Friday, December 20, 2019

അധികാരപ്രമത്തതയുടെ അവിശ്വസനീയ കഥ.

അവിശ്വസനീയമായ ഒരു കഥ പറയാം. കഥയല്ല; സംഭവമാണ്.
ഒരു വിദേശ രാജ്യത്താണ്, പ്രവിശ്യാ ഗവർണർ തിരഞ്ഞെടുപ്പ് നടക്കുന്നു (നമ്മുടെ സംസ്ഥാന മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനു സമം). പത്തിരുപത് കൊല്ലമായി ഈ സ്ഥാനം വഹിക്കുന്നത് ഒരാളാണ്. ആളും അയാളുടെ കുടുംബവും ഒക്കെ ഉയർന്ന നിലയിൽ. സമൂഹത്തിൽ നല്ല പിടിപാടും. അദ്ദേഹത്തിന്റെ മകനാണ് ഇത്തവണ സ്ഥാനാർത്ഥി. മിക്ക ജില്ലകളിലെയും അധികാരികൾ ഗവർണറുടെ മക്കളോ കുടുംബക്കാരോ ആണ്. വരുന്ന തെരഞ്ഞെടുപ്പിൽ എതിരായി മത്സരിക്കുമെന്ന് അന്നാട്ടിലെ അല്പം പിടിപാടുള്ള മറ്റൊരാൾ പ്രഖ്യാപിക്കുന്നു. ആദ്യത്തെയാൾ എതിർസ്ഥാനാർഥിയെ എങ്ങനെയും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നു. "പത്രിക കൊടുത്താൽ അരിഞ്ഞു കളയും" എന്നു ഭീഷണി ഉൾപ്പെടെയുള്ള കാര്യങ്ങൾ.

മറ്റേയാൾ വഴങ്ങുന്നില്ല. നാമനിർദേശ പത്രിക നൽകാൻ തീരുമാനിക്കുന്നു. ഗവർണറും അയാളുടെ പശ്ചാത്തലവും അല്പം, അല്ല കുറെയേറെ പിശകാണ് എന്നറിയാവുന്നതു കൊണ്ട് പുതിയ സ്ഥാനാർത്ഥി ഒരു മുൻകരുതലോടെ തന്റെ ആളുകളെ അയക്കുന്നു. അദ്ദേഹത്തിന്റെ ഭാര്യ, സഹോദരിമാർ, ചില കുടുംബാംഗങ്ങൾ, അടുപ്പമുള്ള അനുയായികൾ. ഏറെയും സ്ത്രീകൾ. സ്ത്രീകളോട് സാധാരണയാരും കയ്യൂക്ക് കാട്ടാറില്ലല്ലോ. ഈ മത്സരം ഇതിനകം നാട്ടിൽ ചർച്ചാവിഷയമായി. മാധ്യമശ്രദ്ധയും പിടിച്ചുപറ്റിയിരുന്നു. TV ചാനലുകൾ ഉൾപ്പെടെയുള്ള മാധ്യമക്കാരും സംഭവം ലൈവ് റിപ്പോർട്ട് ചെയ്യാൻ ഒപ്പം ചേർന്നു.

20 കൊല്ലമായി അധികാരത്തിലിരിക്കുന്ന ശക്തനായ ഗവർണർക്കെതിരെ നാമനിർദേശപത്രിക സമർപ്പിക്കാൻ ഒരാൾ ധൈര്യപ്പെടുകയാണ്.
അദ്ദേഹത്തിന്റെ ഗ്രാമത്തിൽനിന്ന് കുറച്ച് അകലെയാണ് അതിനുള്ള ഓഫീസ്. ഏതാണ്ട് അറുപതോളം പേർ (പത്രക്കാരും ടെലിവിഷൻകാരുമായിത്തന്നെ പത്തു മുപ്പതു പേരുണ്ട്- ഇത്രയും പത്രക്കാർ ഒപ്പമുള്ളതുതന്നെ ഒരു ധൈര്യം ആണല്ലോ) അതിനനുസരിച്ച് വാഹനങ്ങളും അടങ്ങിയ സംഘമാണ് യാത്ര.

യാത്രക്കിടെ വഴിയിലെവിടെയോ വച്ച് ഒരു സംഘം ഗുണ്ടകൾ വാഹനവ്യൂഹത്തെ ആക്രമിക്കുന്നു. തോക്കുചൂണ്ടി വാഹനങ്ങളുൾപ്പെടെ തട്ടിക്കൊണ്ടുപോകുന്നു. കുറച്ചകലെയുള്ള വിജനമായ ഒരു മലമ്പ്രദേശത്തേക്ക്. മറ്റേ നേതാവിന്റെ 'സ്വകാര്യസേന' പണ്ടേ കുപ്രസിദ്ധമാണ്.

