Thursday, August 5, 2021

കരാട്ടേ പഠനം സ്‌കൂളുകളിൽ സാർവത്രികമാക്കണം

 





വിടരുംമുമ്പേ വാടിവീണ പുഷ്പം- പറക്കും മുൻപേ ചിറകറ്റുവീണ ചിത്രശലഭം- വിസ്മയ എന്ന പെൺകുട്ടി മലയാളിയുടെ വേദനയാവുമ്പോൾ ചോദിച്ചുപോകുന്ന ഒരു ചോദ്യമുണ്ട്- 
വിസ്മയ കരാട്ടേ പഠിച്ചിരുന്നെങ്കിൽ...?!

സംശയമില്ലാത്ത ഉത്തരമിതാണ് - ആത്മഹത്യാചിന്ത (ഇനി അതാണെങ്കിൽ) ഉണ്ടാകില്ലായിരുന്നു. തന്റേടത്തോടെ തലയുയർത്തി ഇറങ്ങിപ്പോന്നേനേ. കിരണിൻറെ തല്ലുകളിലൊന്നെങ്കിലും തടുത്തേനേ. നിവർത്തിയില്ലാതെ വന്നു അവൻ്റെ  ചെകിട്ടത്തൊന്നു പൊട്ടിച്ചേനേ. എന്നുമാത്രമോ, കരാട്ടേ പഠിച്ച അവളെ അവൻ തൊട്ടുപോലും നോവിക്കയില്ലായിരുന്നെന്നു മാത്രമല്ല, തുറിച്ചൊന്നു നോക്കാൻപോലും മടിച്ചേനേ. പരസ്പരബഹുമാനത്തോടെ ഉള്ളതുകൊണ്ടു സന്തോഷത്തോടെ രണ്ടുപേരും ഒരുമിച്ചുതന്നെ ജീവിച്ചേനേ.

പ്രിയമുള്ളവരേ,
സ്ത്രീശാക്തീകരണത്തെക്കുറിച്ചു നമ്മൾ വാതോരാതെ പ്രസംഗിക്കാറുണ്ട്, പദ്ധതികളാവിഷ്കരിക്കാറുണ്ട്. വനിതകൾക്കുവേണ്ടി റിസർവ് ചെയ്ത പ്രത്യേക സീറ്റു മാത്രമല്ല, ബസ്സുവരെ ഇറക്കുന്നു. സ്ത്രീകളുടെ സംരക്ഷണത്തിനുവേണ്ടി വനിതാപോലീസ്, വനിതാസെൽ, വനിതാകമ്മീഷൻ വരെയുണ്ട്.  എന്നിട്ട് എന്തെങ്കിലും ഗുണമുണ്ടായോ? കേസുകളുടെയും സ്ത്രീപീഡനങ്ങളുടെയും ഗാർഹികപീഡനങ്ങളുടെയും എണ്ണം പെരുത്തിട്ടു രണ്ടോമൂന്നോ വനിതാകമ്മീഷൻ വിചാരിച്ചാലും തീർക്കാൻ പറ്റാത്തത്ര കേസുകൾ.

കേസുകളുണ്ടാക്കിയിട്ട് അതു തീർക്കുന്നതല്ലല്ലോ; കേസുകളുണ്ടാവാതെ നോക്കുന്നതല്ലേ ഹീറോയിസം? ഒന്നാലോചിച്ചാൽ ഈകേസുകളിലൊട്ടുമുക്കാലും സ്ത്രീകൾ വാദികളോ ഇരകളോ ആയവയാകും.  പുരുഷന്റെ കൈക്കരുത്തിന്റേയും സ്ത്രീകളുടെ ദൗർബല്യത്തിന്റേയും തെളിവുകളാണിവ. മദ്യത്തിനും മുൻകോപത്തിനും നല്ലൊരു റോളുണ്ടാകും. ഇവയിലൊക്കെ സ്ത്രീകൾ അല്പം കയ്യൂക്കുള്ളവരായിരുന്നെങ്കിൽ ഇവയൊന്നും കേസാകാതെ വീട്ടിൽത്തന്നെ പരിഹരിക്കപ്പെടുമായിരുന്നില്ലേ? 'എന്റെവീട്ടിൽ ഞാനധികാരി എന്നോടാരാ ചോദിക്കാൻ?'  എന്ന ആണധികാരത്തിന്റെ അഹങ്കാരപ്പാടുകൾ. 

