Tuesday, May 28, 2019

2019 കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംഭവിച്ചത് : ഇടതുമുന്നണിയുടെ പരാജയകാരണങ്ങൾ:-_

(ഫലശ്രുതി ഇങ്ങനെ:- 20-ൽ 19- ഉം യുഡിഎഫ്  നേടി. അതും വൻഭൂരിപക്ഷത്തിൽ . എൽ ഡി എഫ് 1 (കഷ്ടി പിഷ്ടി) . ബിജെപി ഇക്കുറിയും അക്കൗണ്ട് തുറന്നില്ല.)
  1.  ശബരിമല എന്ന വിഷയം  ഉയർത്തിവിട്ട വിദ്വേഷം.
  2.  ജനങ്ങളെ വശത്താക്കാൻ (നാടിന്റെ പൾസ് മനസ്സിലാക്കാൻ) അറിയാത്ത മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഇടതുപക്ഷ നേതാക്കൾ. 
  3.  സിപിഎമ്മിന്റെ വടിവാൾ / കൊലപാതക രാഷ്ട്രീയം. സ: ജയരാജന്റെ സ്ഥാനാർത്ഥിത്വം. അതിനോടുള്ള ജനങ്ങളുടെ വെറുപ്പു നിറഞ്ഞ പ്രതികരണം.
  4.  ബിജെപിയ്ക്ക് ബദൽ ഇടതുപക്ഷം എന്ന ന്യായം  ജനങ്ങൾക്ക് ബോധ്യപ്പെട്ടില്ല.
  5.  അനഭിലഷണീയമായി വളരുന്ന മതബോധം. വർഗ്ഗീയവിഷവ്യാപനം.
  6.   ബിജെപിയുടെ വളർച്ച ന്യൂനപക്ഷങ്ങളിൽ ഉണ്ടാക്കിയ അരക്ഷിതത്വവും ആശങ്കയും.
  7. സംഘപരിവാർ അണികളുടെ വിവേകമില്ലായ്മ കൊണ്ട്  ബിജെപിയുടെ ഭരണത്തോട് നാട്ടുകാർക്ക് ഉണ്ടായ അസംതൃപ്തി. (എന്നാൽ മോദിയെക്കുറിച്ച് നാട്ടിൽ ഏറെ പേർക്കും മതിപ്പാണ് എന്നുതന്നെയാണ് വിലയിരുത്തൽ). പകരം കാണുന്നത്  കോൺഗ്രസിനെ മാത്രം.
  8.  ഒരുകാലത്തും വടക്കേ ഇന്ത്യയുടെ പൾസ് അറിയാതെ പോകുന്ന കേരളത്തിന്റെ മനസ്സ്. ഇക്കുറി കോൺഗ്രസിന്റേതാണ് അവസരം എന്ന് തെറ്റിദ്ധരിച്ചു. *അഥവാ*
  9.  ശരാശരി മലയാളിയുടെ രാഷ്ട്രീയവിവേകം കോൺഗ്രസിനൊപ്പം നിൽക്കാൻ പ്രേരിപ്പിച്ചു.
  10. ഇവയ്ക്കൊപ്പം യുഡിഎഫ് സ്ഥാനാർത്ഥികളുടെ മികവും.

തിരുവനന്തപുരം മണ്ഡലത്തിൽ മാർക്സിസ്റ്റ് പാർട്ടിയുടെ മറിച്ചുകുത്തൽ നടന്നതായി ആരോപണമുണ്ടെങ്കിലും അത് ശരിയാകാൻ വഴിയില്ല.

