Tuesday, April 7, 2020

ഹോമിയോപ്പതി ഒരു തട്ടിപ്പ്?



തലക്കെട്ട് ഒരു ഞെട്ടൽ ഉണ്ടാക്കിയേക്കാം, ഇന്ത്യക്കാർക്ക്, വിശിഷ്യാ മലയാളികൾക്ക്. സാമാന്യജനത്തിന് പൊതുവേ ഇതൊരു ഷോക്ക് ആവുന്നതിൽ അത്ഭുതമില്ല. ഏറെ വർഷങ്ങളായി ഇത് സംബന്ധിച്ച് പുറത്തുവന്നുകൊണ്ടിരിക്കുന്ന വിവരങ്ങളും പൊതുസംവാദങ്ങളും സാമാന്യജനത്തിൽ നിന്ന് മറച്ചുവയ്ക്കുന്നതിൽ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളും അധികാരികളും ശ്രദ്ധ പുലർത്തി വന്നിട്ടുണ്ട്.

 ഒരുവിധം മിക്ക വിദേശരാജ്യങ്ങളും ഹോമിയോപ്പതിയെ അശാസ്ത്രീയം എന്ന് കണ്ടെത്തി ഒഴിച്ചു നിർത്തുന്നു.

ഇന്ത്യയിലാകട്ടെ ഇതിന് കടകവിരുദ്ധമായി 'ആയുഷ്' എന്നൊരു വകുപ്പ് തന്നെ ഉണ്ടാക്കി എല്ലാ ആൾട്ടർനേറ്റീവ് ചികിത്സാ സമ്പ്രദായങ്ങളും (മോഡേൺ മെഡിസിൻ ഒഴികെ എല്ലാം) ഒരുകുടക്കീഴിൽ എത്തിച്ചിരിക്കുന്നു.
ശാസ്ത്രീയ അടിത്തറയുള്ളവയെ നിലനിർത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക,  അല്ലാത്തവയെ തള്ളിക്കളയുക  എന്നാണ് ശാസ്ത്രപ്രചാരകരുടെ വാദം.

സോഷ്യൽ മീഡിയയുടെ പ്രചാരത്താൽ അവിടെയാണ് ഇത്തരത്തിലുള്ള സംവാദങ്ങളും വിവരങ്ങളും നിലനിൽക്കുന്നത്. എണ്ണത്തിൽ വളരെ കുറവായ ശാസ്ത്ര പ്രചാരകരുടെ ഇടയിൽ.  ബഹുഭൂരിപക്ഷമുള്ള സാധാരണക്കാർക്കിടയിലേക്ക് ഇപ്പോഴും ഈ ചിന്ത എത്തിത്തുടങ്ങിയിട്ടില്ല.

ഈയുള്ളവനും  ഒരു ഞെട്ടലോടെയാണ്  ഇത്തരം ഒരു ലേഖനം അടുത്തിടെ വായിച്ചത്. അതിലെ വാദങ്ങൾ അവഗണിക്കാവുന്നതല്ല എന്നും തിരിച്ചറിയുന്നു.

 പതുക്കെയെങ്കിലും സത്യം എല്ലാവരിലേക്കും എത്തുമെന്നാണ് അവരുടെ പ്രതീക്ഷ. ശാസ്ത്ര പ്രചാരകനായ ശ്രീ. വൈശാഖൻ തമ്പിയുടെ ലേഖനം വായിക്കുക. ലിങ്ക് താഴെ. ചേർത്തല  എൻ.എസ്.എസ് കോളേജിലെ ഫിസിക്സ് അദ്ധ്യാപകനാണ് ഇദ്ദേഹം.


(അന്തിപ്പോഴൻ )
04-04-2020

https://m.facebook.com/vaisakhan.thampi/posts/10204250059839391

3 comments:

  1. *Vaisakhan Thampi*


    ഒരു മാഗസീന് വേണ്ടി മുൻപെഴുതിയ ലേഖനം. ഹോമിയോ വിമർശനത്തിന് കാരണം ചോദിച്ചവർക്കായി ഷെയർ ചെയ്യുന്നു.

