാൻ-മാതൃക വീണ്ടും Metroman-E Sreedharan കാലം തളർത്താത്ത കർമ്മയോഗി

 




മെട്രോമാൻ ഡോ. E. ശ്രീധരൻ, ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് മലയാളികളുടെ അഭിമാനവും സ്വകാര്യാഹങ്കാരവുമാണ്. ഈ നിയമസഭാ തെരഞ്ഞെടുപ്പിലൂടെ പൊതുസേവനത്തിലേക്ക് രാഷ്ട്രീയപ്രവർത്തനത്തിലേക്കു  പ്രവേശിക്കുന്നു. അത് ഒരുപാട് സന്തോഷവും  തരുന്നു. കഴിവ്, സത്യസന്ധത, ഭരണ നൈപുണ്യം, പ്രവർത്തന മികവ് എന്നിവയ്‌ക്കായി അദ്ദേഹത്തിന് ഇനി ഒരു സർട്ടിഫിക്കറ്റ് ആവശ്യമില്ല. എഞ്ചിനീയറായും ദില്ലി മെട്രോ റെയിൽ‌വേ കോർപ്പറേഷൻ (D.M.R.C.) തലവനായുമൊക്കെ ഇത് തെളിയിച്ചതാണ്. ഇത്തരക്കാർ പലരും പൊതുപ്രവർത്തനത്തിനു തയ്യാറല്ല എന്നതാണ്  നമ്മൾ നിരന്തരം ആശങ്കപ്പെടുന്ന രാഷ്ട്രീയത്തിന്റെ തകർച്ചയുടെ ഒരു കാരണം. ഇതൊന്നും മനസിലാക്കാൻ കഴിയാത്ത, ചില കോമരങ്ങളാണ് അദ്ദേഹത്തിൻ്റെ പ്രായത്തെ പരിഹസിക്കുന്നത്.  നമുക്കവരോടു സഹതപിക്കാം.

 ഭരണം ലഭിക്കുകയാണെങ്കിൽ ശ്രീധരനെ മുഖ്യമന്ത്രിയാക്കുമെന്ന് ഭാരതീയ ജനതാ പാർട്ടിയുടെ ചില കേന്ദ്രങ്ങളിൽ നിന്നു വന്ന പ്രസ്താവനകൾ ആത്മാർത്ഥമാണോ "എന്തായാലും ജയിക്കില്ല അപ്പൊ കിടക്കട്ടെ ഒരു പ്രസ്താവന" എന്നൊരു തള്ളാണോ എന്നറിയില്ല. എന്തുതന്നെയായാലും, എല്ലാവിധത്തിലും അദ്ദേഹം അർഹനാണെന്ന് ആരും തർക്കിക്കുന്നില്ല.


ഗ്യാലറിയിലിരുന്നു കളികാണുകയും കമന്റടിക്കുകയും ചെയ്യുന്നതു പോലെ എളുപ്പമല്ല, കളത്തിലിറങ്ങിക്കളിക്കുന്നത്. അതിനു ധൈര്യം കാണിച്ച  ശ്രീ അരവിന്ദ് കെജ്‌രിവാളിനെപ്പോലുള്ളവരുടെ അനുഭവം, അതു സാക്ഷ്യപ്പെടുത്തുന്നു. എന്നാലും  ആത്മാർത്ഥതയും സത്യസന്ധതയും അടിസ്ഥാനമാക്കിയുള്ള പ്രയത്നത്തിന്റെ നേട്ടം നൂറു ശതമാനമല്ലെങ്കിലും ചെറുതല്ലെന്നും അദ്ദേഹത്തിന്റെ അനുഭവം പഠിപ്പിക്കുന്നുമുണ്ട്.


രാഷ്ട്രീയം എളുപ്പമുള്ള ജോലിയല്ല. വ്യക്തികൾ, സമൂഹം, ഭൂമി, പ്രകൃതി, സമയം, ഈ ദൈനംദിന പ്രശ്നങ്ങളും വികാരങ്ങളും എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ഒരു മേഖലയാണിത്. എന്നിരുന്നാലും, മറ്റാരെക്കാളും നന്നായി കൈകാര്യം ചെയ്യാനുള്ള പക്വതയും നൈപുണ്യവും അദ്ദേഹത്തിനുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.