വിശദമാക്കിയാൽ:-
ശബരിമല, സർക്കാരിന്റെ കയ്യിൽ കിട്ടിയ ഒരു പൊതിയാത്തേങ്ങ ആയിരുന്നു. അത് കൈകാര്യം ചെയ്തതിലെ പാകപ്പിഴ എതിരാളികൾക്ക്  ഒന്നിലധികം മുനകളുള്ള ഒരായുധം ഒരുക്കി നൽകി. മുഖ്യമന്ത്രിയുടെ അനാവശ്യ ഗർവ്വ് കാര്യങ്ങൾ വഷളാക്കി. സംഗതി പിടിവിട്ടു പോകും എന്നു തോന്നിയപ്പോഴെങ്കിലും ഒരു മെല്ലെ പോക്കിന് / സമയവായത്തിന് / തയ്യാറാകണമായിരുന്നു. അത് ഔദ്യോഗിക പ്രഖ്യാപനമാക്കി  കാര്യങ്ങളുടെ നിയന്ത്രണം തിരിച്ചെടുക്കാൻ ശ്രമിച്ചില്ല. പകരം  പലപ്പോഴും പ്രകോപനത്തിന് ശ്രമിക്കുകയും ഗത്യന്തരമില്ലാതെ വരുമ്പോൾ "സർക്കാരിനും പാർട്ടിക്കും വാശിയില്ല"; "വിശ്വാസികളുമായി യുദ്ധത്തിനില്ല" എന്നൊക്കെയുള്ള അഴകൊഴമ്പൻ പ്രസ്താവനകളിലൂടെ പരാജയം സമ്മതിച്ച പോലെ പിൻവാങ്ങുകയും ചെയ്തു. "സുപ്രീം കോടതിയുടെ അന്തിമവിധി വരുംവരെ  ശബരിമലയിൽ നിലവിലെസ്ഥിതി തുടരും; അന്തിമവിധിക്ക് ശേഷം എല്ലാവരുമായി ആലോചിച്ച് വേണ്ടത് ചെയ്യും" എന്നുള്ള ഒരൊറ്റ പ്രസ്താവനയിലൂടെ ഈ പിൻവാങ്ങൽ ഔദ്യോഗികമാക്കി, കാര്യങ്ങളുടെ നിയന്ത്രണം കയ്യിലെടുക്കാൻ (കുറഞ്ഞപക്ഷം മുഖം രക്ഷിക്കാനെങ്കിലും) കഴിയുമായിരുന്നു. അതിനുള്ള അവസരം നഷ്ടപ്പെടുത്തി ഒരു വലിയ വിഭാഗം ജനങ്ങളുടെ എതിർപ്പും വെറുപ്പും സമ്പാദിച്ചു.

 ഹൈന്ദവവിഭാഗം പൊതുവേ ഉൽപ്പതിഷ്ണുക്കൾ /പുരോഗമനം കാംക്ഷിക്കുന്നവർ ആണ്. ഒരു പരിഷ്കാരത്തിനും വിമുഖരല്ല എന്നത് ഒരു യാഥാർത്ഥ്യമാണ്.  ചരിത്രം തെളിയിച്ചിട്ടുള്ളതാണ്. ഇപ്പോഴത്തെ കോടതിവിധിയും അല്പം സമയമെടുത്താലും ജനങ്ങൾ സ്വമേധയാ അംഗീകരിക്കുമായിരുന്നു.  സമരസപ്പെടുമായിരുന്നു. അതിനെ കണ്ണുമടച്ച് എതിർക്കുന്നവർ തുലോം കുറവാണ്. ഇപ്പോഴും. ഏറെ പേരും  അതിനോട് പൊരുത്തപ്പെടാൻ തയ്യാറുള്ളവരാണ്. കാലത്തിനനുസരിച്ച മാറ്റം എന്ന് മനസ്സിലാക്കാൻ കഴിവുള്ളവർ. ബാക്കിയുള്ളവർക്ക് അല്പം സമയമെടുക്കും എന്ന് മാത്രം.  ആ സാവകാശത്തിന് അവസരം കൊടുക്കാതെ എല്ലാം നശിപ്പിച്ച എടുത്തുചാട്ടവും പിടിവാശിയും.

(മുൻപൊരിക്കൽ കുറിച്ചത് ആവർത്തിക്കട്ടെ, തികച്ചും അനാവശ്യമായ ഒരു കേസും കൂട്ടവും വിധിയും  വിവാദവുമായിരുന്നു ശബരിമല. തീർത്തും നിരുപദ്രവകരമായി തുടർന്നുപോന്ന ഒരു (അൻ)ആചാരം. ഒരു ബന്ധവും ഇല്ലാത്ത ചിലർക്ക് തിന്നത് എല്ലിന് ഇടയിൽ കുത്തിയപ്പോൾ ഉണ്ടായ കേസ്. അതിനെത്തുടർന്നുണ്ടായ ഒരു ലക്ഷ്യബോധവും പ്രയോജനവും ഇല്ലാത്ത വിധി. വിധിയുടെ പ്രയോജനം ലഭിച്ചവർ / ലഭിക്കേണ്ടവർ ഒന്നടങ്കം "ഞങ്ങൾക്കിത് വേണ്ട" എന്നു പറഞ്ഞുകളഞ്ഞ ഗതികെട്ട വിധി)

ഈ ആചാരം തുടരുന്നതുകൊണ്ട് എന്ത് ദോഷമാണ് കേരളത്തിലെ സ്ത്രീകൾക്ക് ഉണ്ടാകുന്നത്? അതല്ലെങ്കിൽ  ഈ വിധി നടപ്പാക്കുന്നതിലൂടെ എന്ത് ഗുണമാണ് അവർക്ക് ഉണ്ടാകാൻപോകുന്നത്  എന്ന് തിരിച്ചറിയാൻ കേരളത്തിലെ നേതാക്കൾക്കും സർക്കാരിനും കഴിയേണ്ടതായിരുന്നു. "ഒന്നുമില്ല" എന്ന ഉത്തരം കിട്ടാതെ പോയതും 'പയ്യെത്തിന്നാൽ പനയും തിന്നാം' എന്ന ബാലപാഠം മറന്നതുമാണ് അവർക്കുണ്ടായ പരാജയം. കണ്ടറിയാത്തവർ കൊണ്ടറിയും.

