Saturday, December 13, 2008

ബർത്ത്‌ഡേകളുണ്ടാകുന്നത്‌...

പണ്ടു ഞങ്ങളുടെ നാട്ടിലെ സ്കൂളുകളിലൊരു പതിവുണ്ടായിരുന്നു, ഒന്നാം ക്ലാസിൽ കുട്ടിയെച്ചേർക്കുമ്പോൾ ഹെഡ്മാസ്റ്റർ അങ്ങേരുടെ പ്രതിഭയ്ക്കനുസരിച്ച്‌ ഒരുബെർത്ത്‌ഡേയങ്ങു സൃഷ്ടിച്ചുനൽകും. ക്ലാസിൽച്ചേർക്കുന്ന തീയതിയിൽ അഞ്ചുവയസ്സു തികയുമാറ്‌ മനക്കണക്കു കൂട്ടി ആ മാസത്തിലെ ഒരു ഡേറ്റ്‌ വച്ച്‌ അഞ്ചുവർഷം മുമ്പ്‌ ഈ തലതെറിച്ചവൻ 'അവതെറിച്ചു' എന്നായിരിക്കും അതിന്റെ രത്നച്ചുരുക്കം. സിമ്പിൾ അരിത്ത്‌മെറ്റിക്‌. അങ്ങനെ മിക്കവരും മെയ്‌, ജൂൺ മാസങ്ങളിൽ ജനിച്ചു.

ഇതിനുകാരണം പക്ഷേ എനിക്കിന്നുതോന്നുന്നത്‌ നമ്മുടെ കാർന്നോമ്മാരുടെ അപാരമായ ഓർമ്മശക്തിയാണു്ന്നാണു്. ഓഫീസുമുറിയിൽ ഓഛാനിച്ചുനിൽക്കുന്ന പിതാശ്രീയോട്‌ തലമാസ്റ്റർ രജിസ്റ്റർ നിവർത്തിവച്ച്‌ വായിലെമുറുക്കാൻ വിസ്തരിച്ചൊന്നുചവച്ച്‌ വരാന്തയിലേക്കുപോലുമിറങ്ങാതെ നിത്യത്തൊഴിലഭ്യാസമെന്ന ലാഘവത്തിൽ മുറ്റത്തേക്കുന്നീട്ടിയൊന്നുതുപ്പി, മേലേക്കുനോക്കി അണ്ണാക്കിൽ നിന്നു് സർക്കാരുവണ്ടി സ്റ്റാർട്ടാക്കാൻ ശ്രമിക്കുമ്പോലെയൊരു ശബ്ദമുണ്ടാക്കി കണ്ഠശുദ്ധിവരുത്തി മുറുക്കാൻ വായിലൊരുവശത്തേക്കൊതുക്കി ഒരുചോദ്യം,
"എന്താ പേരു്"
തന്റെയല്ല, അടുത്തുനിൽക്കുന്ന, അതിനകം മേശപ്പുറത്തിരുന്ന റൂൾത്തടികൊണ്ട്‌ അടുക്കിവച്ചിരുന്ന ഹാജർബുക്കുകൾ കുത്തിമറിച്ചിട്ട്‌ വീണതു താനുദ്ദേശിച്ചതുപോലെയോയെന്നു കൺഫേം ചെയ്യുന്നതിൽ വ്യപൃതനായിരിക്കുന്ന കടിഞ്ഞൂൽക്കനിയുടെയാണെന്നു സാഹചര്യത്തെളിവുകളിൽനിന്നു തിരിച്ചറിഞ്ഞ്‌ ഒരു മിനിറ്റുപോലും അടങ്ങിയിരിക്കാൻ പറ്റാത്ത സൽപുത്രന്റെ പേരുപറയും,
"ശാന്തകുമാർ"
"ഒവ്വ" എന്നൊരു വശംകെട്ട ഭാവം മുഖത്തു വിരിയുമെങ്കിലും ഇവന്റെ ശീലത്തിനു ചേർന്നപേരു പിന്നീടു മറ്റുള്ളകുട്ടികൾതന്നെ വിളിച്ചോളുമെന്നു സമാധാനിച്ച്‌ കേട്ടെഴുത്തു നടത്തും ഹെഡ്മാസ്റ്റർ.കണ്ണടയൊന്നിളക്കിവച്ച്‌ അടുത്ത ഡാറ്റയ്ക്കായി മുഖമുയർത്തും.
"എന്നാ ജനനം?"
രണ്ടാമതൊന്നാലോചിക്കേണ്ടാത്തതുകൊണ്ട്‌ സംശയലേശമെന്യേ ഉത്തരം കൊടുക്കും. "നാലാംകൊല്ലം പൊര കെട്ടിമേഞ്ഞതിന്റെ പിറ്റേന്നന്നെ." ചിന്തോദ്ദീപകമായ മറുപടികേട്ട്‌ താനെന്നെങ്കിലും ഇവന്റെ മേച്ചിലൂണിനു പോയിട്ടുണ്ടോയെന്ന് സാറദ്ദ്യേം ആലോചനാനിമഗ്നനാവും. പിന്നെച്ചോദ്യമില്ല.