പാർട്ടിയോ സ്ഥാനമോ പരിഗണിക്കാതെ, താൻ മത്സരിക്കുന്ന നിയോജകമണ്ഡലത്തിൽ ഈ പോഴനു  വോട്ടുണ്ടെങ്കിൽ കണ്ണുംപൂട്ടി ചെയ്തേനേ. കാരണം അദ്ദേഹം വെറുമൊരു രാഷ്ട്രീയപ്പാർട്ടിയിൽ ഒതുക്കാൻ പറ്റുന്നയാളല്ല. അദ്ദേഹം  വിജയിക്കാനും രാജ്യത്തിനും ജനങ്ങൾക്കും  പ്രയോജനപ്പെടുന്നതും കാത്തിരിക്കുകയാണ്. പൊതുസേവനത്തിലേക്ക് പോകാനുള്ള തീരുമാനത്തെ സർവ്വത്മനാ  അഭിനന്ദിക്കുന്നു. ആത്മാർത്ഥതയും സത്യസന്ധതയും കഴിവും ഉള്ളവർക്ക് പ്രായം ഒരു സംഖ്യ മാത്രമാണ്. ഇതുപോലുള്ള മറ്റു പലർക്കും ഇതു പ്രചോദനമാകട്ടെ. എല്ലാവിധ ആശംസകളും നേരുന്നു.

Covid-19: Vaccination and pregnant women. (കൊറോണക്കാലം- ഗർഭിണികളും വാക്സിനേഷനും.)

 

https://www.youtube.com/watch?v=ZNJTw0ng3IQ


കൊറോണക്കെതിരെയുള്ള വാക്സിനേഷൻ ലോകമെമ്പാടും നടന്നുവരികയാണ്. ഗർഭിണികൾ കുത്തിവെപ്പ് എടുത്തുകൊള്ളണം എന്ന് നിർബന്ധിക്കാറില്ല.  എന്തുകൊണ്ട്? അവർക്കതു സുരക്ഷിതമല്ലേ? ഇതാണ് ഇന്നത്തെ ചർച്ചാവിഷയം.

 ലോകാരോഗ്യസംഘടന, കോവിഡ്-19 വാക്സിനേഷനിൽ നിന്ന് ഗർഭിണികൾ ഉൾപ്പെടെ ആരെയും ഒഴിവാക്കിയിട്ടില്ല. എന്തെങ്കിലും സംശയം ഉള്ളവർക്ക് അവരുടെ ഡോക്ടറെ കൺസൾട്ട് ചെയ്തിട്ട് തീരുമാനമെടുക്കാമെന്നാണ് അറിയിച്ചിട്ടുള്ളത്.

ഗർഭിണികളെ സാധാരണയായി ഒരു സങ്കീർണ വ്യക്തിത്വം (complex personality) ആയിട്ടാണ് വിലയിരുത്താറുള്ളത്. ഗർഭിണി ഒരാളല്ല രണ്ടുപേരാണ് എന്നതാണ് കാരണം. 'ഒന്നായ നിന്നെയിഹ രണ്ടെന്നു   കാണുമ്പോഴുള്ള ഇണ്ടൽ' ഇതാണ് പ്രശ്നം. ബുദ്ധിമുട്ട് ശാസ്ത്രത്തിനെക്കാൾ സമൂഹത്തിനാണ് . ശാസ്ത്രത്തിന് കൃത്യമായ ചില രീതികളും നടപ്പുമുണ്ട്. സമൂഹത്തിന് ഇതൊക്കെ വ്യത്യസ്തമാണ്. മൂല്യ സങ്കല്പങ്ങൾ ഉണ്ട്. മതങ്ങളും വിശ്വാസങ്ങളും ഒക്കെ കൂടിക്കുഴഞ്ഞ ധാർമികതയും ആണ് ഇതിൽ പ്രധാനം.  ശാസ്ത്രം കൈകാര്യം ചെയ്യുന്നത് മനുഷ്യരായതുകൊണ്ട്, നിർഭാഗ്യവശാൽ  പലപ്പോഴും അവർക്ക് സമൂഹത്തിന് വഴങ്ങിക്കൊടുക്കേണ്ടിവരും.