ഏത് കാലത്തും ഏത് ലോകത്തും  ജനങ്ങൾ പൊറുക്കാത്ത ഒന്നാണ് അക്രമത്തിന്റെയും കൊലപാതകത്തിന്റയും വഴി. വാളെടുത്തവന് വളം കൊടുത്താലും അങ്ങനെതന്നെ. നാടെമ്പാടും, പ്രത്യേകിച്ച്, ഉത്തരകേരളത്തിൽ നടന്നുവ(രു)ന്ന അക്രമ സംഭവങ്ങൾ നാട്ടുകാരുടെ മനംമടുപ്പിച്ചിട്ടുണ്ട്. പോരാത്തതിന് ഇതിനൊക്കെ പഴി കേൾക്കുന്ന ഒരാളിനെപ്പിടിച്ച് സ്ഥാനാർത്ഥിയാക്കുകയും ചെയ്തു. പാർട്ടിക്ക് അദ്ദേഹം 'കിടുക്കൻ' ആയിരിക്കാം പക്ഷേ നാട്ടുകാർക്ക് അങ്ങനെയല്ല. തെരഞ്ഞെടുപ്പ് ജയിക്കാൻ പാർട്ടിക്കാരുടെ വോട്ട് മാത്രം പോരാ. ഈ ലളിതസത്യം അവർ മറന്നുപോയി; എന്നല്ല, അവഗണിച്ചു. ഇതൊക്കെ വോട്ടാക്കാൻ കഴിയുന്ന മിടുക്കന്മാർ മറുഭാഗത്തുമുണ്ട് എന്നോർക്കണമായിരുന്നു.

കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ  രീതി വച്ച്  സമൂഹത്തിലെ യാഥാർത്ഥ്യങ്ങളോട് തിരിച്ചറിവോടെ പ്രതികരിക്കുന്ന ഒരു ശീലം അവർക്കില്ല. ചില പഴകിത്തേഞ്ഞ (ക്ലീഷേ) സ്ഥിരം തുരുമ്പുവാക്യങ്ങൾ ആവർത്തിക്കുന്നതാണു ശീലം. പാർട്ടി സമ്മേളനം ആയാലും പത്രസമ്മേളനം ആയാലും. ഇത് കാര്യങ്ങളുടെ കിടപ്പ് ശരിക്കും തിരിച്ചറിയാഞ്ഞിട്ടാണോ അവഗണിക്കുന്നതാണോ എന്നുറപ്പില്ല. ചില ഉദാഹരണങ്ങൾ എടുത്തു നോക്കിയാൽ തിരിച്ചറിയാഞ്ഞിട്ടല്ല; അവഗണിക്കുന്നതാണ് എന്ന് കരുതണം.

 ശബരിമല ഈ തെരഞ്ഞെടുപ്പിൽ ഒരു വിഷയമേ ആകുന്നില്ല എന്ന മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ പ്രസ്താവന ഉദാഹരണം. അതങ്ങനെയല്ല എന്ന് ഏതു കണ്ണുപൊട്ടനും തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്. പക്ഷേ തുറന്നുപറഞ്ഞാൽ ഇതുവരെ എടുത്ത നിലപാടുകൾ തെറ്റായിപ്പോയി എന്ന് സമ്മതിക്കുന്നതായി ആരെങ്കിലും കരുതിയാലോ? മാധ്യമങ്ങൾ മുഖ്യമന്ത്രിക്ക് ചാർത്തിക്കൊടുത്ത ഇരട്ടചങ്കൻപട്ടത്തിന്റെ അനാവശ്യഭാരവും വേറെ. എന്തെങ്കിലും ഒന്നു വിട്ടു പറഞ്ഞാൽ ഒക്കെക്കൂടി ഇടിഞ്ഞുപൊളിഞ്ഞുവീണാലോ? കമ്പ്യൂട്ടർ, യന്ത്രവൽക്കരണം, പ്രീഡിഗ്രി ബോർഡ്, സ്വകാര്യവൽക്കരണം, സ്വാശ്രയ കോളേജുകൾ, തുടങ്ങി ഓർമ്മയിലെത്തുന്ന മിക്ക വിഷയങ്ങളിലും മാർക്സിസ്റ്റ് പാർട്ടിയുടെ നിലപാട്  കാലത്തിനു ചേർന്നതായിരുന്നില്ല. വെറുപ്പിക്കൽ എന്നോ തുടങ്ങിയതാണ് എന്നർത്ഥം. (എന്നാൽ ശബരിമല,  ഹൈവേവികസനം ഇവയുടെ കാര്യത്തിൽ നിലപാട് ശരി; പക്ഷേ നടത്തിപ്പിൽ ആണ് പ്രശ്നം).