ഇവിടെയാണു മുമ്പു പറഞ്ഞ സിമ്പിൾ അരിത്‌മെറ്റിക്‌ മാഷുടെ സഹായത്തിനെത്തുന്നതു്. മാഷ്‌ ഒരുവനു ഹാപ്പിബെർത്ത്‌ഡേ പ്രദാനംചെയ്തുകഴിഞ്ഞു. രജിസ്റ്ററിൽ തീയതി എഴുതിച്ചേർക്കും. തന്റെ ഉത്തരങ്ങളെല്ലാം കൃത്യമല്ലായിരുന്നെങ്കിൽ "വേലുപ്പിള്ളസ്സാറു ചുറ്റിപ്പോയേനെ"യെന്നാശങ്കിച്ച്‌ അതിനിടയുണ്ടാകാതെ മകനെ ഉസ്കൂളിൽ ചേർത്തിയ സംതൃപ്തിയിൽ പിതാവു പടിയിറങ്ങും.

ഏതാണ്ടിത്തരമോ സമാനമായമറ്റേതോ സാഹചര്യത്തിലായിരിക്കണമെന്നുതോന്നുന്നു, എനിക്കും ചാർത്തിക്കിട്ടി ഒരു ബെർത്ത്‌ഡേ. പിൽക്കാലത്ത്‌ അതെന്റെ ഓഫീഷ്യലും ഞാനോർത്തിരിക്കുന്നതുമായ ജനനത്തീയതിയായി.

Wednesday, December 3, 2008

കല്ലടയാറു്-കൊല്ലത്തിന്റെ കൊച്ചുസുന്ദരി !

ഐവർകാലാ മാഹാത്മ്യം(അവസാന ഭാഗം) :

കല്ലടയാറു്-കിഴക്കു കുളത്തൂപ്പുഴമലയിൽ നിന്നുയിർക്കൊണ്ട്‌ അഷ്ടമുടിക്കായലിലലിഞ്ഞു ചേരുംമുൻപ്‌ കൊല്ലംജില്ലയെ തൊട്ടുനനച്ചു ഫലഭൂയിഷ്ഠമാക്കുന്ന ഞങ്ങളുടെ കൊച്ചുസുന്ദരി. പോരാത്തതിന്‌ ഐവർകാലയെ രണ്ടുപുറവുംചുറ്റിവളഞ്ഞു തന്റെകസവുസാരിയുടുപ്പിച്ചു നാടിനെയും സുന്ദരിയാക്കുന്നു അസൂയതീണ്ടാത്ത ആജന്മസുന്ദരി. അറിഞ്ഞോഅറിയാതെയോ ഈ ജീവദായിനിയോടു ഞങ്ങൾ നന്ദികേടുകാണിച്ചിട്ടില്ലേയെന്നു സംശയം. ഇവിടെനിന്നെമ്പാടും പായുന്ന നൂറുകണക്കിനുമണൽ ലോറികളുടെ ഇരമ്പത്തിൽ അവളുടെ ഹൃദയംനുറുങ്ങിയതേങ്ങലുകൾ മുങ്ങിപ്പോവുകയായിരുന്നില്ലേ ഇതുവരെ? 'അന്യജീവനുതകി സ്വജീവിതം ധന്യമാക്കുന്ന' ഇവൾക്കെന്തു പകരം നൽകിയാലാണു മതിയാവുക?

