Monday, April 11, 2011

ഞാൻ ആർക്കു വോട്ടു ചെയ്യണം?

പ്രിയമുള്ളവരേ,
ഈ പോഴൻ ആദ്യമായി വോട്ടുചെയ്യാൻ പോവുകയാണു്‌. ഇപ്പോൾ 18 വയസ്സു പൂർത്തിയായതുകൊണ്ടല്ല. ഇതുവരെ വോട്ടുചെയ്യണമെന്നു തോന്നിയിരുന്നില്ല. ഇവന്റെ വോട്ടിനർഹതയുള്ളവരെയാരെയും കിട്ടിയിരുന്നില്ല. സമ്മതിദാനാവകാശം വിലപ്പെട്ടതെന്നറിയാമായിരുന്നു. അതുകൊണ്ടുതന്നെ അർഹതയില്ലാത്തവർക്കുകൊടുക്കുന്നതു്‌ അതു പാഴാക്കലാണെന്നും വിചാരിച്ചു. ബോധമുറച്ചകാലം മുതൽ കക്ഷിരാഷ്ട്രീയത്തിൽ താത്പര്യമില്ല. രാഷ്ട്രീയക്കാരെ പുച്ഛവുമായിരുന്നു. ഇപ്പോൾ ചിന്തകളും ധാരണകളും പ്രായത്തിനൊപ്പിച്ചു മാറിവരുന്നു. ഒരു പരീക്ഷണത്തിനെങ്കിലും ഇത്തവണ വോട്ടുചെയ്യണമെന്നു വിചാരിക്കുന്നു. നിമിത്തം പോലെ, കൃത്യസമയത്തു വെക്കേഷനുമായി തെരഞ്ഞെടുപ്പ്‌ ഒത്തുവരുകയും ചെയ്തു.

കന്നിവോട്ട്‌ ഉത്തരവാദിത്തത്തോടെ, കുറഞ്ഞപക്ഷം യുക്തിയോടെയെങ്കിലും ചെയ്യണമെന്നുണ്ട്‌. ഇവിടെയാണു നിങ്ങളുടെ അഭിപ്രായത്തിന്റെ പ്രസക്തി. ഇതുവരെ ആലോചിക്കാത്ത ഒരു പുതിയ വീക്ഷണവെളിച്ചം വീണുകിട്ടിയാൽ ഏറെ ധന്യനായി.

നേതാവിന്റെ വാക്കുകേട്ടു പാർട്ടിച്ചിഹ്നത്തിൽ കണ്ണുമടച്ചുകുത്താൻ വിധിക്കപ്പെടുന്ന പാർട്ടിമെമ്പർഷിപ്പ്‌ എന്ന പോഴത്തം ഇതുവരെയില്ല. നല്ലതിനോടൊക്കെ അനുഭാവമുണ്ട്‌. അപ്പോൾ ചെയ്യാവുന്നത്‌ വിവിധനിലപാടുകളുടെ വെളിച്ചത്തിൽ അഭിപ്രായം രേഖപ്പെടുത്തുകയെന്നതാണു്‌. ആഗ്രഹത്തിനനുസരിച്ച സ്ഥാനാർത്ഥികളാരുമില്ലാത്തപ്പോൾ കൂട്ടത്തിൽ നിന്നു ഭേദപ്പെട്ട ഒരു തൊമ്മൻ.

സ്ഥാനാർത്ഥിപ്പട്ടികയിൽ ഒരാളേയും അംഗീകരിക്കാത്തവർക്കുവേണ്ടി ഒരു ഓപ്ഷൻ ഉണ്ടാകേണ്ടതല്ലേ? അതിനു്‌ ഒരു നിശ്ചിത ശതമാനത്തിൽക്കൂടുതൽ അംഗീകാരം കിട്ടിയാൽ അവരെ ഒഴിവാക്കി വീണ്ടും മറ്റൊരു തെരഞ്ഞെടുപ്പുനടത്തി ജനഹിതം സംരക്ഷിക്കേണ്ടതല്ലേ?


