Friday, December 25, 2020

കർഷകരുടെ നന്മയ്ക്ക് ആദ്യം വേണ്ടതു സ്റ്റോറേജ് സൗകര്യം

 ഭാരതത്തിന്റെ തലസ്ഥാനനഗരിയിൽ കർഷകർ നടത്തുന്ന സമരം കൊടുമ്പിരിക്കൊള്ളുന്നു. പുതിയ കാർഷികനിയമങ്ങളെപ്പറ്റിയുള്ള ഗുണദോഷ ചർച്ചകൾ നടക്കുന്ന സമയവുമാണ്. എന്നാൽ അവയേക്കാൾ ഏറെ ഊന്നൽ കൊടുക്കേണ്ട ഒന്നുണ്ട് - പുതിയ കാർഷികനിയമത്തിൽ ഇല്ലാത്തതും ആവശ്യം ഉണ്ടാകേണ്ടതും.കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ കേടുകൂടാതെ സൂക്ഷിച്ചുവയ്ക്കാനുള്ള  സ്റ്റോറേജ് സൗകര്യം ഒരുക്കുകയെന്നതാണത്. സർക്കാർ അതിനു സഹായവും പ്രോത്സാഹനവും ചെയ്യേണ്ടതുണ്ട്. 

ഭരണപക്ഷവും പ്രതിപക്ഷവും 'ഭാഗ്യവശാൽ' കർഷകരുടെ നേട്ടത്തിനുവേണ്ടിയാണു പ്രയത്നിക്കുന്നത്. അപ്പോൾ അവർക്കു നഷ്ടമുണ്ടാകുന്നതെവിടെയെന്നാണു ആദ്യം കണ്ടെത്തേണ്ടതും പരിഹരിക്കേണ്ടതും. ഭാഗ്യവശാൽ നമുക്കതറിയാം. കാര്ഷികോല്പന്നങ്ങൾ വിൽക്കുമ്പോൾ വേണ്ടത്ര വിലകിട്ടാത്തതാണു പ്രശ്നം. വിളവെടുപ്പുകാലം എന്നും വിലക്കുറവിന്റെ കാലവുമാണ്. സൂക്ഷിച്ചുവയ്ക്കാൻ സൗകര്യമില്ലാത്തതുകൊണ്ടും തത്കാലത്തെ അത്യാവശ്യങ്ങൾ നിറവേറ്റാനും കിട്ടുന്ന വിലയ്ക്കു വിറ്റുതുലയ്ക്കേണ്ടിവരുന്നു.

 തങ്ങളുടെ ഉൽപ്പന്നങ്ങൾ ശേഖരിച്ചുവച്ച് ആവശ്യത്തിനനുസരിച്ച് വിപണിയിൽ വിൽക്കാനുള്ള അവകാശവും സാഹചര്യവും ലഭിക്കുമ്പോഴാണ് കർഷകന് യഥാർത്ഥത്തിൽ നേട്ടമുണ്ടാവുക. ഇങ്ങനെ കമ്പോളത്തിന്റെ അസ്ഥിരതയെ മറികടക്കാൻ പര്യാപ്തമാകുമ്പോൾ പരസഹായമില്ലാതെയും ഇടനിലക്കാരുടെ ചൂഷണം ഭയക്കാതെയും അതിജീവിക്കാൻ അവർക്കു സാധിക്കും. അതിനുള്ള ഉപാധികളും ചട്ടങ്ങളും ഇതേ നിയമത്തിൽ ഉൾപ്പെടുത്താനുള്ള സദ്ബുദ്ധി എല്ലാവർക്കും ഉണ്ടാകുമെന്നു പ്രത്യാശിക്കുന്നു.

സമരക്കാരുടെയും അവർക്കൊപ്പമുള്ളവരുടെയും ആദ്യത്തെ ആവശ്യം ഇതാകേണ്ടിയിരുന്നു. ഇനിയും വൈകിയിട്ടില്ല.

Thursday, December 24, 2020


 സുഗതകുമാരി- ഒരു ആദർശത്തിനു പേർ


ആളുകൂടാതെ ആരവമില്ലാതെയൊര-
മ്പലമണിയുടെ താരനാദം നിലച്ചൂ...
അനുപമസ്നേഹം വഴിഞ്ഞൊരമ്മയ്ക്കാ-
യന്തിപ്പുഴയോരത്തു ഞാനശ്രുപുഷ്പാഞ്ജലിയേകിടട്ടെ...! 

പുല്ലിനെ പൂക്കളെ പുഴകളെ പൂമ്പാറ്റയെ
പൂവാംകുരുന്നിനെ പൂക്കാമരങ്ങളെ 
ഉയരുമക്കുന്നിനെ പുൽകും വനങ്ങളെ
ഉണ്ണിക്കുരുന്നിനെ ഊട്ടുന്നൊരമ്മയെ
ഉണ്ണാതുറങ്ങാതെ കാത്തുപോന്നിത്രനാൾ 

അവനവന്നായിട്ടു നേരമില്ലാത്തോർ നാം
ആരാനു വേണ്ടിയിന്നന്നംവെടിയുമോ?
അന്യർക്കുവേണ്ടിയീ'യന്തപ്പിരാന്തു'കൾ
ഇനിയാരിതൊക്കെയും ചുമലിലേറ്റീടുവാൻ? 

ലോകമേ തറവാടെന്നോരോ ദിനത്തിലും
ഓർത്തുമോരാതെയും മാതൃക തീർത്തൊരാൾ
മാനവസ്നേഹത്താൽ വിളങ്ങിയ മാതൃവാത്സല്യമേ
മനസ്സു വിങ്ങിയും മിഴികൾ തിങ്ങിയുമരുളുന്നു ശാന്തി.. ശാന്തി.. ശാന്തി...!