    നമ്മളിവിടെ ചർച്ച ചെയ്യാൻ പോകുന്നത് ഹോമിയോപ്പതി എന്ന ഫ്രോഡ് ചികിത്സാരീതിയെക്കുറിച്ചാണ്. സൂക്ഷിച്ച് നോക്കണ്ടാ, വാക്ക് മാറിപ്പോയതല്ല, ഫ്രോഡ് അഥവാ തട്ടിപ്പ് എന്ന വാക്ക് തന്നെയാണ് അതിന് ഏറ്റവും ചേരുന്നത്. അതിനുള്ള വ്യക്തമായ കാരണമാണ് ഇനി വിശദീകരിക്കാൻ പോകുന്നത്. ഇൻഡ്യയിൽ ഏറ്റവും പരക്കെ നിലനിൽക്കുന്ന അന്ധവിശ്വാസം ഏത് എന്ന ചോദ്യത്തിന് ഉത്തരം ജോതിഷമോ ത്രിമുഖീ രുദ്രാക്ഷമോ ഒന്നുമല്ല, മറിച്ച് ഹോമിയോപ്പതി തന്നെയാണ്. ഡിസ്പെൻസറികളും മെഡിക്കൽ കോളേജും വരെ സർക്കാർ തലത്തിൽ പോലും ഏറ്റെടുത്ത് വിജയകരമായി പ്രോത്സാഹിപ്പിക്കുന്ന നല്ല ഒന്നാന്തരമൊരു അന്ധവിശ്വാസമാണ് ഹോമിയോപ്പതി. അതിന്റെ പോപ്പുലാരിറ്റി എത്രത്തോളം എന്ന് ചോദിച്ചാൽ, ഇന്നും ഇത് വായിക്കുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ശാസ്ത്രഗവേഷകരിൽ പോലും ഭൂരിഭാഗവും ഹോമിയോപ്പതിയുടെ പൊള്ളത്തരം അറിയാത്തവരായിരിക്കും എന്നതാണ് അതിന് തെളിവ്.
    ഒരു ചോദ്യത്തോടെ തുടങ്ങാം. പത്ത് ഉറക്കഗുളികൾ ഒരുമിച്ച് വിഴുങ്ങിയാൽ എന്ത് സംഭവിക്കും? പേടിയാവുന്നോ? സിനിമയിലൊക്കെ കഥാപാത്രങ്ങൾ ആത്മഹത്യയ്ക്ക് തെരെഞ്ഞെടുക്കുന്ന മാർഗമാണല്ലോ ഉറക്കഗുളികാ ഓവർഡോസ്. സംശയിക്കണ്ടാ, ഓവർഡോസ് സ്ലീപ്പിങ് പിൽസ് തീർച്ചയായും മരണകാരണമാകും. പക്ഷേ അത് മോഡേൺ മെഡിസിൻ അഥവാ നാട്ടുംപുറം ഭാഷയിലെ ഇംഗ്ലീഷ് മരുന്നിന്റെ കാര്യത്തിലേ ഉള്ളൂ. ഹോമിയോപ്പതിയിലെ ഉറക്കഗുളിക അമ്പതെണ്ണം കഴിച്ചാലും നിങ്ങൾക്ക് പയറ് പോലെ എണീറ്റ് നടക്കാനാകും. അത് വ്യക്തമാക്കുന്ന വീഡിയോകൾ യൂട്യൂബിൽ ഒരുപാടുണ്ട്. ഒരു ഉദാഹരണം ഇവിടെ: http://goo.gl/B9Yu8V