അവിടെ ഒരൊഴിഞ്ഞ കോണിൽ ഒരു ജെസിബിയും മൂന്നുനാലു വലിയ കുഴികളും. തോക്കുചൂണ്ടിയ ഗുണ്ടാസംഘം വാഹനത്തിൽ നിന്ന് എല്ലാവരെയും പുറത്തിറക്കുന്നു. കണ്ണിൽ ചോരയില്ലാത്ത അതിക്രമം അരങ്ങേറുന്നു, ബലാത്സംഗം ഉൾപ്പെടെ. നിരത്തി വെടിവെക്കുന്നു. ചിതറിയോടിയവരെ പുറകെ ഓടി വെടിവെച്ചിട്ടു. മരിച്ചവരോ അല്ലാത്തവരോ എന്ന വ്യത്യാസമില്ലാതെ എല്ലാവരെയും, വണ്ടികൾ ഉൾപ്പെടെ, നേരത്തേ തയ്യാറാക്കിയ വലിയ കുഴികളിലേക്ക് ജെസിബി ഉപയോഗിച്ച് തള്ളി. മണ്ണിട്ട് മൂടി.

പത്രിക കൊടുക്കാൻ പോയവർ, കാണാൻ പോയവർ, സംഭവം റിപ്പോർട്ട് ചെയ്യാൻ വന്ന പത്രക്കാർ, എന്നുമാത്രമല്ല സംഭവം നടന്ന സമയത്ത് റോഡിൽ തൊട്ട് മുന്നിലോ പിന്നിലോ ഉണ്ടായിരുന്ന വേറെയും വാഹനങ്ങളിലെ ആളുകൾ, ഡ്രൈവർമാർ, ഇവരുടെയൊക്കെ വണ്ടികൾ - എല്ലാം ഒന്നോടെ മണ്ണിനടിയിൽ.

ഫാന്റസിക്കഥയോ പഴയ ചരിത്രത്തിലെ സംഭവമോ ഒന്നുമല്ല. ഈയടുത്തകാലത്ത് ഫിലിപ്പീൻസിൽ  നടന്നതാണ്. 2009 നവംബർ 23 ന്. തെക്കൻ ഫിലിപ്പൈൻസിലെ മഗിന്ദനാവ് എന്ന പ്രവിശ്യയിലെ ഗവർണർ തെരഞ്ഞെടുപ്പിന്റെ കഥയാണ്. അന്നു ഗവർണറായിരുന്നത് അമ്പത്വാൻ എന്ന ഫാമിലിയിലെ ആളായിരുന്നു. അന്ഡാൾ അമ്പത്വാൻ-സീനിയർ (Andal Ampatuan-Jr). മകനാണ് പുതിയ സ്ഥാനാർഥി (ജൂനിയർ). എതിരായി മത്സരിക്കാൻ വന്നത് മംഗുദദാതു എന്ന കുടുംബത്തിലെ ഇസ്മായിൽ (Esmael Mangudadatu). ആളും പക്ഷേ മോശക്കാരല്ല.

പിന്നീട് സംഭവം പുറത്തായി. കേസായി കോടതിയിലെത്തി. അമ്പത്വാൻ ഫാമിലിയുടെ പിടിപാട് വെച്ചിട്ട് ഈ കേസ് എവിടെയും എത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. പ്രാദേശിക സർക്കാർ മൊത്തം കയ്യിൽ. പോരാത്തതിന് സ്വന്തം നിലയിൽ ഗുണ്ടായിസവും. കുഴിയെടുത്ത ജെസിബി വരെ സർക്കാർവക. അമ്പത്വാൻ കുടുംബത്തിലെ ആളുകൾ, ഗുണ്ടകൾ, പോലീസുകാർ, ഉദ്യോഗസ്ഥർ ഇവരൊക്കെ ആയി 197 പ്രതികളാണുണ്ടായിരുന്നത്. 32 ജേർണലിസ്റ്റുകളുൾപ്പെടെ 58 പേർ കൊല്ലപ്പെട്ടു എന്നാണ് കേസ്. (മീഡിയ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ജേർണലിസ്റ്റുകൾ ഒരുമിച്ച് കൊല്ലപ്പെട്ട സംഭവമാണ്).