Saturday, December 12, 2020

ഉളുപ്പുണ്ടോ സർക്കാരേ ? ഞങ്ങടെ കേസ് വേറാരും അന്വേഷിക്കേണ്ടാ പോലും



ഉളുപ്പുണ്ടോ സർക്കാരേ ? ഞങ്ങടെ കേസ് വേറാരും അന്വേഷിക്കേണ്ടാ പോലും

ഒരു കൊലപാതക കേസ് അന്വേഷിക്കാൻ മറ്റൊരാൾ വേണ്ടേ വേണ്ട എന്ന വിചിത്രമായ നിലപാടിലെ ഏനക്കേടിൽ നിന്നു പറഞ്ഞുപോകുന്നതാണ്. ഒന്നും തോന്നരുത്. അഥവാ തോന്നുന്നെങ്കിൽ അല്പം ഉളുപ്പ് മാത്രം.

 കേരളത്തിലെ ഇപ്പോഴത്തെ സർക്കാർ അടുത്ത കാലത്തെ സർക്കാറുകളെ അപേക്ഷിച്ച് കാര്യക്ഷമമായി പ്രവർത്തിച്ച് വന്നതാണെന്നതിൽ തർക്കമില്ല.  എന്നാൽ എല്ലാം ശരിയായിട്ടുമില്ല. അത്തരം ശരികേടുകളിൽ വലിയ ഒന്നാണ് പെരിയയിലെ കൊലക്കേസ്. കൃപേഷ്, ശരത് ലാൽ എന്ന രണ്ട് യുവാക്കളെ കൊലചെയ്തത് സിബിഐ അന്വേഷിക്കേണ്ട എന്ന വാദം സാമാന്യബോധമുള്ള ആർക്കും ദഹിക്കുന്ന ഒന്നല്ല. അതിന്റെ കാരണവും സുവ്യക്തമാണ്- പ്രതിസ്ഥാനത്ത് കേൾക്കുന്ന പേരുകൾ സിപിഎം പ്രവർത്തകരുടേതാണ്.

ഒരു ജനാധിപത്യ സർക്കാർ പ്രവർത്തിക്കേണ്ടത് കൊടിയുടെ നിറം നോക്കിയല്ല, പൊതു ജനഹിതം നോക്കിയാണ് എന്നതിൽ ആർക്കും തർക്കം ഉണ്ടാകാനിടയില്ല. പാർട്ടിയുടേയോ മുന്നണിയുടെയോ ഒക്കെ പേരിൽ മത്സരിച്ചു ജയിക്കുന്നവർക്ക് പോലും കിട്ടുന്ന വോട്ടുകൾ ചിഹ്നമോ കൊടിയോ മാത്രം നോക്കിയല്ലെന്ന് സാമാന്യ ബോധമുള്ളവർക്കൊക്കെയറിയാം.  അപ്പോൾ സർക്കാരിന്റെ തീരുമാനങ്ങളിലും ഈ കൊടി നിറം കടന്നു വരാൻ പാടില്ലാത്തതാണ്. പാർട്ടിയുടെയും മുന്നണിയുടെയും നയപരിപാടികൾ സർക്കാരിന്റെയും നയമായേക്കാം. അപ്പോഴും പൊതുജനഹിതത്തിനാണ് മുൻഗണന. 

ജനപ്രിയമായത് എല്ലാം ജനഹിതം ആകില്ലെന്ന സൂക്ഷ്മചിന്തയുമുണ്ടാകണം. ഈ വ്യത്യാസം തിരിച്ചറിയുന്നവർ അധികമില്ല എന്നതാണ് നമ്മുടെ ദുര്യോഗവും. 

ഏത് തീരുമാനം എടുക്കുമ്പോഴും സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവന് പ്രയോജനം ഉണ്ടോ എന്നാണ് നോക്കേണ്ടത് എന്ന് പറഞ്ഞത് ഗാന്ധിജിയാണ്. ഗാന്ധിജി, മാർക്സ്, ലെനിൻ എന്നിവരുടെ ഒന്നുമല്ല കൊടിസുനി, കുഞ്ഞനന്തൻ, പീതാംബരൻ തുടങ്ങിയവരുടെ വാക്കുകൾ വേദവാക്യമാകുന്നതിന്റെ വല്ലായ്മയാണ് ഇന്ന് സർക്കാർ നേരിടുന്നത്.

ഇതൊന്നും ശരിയല്ലെന്നും ഇങ്ങനെയല്ല വേണ്ടതെന്നും പറയാനുള്ള  തിരിച്ചറിവും വിവേകവും നട്ടെല്ലുമുള്ളവർ പാർട്ടിയിൽ ഇല്ലാത്തതാണോ പറഞ്ഞിട്ടും കേൾക്കാൻ തലപ്പത്തുള്ളവർ കൂട്ടാക്കാത്തതാണോ എന്ന് വ്യക്തമല്ല.

ഒന്നു പറയാം നികുതിപ്പണം എടുത്ത് കൊലയാളികൾക്ക് കൂടൊരുക്കുന്നത് അങ്ങേയറ്റം കുറ്റകരമാണ്. ഇടതുമുന്നണിയിലെ ചേട്ടന്മാർക്ക് അതിനുള്ള വിവേകവും വെളിവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ( അതുണ്ടാകുമെന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ വിശ്വാസം പോരാ 😞)
കൊലപാതക രാഷ്ട്രീയം പാർട്ടി വളർത്താനുള്ള ഉപകരണമായി ഇത്രയും നാൾ കൊണ്ടുനടന്നു. എന്നാൽ ഇപ്പോൾ നേരം വെളുത്തു. കാലം മാറി; കഥ മാറി. പാണ്ടൻ നായുടെ പല്ലിന് ശൗര്യം (കൃത്യമായി പറഞ്ഞാൽ 'ഒത്തുകളി') പണ്ടേ പോലെ ഫലിക്കുന്നില്ലെന്ന് ടിപിവധം, സുഹൈൽ വധം, ഇപ്പോൾ പെരിയയിലെ കൊലകൾ ഇവയിലൂടെ സിപിഎം നേതൃത്വവും കുഴലൂത്തുകാരും മനസ്സിലാക്കണം. എല്ലാത്തിനും അതിന്റെതായ  സമയം ഉണ്ടെന്ന് നാടോടിക്കാറ്റിലെ വിജയനും ദാസനും മനസ്സിലാക്കിയിരുന്നു. 