ഇക്കാര്യം ആദ്യമായി കേൾക്കുന്നവരുടെ മനസ്സിൽ ഇപ്പോ തോന്നുന്ന ഇംപ്രഷൻ- “അപ്പോ, അലോപ്പതി മരുന്നിനെക്കാൾ എന്തുകൊണ്ടും സുരക്ഷിതമാണ് ഹോമിയോപ്പതി മരുന്ന്” എന്നായിരിക്കും. വളരെ ശരിയാണ്. ശരിയായ ഹോമിയോപ്പതി മരുന്ന് യാതൊരുവിധ അപകടവും ഉണ്ടാക്കുന്നതല്ല. അതിന്റെ കാരണം പക്ഷേ നിങ്ങൾ കരുതുന്നതല്ല, വെറെയാണ് എന്നേയുള്ളു. ഒരുകൂട്ടം വിഡ്ഢിത്തങ്ങളുടെ ഘോഷയാത്രയാണ് ഹോമിയോപ്പതിയുടെ അടിസ്ഥാനം.
    അത് പറയുന്നതിന് മുൻപേ ഒരു നുറുങ്ങ് കൂടി പറഞ്ഞേക്കാം. അലോപ്പതി എന്നത് ആധുനിക വൈദ്യശാസ്ത്രത്തിനുള്ള സ്റ്റാൻഡേഡ് വിളിപ്പേരല്ല. ഹോമിയോപ്പതിയുടെ ഉപജ്ഞാതാവായ സാമുവൽ ഹാനിമാൻ അന്നത്തെ മോഡേൺ മെഡിസിനെ കളിയാക്കി വിളിക്കാൻ ഉപയോഗിച്ച ഒരു തെറിപ്പേരാണത്. അന്നത്തെ ചികിത്സകൾ സത്യത്തിൽ അത്രയും പ്രാകൃതമായിരുന്നു എന്നതും സമ്മതിച്ചേ പറ്റൂ. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കമാണ് കാലഘട്ടം. സൂക്ഷ്മരോഗാണുക്കൾ കാരണം മനുഷ്യർക്ക് രോഗം ഉണ്ടാകാം എന്ന കാര്യം പോലും അന്ന് ശാസ്ത്രലോകം അംഗീകരിച്ച് തുടങ്ങുന്നതേയുള്ളു. ഹാനിമാനാണെങ്കിൽ രോഗാണുക്കൾ എന്ന സങ്കല്പത്തെ തന്നെ പാടെ തള്ളിക്കളഞ്ഞ ആളുമാണ്. അതായത് ഹോമിയോപ്പതിയുടെ ഉത്ഭവത്തിന്റെ കാരണം തന്നെ, ശാസ്ത്രീയ ചികിത്സയോട് ഹാനിമാന് ഉണ്ടായിരുന്ന കലിപ്പും അതിനെത്തുടർന്ന് മൂപ്പരുടെ മനസ്സിൽ തോന്നിയ ചില മണ്ടൻ ആശയങ്ങളും ആണ്. മണ്ടൻ എന്ന വിശേഷണം വെറുതേ പറഞ്ഞതല്ല എന്ന് ഇനി പറയുന്ന കാര്യം കേൾക്കുമ്പോൾ ബോധ്യപ്പെടും.
    സാമ്യം സാമ്യത്തെ സുഖപ്പെടുത്തുന്നുപോലും!
