ഇതെന്റെ ബ്ലോഗിങ്ങിനെക്കുറിച്ചാണു്. ഒരു നെറ്റ്കണക്ഷൻ സ്വന്തമായില്ലാതെയും ബ്ലോഗാമെന്നാണുചുരുക്കം. മറ്റുപലബ് ളോഗെഴുത്തഛ്ന്മാരെയും പോലെ ഓഫീസിലിരുന്നു ബ്ലോഗാനും സാമൂഹ്യസേവനം നടത്താനും ഇടകിട്ടാറില്ല.നെറ്റ്കഫെയിൽ വായിക്കാനുള്ള സൈറ്റുകൾ ഓപ്പണിച്ച് അതൊരു പെൻഡ്രൈവിലാക്കും. വായന, റൂമിലെ സിസ്റ്റത്തിൽ. ബ്ലോഗാനുള്ള മാറ്ററും കുറിപ്പുകളും തയ്യാറാക്കുന്നത് റൂമിൽ വന്നു സ്വന്തം കമ്പ്യൂട്ടറിൽ. പെൻഡ്രൈവിൽ സേവി സമയമ്പോലെനേരെ നെറ്റ്കഫേയിലേക്ക്. അവിടെ കോപ്പി- പേസ്റ്റ്, കോപ്പി-പേസ്റ്റ്, കോപ്പി........
2GB പെൻഡ്രൈവിൽ 'വരമൊഴി'യും ഒരുവെടിക്കുള്ള മറ്റത്യാവശ്യ മൃദുലവയറുകളും (software) തയ്യാർ. (വരമൊഴിversion1.7.1 ആണുപയോഗപ്പെടുക. version 1.8.2 ഉപയോഗിച്ചു പരാജയപ്പെട്ടു. അതിൽനിന്നു യൂണിക്കോഡിലേക്കുമാറ്റി കോപ്പി -പേസ്റ്റ് നടക്കുന്നില്ല. എന്താണു കുഴപ്പമെന്നിനിയും പിടികിട്ടിയിട്ടില്ല. പുതിയതു പഴയതിനേക്കാൾ മോശമെന്നുവരുമോ? അറിവുള്ളവർ സംശയനിവൃത്തിവരുത്തുമെന്നു പ്രതീക്ഷിക്കുന്നു.)
ഈ സ്ട്രാറ്റ്ജി കൊണ്ടുള്ള ഗുണങ്ങൾ- മാറ്ററുകൾ സ്വസ്ഥമായി തയ്യാറാക്കാം. എഡിറ്റിംഗ് മുതലായവയ്ക്കു സൗകര്യം. സ്വന്തമായി നെറ്റ്കണക്ഷനില്ലെങ്കിലും കാര്യം നടക്കും. നെറ്റ്കഫെയിലെ ചെലവു പരിമിതപ്പെടുത്താം. ഓഫീസിൽ സ്വസ്ഥം ഓഫീസുഭരണം.ദോഷങ്ങൾ:- വല്യ ദോഷമൊന്നുമങ്ങനെയുണ്ടായിട്ടില്ല. എങ്കിലും റിയൽടൈം ബ്ലോഗു നടക്കില്ല. ഒരൽപം ലാഗിംഗുണ്ടാകും. വിഭവങ്ങൾ ചൂടോടെ വിളമ്പാൻ പറ്റില്ല; അൽപം തണുത്തുപോകും.
എങ്കിലും താരതമ്യേന നിരുപദ്രവകരമായ ഒരുദോഷത്തെ മറ്റുവമ്പൻ ലാഭങ്ങൾ കോമ്പൻസേറ്റ്ചെയ്യുമെന്നു കരുതുന്നു.
Showing posts with label ആദ്യപോഴത്തങ്ങൾ. Show all posts
Showing posts with label ആദ്യപോഴത്തങ്ങൾ. Show all posts
Friday, November 21, 2008
Tuesday, November 18, 2008
ത്രേസ്യാക്കൊച്ചേ നീ പുലിയാ മോളേ !!