 നാടോടുമ്പോൾ  നടുവിലൂടെ ഓടിയില്ലെങ്കിലും അരികിലൂടെ എങ്കിലും ഓടാൻ സമയം അതിക്രമിച്ചിരിക്കുന്നു എന്ന്  ഈ പാർട്ടിയിലെ വിജയൻമാരും ദാസന്മാരും മനസ്സിലാക്കിയാൽ നന്ന്. തെരഞ്ഞെടുപ്പ് വരുന്നു. ഈ സർക്കാർ ഒരിക്കൽകൂടി ഭരിക്കണം  എന്ന ആഗ്രഹം കൊണ്ടാണ്.

Friday, September 18, 2020

പ്രസംഗം പോലെ എളുപ്പമല്ല സഖാവേ പ്രവൃത്തി

 

സഖാവ് എം സ്വരാജ് എംഎൽഎയുടെ പണ്ഡിതോചിതമായ രാമായണപ്രഭാഷണം, തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേതത്തിൽ.

😀ഹ...ഹ...അടിപൊളി!

 സഖാവ് എം. സ്വരാജ് വിവരമുള്ള നേതാവാണ്. 'പാടത്തെ പണിക്ക് വരമ്പത്ത് കൂലി' എന്ന് പരസ്യമായി പ്രഖ്യാപിച്ച ബഡാ നേതാവിന്റെ പാർട്ടിയിലെ അത്ര ഛോട്ടാ അല്ലാത്ത കാര്യവിവരം ഉള്ള ആൾ. ഉള്ളത് ഉള്ളതുപോലെ പറയും. "രാമായണം വളരെ മഹത്തായ കൃതിയാണ്. അതിന്റെ കാതലായ സന്ദേശം തന്നെ അഹിംസയും അക്രമരാഹിത്യവുമാണ്. (നിങ്ങൾ രാമായണം വായിക്കുന്ന ഭക്തശിരോമണികൾ) എല്ലാവരും അതുൾക്കൊണ്ട് ജീവിക്കണം." ഇതു വാച്യാർത്ഥം. 

ഇനി ഇതിന്റെ വ്യംഗ്യാർത്ഥം- (ദോഷം പറയരുതല്ലോ; സാഹിത്യം, കല, ഭാവന ഇതൊക്കെ വെച്ചിട്ടേ നമ്മൾ എന്തും ചെയ്യാറുള്ളൂ.)- 

"ഞങ്ങൾ, പാർട്ടിക്കാരുടെ കാര്യം ഇതിൽ പെടില്ല. നമ്മൾ രാമായണം വായിക്കാറില്ല; ഭക്തന്മാരും അല്ല. നമുക്ക് നമ്മുടെ വഴി. മണിപ്രവാളം കുഴപ്പമില്ല. അർത്ഥം കൃത്യം കൃത്യമായി മനസ്സിലാകും. 'അമ്പത്തൊന്നക്ഷരാളീകലിത തനുലതേ വേദമാകുന്ന ശാഖിക്കൊമ്പത്ത്' എന്ന് തുടങ്ങുന്ന പദ്യം നമുക്ക് കഴിയും വിധം ഒക്കെ ഉപയോഗിക്കാൻ ശ്രമിക്കാറുണ്ട്. (അമ്പത്തൊന്ന് - കുറഞ്ഞു പോകാതിരിക്കാൻ ഒന്നുകൂടെ കൂട്ടി 52 വെട്ട് - ക്ലാസ് മുറിയിൽ അക്ഷരം പഠിപ്പിക്കുന്ന ആളായാലും കലി തീരുന്നതുവരെ. വേദത്തിൽ ചേർന്നവനെന്നോ ശാഖയിൽ പോകുന്നവനെന്നോ വ്യത്യാസമില്ല. മീനീംഗ് സിമ്പിൾ!) പിന്നെ കല, അത് നമ്മൾ മൊത്തമായി എടുത്തു. മാത്രമല്ല നമ്മുടെ വകയായി ചില വള്ളിപുള്ളി കൂട്ടിച്ചേർത്തു പരിപാടി നടത്തുന്നു. അപ്പോൾ വാക്കുമാറി പോകുന്നെങ്കിൽ നമ്മുടെ കുറ്റമല്ല. ടി പി ചന്ദ്രശേഖരനും രമച്ചേച്ചിക്കും ജയകൃഷ്ണൻ മാഷ്ക്കും പിന്നെ നാട്ടാർക്കൊക്കെയും നമ്മുടെ 'കലാ'വാസന ക്ലിയറായി."


ഭാവനയാകട്ടെ പരന്നൊഴുകും. അണികളൊക്കെ അതിന്റെ അയ്യരുകളി ആശാന്മാർ. പക്ഷേ ഉത്തരം മുട്ടണം. ഭാവന അപ്പോഴാണ് സാഹിത്യപദസഞ്ചയങ്ങളുടെ കൊടുങ്ങല്ലൂർ പെരുക്കം നടത്തുന്നത്. 'മണിപ്രവാള'കൃതികൾ ആണ് പ്രിയം. സോഷ്യൽമീഡിയയിലും ഇൻറർനെറ്റിലുമാണ് ഇതിന്റെ ആൽത്തറ മേളം. അപ്പുറത്തുള്ളവന്റെ/വളുടെയും അപ്പന്റെയും അപ്പൂപ്പന്റെയും മാത്രമല്ല, വീട്ടിലെ കുഞ്ഞുകുട്ടിപരാധീനങ്ങളുടെ വരെ കണ്ണുപൊട്ടിക്കുന്ന സാഹിത്യ കലാഭാവന. "അസഹിഷ്ണുത' കൊണ്ടൊന്നുമല്ല കേട്ടോ, അത് സംഘികൾക്ക് മാത്രമുണ്ടാകുന്ന ഒരുതരം വൃത്തികെട്ട രോഗമാണ്.


