ഐവർകാലാ മാഹാത്മ്യം(സ്ഥലപുരാണം)-മൂന്നാം ഭാഗം
***************************************
ഐവർകാലയുടെ അവിഭാജ്യഭാഗമായ 'പാകിസ്താൻ' ഞങ്ങളുടെ അഭിമാനമാണിപ്പോഴും. അതെ, പാകിസ്താൻ തന്നെ. നാനാത്വത്തിൽ ഏകത്വത്തിനും സാഹോദര്യത്തിനും മകുടോദാഹരണമായി ഞങ്ങളുടെ പാകിസ്താൻ. ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോൾ നമുക്കുനഷ്ടപ്പെട്ട പാകിസ്താനുപകരമായി ഞങ്ങൾ രൂപം കൊടുത്ത നമ്മുടെസ്വന്തം പാകിസ്താൻ! അത് ഐവർകാലയുടെ ഭാഗമാണു്. പേരുസൂചിപ്പിക്കുമ്പോലെ മുസ്ലിംസഹോദരന്മാർ ഏറെയുള്ള പ്രദേശം.
ഞാനും വാങ്കുവിളിയുടെ സംഗീതമാസ്വദിക്കാൻ തുടങ്ങിയതിവിടെനിന്നാണു്. നിലയ്ക്കൽ അമ്പലത്തിലെ കീർത്തനാലാപവും പാകിസ്താന്മുക്കിലെ(pakisthan Jn.) വാങ്കുവിളിയും ഒരേമനസ്സോടെ ഏറ്റുവാങ്ങുന്നവരാണീനാട്ടുകാർ. അവ്വോക്കറും അരവിന്ദനും മഹമ്മദും മാധവനും ഇവിടെ ഒരുമിച്ചു പണിയെടുക്കുന്നു, ഉത്സവങ്ങളാഘോഷിക്കുന്നു. ഇവിടെ ഒരിക്കലും കലാപമില്ല. ഗൂഢാലോചനകളില്ല, നുഴഞ്ഞുകയറ്റങ്ങളില്ല. ഇൻഡ്യാ-പാക് ക്രിക്കറ്റുകളിയിൽ ഇൻഡ്യതോറ്റാൽ പടക്കം പൊട്ടാറില്ല. പകരം സച്ചിനും ധോണിക്കും പഠാനും ശ്രീശാന്തനുമെല്ലാം കളിപിഴച്ചാൽ ചെകിടുപൊട്ടുന്ന തെറി കിട്ടാറുണ്ടുതാനും.
ഒരുപക്ഷേ ആദിയിയിൽ ഈവചനമുണ്ടായകാലത്ത് ആരോ ഇടമ്പേരുവിളിച്ചതായിരിക്കണമെന്നു ഞാനൂഹിക്കുന്നു. പക്ഷേ കാലാന്തരത്തിൽ അത് ഐവർകാലയുടെ ഐഡന്റിറ്റിയായി. എന്തിനേയും സ്വാംശീകരിക്കുന്ന നാട്. എതിർക്കാൻ വരുന്നവരെയും എതിരായിപ്പറഞ്ഞതിനെയും ഏറ്റെടുത്തുസ്വന്തമാക്കുന്ന നാട്. നഷ്ടപ്പെട്ടതിനെ വീണ്ടെടുക്കുന്ന നാടു്. ഇതിനെല്ലാം മറ്റുള്ളവർക്കു മാതൃകയാകുന്ന നാടു്. ഇന്ത്യക്കുനഷ്ടപ്പെട്ട പാകിസ്താൻ ഐവർകാല വീണ്ടെടുക്കുകയായിരുന്നു. കണ്ണുള്ളവർകാണട്ടെ, കാതുള്ളവർ കേൾക്കട്ടെ! ഭാരതത്തിന്റെ ഇതിഹാസപുരാണങ്ങളും ചരിത്രപുസ്തകവും ഇവിടെ തെളിഞ്ഞ കണ്ണുകൾക്കു വായിക്കാൻ ഒരിക്കലും വിഷമമില്ല.
തുടരും-
കല്ലടയാറു്-കൊല്ലത്തിന്റെ കൊച്ചുസുന്ദരി !
Showing posts with label സ്ഥലപ്പേര്. Show all posts
Showing posts with label സ്ഥലപ്പേര്. Show all posts
Monday, December 1, 2008
Subscribe to:
Posts (Atom)