(ഏതാനും നാൾമുമ്പു ചുമ്മാ ഒന്നു നടക്കാനിറങ്ങിയതാണു ഒരു വൈകുന്നേരം. മൊത്തത്തിൽ സഞ്ചരിക്കാനൊത്തില്ലെങ്കിലും കുറെവഴി ഒറ്റയടിക്കു നടന്നുതീർത്തു, ത്രേസ്യാക്കൊച്ചിന്റെ ബ്‌ലോകത്തിലൂടെ. അപ്പോളെഴുതിവച്ച കുറിപ്പ് അങ്ങനെതന്നെ ഇവിടെപ്പേസ്റ്റട്ടെ. )
എന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ദിവസമാകുന്നു ഇന്നു്; എന്നുപറഞ്ഞാൽ 2008 ഒക്ടോബർ 25 ശനിയാഴ്ച. കൃത്യമായിപ്പറഞ്ഞാൽ സൗദി സമയം രാവിലെ 10.30നും 11.30നും ഇടക്കുള്ള ശുഭവും ശുഭകരമല്ലാത്തതുമായ മുഹൂർത്തം.(പെണ്ണുങ്ങൾക്കു ശുഭം. ആണുങ്ങൾക്ക് അശുഭം. വഴിയേ വ്യക്തമാകും.) എന്തെന്നാൽ ഈ മുഹൂർത്തത്തിലാണു(ഞാൻ രണ്ടു പക്ഷതിലും ചേരാത്ത ന്യൂട്രലാകുന്നു-അർഥം നിങ്ങളെങ്ങനേയെട്, നിങ്ങളായി എന്റെ പാടായി) ഞാൻ ഇതുവരെ ധരിച്ചു വെച്ചിരുന്ന പ്രപഞ്ച ധാരണകളെയൊക്കെ 'മകിടം തറിക്കുന്ന', 'കുരുത്തി തിറിക്കുന്ന' ഒരു സംഭവമുണ്ടായതു്.
പണ്ട് അപ്പിയിടാനിരുന്ന ന്യുട്ടൺചേട്ടന്റെ തലയിൽ ആപ്പിൾ വീണപോലെ. ലോകത്തിന്റെ(എന്റെ എന്നു പറയാൻ മാത്രം സങ്കുചിതനല്ല ഞാൻ. എന്റെ വിശാലകാഴ്ചപ്പാടിനു തെളിവായിക്കോട്ടെ!) ചില വിശ്വാസങ്ങളെ കീഴ്മേൽ മറിക്കുന്ന സംഭവം. ഈമുഹൂർത്തത്തിലത്രേ ഞാൻ ആദ്യമായി 'കൊച്ചുത്രേസ്യയുടെ ലോക'ത്തു ചെന്നുകയറിയതു്.
ഭഷ്ട്! ഇതാണോ ഇത്രവലിയകാര്യം? ഇതൊരുമാതിരി, ചില ത്രില്ലർ സിനിമകളിൽ കൊല്ലപ്പെടാൻ പോകുന്ന നായിക രാത്രിയിലെന്തോ ശബ്ദം കേട്ടു ഞെട്ടിയുണർന്ന് അതാരാണെന്നന്വേഷിച്ചു ഒരു പ്രത്യേക മ്യൂസിക്കിന്റെ അകമ്പടിയോടെ ഇരുട്ടിലൂടെ നടത്തി മനുഷേന്റെ ചങ്കിടിപ്പു കൂട്ടീട്ട് ഒടുവിൽ തട്ടുമ്പുറത്തോടുന്ന ഒരെലിയെ കാണിച്ചു ആളെ വടിയാക്കുന്ന പോലത്തെ പണിയായിപ്പോയല്ലോ എന്നു പറയാൻ വരട്ടെ. മൊത്തം കേക്ക്. (അല്ലെങ്കി അലുവ. ഒന്നു പോവ്‌വ്വാ!)