തീരെ നിവൃത്തിയില്ലാത്ത ഇടങ്ങളിൽ, അതായത് നമ്മളെക്കൊണ്ട് കൂട്ടിയാൽ കൂടാത്ത സ്ഥലങ്ങളിൽ ( ഏഷ്യാനെറ്റ് പോലെ) ഒപ്പം പ്രയോഗിക്കുന്ന ഒന്നാണ് ബഹിഷ്കരണം. 'ഉത്തരം മുട്ടുമ്പോൾ തടിയൂരി പോരുക' എന്നും പറയാം. പണ്ട് നിത്യഹരിത 'സരിത'കാലം നമ്മൾ കൈകൊട്ടിയാർത്ത് ആഘോഷിച്ചവരാണ്. പക്ഷേ ഇന്ന് അതൊന്നും 'സ്വപ്നം' കാണാൻ പോലും ശിവ! 'ശിവ! ശങ്കി'ക്കേണ്ടിയിരിക്കുന്നു.

എന്നാലും ഉള്ള കാര്യം തുറന്നു പറയും, "രാമായണം വളരെ മഹത്തായ കൃതിയാണ്. അഹിംസയും അക്രമരാഹിത്യവുമാണ് അതിന്റെ കാതലായ സന്ദേശം..!"

അടിപൊളി...!! 😀


(അന്തിപ്പോഴൻ)

Tuesday, July 14, 2020

ശ്രീ. വിദ്യാധരൻ ഐവർകാല - കാലം മറയ്ക്കാത്ത കലോപാസകൻ !

മേളപ്പെരുമയുറവുകൊണ്ട വാദ്യക്കാരൻ, നടനമർമ്മം കണ്ടറിഞ്ഞ നാടകപ്രവർത്തകൻ, അനുഷ്ഠാനകലകളിൽ നിഷ്ഠ തെറ്റാത്ത നാടൻകലാകോവിദൻ, വരകലയിൽ വർണ്ണമേളം തീർക്കുന്ന ചിത്രകാരൻ, മുത്തുക്കുടയും നെറ്റിപ്പട്ടവും മുതൽ പരബ്രഹ്മസ്വരൂപമായ ദൈവത്തിടമ്പു വരെ വാർത്തെടുക്കുന്ന വരേണ്യൻ, ഭാവലോകത്തിന് വാങ്മയ ചിത്രങ്ങളൊരുക്കുന്ന പാട്ടെഴുത്തുകാരൻ- ഇങ്ങനെ സരസ്വതീദേവിയുടെ സവിശേഷാനുഗ്രഹത്തിന് പാത്രമായ വിദ്യാധരൻ മാഷിന്റെ വിശേഷണങ്ങൾ പലതാണ്. സർവ്വഥാ ഒരു സകലകലാവല്ലഭൻ! പിന്നെ, ഇടതുപക്ഷ സഹയാത്രികനും.

ഇപ്പറഞ്ഞതൊന്നുമല്ലാതിരുന്നിട്ടും ഈയുള്ളവനും അദ്ദേഹത്തിന്റെ പരിചയ വലയത്തിലേക്ക് വന്നുപെടുകയായിരുന്നു. ഗ്രന്ഥശാലാ പ്രസ്ഥാനവും അനുബന്ധ സാംസ്കാരിക പ്രവർത്തനങ്ങളുമാണ് എന്നെ വൈകിയെങ്കിലും കൊണ്ടെത്തിച്ചത്. ഏറെനാളൊന്നും ഒത്തു പ്രവർത്തിക്കാൻ ഇടയായില്ലെങ്കിലും പരസ്പരം സ്നേഹ ബഹുമാനങ്ങളുടെ ഒരു മൂർത്ത ബന്ധനം തന്നെ ഉരുവായിക്കഴിഞ്ഞിരുന്നു. അതിനിടയിൽ കുറച്ചു നാളെങ്കിലും ചെണ്ടമേളം അഭ്യസനത്തിൽ ഗുരു സ്ഥാനത്ത് നിർത്താൻ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു. ഇവനു വന്നുപെട്ട ഒരു സൈക്കിൾ അപകടത്തോടെയാണ് ആ ഗുരുശിഷ്യ ബന്ധത്തിന് ഒരു താൽക്കാലിക വിരാമം ഇടേണ്ടി വന്നത്. പിന്നെ ജീവിതത്തിന്റെ കൈവഴികൾ പലതായി പിരിഞ്ഞു. എങ്കിലും അളവറ്റ മനുഷ്യ സ്നേഹത്തിന്റെയും സമഭാവനയുടെയും പ്രകാശം ജ്വലിച്ചു തന്നെ നിന്നു.

പ്രതിഭാപ്പെരുക്കത്തിന്റെ ഒരു ആറാട്ടുത്സവമായിരുന്നു വിദ്യാധരൻ മാഷ്. എന്നാൽ അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ലാളിത്യവും വിനയവും മൂലം അദ്ദേഹത്തിന്റെ മഹത്വം സ്വന്തം നാട്ടുകാർ വേണ്ടത്ര തിരിച്ചറിയുന്നതിനിടയായിട്ടുണ്ടോ എന്ന് സംശയം. മാത്രമല്ല തൊലിനിറം നോക്കി വിലയിടുന്ന രീതി നമുക്കിനിയും തൂത്തുകളയാനായിട്ടില്ലെന്നതും ലജ്ജാകരം തന്നെ.