കൊറോണയുടെ ഉൾപ്പെടെയുള്ള വാക്സിനേഷനുകളെല്ലാം എല്ലാ മനുഷ്യർക്കും സുരക്ഷിതമാണെന്നതാണ് ശാസ്ത്രത്തിന്റെ വഴിയും ഉറപ്പും. എന്നാൽ ചില വിഭാഗങ്ങളിൽ ഇതിന് തെളിവും കണക്കും നിരത്താൻ ശാസ്ത്രത്തിന്റെ പക്കൽ വേണ്ടത്ര വിവരങ്ങളില്ലെന്നതാണ് പരിമിതി. അതിന് ഗവേഷണവും പഠനങ്ങളും പരീക്ഷണങ്ങളും നടക്കേണ്ടതുണ്ട്. എന്നാൽ  നമ്മുടെ സമൂഹം  ഗർഭിണികളിലും കുട്ടികളിലുമുള്ള പരീക്ഷണങ്ങൾക്കും ഗവേഷണങ്ങൾക്കും  പരിധി കല്പിച്ചിട്ടുണ്ട്. (ശാസ്ത്രത്തിനു വികാരങ്ങളില്ല, വസ്തുതകൾ മാത്രമേയുള്ളൂ അതാണതിൻ്റെ ബലവും).  കൊറോണയുടെ ഉൾപ്പെടെയുള്ള പല വാക്സിനുകളും ഇവരിൽ പരീക്ഷിച്ച് പഠനം നടത്താൻ അവസരം ഉണ്ടായിട്ടില്ല. അതിനാൽ തന്നെ കണക്കും തെളിവും നിരത്താനുമാവില്ല. ഇവയൊന്നും ദോഷമുണ്ടാക്കുന്നവയല്ല എന്ന പൊതുവായ ഉറപ്പ് ശാസ്ത്രത്തിനുണ്ട്. ഗർഭിണികളിലും അങ്ങനെതന്നെ.
 എങ്കിലും ശാസ്ത്രം വിശ്വാസത്തെക്കാളും നിഗമനത്തെക്കാളും സുരക്ഷിതത്വത്തിന് മുൻഗണന കൊടുക്കുന്നതു കൊണ്ടാണ് ചില വാക്സിനേഷനുകളിൽ നിന്ന് ചില വിഭാഗങ്ങളെ മാറ്റി നിർത്തുന്നത്. അര ശതമാനമെങ്കിലും  അപകട സാധ്യതയുണ്ടെങ്കിൽ പഠനത്തിലൂടെ തീർപ്പാക്കും വരെ അവരെ ഒഴിവാക്കുന്നു.

 വാക്സിനുകളുടെ നിർമ്മാണത്തിന് ശാസ്ത്രത്തിന് പല രീതികളുണ്ട്. രോഗകാരണമായ അണുക്കളെ നിർജീവമാക്കി അവയിലെ ചില അംശങ്ങൾ ഉൾപ്പെടുത്തി നിർമ്മിക്കുന്നതാണ് ഒരു രീതി. അവ ഏറ്റവും സുരക്ഷിതമായി ശരീരത്തിൽ പ്രവർത്തിക്കുന്നു. 
മറ്റൊരു രീതി, രോഗമുണ്ടാക്കാനുള്ള ശേഷി ഇല്ലാതാക്കിയ രോഗാണുക്കളെ ഉപയോഗപ്പെടുത്തിയുള്ള വാക്സിനുകളാണ്. വേറെയും പല രീതികളുണ്ട്. ഈ രണ്ടാമത് പറഞ്ഞ വിഭാഗത്തിലാണ് ശാസ്ത്രത്തിന് ചെറുതെങ്കിലും ആശങ്ക നിലനിൽക്കുന്നത്. പ്രയോഗതലത്തിൽ അല്ലെങ്കിലും സിദ്ധാന്തപരമായി ഇവ ഗർഭസ്ഥശിശുവിന് (ഭ്രൂണം) ജീവകോശങ്ങളുടെ ന്യൂക്ലിയസിൽ കടന്നാൽ പ്രശ്നം ഉണ്ടാകാൻ സാധ്യതയുള്ളതായി സംശയിക്കുന്നത്. അതു നടക്കില്ലെന്ന് ശാസ്ത്രലോകത്തിന് അറിയാമെങ്കിലും തെളിവുകളും കണക്കുകളും നിരത്താൻ കയ്യിലില്ല. പഠനം നടന്നിട്ടില്ല എന്നതാണ് കാരണം.  പഠനം നടത്താൻ സമൂഹം അനുവദിച്ചിട്ടില്ല. 
എന്നാലും എണ്ണത്തിൽ കുറവെങ്കിലും ചില കണക്കുകൾ ശാസ്ത്രത്തിൻ്റെ പക്കലുണ്ട്. 