അന്നു് ആപ്പിളു വീണതിന്റെ പിറകു പുള്ളിക്കാരനുണ്ടായ വെളിപാടാണല്ലൊ ഏറ്റവും വലിയപാട്. അതുപോലെ ഇതും. ഒരു പെണ്ണൊരുമ്പെട്ടാൽ ഇങ്ങനെ ആവ്വ്വോ എന്നു ഞാൻ അത്ഭുതപരതന്ത്രശാലിയായ കുറുക്കനായി. അമ്മയാണെ നേരു്.
എന്റെയൊരു അനുഭവം വച്ചു് ഒരു പെണ്ണിനു ഒരു ഇന്ദിരാഗാന്ധിയാവാം, മാർഗ്ഗരറ്റ് താച്ചറാവാം. അതുമല്ലെങ്കിൽ ഒരു എം.എസ്. സുബ്ബലക്ഷ്മിയോ, മാക്സിമം ഒരു മഡോണയോ ആകാം. അക്ഷരമുറ്റത്തു് ഒരു പി.വൽസലയൊ മഹാശ്വേതാദേവിയൊ ഒരു അഗതാക്രിസ്റ്റിയോ വരെയും കണ്ടിട്ടുണ്ടു്. വേളൂർക്കൃഷ്ണൻകുട്ടിയെയോ വി.കെ.എൻ നേയോ ഒരു ആനന്ദക്കുട്ടനെയോ പോലും സാരിചുറ്റിയോ ചുരിദാറിട്ടോ കാണാനുള്ള അവസരമുണ്ടായിട്ടില്ല. പി.നരേന്ദ്രനാഥിനോ മറ്റേതെങ്കിലും എമണ്ടന്മാരായ സാഹിത്യശാസ്ത്രജ്ഞന്മാർക്കോ തങ്ങളുടെ ഭാവനയിലോ കൽപനയിലോ പോയിട്ടു് ഉർവശിയിൽപ്പോലും കാണാൻ കഴിഞ്ഞിട്ടില്ലാത്ത ഗാര്യം!
ഇതിപ്പോ പച്ചജീവനത്തേ തന്നെ എന്റെ മുന്നിൽ കൊച്ചുത്രേസ്യാമ്മച്ചിയെ 'ഇച്ചിരിബൂലൊഗ'ത്തു കണ്ടപ്പോൾ ഞാൻ (അത്ഭുത)പെട്ടുപോയതിൽ ആ ഭൂതമൊ ഈഭൂതമോ ഇല്ലല്ലോ!
നർമത്തിന്റെ കിരീടംവെച്ചതും വെക്കാത്തതുമായ രാജാക്കന്മാരും ഭടജനങ്ങളും ആണുങ്ങൾ മാത്രമാണെന്നുകണ്ടു് അവർക്ക് ആത്മാർഥമായി സമ്മതിദാനാവകാശം വിനിയോഗിച്ചുപോന്ന ഒരു വോട്ടറുടെ മുന്നിലേക്കു എതിരാളിക്കൊരു പോരാളിയായി കച്ചമുറുക്കി ത്രേസ്യാക്കൊച്ചു തട്ടിലിറങ്ങിയപ്പോൾ മെയ്യുകണ്ണാക്കിയും കണ്ണുമെയ്യാക്കിയും ഞാൻ എഴുന്നേറ്റുനിന്നു കയ്യടിച്ചുപോയി. അമ്മസത്യം.