ഇവിടെ പ്രശ്നം രോഗമറിഞ്ഞ് ചികിത്സിക്കുന്നില്ല എന്നതാണ്. നോക്കുമ്പോൾ രോഗമൊന്നുമില്ല. എല്ലാം ക്ലിയർ. പിന്നെന്തിന് മരുന്നും ചികിത്സയും? കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് സ്ഥിരമായി സംഭവിക്കുന്നത്. ഇവർ ഇതിൽ നിന്ന് രക്ഷ പെടുമോ? നാല്പതിലേറെ വർഷത്തെ  അനുഭവം വച്ച് വിഷമത്തോടെ പറയാം-  "ഇല്ല; ഇവർ ഇതിൽ കൂടുതൽ നന്നാവില്ല. അതിന് അവർക്ക് താൽപര്യമില്ല."

എന്തൊക്കെ പാകപ്പിഴകൾ ഉണ്ടായാലും ജനങ്ങളെ കൈകാര്യം ചെയ്യുന്നതിൽ വിജയിച്ചാൽ ഒരു പരിധിവരെ പിടിച്ചു നിൽക്കാം. (ഇതിലൊക്കെ യുഡിഎഫ് നേതാക്കന്മാർ പ്രത്യേകിച്ച് ഉമ്മൻചാണ്ടി ഒരു പാഠപുസ്തകമാണ്. കഴിഞ്ഞ സർക്കാരിന്റെ കാലഘട്ടം ഒന്നോർത്തു നോക്കുക. എത്രയൊക്കെ പ്രശ്നങ്ങൾ..?! പ്രകോപനങ്ങൾ..! രാഷ്ട്രീയമായും മുഖ്യമന്ത്രിക്ക് നേരെ വ്യക്തിപരമായും ആക്രമണങ്ങൾ..! ഒരു ജഡ്ജിയുടെ മുന്നിൽ മണിക്കൂറുകളോളം വിചാരണയ്ക്ക് വിധേയനായി ഇരിക്കേണ്ടിയും വന്നു. അവയൊക്കെ ഉമ്മൻചാണ്ടി നേരിട്ട രീതി. ഏതെങ്കിലും ഒരു സമയം അദ്ദേഹത്തിന്റെ മുഖം കറുത്ത് ആരെങ്കിലും കണ്ടിട്ടുണ്ടോ? എന്നിട്ടും ഭൂരിപക്ഷത്തിന് അടുത്തുവരെ സീറ്റുകൾ സംഘടിപ്പിക്കാൻ അവർക്കു കഴിഞ്ഞത് ചെറിയ കാര്യമല്ല) ഇക്കാര്യത്തിൽ ഇപ്പോഴത്തെ മുഖ്യമന്ത്രിയെയും മുൻമുഖ്യമന്ത്രിയെയും ഒന്ന് താരതമ്യം ചെയ്താൽ പരാജയത്തിന്റെ മറ്റൊരു കാരണം വ്യക്തമാകും. "ഞാൻ ഇങ്ങനെയാണ്" എന്ന ന്യായീകരണം പൊതുസമൂഹത്തിൽ എത്രത്തോളം വിലപ്പോകും എന്ന് ചിന്തിക്കുക. ശ്രീ പിണറായി വിജയന്റെ ശരീരഭാഷയും ചില സന്ദർഭങ്ങളിലെ വാക്കുകളും പെരുമാറ്റവും ഒക്കെ ജനങ്ങളുടെ അപ്രീതിക്ക്  കാരണമായിട്ടുണ്ട്. 'ഉന്തിന്റെ കൂടെ ഒരു തള്ളും' എന്ന പോലെ. മാർക്സിസ്റ്റ് പാർട്ടിയുടെ മറ്റ് നേതാക്കന്മാരെ എടുക്കുക. ധാർഷ്ട്യത്തോടെയല്ലാതെ നയപരമായി പെരുമാറുന്ന ഏതെങ്കിലും ഒരാൾ (സ: തോമസ് ഐസക് ഒഴികെ), ഒരു സന്ദർഭം നമുക്ക് ചൂണ്ടിക്കാണിക്കാൻ ആകുമോ?