ഇതിനൊക്കെ നല്ലൊരളവുവരെ പരിഹാരമാവുന്ന ഒന്നുണ്ട്. പെൺകുട്ടികൾ തന്റേടത്തോടെ വളരണം. അതിനവരെ ചെറുപ്പം മുതലേ കരാട്ടേ പഠിപ്പിക്കുക. (ഒപ്പം കളരിപ്പയറ്റോ കുങ്ഫുവോ ആകാം.) എല്ലാ സ്‌കൂളുകളിലും സിലബസ്സിൽ അവിഭാജ്യഘടകമാക്കണം. ഒന്നാം ക്ളാസ്സ് മുതൽ പത്താംക്‌ളാസ്സ് വരെ നിർബന്ധമാക്കണം.  ഇന്നാട്ടിലെ പെണ്കുട്ടികൾക്കുവേണ്ടി,  ബഹുമാനപ്പെട്ട സർക്കാർ മുമ്പാകെ ഈ അപേക്ഷ സമർപ്പിക്കുന്നു.

 പെൺകുട്ടികളിൽ സ്‌കൂളുകൾ വഴി സർവത്രികമാക്കിക്കഴിഞ്ഞാൽ മറ്റുസ്ത്രീകളെയും പഠിപ്പിക്കണം. നമ്മുടെ സാക്ഷരതാപ്രസ്ഥാനം പോലെ. എല്ലാസ്ത്രീകളും കരാട്ടേ പഠിച്ച ഒരു കിനാശ്ശേരി- അതാണീ പോഴന്റെ സ്വപ്നം. 

കരാട്ടേ പഠിച്ചാലുള്ള ഗുണങ്ങൾ എണ്ണിയാലൊടുങ്ങില്ല:-
  •  കായികബലം മെച്ചപ്പെടുന്നതിനനുസരിച്ചു മനോബലവും മെച്ചപ്പെടും. അതു കൂടുതൽ വെല്ലുവിളി നിറഞ്ഞ പ്രൊജെക്ടുകളിൽ ഏർപ്പെടാനുള്ള ആത്മവിശ്വാസം നൽകും. 
  • പരീക്ഷണങ്ങൾ നേരിടുമ്പോൾ വിജയം വഴിയേവരും. അപ്പോൾ മെച്ചപ്പെട്ട ജീവിതവിജയവും ഉറപ്പാകും. പഠിക്കുന്ന കുട്ടികൾക്കു കൂടുതൽ ഉന്മേഷത്തോടെ തങ്ങളുടെ പഠനം തുടരാം. 
  • കായിക-ആയോധനകലകളിൽ അനിവാര്യമായ ഏകാഗ്രത ജീവിതത്തിലും ശീലമാകും. അതു പഠനത്തെ ഒട്ടൊന്നുമല്ല സഹായിക്കുക.
  • Personality development എന്ന വ്യക്തിത്വവികാസത്തിനും ഇതിനോളം പോന്ന വേറൊരു മാർഗമില്ല.
  • ആത്മനിയന്ത്രണം സ്വഭാവത്തിന്റെ ഭാഗമാകും.
  • പത്തുവർഷം ആയോധനകല ശീലിച്ച പെൺകുട്ടി എന്തിനും പോന്നവളാകും. തെറ്റായ ഒരുനോട്ടം കൊണ്ടുപോലും അവളെ ശല്യപ്പെടുത്താൻ ആരും മുതിരില്ല. ആരിൽനിന്നുമുള്ള ഏതതിക്രമവും പുല്ലുപോലെ നേരിടും.
  • അങ്ങനെ നാട്ടിലും വീട്ടിലുമുള്ള കേസുകളുടെ എണ്ണം കുറയും. 
  • സ്ത്രീകളെ സംരക്ഷിക്കാൻ ആരും മെനക്കെടേണ്ടതില്ല. അവരുടെ സുരക്ഷ അവർ സ്വയം നോക്കും.
  • ഏതുപാതിരായ്ക്കും പെണ്ണിനു പുറത്തിറങ്ങാൻ കാവലുവേണ്ട എന്ന അവസ്ഥയുണ്ടാകും.
  • പോലീസ്, കോടതി, വനിതാകമ്മീഷൻ എന്നുതുടങ്ങി ഇന്നുള്ള സംവിധാനങ്ങളൊക്കെ പരിമിതപ്പെടുത്താം.
  •  സ്ത്രീശാക്‌തീകരണത്തിനും സാമൂഹ്യക്ഷേമത്തിനുമായി വകയിരുത്തുന്ന ചെലവു ഗണ്യമായിക്കുറക്കാം.
  • ഒരു വികസിതസമൂഹത്തിന്റെ മാനദണ്ഡമായ സ്ത്രീ-പുരുഷസമത്വം അതിവേഗം കൈവരിക്കപ്പെടും. അതുവഴി സാമൂഹ്യക്ഷേമവും ഉറപ്പാകും. സാമൂഹ്യക്ഷേമത്തിനാണല്ലോ സമൂഹവും സർക്കാരുമൊക്കെ രാപകൽ പാടുപെടുന്നത്.
  • കരുത്തുള്ള സ്ത്രീയെന്നാൽ കരുത്തുള്ള പുതുതലമുറ എന്നുകൂടി അർത്ഥമുണ്ട്.
  • കായികപരിശീലനനത്തിലുടെക്കിട്ടുന്ന ശാരീരികക്ഷമത രോഗങ്ങളെയും ഒരുപരിധിവരെ അകറ്റിനിർത്തും.
 