കിഴക്കും തെക്കും വശങ്ങൾ പുഴയാൽചുറ്റപ്പെട്ട ഐവർകാലക്കാർക്ക്‌ പുഴ ഒരുസംസ്കൃതിതന്നെയാണെന്നെടുത്തു പറയേണ്ടല്ലോ. അതോരോകാലത്തും ഓരോഭാവങ്ങളിലാവും, മാനങ്ങളിലാവും. ഇവിടങ്ങളിലൊക്കെ വർഷങ്ങളായിത്തുടരുന്ന ആറ്റുമണൽവാരൽ ജീവിതത്തിന്റെ ശീലമായിക്കഴിഞ്ഞിരുന്നു. അദ്ധ്വാനശീലരായനാട്ടുകാർക്കു ഏറെപ്പേർക്ക്‌ നിത്യവൃത്തിക്കുള്ളവക നൽകിയിരുന്നതും ഇത്തൊഴിലായിരുന്നു. അവർക്കും ഏവരേയുമ്പോലെ പട്ടിണിയായിരുന്നു പരിസ്ഥിതിയേക്കാൾ ഗൗരവമുള്ളത്‌. എങ്കിലും മാറിയ സാഹചര്യങ്ങളുമായും വെളിപാടുകളുമായും പൊരുത്തപ്പെടാനും പരിസ്ഥിതിയെസംരക്ഷിക്കേണ്ടതു ഞങ്ങളുടെതന്നെ വരുംതലമുറയ്ക്കുവേണ്ടിക്കൂടിയാണെന്ന ബോധം ആത്മാവിന്റെഭാഗമാക്കാനും നാട്ടുകാർ പരിശ്രമിക്കുന്നുണ്ട്‌.

മുപ്പതുകൊല്ലങ്ങൾക്കുമുമ്പ്‌ എന്റെചെറുപ്പത്തിൽ ആറ്റിൽനിന്നു തടിയെടുത്തും മീൻപിടിച്ചും കക്കാവാരിയും കഴിഞ്ഞിരുന്നു പലരും. കൃഷിയോടൊപ്പം ഒരുനേരമ്പോക്കായും ഒരഡീഷണൽ വരുമാനമായും ഇത്തരം കലാപരിപാടികൾ പലരുംകൊണ്ടുനടന്നിരുന്നു. എന്നലിന്ന് മണൽവാരി പുഴയാകെ അഗാധകയങ്ങളായതിനാൽ ഇവയ്ക്കുള്ള സ്കോപ്പില്ലെന്നുതന്നെ പറയാം.


അടുത്തകാലത്തു യാത്രയ്ക്കായി തയ്യാറായ ഞാങ്കടവു (njankadavu) പാലം ഞങ്ങളുടെനാടിന്റെ ഒരു ചിരകാലസ്വപ്നമായിരുന്നു. നാൽപതിനടുത്തുവർഷങ്ങളായി ഐവർകാല താലോലിച്ചസ്വപ്നം. പാലംപണിയൊക്കെ സർക്കാരുകാര്യമല്ലേ, മുറപോലെയും മുറംപോലെയുമൊക്കെയായി പാറ്റിക്കൊഴിച്ചെടുക്കാൻ കുറെപാടുപെട്ടു. ഇപ്പോൾ ഞങ്ങൾക്കു കൊട്ടാരക്കരയും തിരോന്തരവുമൊക്കെ ഏറെയടുത്തു. പുത്തൂർവഴി പെട്ടെന്നെത്താമെന്നായി. മുൻപ്‌ പഞ്ചായത്തുവക വള്ളംകടത്തിനെയായിരുന്നു അക്കരെയിക്കരെ പോകാനാശ്രയിച്ചിരുന്നത്‌. അൽപംമുകളിലായി മഠത്തിനാപ്പുഴ, പള്ളിക്കൽ തുടങ്ങിയകടവുകൾ.

കാര്യം പാലം സൗകര്യംതന്നെയെങ്കിലും ഇതുവരെ ഞങ്ങളുടെജീവിതത്തിന്റെഭാഗമായിരുന്ന കടത്തുവള്ളവും കടത്തുകാരനും വള്ളക്കടവിലെ കാത്തിരിപ്പും കൂവൽവിളിയുമൊക്കെ ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളായിമാറിക്കൊണ്ടിരിക്കുന്നു. (ഇങ്ങിവിടെ ഈ അറബിക്കഥയോരത്തിൽ ഇതൊക്കെയോർക്കുമ്പോൾ 'ചെറുതരിസുഖമുള്ളനോവുകളാ'യി ഓർമകൾ...എന്നാലും ഇക്കടവിനുമൽപംതാഴെ എന്റെ വീടിനുതൊട്ടടുത്തുള്ള വേലൻമൂഴിക്കടവിൽ(velanmuzhi) ഞങ്ങൾക്കു കാത്തിരിക്കാൻ പ്രിയപ്പെട്ടചെറുകടത്തുവള്ളവും വള്ളക്കാരനും ഇപ്പോഴുമുണ്ടെന്ന അറിവുതരുന്നസുഖമൊന്നുവേറെ. ഇപ്പറഞ്ഞ സുഖവും നോവുമൊക്കെ ഒരുപ്രവാസിക്കുണ്ടാകുന്ന അതേയളവിലൊരുപക്ഷേ ഒരുനാട്ടുകാരനുതോന്നാനിടയില്ലെങ്കിലും...)