 മറുഭാഗത്തിനെ  ശ്രദ്ധിക്കാനും പരിഗണിക്കാനും തയ്യാറാകുന്നത് നമ്മുടെ ബലക്കുറവുകൊണ്ടല്ല, വിവേകത്തിന്റെ കൂടുതൽ കൊണ്ടാണ്  എന്നു മനസ്സിലാക്കിയാൽ  എല്ലാം ശരിയാകും. ഒരു ഭരണാധികാരിക്ക് പ്രത്യേകിച്ചും.

അപ്രിയമായ സത്യം പോലും പ്രിയമായി പറയാനാകേണ്ടതാണ്.  വിവരസങ്കേതവിപ്ലവത്തിന്റെയും ദൃശ്യ വിപ്ലവത്തിന്റെയുമൊക്കെ ഇക്കാലത്ത് 'ഇമേജ്' ഒരു വിഷയമാണ് എന്ന് ആരാണ് ഇവരെ ഒന്ന് പറഞ്ഞു മനസ്സിലാക്കുക? റേഷനും പെൻഷനും കൊടുത്തിട്ടു മാത്രം കാര്യമില്ല. നല്ല വാക്ക് പറയാനും അത് വാങ്ങുന്നവർക്ക് തോന്നണം. നന്നായി മേക്കപ്പ് ചെയ്താലും  കണ്ണാടി മോശമായാൽ എന്ത് കാര്യം?
 അതല്ല, പഠിച്ചതേ പാടൂ ഇനിയും എന്നാണെങ്കിൽ നാട്ടുകാരുടെ പാട്ടും കേട്ടു വീട്ടിലിരിക്കേണ്ടി വരും.

ഒപ്പം, വിമർശനത്തോടുള്ള  മാർക്സിസ്റ്റ് പാർട്ടിയുടെ  കുപ്രസിദ്ധമായ അസഹിഷ്ണുത ജനങ്ങളെ പാർട്ടിയിൽനിന്ന് അകറ്റുന്നതിന് ഒരു പ്രധാന കാരണമാണ്. അണികളെ അതിൽനിന്ന് പിന്തിരിപ്പിക്കാൻ ബോധപൂർവമായ ഒരിടപെടലും നേതാക്കളും നടത്താറില്ല. ഇത് മിക്കവാറും എല്ലാ ആശയസംഹിത പിന്തുടരുന്നവർക്കും ബാധകമാണ്. സിപിഎമ്മിന്റെ കാര്യത്തിൽ അതിന്റെ രൂക്ഷത ഏറുമെന്ന്  മാത്രം.

നാട്ടിൽ വളർന്നുവരുന്ന വർഗീയ ധ്രുവീകരണം യുഡിഎഫ് പാളയത്തിൽ വോട്ടുകൾ എത്തിക്കാൻ സഹായിച്ചിട്ടുണ്ടാകണം. ഒരേ പോലെ രണ്ട് ഓപ്ഷനുകൾ മുന്നിലുള്ളപ്പോൾ എന്തുകൊണ്ട്  അതിൽ ഒന്നുമാത്രം (യുഡിഎഫ്) ആളുകൾ തെരഞ്ഞെടുക്കുന്നു എന്നത് ഇടതുപക്ഷം , പ്രത്യേകിച്ച്, മാർക്സിസ്റ്റ് പാർട്ടി മനസ്സിരുത്തി പഠിക്കേണ്ടതാണ്. (പൊതുജനത്തിന്റെ പ്രതിനിധി എന്ന ആത്മവിശ്വാസത്തിൽ പോഴനു തോന്നിയ കാരണങ്ങളാണ് മുകളിൽ കൊടുത്തിട്ടുള്ളത്.)

സാക്ഷരതയും പൊതുബോധവും  കൂടുതൽ ഉള്ള മലയാളി ജനത ബിജെപിയെ അംഗീകരിക്കാൻ ഇനിയും തയ്യാറാകാത്തതിന്റെ കാരണം  വിലയിരുത്താൻ അവർക്കും അവസരമുണ്ട്. പരീക്ഷയ്ക്ക് മാർക്ക്  വാങ്ങിയിട്ട് മാത്രം കാര്യമില്ല; സ്വഭാവവും നന്നാവണം എന്നു  പറയാറില്ലേ?  മോദിയോടുള്ള മതിപ്പു കൂടിയാണ് അവർക്കുണ്ടായ വോട്ടുനേട്ടം  എന്ന് ഓർക്കുക.  എന്നിട്ടും ഗോളടിക്കാൻ പറ്റിയില്ലെങ്കിൽ കാര്യമായ കുഴപ്പമുണ്ടെന്നു പ്രത്യേകം പറയേണ്ടതുണ്ടോ? കളി ജയിക്കാൻ ക്യാപ്റ്റൻ മാത്രം പോരാ. 

