Saturday, November 15, 2008

ചില കുറിമാനങ്ങൾ

വിശാലമനസ്കന്റെ ഡൂബായ്‌ സിറ്റിയിലെ പുതിയഫ്ലാറ്റിലേക്കയച്ച അറിയിപ്പ്‌.:-വിശാലപ്രഭോ ! അടിയൻ ഈബ്ലൂലോകത്തിലെ ഒരു പിച്ചക്കാരനാണു്‌. ന്ന്വച്ചാൽ പിച്ചനടക്കാൻ പടിക്കണേള്ളൂന്ന്‌. ഒരു പുതുക്കൻ.
അടിയനൊരൂട്ടം പോഴത്തം കാട്ടീട്ട്ണ്ട്‌. മാപ്പാക്കണം(സ്കെയിലു തെറ്റണ്ടാ). തീരെനിവൃത്തില്ലാഞ്ഞ്‌ ഒരുബ്ലോഗുണ്ടാക്കി അവുടുത്തേക്കു സമർപ്പിച്‌(ചിരിക്കുണു). അവിടത്തെ പെർമ്മിഷൻ മാങ്ങാണ്ട്‌. അങ്ങയുടെ മൂത്തുപഴുത്തബ്ലോങ്ങാ മൊത്തം ഒറ്റയിരിപ്പിനു ചവച്ചരച്ചകത്താക്കിയതിന്റെ ഒരാവേശത്തിൽ ചെയ്തുപോയതാണു്‌. നാലു തെറി(പച്ചമലയാളത്തിൽ പറഞ്ഞാൽ 'കമന്റ്‌') മുഖത്തുനോക്കിപ്പറയണംന്നു തോന്നി. അതിനുകണ്ടവഴിയാണു്‌. മാപ്പുണ്ടാക്കണം.
ബ്ലോഗ്‌ ഉണ്ടയായിക്കഴിഞ്ഞപ്പോൾ, കാക്കത്തൊള്ളായിരം ആത്മാക്കൾ ഗതിയില്ലാതുരുണ്ടുനടക്കുന്ന ഈലോകത്ത്‌ അങ്ങനൊരുഗതിയുണ്ടാകാതെ എവിടെയെങ്കിലുമൊന്നിരുത്തണമെന്നു തോന്നി. (എന്നേക്കും കൊണ്ടുനടക്കാനുള്ള പാങ്ങ്‌ അടിയനില്ലാ.) അതു നമ്മുടെ നാട്ടുമ്പുറത്തു മന്ത്രവാദികളുടെ പക്കലുള്ള സാധാരണ പരിഹാരമാണല്ലോ. അങ്ങനെ അതിനെ അങ്ങയുടെ പാരഗൺ ചപ്പലിന്റെ തൊട്ടുമുന്നിലായിവച്ചിട്ടു അടിയൻ മാറി ദേ ഇങ്ങു തീണ്ടാപ്പാടകലെ ഓഛാനിച്ചുനിൽക്കാണ്‌. സ്വീകരിച്ചനുഗ്രഹിക്കാൻ തിരുവുള്ളക്കേടുണ്ടാകണം.
ഏർക്കനവേ ഈവിവരം ഇഞ്ചെക്ഷൻ ചെയ്ത്‌(സൂചിപ്പിച്ച്‌) ഒരു കമന്റ്‌ അടിയൻ അങ്ങയുടെ പുരാതനബ്ലോഗിന്റെ മതിലിന്മേൽ തേച്ചുപിടിപ്പിച്ചിരുന്നു. ആദ്യമേയീ പോഴന്റെ പാഴ്‌കുടിലിന്റെ പുറത്തു ഒരു ബോർഡു വച്ചിരുന്നു, അങ്ങ്‌ അതുവഴിയേ എഴുന്നള്ളുമ്പോൾ തൃക്കൺപാർക്കാൻ പാകത്തിൽ. എവടെ?! അത്തപ്പാടി എന്നും അത്തപ്പാടി തന്നെയെന്നു ബോധ്യായപ്പോളാണു്‌ പായുംചുരുട്ടി അങ്ങയുടെ കോലോത്തെത്തിയത്‌.
