Sunday, January 3, 2021

പുതിയ കാർഷിക നിയമങ്ങൾ കടലിലെറിയണോ?

 

നിയമങ്ങളും നിലപാടുകളും സത്യസന്ധവും യുക്തിഭദ്രവും പുരോഗമനാത്മകവുമാകണം.നിയമങ്ങൾ കാലാനുസൃതമാക്കുക എന്നത് വളരെ സ്വാഭാവികമാണ്. പുരോഗമനം എന്നത് കേവലം അധരവ്യായാമം മാത്രമാകരുത്. പഴയ ചില കാർഷിക നിയമങ്ങളെ പുരോഗമനാത്മകമായി പരിഷ്കരിക്കാനുള്ള ശ്രമമാണ് കേന്ദ്രസർക്കാർ നടത്തുന്നത് എന്നാണ് മനസ്സിലാക്കുന്നത്.  കാർഷികനിയമം പരിഷ്കരിക്കുന്നത് എല്ലാവരുടെയും അജണ്ടയിലുണ്ടുതാനും.

എന്നാൽ എന്തിനേയും സംശയത്തോടെ കാണുന്നവർക്കും നിലവിലെ സാഹചര്യത്തിൽ നിന്ന് പുതിയതിലേക്ക് മാറാൻ പ്രയാസമുള്ള തൽസ്ഥിതി വാദികൾക്കും ഇത് ദഹിക്കുന്നില്ല. പ്രതിപക്ഷത്തുള്ളവർക്ക്  ഇത് വെറും രാഷ്ട്രീയം മാത്രമാണെന്നു പറഞ്ഞാൽ കുറ്റം പറയാൻ പറ്റില്ല. നല്ല ഒരു അവസരം മുതലെടുക്കാനുള്ള ശ്രമം. ഭരിക്കുന്ന ഗവൺമെന്റിനു കിട്ടുന്ന അവസരത്തിലൊക്കെ 'പണി കൊടുക്കുക'യാണ് പ്രതിപക്ഷത്തിന്റെ പണി എന്നൊരു പൊതുവിശ്വാസം എങ്ങനെയോ ഉണ്ടായി വന്നിട്ടുണ്ട്. ആരും അതിനു പിന്നോട്ടല്ല.

പരീക്ഷണത്തിന് തയ്യാറായാൽ മാത്രമേ നേട്ടമുണ്ടാകുന്നുള്ളൂ. നിന്നിടത്തുനിന്ന് കാലിളക്കിയാൽ വീണുപോകുമെന്ന് ഭയക്കുന്നവർക്ക് മുൻപോട്ടുള്ള കുതിപ്പിന്റെ ആനുകൂല്യം ലഭിക്കുന്നില്ല. നേട്ടവും കോട്ടവും അനുഭവിച്ചറിയാൻ പരിശ്രമിക്കുക തന്നെ വേണം.
നിലവിലുള്ളത് ഒരു മാറ്റവുമില്ലാതെ അങ്ങനെതന്നെ തുടരട്ടെയെന്നു വാദിക്കുന്നത് വളരെ എളുപ്പമുള്ള പണിയാണ്. വ്യക്തിയുടേയും സമൂഹത്തിന്റേയും മനശാസ്ത്രവും ഇതിന് അനുഗുണമാണ്. ഈ തൽസ്ഥിതിവാദികൾ സമൂഹത്തെ പിന്നോട്ടു വലിക്കുകയാണ് യഥാർത്ഥത്തിൽ ചെയ്യുന്നത്. നിർഭാഗ്യവശാൽ, ഈ നിലപാടും മുൻപറഞ്ഞ പ്രതിപക്ഷരാഷ്ട്രീയ നിലപാടും മുൻനിർത്തി നമ്മുടെ ഇടതുപക്ഷവും ഇതുതന്നെയാണ് ചെയ്തു വരുന്നത്. 