    ഹോമിയോപ്പതിയുടെ അടിസ്ഥാന തത്വമായി ഹാനിമാൻ അവതരിപ്പിക്കുന്നത്, സാമ്യം സാമ്യത്തെ സുഖപ്പെടുത്തുന്നു എന്നതാണ്. ആരോഗ്യമുള്ള ഒരാളിൽ ഒരു പ്രത്യേക ലക്ഷണം ഉണ്ടാക്കാൻ സാധിയ്ക്കുന്ന ഒരു മരുന്നിന്, അതേ രോഗലക്ഷങ്ങളുള്ള ഒരാളിൽ ആ രോഗത്തെ ഇല്ലാതാക്കാൻ സാധിയ്ക്കുമത്രേ. അതായത്, ഉദാഹരണത്തിന് പനിയുള്ളപ്പോൾ ഒരാൾക്കുള്ള പ്രധാന ലക്ഷണം ശരീര താപനില കൂടും എന്നതാണ്. എക്സ് എന്ന ഒരു പ്രത്യേക വസ്തുവിന് ആരോഗ്യമുള്ള ഒരാളുടെ ശരീരത്തിലെ താപനില കൂട്ടാനാവും എന്നിരിക്കട്ടെ. അങ്ങനെയെങ്കിൽ എക്സിനെ പനിയുടെ മരുന്നായി ഉപയോഗിക്കാൻ കഴിയും! ഈ വിചിത്ര സിദ്ധാന്തത്തിൽ ഹാനിമാൻ എത്തിച്ചേർന്നതിന് ഒരു കാരണമുണ്ട്. അന്ന് മലേറിയ രോഗത്തിന് നിലവിലിരുന്ന ചികിത്സ സിങ്കോണ എന്ന മരത്തിന്റെ പട്ട അരച്ച് കലക്കി കുടിക്കലായിരുന്നു. ഹാനിമാൻ ചെയ്തത്, മലേറിയ ഇല്ലാതിരുന്നിട്ടും പുള്ളി ഈ സാധനം അങ്ങോട്ട് കഴിച്ചു. അപ്പോഴാകട്ടെ, മലേറിയ രോഗത്തിന് സമാനമായ ലക്ഷണങ്ങൾ അദ്ദേഹത്തിന്റെ ശരീരത്തിലും ഉണ്ടായി. ഇതോടെ ഹാനിമാൻ ചാടിക്കയറി ഒരു സിദ്ധാന്തം അങ്ങോട്ട് ഉണ്ടാക്കി. പക്ഷേ പിന്നീടുള്ള അനാലിസിസുകൾ കാണിക്കുന്നത്, ഹാനിമാണ് സത്യത്തിൽ സിങ്കോണ അലർജിയായിരുന്നു എന്നും. അലർജി ലക്ഷണങ്ങളെ മലേറിയ ലക്ഷണങ്ങളായി ഹാനിമാൻ തെറ്റിദ്ധരിച്ചതായിരുന്നു എന്നുമാണ്.
    സംഗതി എന്തായാലും ഇന്നും ഹോമിയോപ്പതിക്കാർ ഘോരഘോരം ഈ സാമ്യം-സാമ്യം വാദമെടുത്ത് പ്രയോഗിക്കാറുണ്ട്. അതിനാകട്ടെ യാതൊരുവിധ ശാസ്ത്രീയ പിൻബലവും ഇല്ലാ താനും. ഡിങ്കൻ ഒരു സൂപ്പർ മൗസാണ് എന്ന് പറയുന്നതിന് ലഭ്യമായ തെളിവുകളേ സാമ്യം സാമ്യത്തെ സുഖപ്പെടുത്തും എന്ന വാദത്തിനും ലഭ്യമായിട്ടുള്ളു.
    .