എങ്കിലും ഐവർകാലയെന്ന തന്റെ നാട്ടുമ്പുറത്തിലും അതിനു പരിസരത്തുമുള്ള കലാവാസനയുള്ള ചെറുപ്പക്കാരെ ഒത്തു ചേർത്ത് 'ചങ്ങാത്തം' എന്ന ഒരു കൂട്ടായ്മ തുടങ്ങിവച്ചു. നെഹ്റു യുവകേന്ദ്ര തുടങ്ങിയ സർക്കാർ ഏജൻസികളിലൂടെ സഹായങ്ങൾ ഏകോപിപ്പിച്ച് അവരുടെ കലാവൈഭവം തേച്ചുമിനുക്കി എടുക്കാനുള്ള ആ പരിശ്രമം പാതിവഴിയാക്കിയാണ് അദ്ദേഹം കടന്നുപോകുന്നത്. ഒരു കൊല്ലം മുമ്പുള്ള വെക്കേഷൻകാലത്തെ കൂടിക്കാഴ്ചയിൽ ഇക്കാര്യങ്ങൾ ആഹ്ളാദത്തോടെ സംസാരിച്ചിരുന്നു. അടുത്തകൊല്ലം എത്തുമ്പോൾ ഇക്കാര്യത്തിൽ കൂടുതൽ ഫലങ്ങൾ ഉണ്ടാകും എന്ന് പ്രതീക്ഷ പ്രകടിപ്പിച്ചാണ് അന്നു പിരിഞ്ഞത്. ഇവനാൽ കഴിയുന്ന സപ്പോർട്ടും വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ അത് അവസാനത്തെ കൂടിക്കാഴ്ചയാകുമെന്ന് കരുതിയില്ല.

കൊല്ലം നീരാവിൽ 'പ്രകാശ് കലാകേന്ദ്ര'ത്തിന്റെയും കടമ്പനാട് നിലയ്ക്കൽ 'മനീഷ' കലാകേന്ദ്രത്തിന്റെയും പ്രവർത്തനങ്ങൾക്ക് അദ്ദേഹത്തിന്റെ സംഭാവനകൾ നിസ്തുലമാണ്.

സ്വാർത്ഥത ലവലേശം പ്രകടിപ്പിച്ചിട്ടില്ലാത്ത മാഷ് സ്വതവേ ഊർജ്ജസ്വലനായിരുന്നെങ്കിലും പ്രമേഹരോഗത്തിന്റെ അസ്കിത കലശലായി ഉണ്ടായിരുന്നു എന്നാണ് അറിയാൻ കഴിയുന്നത്. ഒപ്പം സ്വന്തം ആരോഗ്യകാര്യങ്ങളിലെ ഉപേക്ഷയും കൊറോണക്കാലത്തെ അടച്ചിരിപ്പും ആരോഗ്യം വഷളാക്കിയിരിക്കാം.

ഭൗതികജീവിതത്തിന്റെ പ്രൗഢിയും സമ്പത്തുമൊന്നും അദ്ദേഹത്തെ തെല്ലും ആകർഷിച്ചതായി തോന്നിയിട്ടില്ല. ജീവിക്കാനാവശ്യമായ വരുമാനമേ അദ്ദേഹം തേടിയുള്ളൂ. സമ്പാദ്യത്തിനു തെല്ലുമാഗ്രഹിച്ചില്ല. ജീവിതം തന്നെ കലയ്ക്കുവേണ്ടിയായപ്പോൾ കലയാകട്ടെ കാലയാപനം നടത്തിക്കൊടുത്തുകൊണ്ടുമിരുന്നു. തന്റെ പ്രതിഭയ്ക്ക് പരസ്യം ആഗ്രഹിക്കാത്ത അദ്ദേഹത്തിന്റെ നിഷ്കളങ്കനിലപാടുകളാണ് നാടുമുഴുവൻ കൊണ്ടാടേണ്ട ഈ കലാകാരനെ പരിമിതാതിരുകൾക്കുള്ളിൽ ഒതുക്കിക്കളഞ്ഞത്.

ഉള്ളതുകൊണ്ട് ആത്മാവിൽ തൊട്ട് സന്തോഷത്തോടെ ജീവിതം നയിച്ച ഒരു അവധൂതനാണ് അദ്ദേഹമെന്ന് ഓർത്തു പോകാറുണ്ട്. എന്നാൽ ആധുനികകാലത്ത് കുടുംബസ്ഥനായ ഒരാൾ സമ്പാദ്യത്തിന്റെ പ്രാധാന്യം ഓർത്തു വയ്ക്കേണ്ടതാണെന്ന് തെല്ലു നിരാശയോടെ അദ്ദേഹത്തിന്റെ കാര്യത്തിൽ പറയാതെ വയ്യ. ആ പ്രതിഭയുടെ തിരിനാളം മിടുക്കിയായ മകളിലൂടെ തുടർന്നും പ്രകാശിക്കുമെന്ന പ്രതീക്ഷയും നയിച്ചിരിക്കാം. ഏകമകൾ അഭിജ ചിത്രകലാ വിദ്യയിൽ പ്രാവീണ്യം തെളിയിച്ചു കൊണ്ടിരിക്കുന്ന കലാകാരിയാണ്. മാവേലിക്കര രവിവർമ്മ കോളേജിൽ ചിത്രകലയിലെ ബിരുദാനന്തരബിരുദ വിദ്യാർത്ഥിനിയും.

ആരോടും പരിഭവമില്ലാതെ, ഒരിക്കലും മുഖം കറുപ്പിക്കാതെ അറിഞ്ഞുകൊണ്ട് ആരെയും വേദനിപ്പിക്കാതെ അദ്ദേഹം ജീവിച്ചു കടന്നുപോയി. കലയോടുള്ള അർപ്പണബോധവും ലാളിത്യവും പ്രതിഭാവിലാസവും ആസ്വാദകരുടെയും സുഹൃത്തുക്കളുടെയും ഓർമ്മകളിൽ തെളിഞ്ഞു തന്നെ നിൽക്കും.