ഏറെനാളായി ആൾപ്പെരുമാറ്റമില്ലാതെ കിടക്കുകയാണെന്നു പുറത്തുനിന്നു കണ്ടപ്പോൾ തോന്നി. മുറ്റമടിക്കാറില്ല. കരിയിലയും ഓലമടലും തലങ്ങും വിലങ്ങും കിടക്കുന്നു. ആരൊക്കെയോവന്നുകണ്ടു കമണ്ടിപ്പോയതു കണ്ടമാനം കൂട്ടിയിട്ടിരിക്കുന്നു. കാത്തിരുന്നുമടുത്തപ്പോൾ എന്‌തായാലുംവന്നില്ലേയെന്നുകരുതി വന്നിടമറിയിക്കാൻ അടിയന്റെ കൈക്കുറ്റപ്പാട്‌ കിട്ടിയവട്ടപ്പശവച്ചൊട്ടിച്ചുവച്ചു, മതിലിലിന്മേൽത്തന്നെ. അങ്ങു വന്നാൽത്തന്നെ കോലോത്തിന്റെയവസ്ഥ കണ്ട്‌ അകത്തുകയറിയില്ലെങ്കിലോ? പുറത്തുവച്ചുതന്നെ കണ്ടോട്ടെയെന്നുവച്ചു.(അടിയന്റെ ചെറീയ (അപ്പക്കാള)പുത്തിയിൽ തോന്നിയതാണേ).
പിന്നീടാണറിഞ്ഞത്‌ അങ്ങയുടെ, ദൂബായിസിറ്റിയിലുള്ള പുതിയഫ്ലാറ്റിൽ ഇടക്കിടെവന്നുപോകാറുണ്ടെന്നും അവിടെത്തിയാൽ മുഖംകാണിക്കാമെന്നും.(ദെന്‌താപ്പൊ പുതിയൊരു ഫ്ലാറ്റ്‌സംസ്കാരം? സ്റ്റാർ സിങ്ങർ സ്പോൺസറാവാനുള്ള ഐഡിയാ വല്ലതുമുണ്ടാ?) അങ്ങനെ പെട്ടിയുംകെടക്കയുമെടുത്ത്‌ ഇങ്ങോട്ടുവിട്ടിരിക്കുകയാണു്‌.
എന്നാൽ ഇങ്ങ്‌ അറകെട്ടിത്താമസിച്ച്‌ ഇത്തിരുമുറ്റം മറ്റൊരു ചെങ്ങറയാക്കാമ്പോവ്വാണെന്ന തിരുപ്പേടിയൊന്നും വേണ്ടാട്ടൊ.വന്നവിവരമുണർത്തിച്ചു്‌ ഒടിഞ്ഞുമടങ്ങിക്കൊള്ളാമേ. ഈ പോഴന്റെ സമർപണത്തിനു പിന്നിൽ മറ്റൊരുലാഭം കൂടി ഇച്ചെറിയപുത്തിയിൽ(വീണ്ടും അപ്പക്കാള)കാണുന്നുണ്ട്‌. അവിടുത്തേക്കാത്തുരക്ഷിച്ചുപോരുന്ന എടക്കാടുമുത്തപ്പന്റെ കരുണാകടാക്ഷം ഒരിത്തിരിപ്പോലം അടിയന്റെ നേർക്കുമുണ്ടായെങ്കിലോ? യേത്‌, ബെറ്‌തെ കിട്ടണത്‌ എന്‌തിന്‌ ബേണ്ടാന്നുബെക്കണം? (ആയതിലേക്കായി ഒരു ചിന്ന ശുപാർശ തിരുമുഖത്തുനിന്നുമുണ്ടാകാൻ മനസ്സിരുത്തണമെന്നുണർത്തിച്ച്‌ അട്യേൻ അങ്ങ്‌ട്‌.....)

No comments:

Post a Comment