    ReplyDelete
  2. ...തുടർച്ച..

    നേർപ്പിക്കും തോറും വീര്യം കൂടുന്ന മരുന്ന്!
    ഹോമിയോപ്പതിയിലെ ഏറ്റവും പരിഹാസ്യമായ വാദം ഇതായിരിക്കും. അവിടെ മരുന്നിന്റെ വീര്യം പറയുന്നത് ഒരു പ്രത്യേക രീതിയിലാണ്. Potency എന്നതാണ് വീര്യത്തിന് അവരുപയോഗിക്കുന്ന വാക്ക്. പൊട്ടൻസി കൂടുതൽ എന്നാൽ മരുന്നിന് വീര്യം കൂടുതൽ എന്നർത്ഥം. ഹോമിയോ മരുന്നുകളുടെ വീര്യം പറയുന്നതിന് പല മാനകങ്ങൾ ഉപയോഗിക്കാറുണ്ട് എങ്കിലും Centesimal scale (C scale) എന്നൊരു സ്കെയിലാണ് ഹാനിമാൻ ഉപയോഗിച്ചത്. 1C, 2C, 6C, 100C എന്നിങ്ങനെയുള്ള സൂചകങ്ങൾ വഴിയാണ് ആ രീതിയിൽ വീര്യം സൂചിപ്പിക്കുന്നത്. C-യുടെ കൂടെയുള്ള സംഖ്യ കൂടുന്തോറും പൊട്ടൻസി കൂടും. മരുന്നിന്റെ പൊട്ടൻസി കൂട്ടുന്ന പ്രക്രിയയെ Potentisation എന്ന് പറയും. ഈ പൊട്ടന്റൈസേഷൻ നടത്തുന്ന രീതിയിലാണ് തമാശ കിടക്കുന്നത്.
    മരുന്നിന്റെ ഒറിജിനൽ രൂപത്തെ Mother tincture (മാതൃസത്ത്) എന്ന് വിളിക്കും. ഇവിടന്നാണ് പടിപടിയായി വീര്യം കൂട്ടുന്നത്. അതിനായി മാതൃസത്തിനെ ആദ്യം വെള്ളത്തിലോ ആൽക്കഹോളിലോ ലയിപ്പിക്കും. ഇതാണ് dilution സ്റ്റെപ്പ്. ഇത് കഴിഞ്ഞ് ഈ ലായനിയെ (solution) അതിശക്തമായി കുലുക്കും. ഇതിനെ succussion പ്രക്രിയ എന്ന് വിളിക്കുന്നു. മാതൃസത്തിനെ അതിനെക്കാൾ നൂറിരട്ടി വെള്ളത്തിൽ (ആൽക്കഹോളുമാവാം) dilution-succussion പ്രക്രിയകൾ കഴിച്ച് എടുക്കുമ്പോൾ അത് 1C പൊട്ടൻസിയുള്ള ഹോമിയോ മരുന്നായി. ഇനിയീ 1C പൊട്ടൻസി മരുന്നിൽ നിന്ന് അല്പം എടുത്ത് അതിനെക്കാൾ 100 മടങ്ങ് വെള്ളത്തിൽ ലയിപ്പിച്ച് വീണ്ടുമൊരു dilution-succussion കഴിഞ്ഞുവരുമ്പോൾ കൈയിൽ വരുന്നത് 2C പൊട്ടൻസിയുള്ള ഹോമിയോ മരുന്നായി! അതായത് മാതൃസത്ത് 10,000 മടങ്ങ് വെള്ളത്തിൽ ലയിക്കുന്നതാണ് 2C മരുന്ന്. 2C മരുന്നിൽ നിന്ന് അല്പമെടുത്ത് വീണ്ടും നൂറിരട്ടി വെള്ളത്തിൽ കലക്കലും കുലുക്കലും കഴിച്ചെടുക്കുമ്പോൾ 3C മരുന്നായി! ചുരുക്കത്തിൽ, വീര്യത്തിൽ എത്ര ‘C’ ഉണ്ടോ അതിന്റെ ഇരട്ടി എണ്ണം പൂജ്യം ഒന്നിനോട് ചേർന്നാൽ കിട്ടുന്ന സംഖ്യയുടെ അത്ര മടങ്ങ് വെള്ളത്തിലാണ് മാതൃസത്ത് ലയിപ്പിച്ചിരിക്കുന്നത്. ഒരു മരുന്നിന്റെ പൊട്ടൻസി 10C ആണെങ്കിൽ, മാതൃസത്തിനെ 100,000,000,000,000,000,000 മടങ്ങ് (1 കഴിഞ്ഞ് 2 x 10 = 20 പൂജ്യങ്ങൾ) വെള്ളത്തിലോ ആൽക്കഹോളിലോ ലയിപ്പിച്ചാണ് അതുണ്ടാക്കിയിരിക്കുന്നത്.
