Friday, February 20, 2009

ഹാപ്പി കൺഫ്‌യൂഷൻസ്‌ ഓഫ്‌ ദ ഡേ!!

എല്ലാവർക്കും ഒരു ജനനത്തീയതിയുണ്ടാകുമെന്നും സാധാരണയായി അതൊരാൾ ഓർത്തിരിക്കുമെന്നും ഞാൻ വിചാരിക്കുന്നു. (ഇതൊരു ഭയങ്കര വിചാരമാണല്ലോ! ഇനിയുമുണ്ടോ ഇത്തരത്തിൽ വല്ലതും?) ഇപ്പോഴിതു പറയാൻ കാര്യമുണ്ട്‌. ഒന്നിലധികം ജനനത്തീയതികളുണ്ടാവുകയും അവയൊക്കെ ഓർക്കാതിരിക്കുകയും ഓർക്കുന്നത്‌ ആഘോഷിക്കാൻ പറ്റാതിരിക്കുകയും ആഘോഷിക്കേണ്ടത്‌ അറിയാതിരിക്കുകയും ചെയ്യുമ്പോഴോ?
'വെള്ളം വെള്ളം സർവത്ര, ഇല്ല കുടിക്കാനൊരുതുള്ളി' എന്ന അവസ്ഥ.ഈയുള്ളവന്റെ അവസ്ഥയുമിതാണു്.
മൂന്നു ജന്മദിനങ്ങളുണ്ടായിട്ടെന്താ കാര്യത്തിനുകൊള്ളിക്കാവുന്ന ഒന്നു പോലുമില്ല.

ചിലർക്കെങ്കിലും ഇതിനകം ഒരേകദേശരൂപംകിട്ടിക്കാണുമെന്നു കരുതുന്നു. പഴയചില കീഴ്‌വഴക്കങ്ങളുള്ള ഹിന്ദുകുടുംബങ്ങളിലുള്ളവർക്കു സംഭവം പിടികിട്ടിയിരിക്കും.എനിക്കുള്ള ബെർത്ത്‌ഡേകളുടെ ഒരു സ്ഥിതിവിവരക്കണക്ക്‌ ഇങ്ങനെ:-
1)ജാതകപ്രകാരം രേഖപ്പെടുത്തിയിട്ടുള്ളത്‌.
2)ആണ്ടുതോറും ആഘോഷിക്കുന്ന നക്ഷത്രത്തെ ആധാരമാക്കിയത്‌.
3)സ്കൂളിലെ രേഖകളിലുള്ളത്‌ അഥവാ ഓഫിഷ്യൽ.

എന്റെ യഥാർഥജനനത്തീയതി ഇംഗ്ലീഷ്‌, മലയാളം കലണ്ടറുകൾക്കനുസരിച്ചുള്ളതു ജാതകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഫെബ്രുവരിയിലെ ഏതോദിവസമെന്നേ അറിയൂ. റെഫറൻസില്ലാതെ കൃത്യം പറയാൻ പാങ്ങില്ല. ഇതുവരെ അതിനൊരാവശ്യമുണ്ടായിട്ടില്ലയെന്നതാണു സത്യം.
ഇനിയൊന്ന് എന്റെ ഹാപ്പിബെർത്ത്‌ഡേ. ആഘോഷിക്കുന്നത്‌. എന്നും പറയാൻ പറ്റില്ല. ആഘോഷിക്കുന്നതായി കരുതപ്പെടുന്നത്‌ എന്നേ പറയാവൂ. അതു കുംഭമാസത്തിലെ തൃക്കേട്ടയാണ്‌.