അന്തിപ്പോഴൻ
13-07-2020
Youtube Links:-
വിദ്യാധരൻ മാഷ് രചിച്ച സുന്ദരമായ ഒരു പരിസ്ഥിതിഗാനം

വിദ്യാധരൻ മാഷ് രചിച്ച കോവിഡ് ഗാനം- 'ഭൗമഭൂതം'

Sunday, May 31, 2020

Dr. Jacob Thomas IPS, അങ്ങേയ്ക്ക് A big salute....!!


ഏറെ രോഷത്തോടെയും അതിലേറെ വേദനയോടെയുമാണ് ഇവ പോസ്റ്റു ചെയ്യേണ്ടിവരുന്നത്.  ചില കാര്യങ്ങൾ ഏറ്റവും നന്നായി ചെയ്യുന്ന ഒരു സർക്കാരിന് മറ്റുചിലത് ഏറ്റവും വഷളാക്കാനും സാധിക്കുന്നു എന്നതിന്റെ വേദനയാണ്.

കേരളത്തിൽ സത്യസന്ധതയ്ക്കും കാര്യക്ഷമതയ്ക്കും പേരുകേട്ട രണ്ട് ഉദ്യോഗസ്ഥരോടുള്ള പെരുമാറ്റം അങ്ങേയറ്റം ലജ്ജാകരവും നിന്ദ്യവുമാണ്. ഡിജിപി മാരായ ടി പി സെൻകുമാർ, ഡോ. ജേക്കബ് തോമസ് എന്നിവർ ചെയ്ത കുറ്റം എന്താണെന്ന് ഇതുവരെയും സാധാരണ ജനത്തിന് പിടികിട്ടിയിട്ടില്ല. ശ്രീ സെൻകുമാറിന്റെ ഇപ്പോഴത്തെ രാഷ്ട്രീയത്തോട് അഭിപ്രായവ്യത്യാസം ഉണ്ടെങ്കിൽ പോലും ഔദ്യോഗിക സ്ഥാനത്തിരുന്ന കാലമത്രയും ക്ലീൻ ഇമേജ് നിലനിർത്തിയ ആളായിരുന്നു. അദ്ദേഹത്തോടും ഇപ്പോൾ ഡോക്ടർ ജേക്കബ് തോമസ് നോടും കാട്ടിയ 'മൂക്കറുപ്പ്' എന്തിനായിരുന്നു എന്ന് ഇനിയും ആരെങ്കിലും വിശദമാക്കേണ്ടിയിരിക്കുന്നു.

അനീതിക്ക് അറിഞ്ഞു കൊണ്ട് സഖാവ് പിണറായി വിജയൻ കൂട്ടുനിൽക്കും എന്ന് വിചാരിക്കാൻ കാരണങ്ങളില്ല.
ഉദ്യോഗസ്ഥർക്കിടയിലെ ഈഗോയും തൊഴുത്തിൽകുത്തും പരസ്യമായ യാഥാർത്ഥ്യമാണ്. എന്തുമാകട്ടെ, അതിൽ ഇടപെട്ട് സ്വന്തം പുര നാറ്റിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് ചിലപ്പോൾ തോന്നും. അതല്ല, പഴയ ചില മൂരാച്ചിക്കാരണവന്മാരുടെ ദുർവാശി നടത്തലാണ് എന്ന് മറ്റു ചിലപ്പോൾ തോന്നും. തൻകാര്യം നടക്കാത്ത ചില 'ചിറ്റപ്പൻ'മാരുടെ കുത്തിത്തിരിപ്പ് ആണോ എന്നും സംശയമുണ്ട്. എന്തായാലും സാധാരണ ജനത്തിന്റെ വിശ്വാസത്തിൽ വിഷം കലക്കാൻ പോന്ന കാര്യങ്ങളാണ് നടന്നുവരുന്നത്.

കൊലപാതകവും ബലാത്സംഗവും കയ്യേറ്റവും അടക്കം അക്ഷന്തവ്യമായ കുറ്റങ്ങൾ ചെയ്ത 59 പേരെങ്കിലും സർവീസിൽ ഉന്നത സ്ഥാനത്ത് ഇരിക്കുന്നു എന്ന് സർക്കാർ തന്നെ വർഷങ്ങൾക്ക് മുന്നേ സമ്മതിച്ചിട്ടുള്ളതാണ്. ഇവർക്കെതിരെ എന്തെങ്കിലും കാര്യമായ നടപടി നാളിതുവരെ ഉണ്ടായതായി അറിവില്ല. അപ്പോഴാണ് ഒരു പുസ്തകം എഴുതിയതിന്റെ പേരിൽ സത്യസന്ധനെന്നു പേരുകേട്ട ഒരു ഉദ്യോഗസ്ഥനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ ഇപ്പോൾ അനുമതി കൊടുത്തിരിക്കുന്നത്. 'നാണമില്ലേ?'എന്ന് എത്ര തവണയാണ് ചോദിക്കുക..?

ഡോക്ടർ ജേക്കബ് തോമസ് ഏറ്റവും മര്യാദയോടെയും ഉചിതമായും നടത്തിയ പ്രതികരണം ചിന്തനീയമാണ്. (അവധിയായിട്ടും ഒഫിഷ്യൽ ജീവിതത്തിലെ  അവസാനദിവസം ഓഫിസിൽ ഉറങ്ങിയുണർന്ന ചിത്രം ഷെയർ ചെയ്തത് ). എന്നാൽ അദ്ദേഹത്തിന് സൈബറിടത്തിൽ തെറിവിളികൾ കൊണ്ട് അഭിഷേകം ചെയ്യുന്ന ഊച്ചാളി പീസുകൾ തീർച്ചയായും ഉണ്ടാവും. സാരമില്ല.
ആളെണ്ണം കുറവാകും, എന്നാലും ഇതുവരെയുള്ള അദ്ദേഹത്തിന്റെ നിലപാടുകൾക്ക് അന്തിപ്പോഴനെപ്പോലെ ചില പോഴൻമാരുടെ കട്ട സപ്പോർട്ട്.
Dr. Jacob Thomas IPS, അങ്ങേയ്ക്ക് A big salute....!!

