കൊല്ലത്തു മുണ്ടയ്ക്കലുണ്ടായിരുന്ന S.N.Open education centre ലാണ് മലയാളം MA യ്ക്കു ചേർന്നത്. പ്രൊഫ. കെ പി അപ്പൻ, എം.കെ.സാനുമാഷ്, കെ. വി. ദേവ്, കുമ്മിൾ സുകുമാരൻ തുടങ്ങിയ, അദ്ധ്യാപനത്തിലും സാഹിത്യത്തിലും ഒരുപോലെ തിളങ്ങിയ, അതികായന്മാർ ക്‌ളാസെടുക്കുന്നുവെന്നതായിരുന്നു ആകർഷണം.
അപ്പൻ സാറിൻ്റെ ആദ്യത്തെ ക്ലാസ്സ്. എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്നു. മുപ്പതോളം പെൺകുട്ടികളും പത്തോളം ആൺകുട്ടികളും. പേരു കൊണ്ടും പത്രത്തിലെ ഫോട്ടോ കണ്ടും ഏതാനും ലേഖനങ്ങൾ വായിച്ചും അറിയാമെന്നല്ലാതെ നേരിൽ കാണുകയോ അദ്ദേഹത്തിൻ്റെ ഒരു പ്രസംഗം കേൾക്കുകയോ ഒന്നും ചെയ്തിട്ടില്ല. വേദികളിൽ നിന്നൊഴിഞ്ഞു നിന്നിരുന്ന ആളായിരുന്നു. YouTube പോലെയുള്ള സംഗതികളും അന്നില്ലായിരുന്നു.
കാത്തിരിപ്പിനൊടുവിൽ സാർ ക്ലാസ്സിലെത്തി. വെള്ളമുണ്ടും അരക്കയ്യൻ തൂവെള്ള ഷർട്ടും. മുണ്ടു നീട്ടിയുടുത്തു ആജാനുബാഹുവായി ഉയർന്ന ശിരസ്സോടെ അപ്പൻസാർ. വായനയുടെ പരപ്പും ചിന്തയുടെ ആഴവും പ്രസരിക്കുന്ന കണ്ണുകൾ. പ്രസന്നമായ മുഖവും വിശാലമായ നെറ്റിയും സമൃദ്ധമായി കറുത്തിടതൂർന്ന മുടിയും മൃദുവായ സ്വരവുമായി. എല്ലാവർക്കും സന്തോഷം, അഭിമാനം!
“നിങ്ങളെയൊന്നു പരിചയപ്പെടുത്തൂ. ഓരോരുത്തരായി പേര് പറയൂ.” ഒരറ്റത്തുനിന്നു പേരു പറഞ്ഞു തുടങ്ങി. ഒപ്പം, “ഒരു കടലാസിൽ ഓരോരുത്തരായി പേര് എഴുതിത്തരൂ” എന്ന നിർദ്ദേശവും. ഒരു പേപ്പറിൽ എല്ലാവരും പേരെഴുതി കൊടുത്തു. സാറതു വാങ്ങി പോക്കറ്റിൽ വച്ചു. പാശ്ചാത്യ നിരൂപണമാണു സാർ എടുക്കുന്ന വിഷയമെന്നു പറഞ്ഞുകൊണ്ട് അതേപ്പറ്റി മൃദുവായി സംസാരിച്ചു തുടങ്ങി. കാഴ്ചയിലെ വമ്പത്തം ശബ്ദത്തിനില്ല. ശ്രദ്ധിച്ചിരുന്നാലേ കേൾക്കാൻ പറ്റൂ. അന്നത്തെ ക്ലാസ്സ് കഴിഞ്ഞു പിരിഞ്ഞു. ഒരു ജീവിതം മുഴുവൻ ഓർത്തുവെക്കാനും അഭിമാനിക്കാനും പാകത്തിൽ ഒരതികായൻ്റെ ക്ലാസ്സിലിരുന്നതിൻ്റെ സന്തോഷവും അഭിമാനവും എല്ലാവർക്കും.
ഞെട്ടിയത്, അടുത്ത ക്ലാസ്സിലാണ്. എല്ലാവരുടെയും അഭിവാദ്യം സ്വീകരിച്ചു പതിഞ്ഞ ശബ്ദത്തിൽ ക്ലാസ്സ് തുടങ്ങി. ഇടയ്ക്കു ചില ചോദ്യങ്ങൾ കുട്ടികളോടായി- ഓരോരുത്തരുടെയും പേരു ചൊല്ലി വിളിച്ചുകൊണ്ട്. ശരിക്കും ഞെട്ടി. ഒരു കൺഫ്യുഷനുമില്ല. പേരുകൾ കൃത്യം. ഏറെ ക്‌ളാസ്സുകൾ, ദിവസം മുഴുവൻ ഒരുമിച്ചിരിക്കുന്ന ഞങ്ങൾക്ക് എല്ലാവരുടെയും പേരുകൾ പരസ്പരം അറിയില്ല- അടുത്തിടപഴകുന്നവരുടെയോ ക്‌ളാസിൽ നിറഞ്ഞാടുന്നവരുടെയോ ഒഴികെ. ഇതു വെറും യാദൃച്ഛികമായി സംഭവിച്ചതല്ലെന്നും ഓർമ്മയും മേധയും ഒത്തൊരുമിക്കുന്ന പ്രതിഭയുടെ വിളയാട്ടമാണെന്നും തുടർന്നുള്ള ദിവസങ്ങളിൽ ബോദ്ധ്യമായി.