ഭാരതീയരുടെ സ്വന്തം അമ്മത്രേസ്യയെ കൂപ്പിയ കൈകൾ കൊണ്ടു കേരളീയരുടെ സ്വന്തം കൊച്ചുത്രേസ്യാക്കു ക്ലാപ്...ക്ലാപ്....ക്ലാപ്പ് !! അങ്ങനെ ഇന്നേവരെ മൊത്തമായി ആണുങ്ങൾക്ക് ചെയ്തിരുന്ന വോട്ടു ഇന്നുമുതൽ ചില്ലറയായി പെണ്ണുങ്ങൾക്കും നൽകാൻ ഞാൻ കൊച്ചുത്രേസ്യയുടെ ബ്ലോഗസുഖമനുഭവിച്ചു (തീരുമാനി)ചിരിക്കുന്നതായി എല്ലാ പുല്ലിംഗ പുല്ലന്‌മാരെയും തെര്യപ്പെടവെച്ചു കൊള്ളുന്നു. (എങ്കിലുമെന്റെ കൂട്ടരേ ഇപ്പഴും ഒരു സംശയം ബാക്കി; ഇത്തൂലികാനാമത്തിനു പിന്നിൽ ഒരു ബാലിക തന്നെയോ? തെറ്റിധരിക്കല്ല്, ചെമ്പരത്തിപ്പൂ പറിച്ചു കാണിച്ചാലും ചങ്കാണെന്നു പറയാൻ മടിയുള്ളവരുടെ കാലമല്ലേ?!)
*****************************************
Saturday, November 15, 2008
വീണ്ടുമൊരു തെറിമാനം (Invitation)
എന്നാലുമെന്റെ വിശാൽജീ, ഇച്ചതി ഇന്നോടുതന്നെ വേണ്ടീർന്നോ?
ഈയുള്ളോൻ കഴിഞ്ഞദെവിസി ഇക്കാണായ ബ്ലൂലോകം മുഴോനും എന്‌തോരം അലഞ്ഞൂന്നറിയോ അവിടത്തെയന്വേഷിച്ച്? കയ്യിലൊരു പെറ്റീഷനും തയ്യാറാക്കിവച്ചിരുന്നു, അവിടത്തെത്തിരുമുമ്പിൽ സമർപ്പിച്ചുകഴുവേറ്റാൻ. പച്ചേങ്കില് എവടെക്കിട്ടാൻ?
ഒരു ചെങ്ങറക്കാരൻ മെട്രോസിറ്റിയിലെത്തിയാലത്തെക്കഥ അവിടുത്തേക്കൂഹിക്കാമല്ലോ. ഹൊ! അട്യേനു തലപെരുക്കണൂ! ട്രെയിനിടിച്ചുചാകാതെ കുടീല് തിരിച്ചെത്താമ്പറ്റീത് അകത്തുള്ളോര്‌ടെ സുകൃതം!
എങ്കിലും മറ്റുചിലലാഭങ്ങളുണ്ടായതു പറയാണ്ടെവേയ്ക്ക്വൊ. അലഞ്ഞുനടന്നകൂട്ടത്തിൽ സിറ്റിയിയിലെ ചില എണ്ണമ്പറഞ്ഞ ഫൈവ്സ്റ്റാർ മാളുകളിലൊക്കെയൊന്നുകയറി ആ ഏ.സീയുടെ തണുപ്പിലൊന്നു കുത്രിക്കാൻപറ്റി. കേട്ടിട്ടുമാത്രമുണ്ടായിരുന്നവ. ഹൊ! എന്‌താ ഒരുസെറ്റപ്പ്, ഓരോന്നിന്റേയും!(പോങ്ങുമ്മൂടൻ,തമനു,ഹരി പാലാ, കൊച്ചുത്രേസ്യ, അഞ്ചൽക്കാരൻ, സഹയാത്രികൻ, മൊത്തംചില്ലറ, നട്ടപ്പിരാന്‌ത്, വിക്രമാദിത്യൻ, ബെർളിത്തരങ്ങൾ തുടങ്ങി അനേകം ഹൈ്ഫൈ് മാളുകൾ! കണ്ണഞ്ചിപ്പിക്കുന്ന നിരവധി ഐറ്റംസ് കണ്ണിൽപ്പെട്ടു.
