Sunday, March 23, 2014

ചില രാഷ്ട്രീയ(ച്ചിരി)ക്കാഴ്ചകൾ-


കോൺഗ്രസ്സിന്റെ ശനിദശയിൽ  ശ്രീ വി.എം.('വെറും മണ്ടനായ'-ഗ്രൂപ്പുകളിയിൽ) സുധീരനു പ്രസിഡന്റുയോഗം. ദശാപഹാരം നേതാവിനും. 'പാഥസാം നിചയം വാർന്നൊഴിഞ്ഞളവു...' ക(പ)തിരിന്മേൽ വളപ്രയോഗം നടത്തുന്ന ധീരകർഷകൻ.  ഫലമെന്തെന്നു സുവ്യക്തം. 
നേട്ടം, അടുത്തവിളവിനു വിത്തിനുള്ളതെങ്കിലും കൊയ്യാം. വിത്തെടുത്തു കുത്തിയോർക്കും അതു വിത്തമാക്കി മുക്കിയോർക്കും ഇപ്പോൾ കൈകഴുകി മേനിനടിക്കാം.
വേലിയിലുണങ്ങാൻ കിടന്ന (ചായക്കടയിലെ)തോർത്തെടുത്തു കോണകമാക്കിയ കോൺഗ്രസ്സിനു പണികിട്ടി. വീണുകിട്ടിയ വടിയെടുത്തു പണിയറിയാവുന്നവർ പണിതുടങ്ങി. വല്ലഭനു ചായക്കടയും ചർച്ചക്കട. ഭൂതകാലത്തിലെ ചായക്കഥയിൽ നാണിച്ചിരുന്ന ഭാരതീയപ്പാർട്ടിക്കും ഭാവിപ്രധാനമന്ത്രിയ്ക്കും എന്തൊരു 'കടുംചായമോടി' !

പറ്റിയപറ്റു മറയ്ക്കാൻ ഇപ്പോൾ പാരമ്പര്യപ്പാർട്ടി പ്ളേറ്റു തിരിക്കുന്നു. ചായക്കോണ്ട്രാക്ടെടുക്കാൻ ചെറമിക്കുന്നു. 

യഥാർത്ഥചായക്കച്ചവടം താനാണു നടത്തിയിരുന്നതെന്നു പണ്ടുകാലിത്തീറ്റക്കച്ചവടത്തിൽ കടപൂട്ടിയ യാദവൻ. കാലിയെക്കറന്നു പാലെടുത്തതു പിന്നെ വെറുതെയോ എന്നു തെളിവും ഹാജർ. രണ്ടുനാലാണ്ടിലൊ(രോ)രുത്തരെ കൂട്ടിലാക്കിക്കിടത്തുന്നതും.... ഹൊ, ഓരോരോ മോഹങ്ങൾ.

വിരിച്ചിട്ട കാവിപ്പരവതാനിയിലൂടെ ഇന്ദ്ര(പ്രസ്ഥ)ക്കസേരയിലേക്കു ചുമ്മാചെന്നങ്ങു കേറാമെന്നു മോഹിച്ചവർക്കും കൂടിയാണു 'സാദാപ്പാർട്ടി' അമ്പതുനാളിനുള്ളിൽ ആപ്പടിച്ചിരിക്കുന്നത്. രണ്ടുനാൾ കൂടി 'സമ-രണം' എന്ന കളിയാട്ടം നടത്തി രാജിവച്ചിരുന്നേൽ അമ്പത്തൊന്നിന്റെ കാവ്യഭംഗിയൊന്നു വേറെയായേനെ, ശ്രേഷ്ഠമലയാളിക്ക്.
 അമ്പത്തൊന്നക്ഷരാളി വൃത്തത്തിലെ വിപ്ളവകവിത നീട്ടിയും കുറുക്കിയും ഈണം കിട്ടാതെ ഏത്തമിടുന്നവർ-(മിന്നൽ)പിണറായിട്ടും അതിന്റെ പ്രകാശം(കരണം മറിഞ്ഞു) കാരാട്ടെ കാട്ടിയും. കേജ്രിവാളിനുണ്ടോ കാവ്യഗുണമറിയുന്നൂ...? ഭരണഘടനയ്ക്കും വൃത്തഭംഗി പോരെന്നു വ്യാഖ്യാനിക്കുന്ന ദുർഗ്ഗുണൻ.

 ഞങ്ങളു പണ്ടേ സാദായാണെന്നു സ്ഥാപിക്കുന്നവർ ഇപ്പോൾ പക്ഷേ 'അമ്പത്തൊന്ന്' എന്ന പ്രയോഗം ശ്രേഷ്ഠമല'വാളി'ൽനിന്നു ഡിലീറ്റാക്കാനുള്ള പ്രയത്നത്തിലാണു്.  '...പണ്ടേപ്പോലെ ഫലിക്കുന്നില്ലെ'ന്നു  കുഞ്ചൻ മാത്രമല്ല സകല പോങ്ങന്മാരും തു(ത)ള്ളാൻ തുടങ്ങിയിരിക്കുന്നതു മാത്രമല്ല പെരിയ ശങ്കടം - കാവിലെ പാട്ടുമത്സരത്തിനു ഇനി അധികനാളുമില്ലല്ലോ.  

1 comment:

  1. പത്രവാർത്തകളിലൂടെ സഞ്ചരിച്ചപ്പോൾ 'കുരു'ത്തിരിഞ്ഞതു്.

    ReplyDelete