പടിഞ്ഞാറൻ സാഹിത്യത്തിൻ്റെ നിലകിട്ടാക്കയങ്ങളിൽ അപ്പൻസാറിൻ്റെ കൈപിടിച്ചു ഊളിയിടുമ്പോൾ ആ പ്രതിഭാപ്രസരം വിളക്കായി, വെളിച്ചത്തിന്റെ കവചമായി. മാറുന്ന മലയാള നോവലിനെ കലാപവും വിവാദവുമുണ്ടാകാതെ വിലയിരുത്തിയ വിവേകശാലിയായ വായനക്കാരൻ. പ്രകോപനങ്ങളുടെ പുസ്‌തകം വായിച്ചു ക്ഷോഭിക്കുന്നവരുടെ സുവിശേഷം പേനയുടെ സമരമുഖമാക്കി, മലയാള നിരൂപണചരിത്രത്തെ അഗാധമാക്കിയ ഗുരു. ഇന്നലെകളിലെ അന്വേഷണപരിശോധനകളിലൂടെ ഫിക്ഷന്റെ അവതാരലീലകളുടെ വരകളും വർണ്ണങ്ങളും മാത്രമല്ല, ഉത്തരാധുനികതയുടെ വർത്തമാനവും വംശാവലിയും തിരസ്കരിക്കാതെ ആ ചരിത്രത്തെ അനുവാചകർക്കൊപ്പം കൂട്ടുകയായിരുന്നു പ്രൊഫ. കെ.പി.അപ്പൻ.
അദ്ദേഹത്തെ പോലൊരാൾ എൻ്റെ പേരുപറഞ്ഞു വിളിക്കുമായിരുന്നുവെന്നോർക്കുമ്പോൾ ഇപ്പോഴും ആഹ്ളാദം! രോമാഞ്ചം!!
കോഴ്സ് കഴിഞ്ഞു പലവഴി പിരിഞ്ഞ ശേഷം വീണ്ടും തമ്മിൽ കാണാൻ കഴിഞ്ഞില്ലയെന്ന സങ്കടം ബാക്കി. പ്രവാസിയായി, നാടകന്നുകഴിഞ്ഞ നാളുകളിലെങ്ങോ, 2008 ഡിസംബർ 15 ന്, രോഗവും സാഹിത്യഭാവനയും തമ്മിലുള്ള കലഹവും വിശ്വാസവും വെടിഞ്ഞു അദ്ദേഹം കടന്നുപോയെന്ന് ഏറെക്കാലം കഴിഞ്ഞാണു വേദനയോടെ ഞാനറിഞ്ഞതും. മലയാളനിരൂപണത്തിൽ അപ്പൻ സാറില്ലാത്ത 17 വർഷങ്ങൾ. ആ പാദങ്ങളിൽ ഓർമ്മപ്പൂക്കൾ!!🌹
(ഒപ്പമുള്ളത് നിധിപോലെ സൂക്ഷിച്ച അന്നത്തെ വിരളമായ ഒരു ഫോട്ടോ. സഹപാഠികൾ - രാജീവ് (രണ്ടു പേർ ), ഷാജഹാൻ, പിന്നെയീ പോഴനും അപ്പൻസാറിനൊപ്പം. പൂജ N പോറ്റി- പത്തനാപുരം, പ്രമീള-മുണ്ടയ്ക്കൽ , ബിന്ദു (മാർ- ഒരാൾ പരവൂർക്കാരി ), അനിത, സുജ (ഒരേയൊരു ചുരിദാർ), പിന്നിൽ ചേർന്നു നിൽക്കുന്ന പ്രിയ- കൊല്ലം എന്നിവരും കൂട്ടുകാരും ( മറ്റുള്ളവരോടു മാപ്പ്, പേരോർക്കാത്തതിന്- അപ്പൻ സാർ മണിമണി പോലെ പറഞ്ഞേനെ എന്നുറപ്പ്). (മുരളീധരൻ - കൊട്ടിയം, ബിജു തട്ടാമല (ദീപിക പത്രം), ദയ എന്നിവരും മറ്റു പകുതിപ്പേരും ഫോട്ടോയെടുക്കാൻ അന്ന് വന്നില്ല). ഇവരൊക്കെ ഇപ്പോൾ എവിടെയെന്നൊരു പിടിയുമില്ല. കാണുന്നവർ, അറിയുന്നവർ ദയവായി പ്രതികരിക്കുക. ഓർമ്മകളുമായി ഒരിക്കൽക്കൂടി ഒത്തുകൂടാം.)