വീട്ടിലെ പിറന്നാളാഘോഷമെന്നാൽ അടുത്തുള്ള അമ്പലത്തിലൊരു ഗണപതിഹോമം ഏർപ്പാടാക്കിയിരുന്നു അമ്മ, പണ്ട്‌. പിന്നെപ്പിന്നെ അതുംനിന്നു.
ഏതെങ്കിലുമൊരു സന്ധാനേരത്ത്‌ നാമജപംകഴിഞ്ഞ്‌ പതിവുള്ള കലണ്ടർ ഗവേഷണത്തിനിടയിൽ ഒരറിയിപ്പുണ്ടാകും, പൊന്നമ്മപ്പിള്ളയിൽനിന്ന്,
"ടാ, നിന്റെ പൊറന്നാൾ.."
അങ്ങനെയൊന്നിനെക്കുറിച്ചുസാധാരണ വേവലാതിപ്പെടാറില്ലെങ്കിലും ഉടനെയുണ്ടാകുമെന്നറിയാൻ ആർക്കായാലുമൊരു താൽപര്യവും സന്തോഷവുമുണ്ടാകുമല്ലോ. ആ സന്തോഷത്തിനുവേണ്ടിമാത്രം കൗതുകത്തോടെ തലയുയർത്തുമ്പോഴേക്കും അറിയിപ്പു പൂർണമായിക്കഴിഞ്ഞിരിക്കും,
"...കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു."
ദേണ്ടെ കെടക്ക്‌ണു! പിന്നെ അടുത്ത സമാധാനവും വരും
"ആരുമോർത്തില്ല!"
(ഓ! അറിഞ്ഞിരുന്നെങ്കിലങ്ങു മറിച്ചേനെ!).'ആരും' എന്ന് ഒരു ശൈലിക്കങ്ങു പറയുന്നതാണു്. അവിടെ വേറെയാരുമോർക്കില്ല. ആരെങ്കിലും എന്തെങ്കിലുമോർക്കുന്നെങ്കിൽ അത്‌ അമ്മമാത്രമാണ്‌. ഓർത്തിട്ടും പ്രത്യേകിച്ചുകാര്യമൊന്നുമില്ലെന്നതു വേറെകാര്യം.പക്ഷെ നക്ഷത്രമനുസരിച്ചുള്ള തീയതികൾ ഓരോതവണയും വ്യത്യസ്തമാവും.
അതിനാൽ പിന്നീട്‌ ഈയുള്ളവനും സമൂഹത്തിന്റെ ഒരവിഭാജ്യഘടകമായിമാറിക്കഴിഞ്ഞപ്പോൾ, എന്നുവച്ചാൽ ഐവർകാല വിട്ട്‌ സുഹൃത്തുക്കളോടൊത്തു കഴിയേണ്ടിവന്നപ്പോൾ ഇതൊരു പാരയായിട്ടുണ്ട്‌. ഒപ്പമുള്ളവരുടെ ഓരോ പിറന്നാളിനും കേക്കുമുറിച്ച്‌ വൈകിട്ട്‌ അടുത്തുള്ള റെസ്റ്റൊറെന്റിൽ ആ ഹതഭാഗ്യന്റെ(മാൻ ഓഫ്‌ ദ ഡേ) ചെലവിൽ ബിരിയാണിയോ പൊറോട്ടയോ ഓർഡർ ചെയ്തുകാത്തിരിക്കുമ്പോൾ ഏതെങ്കിലുമൊരു കണ്ണിച്ചോരയില്ലാത്തവൻ എന്റെനേരെനോക്കും
" തന്റെ ബെർത്ത്‌ഡേയെന്നാഡോ?"
എല്ലാവർക്കുംവേണ്ടിയാണു ചോദ്യം.അറിയുന്ന ഉത്തരങ്ങൾ പോലും പറയാൻ പലപ്പോഴും പാടുപെടുമ്പോൾ അറിയാത്ത ഈ ചോദ്യത്തിനുത്തരം ഞാനെങ്ങനെ പറയാൻ? സത്യംപറഞ്ഞു ബോദ്ധ്യപ്പെടുത്താൻ പ്രയാസമായതിനാൽ ഞാൻ പറയും.
"അതിപ്പോഴെങ്ങുമല്ല"
അല്ലെങ്കിൽ പറയും,"ഇതു കഴിയുമ്പോൾ അമ്മവിളിച്ചറിയിക്കും."
'അന്നത്തെ പാർട്ടികഴിയുമ്പോഴേക്കും' എന്നസമാധാനത്തിൽ അവരിരിക്കുമ്പോൾ ഞാനും സമാധാനിക്കും,
"ഞാനുദ്ദേശിച്ചതിവർക്കു പിടികിട്ടിയിട്ടുണ്ടാകില്ലല്ലോ!"
************************************************************