(അന്തിപ്പോഴൻ
31-05-2020)

Tuesday, April 7, 2020

ഹോമിയോപ്പതി ഒരു തട്ടിപ്പ്?



തലക്കെട്ട് ഒരു ഞെട്ടൽ ഉണ്ടാക്കിയേക്കാം, ഇന്ത്യക്കാർക്ക്, വിശിഷ്യാ മലയാളികൾക്ക്. സാമാന്യജനത്തിന് പൊതുവേ ഇതൊരു ഷോക്ക് ആവുന്നതിൽ അത്ഭുതമില്ല. ഏറെ വർഷങ്ങളായി ഇത് സംബന്ധിച്ച് പുറത്തുവന്നുകൊണ്ടിരിക്കുന്ന വിവരങ്ങളും പൊതുസംവാദങ്ങളും സാമാന്യജനത്തിൽ നിന്ന് മറച്ചുവയ്ക്കുന്നതിൽ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളും അധികാരികളും ശ്രദ്ധ പുലർത്തി വന്നിട്ടുണ്ട്.

 ഒരുവിധം മിക്ക വിദേശരാജ്യങ്ങളും ഹോമിയോപ്പതിയെ അശാസ്ത്രീയം എന്ന് കണ്ടെത്തി ഒഴിച്ചു നിർത്തുന്നു.

ഇന്ത്യയിലാകട്ടെ ഇതിന് കടകവിരുദ്ധമായി 'ആയുഷ്' എന്നൊരു വകുപ്പ് തന്നെ ഉണ്ടാക്കി എല്ലാ ആൾട്ടർനേറ്റീവ് ചികിത്സാ സമ്പ്രദായങ്ങളും (മോഡേൺ മെഡിസിൻ ഒഴികെ എല്ലാം) ഒരുകുടക്കീഴിൽ എത്തിച്ചിരിക്കുന്നു.
ശാസ്ത്രീയ അടിത്തറയുള്ളവയെ നിലനിർത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക,  അല്ലാത്തവയെ തള്ളിക്കളയുക  എന്നാണ് ശാസ്ത്രപ്രചാരകരുടെ വാദം.

സോഷ്യൽ മീഡിയയുടെ പ്രചാരത്താൽ അവിടെയാണ് ഇത്തരത്തിലുള്ള സംവാദങ്ങളും വിവരങ്ങളും നിലനിൽക്കുന്നത്. എണ്ണത്തിൽ വളരെ കുറവായ ശാസ്ത്ര പ്രചാരകരുടെ ഇടയിൽ.  ബഹുഭൂരിപക്ഷമുള്ള സാധാരണക്കാർക്കിടയിലേക്ക് ഇപ്പോഴും ഈ ചിന്ത എത്തിത്തുടങ്ങിയിട്ടില്ല.

ഈയുള്ളവനും  ഒരു ഞെട്ടലോടെയാണ്  ഇത്തരം ഒരു ലേഖനം അടുത്തിടെ വായിച്ചത്. അതിലെ വാദങ്ങൾ അവഗണിക്കാവുന്നതല്ല എന്നും തിരിച്ചറിയുന്നു.

 പതുക്കെയെങ്കിലും സത്യം എല്ലാവരിലേക്കും എത്തുമെന്നാണ് അവരുടെ പ്രതീക്ഷ. ശാസ്ത്ര പ്രചാരകനായ ശ്രീ. വൈശാഖൻ തമ്പിയുടെ ലേഖനം വായിക്കുക. ലിങ്ക് താഴെ. ചേർത്തല  എൻ.എസ്.എസ് കോളേജിലെ ഫിസിക്സ് അദ്ധ്യാപകനാണ് ഇദ്ദേഹം.


(അന്തിപ്പോഴൻ )
04-04-2020

https://m.facebook.com/vaisakhan.thampi/posts/10204250059839391

Friday, February 7, 2020

ദില്ലി സംസ്ഥാന തെരഞ്ഞെടുപ്പ്- 2020




 ദില്ലിയിൽ ഒരു തെരഞ്ഞെടുപ്പിന് കൂടി കളമൊരുങ്ങിയിരിക്കുന്നു. ജനാധിപത്യവിശ്വാസികൾക്ക് സന്തോഷവും പ്രതീക്ഷയും നൽകുന്നതാണ് ദില്ലിയിലെ നിയമസഭാത്തെരഞ്ഞെടുപ്പ്. സാധാരണക്കാരനായ ഒരാൾ ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്ന റിസൾട്ട് ഇങ്ങനെ.
ആം ആദ്മി പാർട്ടി- 70
മറ്റുള്ളവർ- 0
അരവിന്ദ് കെജ്രിവാൾ എന്ന ജനനേതാവിന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ ജനങ്ങൾക്കുള്ള വിശ്വാസത്തിന് വിളംബരം ആകേണ്ടതാണ് ഈ തെരഞ്ഞെടുപ്പ് സ്കോർ.

ഭാരതത്തിലെ സാഹചര്യങ്ങളിൽ ഒരു പ്രദേശത്തിന് കിട്ടാവുന്ന ഏറ്റവും നല്ല സർക്കാരാണ് കഴിഞ്ഞ അഞ്ചു വർഷം ഡൽഹിയിൽ നിലനിന്നിരുന്നത്. കോൺഗ്രസിനെയും ബിജെപിയെയും പരീക്ഷിച്ചു മടുത്താണ് ദില്ലി ജനത ആംആദ്മി സർക്കാരിനെ തെരഞ്ഞെടുത്തത്.  അവർ മുന്നോട്ടുവെച്ച നയങ്ങളും പരിപാടികളും ഇന്ത്യൻ സാഹചര്യങ്ങളിലെ പരിമിതികൾക്കുള്ളിൽ നിന്ന് പരമാവധി ഭംഗിയായി അവർ നിറവേറ്റുകയും ചെയ്തു.   മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി, അല്പം ചൊവ്വോടെ കാര്യങ്ങൾ നടന്നു പോകാറുള്ള കേരളത്തിനു പോലും മാതൃകയാക്കാവുന്ന നിരവധി ഉദാഹരണങ്ങൾ അവർ സൃഷ്ടിച്ചിരിക്കുന്നു.