തിരുവനന്തപുരം മണ്ഡലത്തിൽ അതിൽ മാർക്സിസ്റ്റ് പാർട്ടിയുടെ മറിച്ചുകുത്തൽ നടന്നു എന്ന് ആരോപണമുണ്ട്. (നടന്നാലും അതിനെ തള്ളിപ്പറയാനില്ല. കാരണം  അതിൽ ഒരു ശരിയുണ്ട്). എന്നാൽ സാധ്യതകളും സാഹചര്യങ്ങളും പുറത്തു വന്ന വോട്ട് കണക്കും അതിനെ സാധൂകരിക്കുന്നില്ല. മാർക്സിസ്റ്റ് പാർട്ടിക്ക് അതിനുള്ള കഴിവ് അവിടെ ഉണ്ടെന്നു തോന്നുന്നില്ല. അങ്ങനെയൊരു നിലപാട് ഉണ്ടായിരുന്നെങ്കിൽ ശ്രീ ഓ. രാജഗോപാൽ എം എൽ എ ആയതെങ്ങനെ എന്ന ചോദ്യം ബാക്കിയാവുന്നു. മാത്രമല്ല, ബിജെപിയെ തടയേണ്ട ബാധ്യത അവർ മാത്രമായി ഏറ്റെടുക്കുമെന്നും വിചാരിക്കുന്നില്ല.

അന്ത്യപോഴത്തം:  ഇനിയുള്ള കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി അവരുടെ ചിഹ്നവും  കൊടിയും ഒന്ന് പരിഷ്കരിക്കുന്നത് നന്നായിരിക്കും എന്നൊരു നിർദ്ദേശമുണ്ട്, പോഴന്. അതിന്റെ വിശദമായ മനഃശാസ്ത്രം മറ്റൊരിക്കൽ പറയാം.
(അന്തിപ്പോഴൻ)

Monday, May 20, 2019

നരേന്ദ്രമോദി സർക്കാർ-ഒരു വിലയിരുത്തൽ

കേന്ദ്ര സർക്കാരിന്റെ കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തനങ്ങളെ കുറിച്ച് ഈയുള്ളവന്റെ ലഘുവായ ഒരു വിലയിരുത്തൽ.
കേന്ദ്രത്തിൽ ഒരു ഗവൺമെന്റും ഒരു പ്രധാനമന്ത്രിയും ഉണ്ട് എന്ന് ഒരു തോന്നൽ ഉണ്ടാക്കി. ജി എസ് ടി, സാമ്പത്തിക പരിഷ്കരണ നടപടികൾ, ജൻ ധൻ യോജന തുടങ്ങി ഒട്ടനവധി നല്ല നടപടികളുണ്ടായി.
ആദ്യവർഷങ്ങളിൽ സർക്കാരിനെ കുറിച്ചുണ്ടായ പ്രതീക്ഷകൾ പിന്നീട് അതേപോലെ നിലനിർത്താൻ കഴിഞ്ഞതുമില്ല. നേട്ടങ്ങൾ ഉള്ളപ്പോൾത്തന്നെ കോട്ടങ്ങളും ഏറെയാണ്. പ്രധാന കോട്ടമായ ദുഷിച്ച സാമൂഹ്യ അവസ്ഥ സർക്കാരിന്റെ നേട്ടങ്ങളെ ആകെ മുക്കി കളയുമോ എന്നു പോലും ഭയക്കുന്നു. സാമൂഹ്യരംഗത്തെ അപകടങ്ങൾ ആശങ്കപ്പെടുത്തുന്നു.

മോദി ഒരു രണ്ടാമൂഴം അർഹിക്കുന്നു എന്ന് തന്നെയാണ് അഭിപ്രായം. (പക്ഷേ കണ്ണും കാതും തുറന്നു വയ്ക്കുന്ന ഒരാളെന്ന നിലയിൽ ഇത് ഉറപ്പിച്ചു പറയാൻ ധൈര്യം പോരാ. നേതാവ് പ്രതീക്ഷ നൽകുമ്പോൾ പാർട്ടികുടുംബം അത് അപകടപ്പെടുത്തുന്നു. ഈ യാഥാർത്ഥ്യം  മനസ്സിലാക്കി വേണ്ടത് ചെയ്താൽ അവർക്ക് നല്ലത്.)