വ്യത്യസ്തകോണുകളിൽനിന്നു നോക്കുമ്പോൾ കാഴ്ചയും വ്യത്യസ്തമാകും. അതുതന്നെയാണു്‌ ഒരു സാധാരണ വോട്ടറെ കുഴക്കുന്നതും. നാടിന്റെയും ജനങ്ങളുടെയും സർവ്വതോമുഖമായ വളർച്ചയ്ക്കു സമഗ്രമായ സംഭാവന നിർഭാഗ്യവശാൽ ഒരു മുന്നണി സർക്കാരിൽ നിന്നും ഇക്കാലമത്രയും(ഒരുപക്ഷേ ഭാവിയിലും) ഉണ്ടായിട്ടില്ല. ആകെമൊത്തം ഒരു പാസ്സ്‌ മാർക്കെങ്കിലും കൊടുക്കാവുന്നത്‌ ഇക്കഴിഞ്ഞ സർക്കാരിനാണു്‌.

വിദ്യാഭ്യാസത്തെപ്പറ്റി ഭേദപ്പെട്ട കാഴ്ചപ്പാടുള്ള മന്ത്രി എം.എ. ബേബി, ആരും ആക്ഷേപിക്കാത്ത എൻ.കെ. പ്രേമചന്ദ്രൻ, മനുഷ്യ-പ്രകൃതിസ്നേഹിയായ ബിനോയ്‌വിശ്വം തുടങ്ങിയവർ പ്രതീക്ഷ തരുന്നു. (സ്നേഹം കൂടിയതുകൊണ്ടോ 'കസേരകളി' പിടിപാടില്ലാത്തതുകൊണ്ടോ പാവത്തിനിത്തവണ സീറ്റില്ല. കൂട്ടത്തിൽ പറയട്ടെ, ഇപ്പോഴും മിനിമം ഗ്യാരണ്ടിയുള്ള അംഗങ്ങൾ CPI ക്കു മാത്രം. പാഴ്‌ജന്മങ്ങളൊന്നും ആ പാർട്ടിയുടെ പ്രതിനിധികളായിക്കണ്ടിട്ടില്ല.)
ഇക്കൂട്ടത്തിൽപ്പെടുത്താമായിരുന്ന അൽഫോൺസ്‌ കണ്ണന്താനം എന്ന മന്ത്രിയെ കേരളീയർക്കു നഷ്ടപ്പെടുത്തിയതിൽ അതിയായ ദുഃഖമുണ്ടു്‌.LDF തമ്പുരാക്കന്മാരോട്‌ പ്രതിഷേധമുണ്ട്‌.

പക്ഷേ ഒരു തുടർച്ച അനുവദിക്കണമെന്നു നിസ്സംശയം പറയാനുമാകുന്നില്ല. പാർട്ടിക്കുള്ളിലെ പടലപ്പിണക്കം തന്നെ പ്രധാനം. ഇച്ഛാശക്തിയുള്ള ഒരു മുഖ്യമന്ത്രിക്കു മൂക്കുകയറിടുന്ന പാർട്ടി(നേതൃത്വം) നിലപാടുകൾ ഒരു ബലഹീനത തന്നെയാണു്‌. മൂന്നാർ മിഷൻ പരാജയപ്പെടുത്തിയവർക്കു കാലം മാപ്പുനൽകില്ല. എന്നാൽ കാലത്തിനൊത്തു പുരോഗമനാത്മകമായ ചില അഭിപ്രായങ്ങൾ ശ്രീ പിണറായി വിജയനിൽ നിന്നുണ്ടാകുമ്പോൾ ശ്രീ അച്യുതാനന്ദന്റേതു മൂരാച്ചിവാദമാകാറുമുണ്ട്‌.

ഒരു മുന്നണിയെന്ന നിലയിൽ അഴിമതിയും അഴിമതിക്കാരും LDFൽ കുറവാണെന്നത്‌ ചെറിയ കാര്യമല്ല.
(സംഗതി ആശാസ്യമല്ലെങ്കിലും) ഏറെ ആശ്വാസകരം ഭരണത്തിലിരുന്നാൽ CPMകുട്ടിച്ചാത്തന്മാരുടെ സമരശല്യങ്ങൾ കുറയുമെന്നതാണു്‌. ഇക്കാര്യത്തിൽ കഴിഞ്ഞ 5 വർഷത്തെ ജനങ്ങളുടെ ആശ്വാസം ചില്ലറയാണോ? (LDF ഭരണത്തിന്റെ ഏറ്റവും പ്രത്യക്ഷഗുണം ഇതുതന്നെ എന്നുപറഞ്ഞാലും ശരിയാണു്‌.) UDF ഭരിച്ചിരുന്നെങ്കിൽ കല്ലെറിഞ്ഞും തല്ലിപ്പൊളിച്ചും നാടുമുഴുവൻ കുട്ടിച്ചോറാക്കാൻ മാത്രം വിഷയങ്ങൾ ഉണ്ടായിരുന്നില്ലേ? എങ്കിലും കല്ലേറു പേടിക്കാതെ ബസ്സിൽ സഞ്ചരിക്കാൻ കഴിയുമായിരുന്നു.

