Monday, August 22, 2011

‘അന്നാ ഹസാരെ’ നൽകുന്ന പാഠങ്ങൾ

1. ഒരു ഗാന്ധിശിഷ്യനു് ഇത്രസാധിക്കുമെങ്കിൽ സാക്ഷാൽ ഗാന്ധിയുടെ പ്രഭാവം എന്തായിരുന്നിരിക്കണം?!!ഇന്നത്തെ തലമുറ ഉണ്ടാകും മുമ്പേ ജീവിച്ചുമരിച്ച ഒരു സത്യപരീക്ഷകന്റെ നിലപാടുകളിലെ സത്യസന്ധതയും ആത്മാർത്ഥതയും കുറച്ചെങ്കിലും തിരിച്ചറിയാനൊരു അവസരം.

2. ആത്മാർത്ഥമായ നിലപാടുകൾ ജനം തിരിച്ചറിയും. സെക്രട്ടറിമാർ തയ്യാറാക്കിയ പ്രസംഗം വായിക്കുന്ന നേതാവിന്റെ നിലപാടല്ല, ഹസാരെയുടേത്. ഒരു പാർട്ടി അംഗത്വത്തിന്റെ വിധേയത്വമാണു നേതാക്കളുടെ പ്രസ്താവനകൾക്കു കയ്യടിക്കാൻ പലപ്പോഴും അനുയായികളെ പ്രേരിപ്പിക്കുന്നത്.. തന്റെയും സംഘടനയുടെയും താത്കാലിക നിലനില്പാണു രാഷ്ട്രീയനേതാക്കൾ ലക്ഷ്യമാക്കുന്നത്. അതല്ല, ഹസാരെ മൂവ്മെന്റിന്റെ ലക്ഷ്യം.

3. ഗാന്ധിയെയും ഗാന്ധിമാർഗ്ഗത്തെയും നമുക്കുപേക്ഷിക്കാറായിട്ടില്ല. ഇപ്പോൾ നമുക്കുവേണ്ടത് ഹസാരെയുടേതു പോലെ നേരായ നിലപാടുകളും വികാരവും ഉൾക്കൊള്ളുന്ന ഇച്ഛാശക്തിയുള്ള ഒരു രാഷ്ട്രീയപ്രസ്ഥാനമാണു്.

4. ഭരണകൂടം, അത് ഏതുകാലത്തും എവിടെയും ഭീതിയും അറപ്പുമുണ്ടാക്കുന്ന ഒരസ്ഥികൂടം മാത്രമാണു്. ഹൃദയമോ മനസ്സോ ഇല്ലാത്തതാണു്. പുഴുക്കൾ നുരയ്ക്കുന്ന ചീഞ്ഞളിഞ്ഞ ഒരു തലച്ചോർ മാത്രമാണതിനുള്ളത്. അതുകൊണ്ടാണു ചൗരിചൗരാകളുണ്ടായത്. ക്വിറ്റിന്ത്യ വേണ്ടിവന്നത്. ഇറോം ഷർമ്മിളമാർ പതിറ്റാണ്ടുകളായി പട്ടിണിയാകുന്നത്. നദികൾക്കുവേണ്ടി യോഗിമാർ നിര്യാതരാകുന്നത്. ഗാന്ധിമാരും ഹസാരെമാരും തിഹാറിലാകുന്നത്.

5. മനുഷ്യസഹജമായ അല്ല, 'ജന്തു'സഹജമായ(മറ്റു ജന്തുക്കൾ ക്ഷമിക്കട്ടെ) അസൂയയും അസഹിഷ്ണുതയുമാണു നമ്മുടെ ഭരണകർത്താക്കളെയും നേതാക്കളെയും ഭരിക്കുന്നത്. ആദ്യം, അരാഷ്ട്രീയവാദിയെന്നൊരു മുദ്ര. പൊതുജനമദ്ധ്യത്തിൽ മുഖം നഷ്ടപ്പെടാതിരിക്കാൻ സൂക്ഷിച്ചും കണ്ടും മാത്രം അഥവാ മനസ്സില്ലാമനസ്സോടെ ഹസാരെക്കു പിന്തുണ. (നാളെ ഇതേ പ്രസ്ഥാനം/തരംഗം തങ്ങൾക്കെതിരായുമുണ്ടാകുമെന്നോർക്കണമല്ലോ.ഇന്നു നീ നാളെ ഞാൻ.) ദേശീയപ്പാർട്ടികളുടെ പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, പതിറ്റാണ്ടുകളായി ജനസഹസ്രങ്ങളെ അണിനിരത്തി(വാടകയ്ക്കെടുത്തും) നഗരഹൃദയങ്ങളെ പ്രകമ്പനം കൊള്ളിക്കുന്നവർ; കിരീടം വെക്കാത്ത രാജാക്കൾ. തങ്ങൾക്കു ലഭിക്കാത്ത ജനപിന്തുണ ഒരു ചോട്ടാ നേതാവുപോലുമല്ലാത്തയാൾ നേടുകയോ?