വർഷങ്ങളോളം ഒന്നും സംഭവിച്ചില്ല. കേസ് ഇഴഞ്ഞുനീങ്ങി. ഒടുവിൽ വിധിവന്നു. ഇന്നലെ. 19-12- 2019 വ്യാഴാഴ്ച. കുറ്റക്കാരായി കോടതി കണ്ടെത്തിയ 25-ഓളം പ്രധാനപ്രതികളെ -ഗവർണറും മക്കളും ഉൾപ്പെടെ- പരമാവധി ശിക്ഷയായ ജാമ്യമില്ലാ ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. (വധശിക്ഷ ഫിലിപ്പീൻസിൽ ഇല്ല എന്നാണ് അറിയാൻ കഴിഞ്ഞത്). കുറച്ചുപേർക്ക് 10 വർഷം വരെ തടവും വിധിച്ചു. കുറച്ചു പേരെ വെറുതെ വിട്ടു. 87 പ്രതികൾ ഒളിവിലാണ്. ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

എന്തായാലും ഈ കേസോടെ രാജാക്കന്മാരായി വിലസിയിരുന്ന അമ്പത്വാൻ കുടുംബത്തിന്റെ രാഷ്ട്രീയവാഴ്ചയ്ക്കും അന്ത്യമായി. പുതിയ ഗവർണറായി ഇസ്മയിൽ തന്നെ തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം ഇപ്പോഴും ഗവർണറായി 
തുടരുന്നു.

വിശദവിവരങ്ങൾക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.



(രാഷ്ട്രീയവൈരവും വിവരക്കേടും കൂടിക്കുഴഞ്ഞ് ഫാസിസത്തിന് ഇങ്ങനെ എത്രയെത്ര മുഖങ്ങൾ !)

അന്തിപ്പോഴൻ
20-12-2019

Friday, December 6, 2019

ചിരിക്കണോ കരയണോ?

ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടറെ ബലാൽസംഗം ചെയ്തു കത്തിച്ചുകൊന്ന കുറ്റവാളികളെ  പോലീസ് വെടിവെച്ചു കൊന്നു എന്ന വാർത്ത കേട്ടുകൊണ്ടാണ് 06-12-2019 വെള്ളിയാഴ്ച നേരം പുലർന്നത്. ഈ ഗതികെട്ട വർത്തമാനകാലത്ത് ഒരു ദിവസം ആരംഭിക്കാൻ ഇതിനേക്കാൾ നല്ല ശുഭവാർത്ത ഇല്ല തന്നെ.  വിചാരണയില്ലാതെ 'കാട്ടുനീതി' നടപ്പാക്കിയ പോലീസ് ഉദ്യോഗസ്ഥർക്ക്  എങ്ങും കയ്യടിയും പുഷ്പവർഷവും.ഒരു ശരാശരി ഭാരതീയൻ ഇങ്ങനെ ചിന്തിക്കുന്നതിൽ കുറ്റം പറയാൻ പറ്റില്ല.

ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിലാണ്.  നമ്മുടെ നാട്ടിലെ നിയമവാഴ്ചയിൽ  ജനം വിശ്വസിക്കുന്നില്ല എന്നത്  ആരെയാണ് അസ്വസ്ഥരാക്കേണ്ടത്?  ആരുടെ കണ്ണുകളാണ് തുറക്കേണ്ടത്?

പോലീസും പൊതുജനവും നിയമം കയ്യിലെടുക്കുക എന്നതല്ലാതെ  മറ്റു വഴിയില്ല എന്ന് വരുന്നു. നമ്മുടെ അതിഭീകര വർത്തമാനകാല അവസ്ഥയിൽ പറയാവുന്നത് ഇതാണ്- ആൾക്കൂട്ട കൊലപാതകത്തെക്കാൾ ഭേദമാണ് പോലീസ് കൊലപാതകം. തമ്മിൽ ഭേദം തൊമ്മൻ.
(നമ്മുടെ പെൺകുട്ടികളുടെ സുരക്ഷിതത്വം ഓർത്ത് പേടിക്കുക, വ്യവസ്ഥകളെ ഓർത്ത് ലജ്ജിക്കുക അല്ലാതെന്തു ചെയ്യാൻ..!)

കുറ്റവാളികളെ നേരിടാൻ പരിഷ്കൃത സമൂഹത്തിന്റെ വഴി  അവരെ സംസ്കരിച്ചെടുക്കലും അതിനു സാധിക്കാത്തവരെ ഒറ്റപ്പെടുത്തലുമാണ്. ജീവപര്യന്തം ജാമ്യമില്ലാജയിൽവാസം. അപ്പാടെ നീക്കംചെയ്യൽ (കൊല) അല്ല.

