Wednesday, July 14, 2021

സാറാസ്- പാരമ്പര്യവാദത്തിന്റെ അടിനാഭിക്കിട്ട് ഒരു തൊഴി

 Sara's- A short Review



സാറാസ് എന്ന സിനിമയെ കുറിച്ചാണ്. ഇതൊരു സിനിമാനിരൂപണം ഒന്നുമല്ല. നല്ല ഒരു കൊച്ചുസിനിമ കണ്ടപ്പോൾ പറയണം എന്ന് തോന്നിയ കുറച്ചു കാര്യങ്ങൾ. സിനിമയുടെ അവസാനത്തെ ഷോട്ടിലുണ്ട്, അതിന്റെ കാമ്പ്. ഒറ്റഷോട്ടിൽ പറഞ്ഞാൽ-
പഴകി പിഞ്ഞിയ പാരമ്പര്യവാദത്തിന്റെ  അടിനാഭിക്കിട്ട് ഒരു  തൊഴി- അതാണ് സാറാസ് എന്ന സിനിമ. 

സ്ത്രീ ആദ്യം സ്വന്തം കാലിൽ സാഭിമാനം നിൽക്കണം. അതുകഴിഞ്ഞു മതി കുടുംബവും കുട്ടികളും, അതും തയ്യാറെടുപ്പുകൾക്ക് ശേഷം. നല്ല രക്ഷിതാക്കളാകാൻ കഴിയാത്തവർക്ക് മക്കൾ ഉണ്ടാകാതെ നോക്കുന്നതാണ് നല്ലത്. നാട്ടുനടപ്പിന്റെ ദുശ്ശീലം മൂലം സ്ത്രീകൾക്കു പോലും ദഹിക്കാത്ത ഈ ആശയം മുന്നോട്ടുവെക്കാനാണ്  ജൂഡ് ആന്റണി ജോസഫ്  എന്ന നട്ടെല്ലുള്ള സംവിധായകൻ ശ്രമിക്കുന്നത്.
അഴകൊഴമ്പൻ സെൻറിമെന്റ്സിനു  മേലെയാണ് യുക്തിചിന്തയുടെ അടിയുറപ്പുള്ള  പെണ്ണിന്റെ വിവേകം   എന്ന  ചിന്തയ്ക്ക് അടിവരയിടുകയാണിവിടെ. 

പെണ്ണിന്റെ ശരീരത്തിന്റെയും ജീവിതത്തിന്റെയും ഉടമ അവൾ തന്നെയെന്ന് ഉറക്കെപ്പറയുന്നു സിനിമ. ഭർത്താവിന്റെയോ വീട്ടുകാരുടെയോ ബന്ധുക്കളടക്കമുള്ള  നാട്ടുകാരുടെയോ അഭിലാഷങ്ങളും സങ്കല്പങ്ങളും പൂർത്തീകരിക്കാൻ ഒരു പെണ്ണിന്റേയും ജീവിതം ഹോമിക്കരുതെന്ന ഓർമ്മപ്പെടുത്തലാണിത്. 

'മാതൃത്വത്തിന്റെ മഹനീയ മാതൃക' എന്നും 'സഹനത്തിന്റെ ത്യാഗദേവത' എന്നുമൊക്കെയുള്ള അധരവ്യാപാരത്തിലൂടെ സ്ത്രീകളെ സങ്കല്പലോകത്തെ ചക്രവർത്തിനിമാരാക്കിക്കൊണ്ടിരുന്നവർ  സ്ത്രീസമൂഹത്തെ ഒന്നാകെ പറ്റിക്കുകയായിരുന്നു, ഇത്രകാലവും. വളരെ വൈകി ചുരുക്കം ചിലർക്കെങ്കിലും തിരിച്ചറിവുണ്ടായപ്പോഴാണ് 'സാറാസ്' പോലെ ചിലതൊക്കെ സംഭവിക്കുന്നത്. 

മതങ്ങളൂം ആചാരങ്ങളും കീഴ്വഴക്കങ്ങളും കവിഭാവനയിലെ മുഖസ്തുതികളുമൊക്കെക്കൂടി അവരുടെ വ്യക്തിത്വവും  അസ്തിത്വവും തന്നെ തകർത്തുകളഞ്ഞു. ദേവിയും ദേവതയുമൊന്നുമാക്കാതെ ഒരു സഹജീവിയെന്ന പരിഗണനകൊടുക്കുകയാണു വേണ്ടത്. അവളുടെ സ്വപ്നങ്ങൾ കരിഞ്ഞുപോകാതെ തളിർത്തു പൂത്തു സ്വന്തംകാലിൽ നിൽക്കാനുള്ള സാഹചര്യമൊരുക്കുക. 