6. കാലത്തിന്റെയും ലോകത്തിന്റെയും ചുവരെഴുത്തുകൾ വായിക്കാൻ കഴിയാതെ എന്തിനോടൊക്കെയോ ഉള്ള മമതകൊണ്ട് അന്ധരായിപ്പോയ ധൃതരാഷ്ട്രന്മാർ വാഴുന്ന ഇന്ദ്രപ്രസ്ഥം. ഇക്കാണുന്നതൊക്കെ വഴിപോക്കന്മാരുടെ വായലപ്പുകൾ മാത്രമായിക്കാണുന്നവർ. ഇമേജുകൾക്കു പഞ്ഞമില്ലാത്തവരുടെ, ആദർശവാദികളുടെയും സത്യസന്ധന്മാരുടെയും, ഉദിച്ചുയരുന്ന സൂര്യന്മാരുടേയും ഭരണകുടീരം. "നിയമങ്ങളും ചട്ടങ്ങളും ഞങ്ങൾ പറയും; വഴിപോക്കർ വായടക്കട്ടെ"യെന്ന ഹുങ്കാരം. നാടു വാഴാൻ തങ്ങളെത്തെരഞ്ഞെടുത്തവരുടെ ശബ്ദം ഇനിയും ഉയരാറായിട്ടില്ലെന്നു വിശ്വസിക്കുന്നവർ(?). അതു തങ്ങൾക്കുവേണ്ടിയുയരാൻ എവിടെയോ ഉറങ്ങുകയാണെന്നു സമാശ്വസിക്കുന്ന മൂഢന്മാർ അഥവാ ബുദ്ധിരാക്ഷസന്മാർ’.

7. അന്നാ ഹസാരെ എന്നത് ഇന്നു് ഒരു വ്യക്തിയുടെ പേരല്ല, അതൊരു തരംഗമാണു് (movement). ഒരു നിലപാടുതറയാണു്. വ്യക്തി ഒരു നിമിത്തം മാത്രം. സ്വത്വനാശം വന്ന ഒരു സമൂഹത്തിന്റെ കരുത്തു് ഓർമ്മിപ്പിച്ചുകൊടുത്ത വൃദ്ധനായ 'ജാംബവാൻ'. പുരാണകഥയിൽ സമൂഹം ഒരു കുരങ്ങനെങ്കിൽ ഇവിടെയെന്തു വ്യത്യാസം? പൊതുജനമെന്ന കഴുത. രണ്ടും സ്വത്വമില്ലാത്ത എന്തിനെയും അവഹേളിക്കാനുള്ള ഉപമകൾ; അഥവാ ഉപകരണങ്ങൾ. അഞ്ചുവർഷം കൂടുമ്പോൾ അരങ്ങേറുന്ന ജനാധിപത്യനാടകത്തിന്റെ പേരിൽ തങ്ങളുടെ മുതുകിൽ ഇനിയും വിഴുപ്പുഭാണ്ഡങ്ങൾ വച്ചുകെട്ടുന്നത് സൂക്ഷിച്ചുവേണമെന്ന താക്കീതാണീ തരംഗം.

8. വൈകിയവേളയിൽപ്പോലും വിവേകമുണ്ടാവാൻ ദുരഭിമാനം അനുവദിക്കുന്നില്ല. വെറുമൊരു വൃദ്ധന്റെ മുന്നിൽ ഒരു രാജ്യത്തിന്റെ നിയന്താക്കൾ മുട്ടുകുത്തുകയോ? അറുപത്തഞ്ചു വർഷങ്ങൾക്കുമുമ്പ് ലോകത്തിന്റെ ചക്രവർത്തിമാർ ചെന്നുപെട്ട അതേ ധർമ്മസങ്കടം !! എങ്കിലും നാടുവിടുമ്മുമ്പ് അന്നവർ തങ്ങളാലാവതുചെയ്തു. നാടുപകുത്ത്, തമ്മിൽത്തെറ്റിച്ചു തലതല്ലിക്കീറിച്ചു്, എല്ലാം വെടക്കാക്കിയ വൃദ്ധനെയും കൊല്ലിക്കുന്നതരത്തിലാക്കിവച്ചു. അതിന്റെ പുതിയ പതിപ്പുകൾക്കായി നമുക്കിപ്പോഴും കാത്തിരിക്കാം.

എല്ലാ നാടകങ്ങൾക്കും കയ്യടിച്ചുകൊണ്ടേയിരിക്കുന്ന, വിലാസവും വിചാരവും വഴുതിയ, മുഖവും മനസ്സും കൈമോശംവന്ന കോടിക്കണക്കായ പൊതുജനമെന്ന പോഴന്മാരിലൊരുവൻ- അന്തിപ്പോഴൻ