നമ്മുടെ നാട് ഇന്ന് ഒരുവിധമെങ്കിലും മുന്നോട്ടുപോകുന്നത് നിയമവാഴ്ചയുടെ മേന്മയോ ഔദ്യോഗിക സംവിധാനങ്ങളുടെ കാര്യക്ഷമതയോ കൊണ്ടല്ല, വ്യക്തികളുടെയോ സമൂഹത്തിന്റെയോ  ധാർമികബോധവും സാമൂഹ്യബോധവും കൊണ്ടാണ്. വിദ്യാഭ്യാസവും മൂല്യബോധവും കുറവുള്ള ഇടങ്ങളിൽ തകർച്ച പ്രകടമാണ്. സമൂഹത്തിന്റെ തകർച്ച പരിഹരിക്കാൻ ഉത്തരവാദപ്പെട്ടവർ വേണ്ടത് ചെയ്യുന്നില്ലെങ്കിൽ കാട്ടുനീതി അല്ലാതെ മറ്റു വഴികളില്ല എന്നത് ഇന്ന് നമ്മുടെ നാട് എത്തി നിൽക്കുന്ന ഗതികേട് തന്നെയാണ് സൂചിപ്പിക്കുന്നത്. തർക്കമില്ല. ആശങ്കാജനകമായ ഒരു അവസ്ഥയുമാണ്.

പതിറ്റാണ്ടുകൾ എടുത്താലും തീരാതെ അനന്തമായ നീളുന്ന വിചാരണയും കോടതി നടപടികളും ആണ് ഈ അവസ്ഥയ്ക്ക്  കാരണമായിരിക്കുന്നത്. പോലീസും കോടതികളും  ഉൾപ്പെടുന്ന  നീതിനിർവഹണവ്യവസ്ഥയും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമടങ്ങുന്ന ഭരണകൂടവും  കുറ്റവാളികളോടു  പുലർത്തുന്ന  അവിശുദ്ധബാന്ധവം മൂലം കുറ്റവാളികൾ രക്ഷപ്പെട്ടു പോകുന്നത് ഈ തകർച്ചയുടെ ആക്കം കൂട്ടുന്നു. ഈ അവസ്ഥയ്ക്ക് ഒരു പരിഹാരം ഉണ്ടാക്കുക എന്നതാണ് വിവേകമുള്ള ഭരണാധികാരികൾ ആദ്യം ചെയ്യേണ്ടത്.
ഇന്നത്തെ അവസ്ഥയിൽ  ഈ അവിവേകത്തിന് കയ്യടിക്കുന്നവരെ കുറ്റം പറയാനും കഴിയില്ല.

ഒപ്പം ഒരു വസ്തുത കൂടി തുറന്നു പറയാതെ തരമില്ല. പോലീസും  സമൂഹവും പുലർത്തുന്ന  ഡബിൾ സ്റ്റാൻഡേർഡ്. പിടിപാട് ഇല്ലാത്തവനോട് എന്തുമാകാം എന്ന ധാർഷ്ട്യം. പ്രതിസ്ഥാനത്ത് സമൂഹത്തിലെ  നിലയും വിലയും ഉള്ള ആളുകൾ ആയിരുന്നെങ്കിൽ പോലീസ് ഇങ്ങനെ നീതി നടപ്പാക്കാൻ മുതിരുമായിരുന്നോ? ഡൽഹിയിലെ തന്തൂരി കേസ് മുതൽ കത്വ, ഉന്നാവ് വരെ  ഉദാഹരണങ്ങൾ അനവധി. അവർക്കും മുട്ടിടിക്കും എന്നതിൽ തർക്കം വേണ്ട.


അണികളുടെ എണ്ണമോ കയ്യടിയുടെ ഒച്ചയോ കൊണ്ട് ഭൂരിപക്ഷത്തിന്റെ 'വികാര'മളക്കാം. 'വിവേക'ത്തിന്റെ  അളവെടുക്കാൻ കഴിയില്ല. വിവേകത്തിന്റെ ശബ്ദം നേർത്തതാണ്. ഒച്ച ഉണ്ടാക്കുന്നവരുടെ ആളെണ്ണം കുറവും. എന്നും എല്ലായിടത്തും അങ്ങനെയാണ്.

കണ്ണു തുറക്കേണ്ടത് അധികാരിവർഗ്ഗം ആണ്. അതിനവരെ പ്രേരിപ്പിക്കുകയാണ് ജനങ്ങൾ ചെയ്യേണ്ടത്.