ഇത്തരമോ ദ്‌നേക്കാൾ മേത്തരമോ എനിയുമുണ്ടാകുമെന്നുകേട്ടു. സൗകര്യമ്പോലെ ഒരിക്കൽ ഇനിയും ചുറ്റിക്കാണാമെന്നു വിചാരിക്കുന്നു. ഇരുളുവീഴുമ്മുമ്പേ കുടിയിലെത്തേണ്ടീരുന്നോണ്ട് മടങ്ങിപ്പോരെണ്ടിവന്നു. ഹൈ്വേക്കിരുപുറവുമുള്ള ഒട്ടനവധി ചെറുകിടവഴിയോരവാണിഭങ്ങളും ഉന്തുവണ്ടിക്കച്ചവടങ്ങളുമൊക്കെക്കണ്ടെങ്കിലും സമയച്ചുരുക്കംകൊണ്ടുതന്നെ അവിടെങ്ങും ഒന്നെത്തിനോക്കാൻപോലും ഇടകിട്ടിയില്ല.
അതൊക്കെയിരിക്കട്ടെ, എബടെയാണവിടത്തെ ദൂബായിക്കൊട്ടാരം? മുമ്പു പലയിടത്തും പരസ്യപ്പലകകളും ഫ്ലക്സ്ബോർഡുകളും കൈചൂണ്ടികളായ ലിംഗപ്രതിഷ്ഠകളും മറ്റും കണ്ടതായോർക്കുന്നു. കഴിഞ്ഞ ദിവസം ഗൂഗിളും ബൂഗിളും മുഴോനും തെണ്ടിനടന്നിട്ടും ഒരു റിസൽട്ടുമുണ്ടായില്ലല്ലോ. റിയലെസ്റ്റേറ്റ് കച്ചവടത്തിലെ തുട്ടുമോഹിച്ചു മറിച്ചുവിറ്റോ അതോ പൊളിച്ചടുക്കിയോ?
ന്തായാലും ഇച്ചങ്കരൻ തെണ്ടിത്തിരിഞ്ഞു പിന്നേം പഴേതെങ്ങുമ്മൂട്ടിൽത്തന്നെ തിരിച്ചെത്തി. ഇനീപ്പൊ ദുംകൂടിബ്‌ടെത്തന്നെ പേസ്റ്റീട്ടു പോയേക്കാം. അവിടത്തെ പള്ളിയുറക്കം കഴിഞ്ഞു നല്ല പള്ളിസൗകര്യമുണ്ടേൽ അടിയേന്റെ കുപ്പമാടത്തിലൊന്നെഴുന്നള്ളി തൃക്കൺപാർത്ത് പുല്ലുമേഞ്ഞ മേൽക്കൂര മാറ്റി ഓലയെങ്കിലുമാക്കാനുള്ള വരംതന്നനുഗ്രഹിച്ചാൽ വേണ്ട്യേലാർന്നു. അട്യേന്റെ പഴമനസ്സില് തോന്നിയ ആഗ്രഹമാണ്. ഒരത്യാഗ്രഹമായിത്തോന്നുന്നെങ്കിലങ്ങ് ഷെമി.
ചില കുറിമാനങ്ങൾ
വിശാലമനസ്കന്റെ ഡൂബായ് സിറ്റിയിലെ പുതിയഫ്ലാറ്റിലേക്കയച്ച അറിയിപ്പ്.:-വിശാലപ്രഭോ ! അടിയൻ ഈബ്ലൂലോകത്തിലെ ഒരു പിച്ചക്കാരനാണു്. ന്ന്വച്ചാൽ പിച്ചനടക്കാൻ പടിക്കണേള്ളൂന്ന്. ഒരു പുതുക്കൻ.