കാർഷിക വ്യവസായ രംഗങ്ങളിലെ യന്ത്രവൽക്കരണത്തെ എതിർക്കുക , ഓഫീസുകൾ ഉൾപ്പെടെയുള്ളയിടങ്ങളിലെ കമ്പ്യൂട്ടർവൽക്കരണം എതിർക്കുക, പ്രീഡിഗ്രി ബോർഡ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ പരിഷ്കാരങ്ങൾ എതിർക്കുക-  ഒക്കെ ഈ പിന്തിരിപ്പൻ ചിന്താഗതിയുടെ പോയകാല ഉദാഹരണങ്ങൾ. ആർക്കെന്തു ലാഭം? സമൂഹത്തിന്റെ സമയനഷ്ടം, കുറെ പൊതുമുതൽ നഷ്ടം, അവസരങ്ങളുടെ നഷ്ടം. ഇവയൊന്നും സമരംമൂലം നടക്കാതെയിരുന്നില്ല. വൈകിയാണെങ്കിലും  സമരം ചെയ്തവരുൾപ്പെടെ എല്ലാവരും അതുൾക്കൊണ്ടു. പിന്നീടതിന്റെ വക്താക്കളും പ്രയോക്താക്കളുമായി. 

ഞങ്ങൾ ചെയ്താലത് ശരി; വേറെ ആരു ചെയ്താലും തെറ്റ്. ഇതാണ് എല്ലാ രാഷ്ട്രീയക്കാരുടെയും നയം. പക്ഷേ ഇതുമൂലം കേരളത്തിന്റെ കുതിപ്പിന് 10 വർഷമെങ്കിലും പിന്നോട്ടു വലിയേണ്ടിവന്നു. 
കേരളത്തിന്റെ തെക്കുവടക്കായി ഒരു സൂപ്പർ ഹൈവേക്ക് പ്ലാനിട്ടപ്പോൾ റോഡിന്റെ അപ്പുറവും ഇപ്പുറവുമായിപ്പോകുന്ന അയൽക്കാർക്ക് തമ്മിൽ കാണാനൊക്കാതെവരുമെന്നു കണ്ണീരൊഴുക്കിയ മനുഷ്യസ്നേഹശിരോമണികളുടെ നാടാണ് കേരളം. ആർക്കു ചേതം? ഇപ്പോഴും ഒരത്യാവശ്യക്കാരനു തിരുവനന്തപുരത്തുനിന്ന് കാസർകോടെത്താൻ ഒരു ദിവസമെടുക്കും. മറ്റു ദേശങ്ങളിലെ സഞ്ചാര വേഗത്തെക്കുറിച്ച് മൂക്കത്തു വിരൽ വയ്ക്കും. നമുക്കത് സാധിക്കുന്നില്ലല്ലോ എന്നു പരിതപിക്കും.

ഇവയുടെയൊക്കെ കൂട്ടത്തിലേക്ക് ഒരെണ്ണം കൂടി ചേർക്കാനാണ് ഇപ്പോഴത്തെ കാർഷിക സമരത്തിനും സാധിച്ചേക്കുക.

പുരോഗതി വെറുതെയങ്ങു വന്നുകയറുന്നതല്ല.  ദീർഘദൃഷ്ടിയും പരിശ്രമവും മുതൽമുടക്കും ഇച്ഛാശക്തിയും ഉണ്ടായാൽ മാത്രം നേടാവുന്ന ഒന്നാണ്. 

നിയമങ്ങൾ പരിഷ്കരിക്കുക തന്നെ വേണം. ഒപ്പം അതിന്റെ പ്രയോജനം കർഷകരെ വേണ്ടരീതിയിൽ ബോധ്യപ്പെടുത്താൻ സർക്കാർ മുൻകൈയെടുക്കണം. താങ്ങുവില ഉറപ്പുവരുത്തണമെന്ന കർഷകരുടെ ആവശ്യം ന്യായമാണ്. അതിനുവേണ്ടി ആവശ്യമെങ്കിൽ നിയമനിർമ്മാണത്തിനു സർക്കാർ തയ്യാറാകണം. 

കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നത് ഇടനിലക്കാർ ആണെങ്കിൽ അവരെ തെളിവുസഹിതം തുറന്നു കാട്ടണം. നിയമം പ്രാബല്യത്തിലാകട്ടെ. അതിന്റെ പ്രയോജനം ലഭിക്കുന്നുണ്ടോയെന്ന് കർഷകർ സ്വയം ബോധ്യപ്പെടട്ടെ. അടുത്ത ഏതാനും വർഷത്തേക്കെങ്കിലും ഒരു പരീക്ഷണത്തിന് തയ്യാറാകണം. നിയമം പരാജയമെന്നു കണ്ടാൽ ആവശ്യമായ മാറ്റം വരുത്താനും നമുക്ക് അവസരമുണ്ടല്ലോ.

കാർഷിക ഉൽപ്പന്നങ്ങളുടെ വിപണനത്തിനുള്ള സ്വാതന്ത്ര്യം, കോൺട്രാക്ട് കൃഷി, കച്ചവടക്കാർക്കുള്ള പ്രോത്സാഹനം തുടങ്ങിയവ സ്വാഗതം ചെയ്യപ്പെടേണ്ടതു തന്നെ. 

പുതിയ നിയമത്തിലെ വ്യവസ്ഥകൾ ഒരുതവണയെങ്കിലും വായിച്ചുനോക്കിയവർക്ക് അതു കണ്ണുമടച്ചുവേണ്ടെന്നുവയ്ക്കാൻ സാധിക്കില്ല. എതിർപ്പുകാരിൽ മിക്കവരും ഇതിനു മെനക്കെടാത്തവരാണ്.  ആശങ്കപ്പെടാനാണെങ്കിൽ ആർക്കും എപ്പോഴും ആകാം.

കർഷകർക്കു പ്രയോജനകരമായ ഒട്ടനവധി കാര്യങ്ങളതിലുണ്ട്. കോൺട്രാക്ട് കൃഷി പോലെ പലതും അല്പം അതിശയോക്തി കലർന്നതുമാണ്. നമ്മുടെ നാട്ടിൽ നിയമത്തിൻ്റെ കുഴപ്പം കൊണ്ടല്ല,അത് നടപ്പാക്കുന്നതിലെ ആത്മാർത്ഥതക്കുറവാണല്ലോ പലപ്പോഴും പ്രശ്നമുണ്ടാക്കുന്നത്. ഇവിടെയും  നിയമത്തിൽ പറയുന്നവ കുറെയെങ്കിലും നടപ്പിലാക്കിയാൽ അതിൻ്റെ പ്രയോജനം അവർക്കു ലഭിക്കതന്നെ ചെയ്യും. 

എന്നാൽ അവയേക്കാൾ ഏറെ ഊന്നൽ കൊടുക്കേണ്ട ഒന്ന്, കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ സ്വയം സംഭരിക്കാനുള്ള സ്റ്റോറേജ് സൗകര്യം ഏർപ്പെടുത്താൻ സർക്കാർ സഹായവും പ്രോത്സാഹനവും ചെയ്യേണ്ടതുണ്ട് എന്നതാണ്. തങ്ങളുടെ ഉൽപ്പന്നങ്ങൾ ശേഖരിച്ചുവച്ച് ആവശ്യത്തിനനുസരിച്ച് വിപണിയിൽ വിൽക്കാനുള്ള അവകാശവും സാഹചര്യവും ലഭിക്കുമ്പോഴാണ് കർഷകന് യഥാർത്ഥത്തിൽ നേട്ടമുണ്ടാവുക. ഇങ്ങനെ കമ്പോളത്തിന്റെ അസ്ഥിരതയെ മറികടക്കാൻ പര്യാപ്തമാകുമ്പോൾ പരസഹായമില്ലാതെയും ഇടനിലക്കാരുടെ ചൂഷണം ഭയക്കാതെയും അതിജീവിക്കാൻ അവർക്കു സാധിക്കും.