പരിശീലനം എങ്ങനെ വേണം?:
  • ഒരിക്കലും ഓപ്ഷണൽ (optional) ആകരുത്. കമ്പൽസറി (compulsory) തന്നെയാകണം. കണക്കും കംപ്യുട്ടറും മുതൽ ചിത്രരചന വരെ അദ്ധ്യാപകരെ വച്ചുപഠിപ്പിക്കുന്നുണ്ടല്ലോ . അതുപോലെ- അല്ല, അതിനേക്കാൾ മേലേ പ്രാധാന്യത്തോടെ കരാട്ടേ പഠിപ്പിക്കണം.
  • എല്ലാദിവസവും ഓരോമണിക്കൂർ.
  • ആവശ്യത്തിനു അദ്ധ്യാപകരെ / ട്രെയ്നർമാരെ കണ്ടെത്തണം. തുടക്കത്തിൽ രണ്ടുസ്‌കൂളിന്‌ ഒരാൾ എന്ന നിലയിലെങ്കിലും ഏർപ്പാടാക്കാം.
  • ഇതിനുള്ള ചെലവ് കടമെടുത്തായാലും കണ്ടെത്തണം. ഐശ്വര്യകേരളത്തിലേക്കുള്ള ഒരു സുപ്രധാനചുവടായിരിക്കുമത്.
  •  സമത്വത്തിന്റേയും പുരോഗമനത്തിന്റേയും പാതയിൽ  ഏറെ പദ്ധതികൾക്കു തുടക്കംകുറിച്ചു രാജ്യത്തിനു വഴികാട്ടിയായിട്ടുള്ള കേരളം തന്നെ ഈ ശാക്തീകരണത്തിനും മുന്നിട്ടിറങ്ങണമെന്ന് അപേക്ഷിക്കുന്നു.

ഒരു നിർദ്ദേശം :- ഇപ്പോൾത്തന്നെ ഫിസിക്കൽ ട്രെയിനേഴ്‌സ് എല്ലാസ്ക്കൂളുകളിലുമുണ്ടല്ലോ. പുതിയതായി വരുന്ന ഈ ഒഴിവുകളിൽ  നിയമിക്കുന്നത് കരാട്ടേ ട്രെയ്നർമാരെയായാൽ ഇരട്ടച്ചെലവൊഴിവാക്കാമല്ലോ. കരാട്ടേ വഴി  ശരിയായ ഫിസിക്കൽ ട്രെയിനിങ്. ക്രമേണ എല്ലാ സ്‌കൂളുകളിലും അധികച്ചെലവില്ലാതെ കരാട്ടെ പഠനം നടക്കും. താത്പര്യമുള്ള ആൺകുട്ടികളും പഠിക്കട്ടെ.  