അടിയനൊരൂട്ടം പോഴത്തം കാട്ടീട്ട്ണ്ട്. മാപ്പാക്കണം(സ്കെയിലു തെറ്റണ്ടാ). തീരെനിവൃത്തില്ലാഞ്ഞ് ഒരുബ്ലോഗുണ്ടാക്കി അവുടുത്തേക്കു സമർപ്പിച്(ചിരിക്കുണു). അവിടത്തെ പെർമ്മിഷൻ മാങ്ങാണ്ട്. അങ്ങയുടെ മൂത്തുപഴുത്തബ്ലോങ്ങാ മൊത്തം ഒറ്റയിരിപ്പിനു ചവച്ചരച്ചകത്താക്കിയതിന്റെ ഒരാവേശത്തിൽ ചെയ്തുപോയതാണു്. നാലു തെറി(പച്ചമലയാളത്തിൽ പറഞ്ഞാൽ 'കമന്റ്') മുഖത്തുനോക്കിപ്പറയണംന്നു തോന്നി. അതിനുകണ്ടവഴിയാണു്. മാപ്പുണ്ടാക്കണം.
ബ്ലോഗ് ഉണ്ടയായിക്കഴിഞ്ഞപ്പോൾ, കാക്കത്തൊള്ളായിരം ആത്മാക്കൾ ഗതിയില്ലാതുരുണ്ടുനടക്കുന്ന ഈലോകത്ത് അങ്ങനൊരുഗതിയുണ്ടാകാതെ എവിടെയെങ്കിലുമൊന്നിരുത്തണമെന്നു തോന്നി. (എന്നേക്കും കൊണ്ടുനടക്കാനുള്ള പാങ്ങ് അടിയനില്ലാ.) അതു നമ്മുടെ നാട്ടുമ്പുറത്തു മന്ത്രവാദികളുടെ പക്കലുള്ള സാധാരണ പരിഹാരമാണല്ലോ. അങ്ങനെ അതിനെ അങ്ങയുടെ പാരഗൺ ചപ്പലിന്റെ തൊട്ടുമുന്നിലായിവച്ചിട്ടു അടിയൻ മാറി ദേ ഇങ്ങു തീണ്ടാപ്പാടകലെ ഓഛാനിച്ചുനിൽക്കാണ്. സ്വീകരിച്ചനുഗ്രഹിക്കാൻ തിരുവുള്ളക്കേടുണ്ടാകണം.
ഏർക്കനവേ ഈവിവരം ഇഞ്ചെക്ഷൻ ചെയ്ത്(സൂചിപ്പിച്ച്) ഒരു കമന്റ് അടിയൻ അങ്ങയുടെ പുരാതനബ്ലോഗിന്റെ മതിലിന്മേൽ തേച്ചുപിടിപ്പിച്ചിരുന്നു. ആദ്യമേയീ പോഴന്റെ പാഴ്‌കുടിലിന്റെ പുറത്തു ഒരു ബോർഡു വച്ചിരുന്നു, അങ്ങ് അതുവഴിയേ എഴുന്നള്ളുമ്പോൾ തൃക്കൺപാർക്കാൻ പാകത്തിൽ. എവടെ?! അത്തപ്പാടി എന്നും അത്തപ്പാടി തന്നെയെന്നു ബോധ്യായപ്പോളാണു് പായുംചുരുട്ടി അങ്ങയുടെ കോലോത്തെത്തിയത്.
ഏറെനാളായി ആൾപ്പെരുമാറ്റമില്ലാതെ കിടക്കുകയാണെന്നു പുറത്തുനിന്നു കണ്ടപ്പോൾ തോന്നി. മുറ്റമടിക്കാറില്ല. കരിയിലയും ഓലമടലും തലങ്ങും വിലങ്ങും കിടക്കുന്നു. ആരൊക്കെയോവന്നുകണ്ടു കമണ്ടിപ്പോയതു കണ്ടമാനം കൂട്ടിയിട്ടിരിക്കുന്നു. കാത്തിരുന്നുമടുത്തപ്പോൾ എന്‌തായാലുംവന്നില്ലേയെന്നുകരുതി വന്നിടമറിയിക്കാൻ അടിയന്റെ കൈക്കുറ്റപ്പാട് കിട്ടിയവട്ടപ്പശവച്ചൊട്ടിച്ചുവച്ചു, മതിലിലിന്മേൽത്തന്നെ. അങ്ങു വന്നാൽത്തന്നെ കോലോത്തിന്റെയവസ്ഥ കണ്ട് അകത്തുകയറിയില്ലെങ്കിലോ? പുറത്തുവച്ചുതന്നെ കണ്ടോട്ടെയെന്നുവച്ചു.(അടിയന്റെ ചെറീയ (അപ്പക്കാള)പുത്തിയിൽ തോന്നിയതാണേ).