    ആദ്യമായി കേൾക്കുന്ന പലർക്കും ഇതാണ് ഹോമിയോപ്പതിയിൽ മരുന്ന് വീര്യം കൂട്ടുന്ന ടെക്നിക് എന്ന് വിശ്വസിക്കാൻ പ്രയാസമായിരിക്കും. പ്രത്യേകിച്ച് ഇത് വായിക്കുന്നവരിൽ കെമിസ്ട്രി പഠിച്ചവർക്ക് ഒറ്റനോട്ടത്തിൽ തന്നെ ഇതൊരു തമാശയായി തോന്നും. പക്ഷേ സത്യമാണ്. നേർപ്പിക്കും തോറും വീര്യം കൂടുന്ന മരുന്ന് എന്ന അതിവിചിത്ര സിദ്ധാന്തമാണ് ഹോമിയോപ്പതിയുടെ അടിസ്ഥാനങ്ങളിൽ ഒന്ന്. ഹോമിയോപ്പതി പഠിപ്പിക്കുന്ന ഏത് പുസ്തകമോ, വെബ് സൈറ്റോ നിങ്ങൾക്ക് പരിശോധിക്കാം. ഇത് ബോധ്യപ്പെടും. അതായത് ഒരു ‘ഹോമിയോപ്പതിക് മദ്യപാനി’യുടെ കണക്കിൽ, റമ്മിൽ എത്രത്തോളം വെള്ളം കൂടുതൽ ചേർത്ത് അടിക്കുന്നോ അത്രത്തോളം കിക്ക് കൂടുതലായിരിക്കും!!
    ഒരു ഹോമിയോ വെബ്സൈറ്റിൽ നിന്നുള്ള വാചകം ഉദ്ധരിച്ചാൽ അത് ഇങ്ങനെയാണ്– “where an accident started off the symptoms and you might give the body a kick start with a high potency dose such as Arnica 200c first and then follow with a lower potency remedy.…”. ആർനിക്ക എന്ന ചെടിയിൽ നിന്നുള്ള സത്തിന് ചില രാസപ്രവർത്തനശേഷികളൊക്കെ ഉണ്ടെന്നതും വേദനയ്ക്കും പൊള്ളലിനുമൊക്കെ ചില പാരമ്പര്യചികിത്സകർ ഉപയോഗിക്കാറുണ്ടെന്നതും സത്യമാണ്. പക്ഷേ ഹോമിയോക്കാര് 200C അളവിൽ നേർപ്പിച്ച് ‘വീര്യം കൂട്ടി’യാണ് ഇത് പ്രയോഗിക്കാൻ പറയുന്നത്. ഒരു തുള്ളി മാതൃസത്തിനെ ഭൂമിയിൽ ലഭ്യമായ മുഴുവൻ ജലത്തിലും കൂടി ലയിപ്പിച്ചാൽ പോലും 13C പൊട്ടൻസി വരെയേ എത്തുള്ളൂ എന്നോർക്കണം. ഒരു തുള്ളി ആർനിക്കാ സത്തിനെ 14C ആക്കണമെങ്കിൽ ഇപ്പോ ഭൂമിയിൽ ഉള്ളതിന്റെ 100 ഇരട്ടി വെള്ളം കൂടി വേണ്ടി വരും. ഇപ്പോ മനസിലായില്ലേ എന്തുകൊണ്ടാണ് ഹോമിയോ മരുന്ന് വളരെ സുരക്ഷിതമാണെന്ന് നേരത്തെ തറപ്പിച്ച് പറഞ്ഞത് എന്ന്? ഹോമിയോപ്പതിക് സിദ്ധാന്തങ്ങൾ കൃത്യമായി അനുസരിച്ച് നിർമ്മിക്കുന്ന യഥാർത്ഥ ഹോമിയോ മരുന്നിൽ പറയാൻ മാത്രം മരുന്നൊന്നും ഉണ്ടാവില്ല എന്നതിനാൽ പ്രത്യേകിച്ച് ദോഷമോ ഗുണമോ ഉണ്ടാവില്ലല്ലോ. അതുകൊണ്ട് ധൈര്യമായി കഴിച്ചോളൂ, പഞ്ചാരമിട്ടായി നുണയാൻ നല്ല രസം തന്നെയാണ്.

