Monday, July 4, 2022

ഭാനുസാറിന് വേദനയോടെ വിട..!

 

ആർ.ഭാനു, പാങ്ങോട്

വളരെ വേദനയോടെയാണ് ഭാനുസാർ നമ്മെ വിട്ടുപിരിഞ്ഞുവെന്ന വിവരമറിഞ്ഞത്. പവിത്രേശ്വരം പഞ്ചായത്തിലും കൊല്ലം ജില്ലയുടെ സാംസ്കാരികമണ്ഡലത്തിലും നിറഞ്ഞുനിന്ന പേരാണത്. അധ്യാപകനും കവിയും സാഹിത്യകാരനുമെന്നനിലയിലും സമൂഹത്തിനു വേണ്ടി സമർപ്പിച്ച ജീവിതമെന്ന നിലയിലും മാത്രമല്ല, ഒരു തികഞ്ഞ മനുഷ്യസ്നേഹിയുമായിരുന്ന ആ പുണ്യാത്മാവിനു നിത്യശാന്തി നേർന്നുകൊള്ളുന്നു.

ഭാനു പാങ്ങോട്- എനിക്കു നേരിട്ടറിയാവുന്ന ഒരാളിൻ്റെ പേര് ഒരുപുസ്തകത്തിലച്ചടിച്ചു ആദ്യമായി  കാണുന്നത് ഇദ്ദേഹത്തിൻ്റെ കവിതാപുസ്തകത്തിലാണ്. ഓർമ്മ വെച്ചനാൾമുതൽ കേട്ടുതുടങ്ങിയ പേരാണത്. ചേട്ടൻ രവികുമാർ കുഴിക്കലിടവക UP സ്‌കൂളിൽ പഠിക്കാൻ തുടങ്ങിയതു മുതൽ. അച്ഛൻ്റെയും (ഗാനകോകിലം പണ്ഡിറ്റ് കെ.എസ് നായർ.) സുഹൃത്തായിരുന്നതിനാൽ വിരളമായ ആ പേരിനു തെല്ലും അപരിചിതത്വമുണ്ടായില്ല. എൻ്റെ പഠനം പാങ്ങോട്ടാരംഭിക്കുന്നതു ഹൈസ്‌കൂളിലായിരുന്നതിനാൽ ഭാനുസാറിനെ അകലെനിന്നു കണ്ടുകേട്ട പരിചയമേയുണ്ടായിരുന്നുള്ളൂ. പിന്നീട്‌ ഏറെക്കാലം കഴിഞ്ഞു പാങ്ങോട് ബ്രില്യന്റിൽ പഠിപ്പിക്കാൻ തുടങ്ങിയതോടെയാണ് സാറുമായി നേരിട്ടു പരിചയത്തിലാകുന്നതും ഇടപഴകാനാരംഭിച്ചതും. അദ്ദേഹത്തിൻ്റെ നിസ്തുലമായ സേവനം അവിടെയും പ്രയോജനപ്പെടുത്തിയിരുന്നുവല്ലോ.

അദ്ദേഹത്തിൻ്റെ ബഹുമാന്യസുഹൃത്തിൻ്റെ മകൻ എന്നനിലയിലാണു തുടക്കം. പിന്നീട് ആ വാത്സല്യവും സ്നേഹവും ഒട്ടുംകുറയാതെ അനുഭവിക്കാനും ഭാഗ്യമുണ്ടായി. തൊഴിൽകാര്യാർത്ഥം അന്യദേശങ്ങളിലേക്ക് പോയതോടെയാണ് നേരിട്ടുകാണാനും അറിയാനും കഴിയാതെയായത്.

ഏറെ വർഷങ്ങൾക്കുശേഷം മൂന്നു കൊല്ലം മുമ്പ് പാങ്ങോടുവഴിയുള്ള യാത്രയിൽ അദ്ദേഹത്തെ വീട്ടിലെത്തിക്കാണുമ്പോൾ സഹോദരൻ്റെയൊപ്പമായിരുന്നു  താമസം. പറഞ്ഞുപരിചയപ്പെടുത്തേണ്ടി വന്നു. ഓർമ്മകൾ നഷ്ടപ്പെട്ടുതുടങ്ങിയെന്നു  വേദനയോടെ ഞാൻ മനസ്സിലാക്കി. പിന്നീടിപ്പോൾ ഈവിയോഗവാർത്ത കേൾക്കുമ്പോൾ വല്ലാത്ത സങ്കടമുണ്ട്.
അറിവും ആത്മാർത്ഥതയും സമയവും നാടിനുവേണ്ടി സമർപ്പിച്ച ജീവിതം.

 എല്ലാപ്രകാരത്തിലും അന്യജീവനുതകി സ്വജീവിതം ധന്യമാക്കിയ ഭാനുസാറിന്, നല്കാൻബാക്കിവച്ച ഒരു ഗാഢാലിംഗനത്തോടെ വിടചൊല്ലുന്നു. നിത്യശാന്തി നേരുന്നു..!

1 comment:

  1. https://m.facebook.com/story.php?story_fbid=pfbid0J7NCgh8g1QAnLw1RjpH3KF3fcudZ9mH8gPGkGzd8U7P6GnLkfN8YqZLagpbzqsp7l&id=100000673271208&sfnsn=wiwspwa

    ReplyDelete