Monday, December 1, 2008

ഞങ്ങടെ സ്വന്തം 'പാകിസ്താൻ' !

ഐവർകാലാ മാഹാത്മ്യം(സ്ഥലപുരാണം)-മൂന്നാം ഭാഗം
***************************************

ഐവർകാലയുടെ അവിഭാജ്യഭാഗമായ 'പാകിസ്താൻ' ഞങ്ങളുടെ അഭിമാനമാണിപ്പോഴും. അതെ, പാകിസ്താൻ തന്നെ. നാനാത്വത്തിൽ ഏകത്വത്തിനും സാഹോദര്യത്തിനും മകുടോദാഹരണമായി ഞങ്ങളുടെ പാകിസ്താൻ. ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോൾ നമുക്കുനഷ്ടപ്പെട്ട പാകിസ്താനുപകരമായി ഞങ്ങൾ രൂപം കൊടുത്ത നമ്മുടെസ്വന്തം പാകിസ്താൻ! അത്‌ ഐവർകാലയുടെ ഭാഗമാണു്. പേരുസൂചിപ്പിക്കുമ്പോലെ മുസ്ലിംസഹോദരന്മാർ ഏറെയുള്ള പ്രദേശം.

ഞാനും വാങ്കുവിളിയുടെ സംഗീതമാസ്വദിക്കാൻ തുടങ്ങിയതിവിടെനിന്നാണു്. നിലയ്ക്കൽ അമ്പലത്തിലെ കീർത്തനാലാപവും പാകിസ്താന്മുക്കിലെ(pakisthan Jn.) വാങ്കുവിളിയും ഒരേമനസ്സോടെ ഏറ്റുവാങ്ങുന്നവരാണീനാട്ടുകാർ. അവ്വോക്കറും അരവിന്ദനും മഹമ്മദും മാധവനും ഇവിടെ ഒരുമിച്ചു പണിയെടുക്കുന്നു, ഉത്സവങ്ങളാഘോഷിക്കുന്നു. ഇവിടെ ഒരിക്കലും കലാപമില്ല. ഗൂഢാലോചനകളില്ല, നുഴഞ്ഞുകയറ്റങ്ങളില്ല. ഇൻഡ്യാ-പാക്‌ ക്രിക്കറ്റുകളിയിൽ ഇൻഡ്യതോറ്റാൽ പടക്കം പൊട്ടാറില്ല. പകരം സച്ചിനും ധോണിക്കും പഠാനും ശ്രീശാന്തനുമെല്ലാം കളിപിഴച്ചാൽ ചെകിടുപൊട്ടുന്ന തെറി കിട്ടാറുണ്ടുതാനും.

ഒരുപക്ഷേ ആദിയിയിൽ ഈവചനമുണ്ടായകാലത്ത്‌ ആരോ ഇടമ്പേരുവിളിച്ചതായിരിക്കണമെന്നു ഞാനൂഹിക്കുന്നു. പക്ഷേ കാലാന്തരത്തിൽ അത്‌ ഐവർകാലയുടെ ഐഡന്റിറ്റിയായി. എന്തിനേയും സ്വാംശീകരിക്കുന്ന നാട്‌. എതിർക്കാൻ വരുന്നവരെയും എതിരായിപ്പറഞ്ഞതിനെയും ഏറ്റെടുത്തുസ്വന്തമാക്കുന്ന നാട്‌. നഷ്ടപ്പെട്ടതിനെ വീണ്ടെടുക്കുന്ന നാടു്. ഇതിനെല്ലാം മറ്റുള്ളവർക്കു മാതൃകയാകുന്ന നാടു്. ഇന്ത്യക്കുനഷ്ടപ്പെട്ട പാകിസ്താൻ ഐവർകാല വീണ്ടെടുക്കുകയായിരുന്നു. കണ്ണുള്ളവർകാണട്ടെ, കാതുള്ളവർ കേൾക്കട്ടെ! ഭാരതത്തിന്റെ ഇതിഹാസപുരാണങ്ങളും ചരിത്രപുസ്തകവും ഇവിടെ തെളിഞ്ഞ കണ്ണുകൾക്കു വായിക്കാൻ ഒരിക്കലും വിഷമമില്ല.
തുടരും-
കല്ലടയാറു്-കൊല്ലത്തിന്റെ കൊച്ചുസുന്ദരി !