ചിലയിടങ്ങളിൽ സമൂഹ വാക്സിനേഷനുകൾ നടന്നപ്പോൾ അറിയപ്പെടാതെ വന്നിട്ടുള്ള ചില ഗർഭിണികളിൽ വാക്സിനേഷൻ നടന്നിരുന്നു. അത്തരം കേസുകൾ തിരിച്ചറിഞ്ഞ് നടത്തിയിട്ടുള്ള പഠനങ്ങളിൽ  അമ്മമാർക്കോ കുഞ്ഞിനോ എന്തെങ്കിലും വിഷമം  ഉണ്ടായതായി കണ്ടെത്തിയിട്ടില്ല.  ഇങ്ങനെ മനഃപൂർവ്വമല്ലാതെ നടന്ന പരീക്ഷണ-പഠനങ്ങളിലാണ് ഇപ്പോൾ തെളിവുകളുള്ളത്. പ്രതീക്ഷയും. അവസരം കിട്ടിയാൽ ഗർഭിണികളിൽ ഉൾപ്പെടെ പരീക്ഷണം നടത്തി കൃത്യമായ വിവരങ്ങളോടെ സംശയം തീർത്തു കൊടുക്കാൻ ശാസ്ത്രലോകം തയ്യാറാണ്. നമ്മുടെ 'ധാർമികബോധം' അഥവാ 'മൂല്യബോധം' ഇനിയും ഇതനുവദിക്കാൻ മാത്രം വളർന്നിട്ടില്ല അല്ലെങ്കിൽ പാകപ്പെട്ടിട്ടില്ല എന്നു മാത്രം.

ചുരുക്കത്തിൽ വാക്സിനുകൾ എല്ലാം സുരക്ഷിതമാണ്. ഏതെങ്കിലും ഒന്നോ രണ്ടോ പേരുടെയോ ചെറുഗ്രൂപ്പിന്റെയോ ഊഹത്തിന്റെയോ ബോദ്ധ്യത്തിന്റെയോ  അടിസ്ഥാനത്തിൽ തയ്യാറാക്കപ്പെടുന്നവയല്ല. കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ശാസ്ത്രീയമായി തയ്യാറാക്കപ്പെടുന്നവയാണ്. ആശങ്കക്ക് അടിസ്ഥാനവുമില്ല. 
ലോകാരോഗ്യസംഘടന, കോവിഡ്-19 വാക്സിനേഷനിൽ നിന്ന് ഗർഭിണികൾ ഉൾപ്പെടെ ആരെയും ഒഴിവാക്കിയിട്ടില്ല. എന്തെങ്കിലും സംശയം ഉള്ളവർക്ക് അവരുടെ ഡോക്ടറെ കൺസൾട്ട് ചെയ്തിട്ട് തീരുമാനമെടുക്കാമെന്നാണ് അറിയിച്ചിട്ടുള്ളത്. നിലവിലുള്ള സാഹചര്യം ആവശ്യപ്പെടുന്ന അടിയന്തര നടപടിക്ക് ശാസ്ത്രത്തിൻ്റെ മാർഗങ്ങളിലെ ഉറപ്പ് നൽകുന്ന പിൻബലം.