ഉണ്ടാകാനിടയുള്ള കുഴപ്പങ്ങൾ നമുക്ക് പിന്നീട് മാറ്റി എടുക്കേണ്ടിവരും.  അത്രപെട്ടെന്നൊന്നും നാം പരാജയപ്പെടില്ല. ഇത് ഭാരതമാണ്.

നരേന്ദ്രമോദിയുടെ അനുകൂല ഘടകങ്ങൾ-
1) തീരുമാനങ്ങളെടുക്കാനുള്ള ചങ്കുറപ്പ്. ഒരു കാര്യം, അത് മണ്ടത്തം ആയാൽ പോലും തീരുമാനിക്കാനും നടപ്പിലാക്കാനും നട്ടെല്ലു വേണം.
ഉദാ: പാളിപ്പോയ നോട്ട് നിരോധനം. അതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ എന്ന് ഇതുവരെ ഉറപ്പിച്ച് ആരും ഒന്നും പറഞ്ഞിട്ടില്ല. ദോഷങ്ങൾ അനുഭവിക്കുകയും ചെയ്യുന്നു. ഒരു പരീക്ഷണത്തിനുള്ള മനസ്സ് വലിയ കാര്യമാണ്.

2) അണികളുടെയും പാർട്ടിയുടെയും നിസ്സീമമായ പിന്തുണ.

3) ഏകാധിപത്യത്തോളം എത്തുന്ന സ്വാധീനം. ഇന്ത്യ പോലെ ഒരു ബഹുസ്വര രാജ്യത്ത് പല അവസരങ്ങളിലും ഇത് പ്രയോജനപ്പെടും. തെളിഞ്ഞ ബുദ്ധിയുള്ള ഒരു ഏകാധിപതിയാണ് നമുക്ക് ആവശ്യം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. (ബുദ്ധിയുടെ തെളിച്ചം ഇനിയും ഉറപ്പായിട്ടില്ല).

4) അനിഷേധ്യമായ ആജ്ഞാശക്തി.

5) ഔദ്യോഗിക സംവിധാനത്തെ ചലനാത്മകമാക്കാനുള്ള കഴിവ്. (പക്ഷേ ആവശ്യമുള്ള പല സന്ദർഭങ്ങളിലും ഇത് ഏശാതെ പോയിട്ടുണ്ട്)

6) വിപുലമായ ഉപദേശക വൃന്ദം. (അധികാരത്തിലിരിക്കുന്ന ആർക്കും ഇതിൻറെ പ്രയോജനം ലഭിക്കും).

7) കുറഞ്ഞ അഴിമതി. (അഴിമതി കുറഞ്ഞതുകൊണ്ടാണോ പുറത്തുവരാത്തതു കൊണ്ടാണോ എന്ന് ഇനിയും ഉറപ്പിക്കാറായിട്ടില്ല. സാധാരണയായി കുറച്ചുകാലം കഴിഞ്ഞാണ് ഇത്തരം കഥകൾ പുറത്തു വരാൻ തുടങ്ങുക. കഴിഞ്ഞ സർക്കാരിലും ഇതൊക്കെ തന്നെയാണ് സംഭവിച്ചത്. എങ്കിലും അത് അറിയാത്തിടത്തോളം ഇപ്പോഴുള്ള അവസ്ഥ അംഗീകരിക്കുകയേ തരമുള്ളൂ.)

8) വിജയകരമായ സൈനിക നടപടികൾ.

9) മൻമോഹൻ സിംഗിന്റെ സാമ്പത്തിക പരിഷ്കരണങ്ങൾ കോൺഗ്രസിനേക്കാൾ നന്നായി നടത്താനുള്ള കഴിവ്.

10) ഉത്സാഹഭരിതമായ വിദേശബന്ധങ്ങൾ.

പോരായ്മകൾ:-

1) അണികളുടെ ഹിന്ദുത്വ ഗുണ്ടായിസത്തോട് പുലർത്തുന്ന കുറ്റകരമായ മൗനം.

2) ഹിന്ദുത്വ അജണ്ടയുടെ അതിപ്രസരം. മതമൗലിക വാദം.

3) ഇതരമത അസഹിഷ്ണുത.

4) ഏകാധിപത്യത്തിന്റെ ഇരുണ്ട മുഖമായ അധികാര കേന്ദ്രീകരണവും സുതാര്യതയില്ലാത്ത ഭരണസംവിധാനവും.

5) തള്ളുകളുടെയും മഹത്വഗായകരുടെയും തള്ളിക്കയറ്റത്തിൽ നേരേത് നുണയേത് എന്നതിൽ ജനത്തിന് ഉണ്ടാകുന്ന ആശയകുഴപ്പം. (സൈനിക നടപടികൾക്ക് പോലും തെളിവ് ചോദിക്കേണ്ടി വരുന്ന ഗതികേട്).