    ReplyDelete
  3. ... തുടർച്ച..
    സൈഡ് ഇഫക്റ്റ് അഥവാ പാർശ്വഫലം എന്ന വാക്കിനെ പൊതുവേ ഹോമിയോക്കാര് (അവര് മാത്രമല്ല, അലോപ്പതിക്കാര് ഒഴികേ ഏതാണ്ടെല്ലാവരും) ആക്രമിക്കുന്നത് കാണാം. തങ്ങളുടെ മരുന്നിന് സൈഡ് ഇഫക്റ്റേ ഇല്ല എന്നവർ അവകാശപ്പെടും. ശരിയായിരിക്കും, കാരണം ഇഫക്റ്റ് ഉള്ളതിനേ സൈഡ് ഇഫക്റ്റ് ഉണ്ടാകൂ. എല്ലാ മരുന്നുകളും ശരീരത്തിലേയ്ക്ക് കടത്തിവിടുന്ന രാസവസ്തുക്കളാണ്. അവ ശരീരത്തിൽ പല തരത്തിലുള്ള പ്രഭാവങ്ങളുണ്ടാകും. അവയിൽ ഒന്ന് മാത്രമായിരിക്കും രോഗം ഭേദമാക്കുക എന്നത്. ഉറക്കം വരിക, തലചുറ്റലുണ്ടാവുക തുടങ്ങിയ പാർശ്വഫലങ്ങൾ പല മരുന്നുകൾക്കും സാധാരണമാണ്. പക്ഷേ രോഗം ഭേദമാകുക എന്ന വലിയ ആവശ്യത്തിന് മുന്നിൽ ഇത്തരം ചെറിയ പാർശ്വഫലങ്ങളെ സഹിക്കുക എന്ന മാർഗമേയുള്ളു. ഗുരുതരമായ പാർശ്വഫലം ഉണ്ടാക്കുന്ന മരുന്നുകളെ ഒരിയ്ക്കലും ആരും മരുന്ന് വിപണിയിലെത്തിക്കില്ല എന്നോർക്കണം. വ്യക്തിപരമായി ചില ആളുകൾക്ക് അലർജി ഉണ്ടാക്കുന്ന മരുന്നുകളെ പ്രത്യേകം ശ്രദ്ധിക്കുന്ന പതിവും മോഡേൺ മെഡിസിനിലുണ്ട്. ഏത് മരുന്നിന്റേയും വിശദമായ വിവരങ്ങൾ ഇന്ന് ഇന്റർനെറ്റിലുണ്ട്- അവയുടെ കെമിക്കൽ ഫോർമുലയും പ്രവർത്തനരീതിയും സൈഡ് ഇഫക്റ്റ്സും ഉൾപ്പടെ. എന്നാൽ ഹോമിയോ മരുന്നുകൾക്ക് ഇതൊന്നും ബാധകമല്ല. ഡോക്ടർ പഞ്ചസാര കുപ്പിയിലേയ്ക്ക ഒഴിച്ച് തരുന്ന സാധനം കണ്ണുമടച്ച് നുണയുക എന്നതാണ് ആചാരം!
    