സാധാരണ സർക്കാർ പ്രോജക്ടുകൾ പോലെ ഒരുപാടു പ്ലാൻ ചെയ്തു സമയം കളയാതെ എത്രയും പെട്ടെന്നു തുടങ്ങിവയ്ക്കുക. പോന്നുപോരായ്മകൾ പിന്നീടു തിരുത്താമല്ലോ. 

ചിലർക്കു ഭാരതസ്ത്രീകളുടെ ഭാവശുദ്ധിയും കുലസ്ത്രീകളുടെ കുലീനതയുമൊക്കെ പൊയ്‌പോകുമോയെന്ന ആശങ്കയുണ്ടാകും. സ്ത്രീകൾ അവരുടെ അവകാശങ്ങൾ നേടുമ്പോൾ അസ്വസ്ഥതയുണ്ടാകുന്നവർ നമുക്കിടയിൽത്തന്നെയുണ്ട്. പുറത്തിറങ്ങി പുരോഗമനം പ്രസംഗിക്കുകയും അകത്തു അടിച്ചമർത്തുകയും ചെയ്യുന്നവർ. നിലവിലെ രീതി മാറിയാൽ വിമ്മിട്ടപ്പെടുന്നവർ. ആണുങ്ങളും പെണ്ണുങ്ങളും. വീട്ടിലെപ്പണിക്കു വേറെയാളെ നോക്കേണ്ടി വരുമോയെന്നാശങ്കിക്കുന്നവർ. അങ്ങനെ ഭയപ്പെടേണ്ടാ.
സ്ത്രീകൾ ഇപ്പോൾ ചെയ്യുന്ന പണികൾ കൂടുതൽ ഭംഗിയായി ചെയ്യാനുള്ള പരിശീലനമാണിതെന്നു മനസ്സിലാക്കിയാൽ പിന്നെ പ്രശ്നമില്ല.

ഇനി, എന്തിലും ദോഷം മാത്രം കാണുന്നവരുണ്ടല്ലോ- പണിക്കുറ്റമില്ലാത്ത പുത്തൻവീടു കണ്ടാൽ പോലും "പൊളിക്കാനിത്തിരി പാടുപെടും" എന്നു നെടുവീർപ്പിടുന്ന ദോഷൈകദൃക്കുകളോടൊരു വാക്ക് : "പെൺഗുണ്ടകൾ പൂണ്ടുവിളയാടും; കെട്ട്യോനെത്തല്ലികൾ നാടുവാഴും" എന്നൊക്കെ പറയാൻ നാവുവളക്കേണ്ടതില്ല. പെണ്ണിൻ്റെ പഠനം പാഴായും പാതിരായും പോയ ചരിത്രമില്ല. തടുക്കാനാണു പഠനമെങ്കിലും അറ്റകൈക്കു രണ്ടുകൊടുക്കാനുമാകും. അതിനാണു വിദ്യ. വെള്ളമടിച്ചു വീട്ടിലെത്തി തള്ളയ്ക്കുവിളിക്കുന്നവന്റെ ചെകിട്ടത്തു രണ്ടുകൊടുക്ക തന്നെ വേണം. പുരുഷകേസരികൾക്ക് ഒരുപക്ഷേ ആദ്യമാദ്യമുണ്ടായേക്കാവുന്ന അസ്കിതകൾ പോകെപ്പോകെ മാറിക്കൊള്ളും. 
സമത്വവും സ്വാതന്ത്ര്യവുമൊക്കെ മേനിപറച്ചിൽ മാത്രമല്ലെങ്കിൽ ഈ ആശയം  നടപ്പിലാക്കാൻ നിങ്ങൾ കൈകൊടുക്കുമോയെന്നതാണ് ഇന്നിന്റെ ചോദ്യം. നാളെയുടെയും.