ഇന്ത്യയിൽ ആദ്യമായി ബജറ്റിന്റെ നാലിലൊന്നോ അതിലേറെയോ വിദ്യാഭ്യാസത്തിന് വേണ്ടി ചെലവഴിച്ചതും വിജയിച്ചതും  കേജ്രിവാൾ സർക്കാരാണ്. ഇത് എല്ലാ സർക്കാരുകളും മാതൃകയാക്കേണ്ടതാണ്. അങ്ങനെ ഇന്ത്യയിൽ ആദ്യമായി തെരഞ്ഞെടുപ്പിൽ വിദ്യാഭ്യാസം ഒരു അജണ്ടയായി സെറ്റ് ചെയ്യാൻ  ദില്ലി സർക്കാരിന് കഴിഞ്ഞു. ഇന്ന് ദില്ലിയിലെ സർക്കാർ സ്കൂളുകൾ അടിസ്ഥാന സൗകര്യങ്ങളിൽ  സ്വകാര്യ സ്കൂളുകളെക്കാൾ ഒന്നുകൊണ്ടും പിന്നിലല്ല. ('മുഖ'ച്ഛായ മാറിയെങ്കിലും 'അക'ച്ഛായ ഇനിയും മാറാനുണ്ട്.   അത് തുടർന്നുണ്ടാകുമെന്നു പ്രതീക്ഷിക്കാം)

ഈ സർക്കാർ ആരംഭിച്ച മൊഹല്ല ക്ലിനിക്കുകൾ ആരോഗ്യ രംഗത്ത് വൻ വിപ്ലവമാണ് വരുത്തിയിരിക്കുന്നത്. നമ്മുടെ ഗ്രാമീണ PHC (പ്രൈമറി ഹെൽത്ത് സെന്റർ) കളെക്കാൾ  മുന്നിലാണ് മൊഹല്ല ക്ലിനിക്കുകൾ. എല്ലാവർക്കും തൊട്ടടുത്ത ലഭ്യമാവുന്ന സൗജന്യ ചികിത്സ.
പാവപ്പെട്ടവർക്ക് സൗജന്യമായി വെള്ളം, കുറഞ്ഞ ചെലവിൽ വൈദ്യുതി, സ്ത്രീകൾക്ക് സൗജന്യയാത്ര തുടങ്ങിയ അടിസ്ഥാന വിഷയങ്ങൾ അഭിസംബോധന ചെയ്തു വിജയിച്ച മാതൃകയാണ് ജനങ്ങൾക്ക് മുന്നിലുള്ളത്. ഇത്രയധികം സൗജന്യങ്ങൾ അനുവദിച്ചിട്ടുണ്ടെങ്കിലും  ഡൽഹിക്ക്  മിച്ചബജറ്റാണുള്ളത് എന്നോർക്കുക.

 അഴിമതി ഇല്ലാതാക്കുന്നതും  സർക്കാരിന്റെ  അനാവശ്യച്ചെലവ് കുറയ്ക്കുന്നതും എങ്ങനെ എന്ന് അവർ കൺമുന്നിൽ കാണിച്ചുതന്നു. മന്ത്രിമാരുടെയും പേഴ്സണൽ സ്റ്റാഫിന്റെയും എണ്ണം കുറയ്ക്കുന്നതിലൂടെ മാത്രം കോടികളാണ്  ലാഭിച്ചത്. വാക്കും പ്രവൃത്തിയും തമ്മിലുള്ള അകലം കുറയ്ക്കാൻ ഇത്രയധികം പ്രവർത്തിക്കുന്ന ഒരു നേതാവിനെ അരവിന്ദ് കെജ്രിവാളിലല്ലാതെ കാണാൻ പ്രയാസം.

 ഈ വ്യത്യസ്തതയിൽ ജനങ്ങൾക്ക് വിശ്വാസമുണ്ടെന്നത്  ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കാതെ  തരമില്ല. പ്രകടനപത്രികയെ 'പ്രവർത്തന പത്രിക' ആക്കിമാറ്റിയതാണ് അവരുടെ വിജയം.

ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകൾ വ്യത്യസ്തമാണെന്ന ദില്ലി ജനതയുടെ ബോധ്യം അവർ മുമ്പേ തെളിയിച്ചിട്ടുണ്ട്.

 ഒരു പൊതുസമൂഹത്തിന്റെ സഹജമായ പ്രശ്നങ്ങളും പോരായ്മകളും ആം ആദ്മി പാർട്ടിയെയും അലട്ടുന്നുണ്ട്. എന്നാൽ അതിനെ മറികടക്കാൻ വകതിരിവുള്ള നേതൃത്വത്തിന്റെ ഇച്ഛാശക്തി വകവെച്ചുകൊടുത്തേ മതിയാകൂ. അത്തരം മറ്റൊരു മാതൃക നമുക്ക് മുന്നിൽ നിലവിലില്ല തന്നെ.

നാടു ഭരിക്കാൻ നാട്യവും നാടകവുമല്ല, നാടിനും ജനങ്ങൾക്കും വേണ്ടതെന്തെന്ന് ശരിയായ തിരിച്ചറിവുള്ള അരവിന്ദ് കെജ്രിവാളിനെ പോലുള്ള ഒരു നേതാവിനെയാണ് ഇന്ന് ഭാരതത്തിനാവശ്യം.