6) സമൂഹത്തിന്റെ അടിത്തട്ടിലെ ജാതിവിവേചനം മുതലായ യാഥാർത്ഥ്യങ്ങൾ കാണുന്നില്ല.

7) സംഘടനാതലത്തിൽ തന്നെയുള്ള തലതിരിഞ്ഞ (പിന്തിരിപ്പൻ) തത്വശാസ്ത്രം. കാലം മുന്നോട്ടു പോകുമ്പോൾ സംഘടനയുടെ തത്ത്വശാസ്ത്രം അതിനനുസരിച്ച് പുതുക്കപ്പെടുന്നില്ല. അവർ ഇപ്പോഴും പൗരാണിക കഥകളിലും വിജ്ഞാനങ്ങളിലും അഭിരമിക്കുന്നു.

8)ചിന്താശേഷിയുള്ളവർക്ക് ഇടയിൽ അസ്വീകാര്യത. അവരുടെ ആശങ്കകൾ അഭിസംബോധന ചെയ്യാതെ ഒഴിഞ്ഞുമാറുന്ന നേതൃത്വം.

9) പിന്നോട്ടടിക്കുന്ന ദേശീയോദ്ഗ്രഥനം. ഭാരതത്തിന്റെ ആത്മാവിനെ ഒരുമിപ്പിക്കുന്നതിനുപകരം വിഘടിപ്പിക്കുന്ന കാഴ്ചയാണ് കാണുന്നത്.

10) നിലവിലെ വ്യവസ്ഥകൾ പൊളിച്ചെഴുതുന്ന വ്യഗ്രത സമൂഹത്തിന്റെ സന്തുലനം തന്നെ അപകടത്തിലാക്കിയേക്കുമോ എന്ന ആശങ്ക.

11) പിഴവുകൾ തിരിച്ചറിയാനും അത് തിരുത്താനും തയ്യാറാകുന്നില്ല.

12) വ്യക്തമായ പ്ലാനിങ് ഇല്ലാത്തത് മൂലം ചെയ്യുന്ന പലകാര്യങ്ങളും ഫലപ്രാപ്തിയിൽ എത്തുന്നില്ല. ഏറെ തുടങ്ങിവച്ചു. പലതും പാതിവഴിയിൽ. (ഡിജിറ്റൽ ഇന്ത്യ, മേക്കിൻ  ഇന്ത്യ, ഗംഗാശുചീകരണം, സ്വച്ഛ ഭാരത് ഇങ്ങനെ പലതും)

13) ഭാരതത്തിന്റെ അഭിമാനമായ ഭരണഘടനാ സ്ഥാപനങ്ങളെ പോലും വെറുതെ വിടാതെ കാവി രാഷ്ട്രീയം കുത്തി ചെലുത്തുന്ന അശ്ലീല ക്കാഴ്ച.

Result:- പാസ്മാർക്ക്  കൊടുക്കുന്നു: 5.5/10 (ഇതൊരു 7 വരെ എത്തുമായിരുന്നു, മൈനസ് മാർക്കുകൾ ഇല്ലാതിരുന്നെങ്കിൽ)

തിളക്കമില്ലാത്ത  വർത്തമാനം:

അരവിന്ദ് കെജ്രിവാളിൻറെ നേതൃത്വത്തിൽ ഇടതുപക്ഷ പാർട്ടികളുടെ പിന്തുണയോടുകൂടി ഒരു ഭരണം. നിലവിലെ സാഹചര്യത്തിൽ രൂപപ്പെടുത്താവുന്ന ഒരു മാതൃകാസങ്കല്പം ഇതാണ്. മനോഹരമായ ഒരു നടക്കാത്ത സ്വപ്നം. അത്തരമൊരു സാധ്യത വിദൂരം ആയിരിക്കുന്നതാണ് വലിയ ദുരന്തം. കോൺഗ്രസിലെ  രാഹുൽ ഗാന്ധിയുടെ നേതൃത്വം പ്രതീക്ഷ നൽകുന്നത് എങ്കിലും ഇനിയും തെളിയിക്കപ്പെടേണ്ടിയിരിക്കുന്നു. പ്രതിപക്ഷത്തെ വിരുദ്ധ താൽപര്യക്കാരും തൻകാര്യം നോക്കികളുമായ ആളുകളുടെ അവിയൽ മുന്നണി ആശങ്കപ്പെടുത്തുകയും ചെയ്യുന്നു.

(അന്തിപ്പോഴൻ)

ഏതാനും ലിങ്കുകൾ (For reference):