250 വർഷം മുൻപ് ഹാനിമാൻ എഴുതിയ ഓർഗനോൺ ഓഫ് മെഡിസിൻ എന്ന പുസ്തകമാണ് ഇന്നും നമ്മുടെ ഹോമിയോ വിദ്യാർത്ഥികൾ പഠിക്കുന്നത് എന്നോർക്കണം. ഈ കാലത്തിനിടെ മോഡേൺ മെഡിസിൻ എവിടന്ന് എവിടം വരെ വളർന്നു എന്ന് നോക്കൂ. പക്ഷേ മേൽപ്പറഞ്ഞ രണ്ട് പരമാബദ്ധ സിദ്ധാന്തങ്ങളും ഹോമിയോപ്പതിയുടെ നട്ടെല്ലായി ഇന്നും നിലനിൽക്കുമ്പോൾ രോഗങ്ങൾക്ക് അത് ഫലപ്രദമായ ഒരു ചികിത്സയാണ് എന്ന് വിശ്വസിക്കുന്നത് ശുദ്ധമായ ഒരുഅന്ധവിശ്വാസം മാത്രമാണ്. ലോകത്ത് ഇന്നുവരെ നടന്നിട്ടുള്ള ശാസ്ത്രീയ പഠനങ്ങളൊക്കെത്തന്നെ ഹോമിയോപ്പതി വിശ്വാസയോഗ്യമല്ല എന്നാണ് തെളിയിച്ചിട്ടുള്ളത്. ഗുരുതരമായ രോഗങ്ങൾക്ക് ഹോമിയോപ്പതി ഉപയോഗിക്കാൻ പാടില്ല എന്നൊരു മുന്നറിയിപ്പ് ലോകാരോഗ്യസംഘടന തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓസ്ട്രേലിയ, ബ്രിട്ടൻ, സ്വിറ്റ്സർലാൻഡ് എന്നീ രാജ്യങ്ങളിൽ ഹോമിയോപ്പതിയെ കുറിച്ച് സർക്കാർ ഏറ്റെടുത്ത് നടത്തിയ പഠനങ്ങളെ തുടർന്ന്, ഹോമിയോപ്പതിയ്ക്ക് യാതൊരു ഫലവും ഇല്ലാ എന്ന് തെളിഞ്ഞു. ഹോമിയോപ്പതിയിലെ ഗവേഷണത്തിന് ഇനി കൂടുതൽ ഫണ്ടിങ് അനുവദിക്കേണ്ടതില്ല എന്നാണ് ആ ഗവേഷകർ ശുപാർശ ചെയ്തത്. ഹോമിയോ മരുന്ന് കഴിച്ചിട്ട് രോഗം ഭേദമായി എന്ന് അവകാശപ്പെടുന്ന പല കേസുകളും, മരുന്നില്ലാതെ തന്നെ മാറുന്ന രോഗങ്ങളാണെന്ന് (self-limiting diseases) കാണാം. നമ്മുടെ നാട്ടിൽ ഹോമിയോ മരുന്നുകളിൽ അലോപ്പതി മരുന്നുകൾ കലർത്തപ്പെടുന്നുണ്ടോ എന്നും സംശയമുണ്ട്.
    അടുത്ത തവണ ഹോമിയോ ഡോക്ടറുടെ അടുത്തേയ്ക്ക് ഓടുന്നതിന് മുൻപ് ആരെങ്കിലും ഒരാൾ രണ്ടാമതൊന്ന് ആലോചിക്കാൻ തയ്യാറായാൽ സമയം പാഴായില്ല എന്നോർത്ത് എനിയ്ക്ക് സന്തോഷിക്കാം.

    വാൽക്കഷണം: അനുഭവസാക്ഷ്യം പറഞ്ഞ് എതിർക്കാൻ ഉദ്ദേശിക്കുന്നവർ ആ സമയം മറ്റ് വല്ല കാര്യങ്ങൾക്കും വിനിയോഗിക്കാനപേക്ഷ. മറുപടി നൽകുന്നതല്ല. Because, plural of anecdote is not data!

    ReplyDelete