ദേശവികസനത്തിന്റെ കാഴ്ചപ്പാടിൽ മിക്കവരും പരാജയങ്ങൾ തന്നെ. കരണീയമായത്‌, പുതുമുഖങ്ങൾക്കും യുവത്വത്തിനും അവസരം കൊടുത്ത്‌ ഒരു പരീക്ഷണത്തിനു തയ്യാറാവുകയാണു്‌. സ്വാഭാവികമായും അത്തരം സ്ഥാനാർത്ഥികളുള്ള മുന്നണി അധികാരത്തിൽ വരും. ആ നയം തുടരാൻ മേലിലും പാർട്ടികൾക്കതൊരു പ്രേരണയാകും.

UDFൽ മുമ്പെന്നപോലെ ചുരുക്കം ചിലരെ മാറ്റി നിർത്തിയാൽ അവസരവാദികളുടെയും അഴിമതിക്കാരുടെയും ഒരു കൂടാരമെന്ന ഇമേജിനു വലിയ മാറ്റമൊന്നും കാണുന്നില്ല. തൻകാര്യം നോക്കികളായ ഘടകകക്ഷികളാണു പേരു ചീത്തയാക്കുന്നത്‌. കോൺഗ്രസ്സു മാത്രമെങ്കിൽ പലതിലും പാസ്സ്‌ മാർക്കു കൊടുക്കാമായിരുന്നു.

രണ്ടുമുന്നണികളോടുമുള്ള പ്രതിഷേധസൂചകമായി ബി.ജെ.പി ക്കോ മറ്റൊരാൾക്കോ വോട്ടുചെയ്യാം. ഇപ്പോൾ BJPയുടെ കുറെ വോട്ടുകൾ അവർക്കുള്ള അംഗീകാരമല്ല മറിച്ച്‌ രണ്ടുമുന്നണികളോടുമുള്ള പ്രതിഷേധമാണു്‌ എന്നു കരുതാൻ ന്യായമുണ്ട്‌.




എന്റെ മുന്നിലുള്ള ഓപ്ഷൻസ്‌ -

1- വ്യക്തിപരമായി ഭേദപ്പെട്ട തൊമ്മൻ.
മാർക്കു തുല്യമായാൽ ഭേദപ്പെട്ട മുന്നണി ആരുടേതെന്നു നോക്കാം.
(ഇപ്പോൾ പോഴൻ LDFനെ സപ്പോർട്ട്‌ ചെയ്യും. വി.എം.സുധീരനെ മുഖ്യമന്ത്രിയാക്കുമെങ്കിൽ UDFനെ താങ്ങാനും തയ്യാർ.)
2- ഭേദപ്പെട്ട തൊമ്മനെ നിശ്ചയിക്കാൻ പറ്റാതെവന്നാൽ പുതുമുഖത്തിനു വോട്ട്‌.
അതും തുല്യമായാൽ യുവത്വത്തിനു വോട്ട്‌.
ഒടുവിൽ മാത്രം മുന്നണി പരിഗണന.
3- ഇരുകൂട്ടരോടും പ്രതിഷേധവുമായി മൂന്നാമതൊരാൾക്കു വോട്ട്‌. അടുത്ത വലിയകക്ഷിയായ ബി.ജെ.പിക്കു്‌.
4- വോട്ടു ചെയ്യാതെയിരിക്കാം ഇക്കുറിയും. പക്ഷേ അഭിപ്രായം എവിടെയും പ്രത്യക്ഷപ്പെടുന്നില്ല.

ഇനി നിങ്ങൾ പറയൂ. ഒരു സാധാരണപോഴൻ (വോട്ടർ) നിങ്ങളുടെ അഭിപ്രായം ആരായുന്നു. പാർട്ടിയും മുന്നണിയും മാറ്റിവച്ച്‌ മനസ്സാക്ഷി പറയുന്നതു മാത്രം പറയൂ. ഞാനാർക്ക്‌ എന്തുകൊണ്ടു വോട്ടുചെയ്യണം?