സ്വന്തം കാലിൽ നിൽക്കാനുള്ള  നെട്ടോട്ടത്തിനിടയിൽ നിനച്ചിരിക്കാതെ പറ്റിയ അപകടം പോലെ അമ്മയാകേണ്ടി വന്ന് കുടുംബജീവിതത്തിലേക്ക് എടുത്തുചാടി ആത്മഹത്യചെയ്തു ജീവിതം നരച്ചും നരകിച്ചും തീർക്കുന്ന അനവധി ആത്മാക്കളുടെ ആർത്തനാദമാണ് സാറാ വിൻസെന്റ് എന്ന കഥാനായിക പകർന്നുനൽകുന്നത്. ഏറെപ്പേർ ഇനിയും വരാനിരിക്കുന്നു. കഴുത്തിൽ വീണ താലിച്ചരടിൽ കുരുങ്ങി സ്വന്തം സ്വപ്നങ്ങളെയും പ്രതീക്ഷകളെയും ICU-വിൽ കിടത്തി ജീവിതം  മരിച്ചും മരവിച്ചും തീർക്കുന്ന അനേകർക്കുള്ള ഓക്സിജൻ സിലിണ്ടറാണ് 'സാറാസ്'. 

അതിഭാവുകത്വത്തിന്റെ അഥവാ അതിശയോക്തിയുടെ ചേരുവകളുണ്ടെങ്കിലും സമൂഹം മുന്നോട്ട് നടക്കണമെന്ന ആത്മാർത്ഥമായ ആഗ്രഹമാണ് പ്രകടമാകുന്നത്. പുതിയ കാലത്തിന്റെ മൂല്യബോധം പാരമ്പര്യവാദത്തിന്റെ മൂലക്കല്ലിൽ കെട്ടിയിടാനുള്ളതല്ലെന്ന തിരിച്ചറിവു സമൂഹത്തിനു നൽകുന്ന ഒരു ഷോക്ക് ട്രീറ്റ്മെൻറ് കൂടിയാണ്. 

അന്ന ബെൻ എന്ന അനുഗൃഹീത നടി തൻ്റെ റോൾ (സാറാ വിൻസെന്റ്) ഏറ്റവും ഭംഗിയാക്കിയെങ്കിലും ഇതിലെ യഥാർത്ഥ താരങ്ങൾ അണിയറ പ്രവർത്തകർ തന്നെയാണ്.  ഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ അരക്കിട്ടുറപ്പിച്ച പൊതുബോധത്തെ പിടിച്ചുകുലുക്കുന്ന കഥയവതരിപ്പിച്ച സംവിധായകൻ ജൂഡ് ആന്തണി ജോസഫും തിരക്കഥയൊരുക്കിയ അക്ഷയ് ഹരീഷും  ഇവരെ വിശ്വസിക്കാൻ തയ്യാറായ നിർമ്മാതാക്കളുമാണ്  യഥാർത്ഥ കയ്യടി അർഹിക്കുന്നത്. കാലത്തിന്റെ ചുവരെഴുത്തുകൾ വായിക്കാൻ കഴിയാതിരിക്കുന്ന 'കുലസ്ത്രീ'കളും 'കുലപുരുഷ'ന്മാരും ചിത്രത്തെ വിമർശിക്കുന്നുണ്ടാവും. അല്ലെങ്കിലും മുന്നേ നടക്കാൻ എന്നും ആളു കുറവാകുമല്ലോ. 

ബഹുജനത്തിന്റെ സെന്റിമെന്റ്സിനൊപ്പം  നിൽക്കാൻ കഥയിൽ കോംപ്രമൈസ് ചെയ്യുകയെന്ന ദുഷ്ടലാക്ക് ഒട്ടുമില്ലാതെ, രസച്ചരടു പൊട്ടാതെ കണ്ടിരിക്കാൻ പാകത്തിൽ ഒരു പടമുണ്ടാക്കിയെന്നതാണ് അവരുടെ വിജയം. മലയാളസിനിമയിൽ വിരളമായി മാത്രം സംഭവിക്കുന്ന 'രാമന്റെ ഏദൻതോട്ടം', 'ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' തുടങ്ങിയവയുടെ നിരയിലേക്ക് ആത്മാഭിമാനത്തോടെ സ്വന്തം കാലിൽ നിവർന്നു നിൽക്കുന്നു സാറാസ് എന്ന കൊച്ചുസിനിമ.