പിന്നീടാണറിഞ്ഞത് അങ്ങയുടെ, ദൂബായിസിറ്റിയിലുള്ള പുതിയഫ്ലാറ്റിൽ ഇടക്കിടെവന്നുപോകാറുണ്ടെന്നും അവിടെത്തിയാൽ മുഖംകാണിക്കാമെന്നും.(ദെന്‌താപ്പൊ പുതിയൊരു ഫ്ലാറ്റ്‌സംസ്കാരം? സ്റ്റാർ സിങ്ങർ സ്പോൺസറാവാനുള്ള ഐഡിയാ വല്ലതുമുണ്ടാ?) അങ്ങനെ പെട്ടിയുംകെടക്കയുമെടുത്ത് ഇങ്ങോട്ടുവിട്ടിരിക്കുകയാണു്.
എന്നാൽ ഇങ്ങ് അറകെട്ടിത്താമസിച്ച് ഇത്തിരുമുറ്റം മറ്റൊരു ചെങ്ങറയാക്കാമ്പോവ്വാണെന്ന തിരുപ്പേടിയൊന്നും വേണ്ടാട്ടൊ.വന്നവിവരമുണർത്തിച്ചു് ഒടിഞ്ഞുമടങ്ങിക്കൊള്ളാമേ. ഈ പോഴന്റെ സമർപണത്തിനു പിന്നിൽ മറ്റൊരുലാഭം കൂടി ഇച്ചെറിയപുത്തിയിൽ(വീണ്ടും അപ്പക്കാള)കാണുന്നുണ്ട്. അവിടുത്തേക്കാത്തുരക്ഷിച്ചുപോരുന്ന എടക്കാടുമുത്തപ്പന്റെ കരുണാകടാക്ഷം ഒരിത്തിരിപ്പോലം അടിയന്റെ നേർക്കുമുണ്ടായെങ്കിലോ? യേത്, ബെറ്‌തെ കിട്ടണത് എന്‌തിന് ബേണ്ടാന്നുബെക്കണം? (ആയതിലേക്കായി ഒരു ചിന്ന ശുപാർശ തിരുമുഖത്തുനിന്നുമുണ്ടാകാൻ മനസ്സിരുത്തണമെന്നുണർത്തിച്ച് അട്യേൻ അങ്ങ്‌ട്.....)
Monday, November 10, 2008
ബ്ലൂലോകം! l bloolokam!
ഈ ബ്ലൂലോകത്തു ഞാൻ ഒരു പിച്ചക്കാരനാകുന്നു. ന്ന്വച്ചാൽ.. പ്പൊ..പ്പെറ്റുവീണു നടക്കാൻ പഠിക്കണേള്ളൂന്നു്. 'ബൂലോഗ'ത്തെ ഞാനെന്‌തിനു പരിഷ്കരിച്ചൂന്നു ചോദിച്ചാൽ ("എന്റെ സൗകര്യം" എന്നു തറുതല പറയുന്നതിനുമുമ്പു്) പറയാനുണ്ടു്.
'ബൂലോകം'! ! ഹാ, എത്ര ഭാവനാസുന്ദരമായ പദം!! (മാഷേ, ഒന്നൊതുങ്ങി ഇത്തിരിയിടം താ.. ഒന്നു പ്രണമിച്ചോട്ടെ അതാവിഷ്കരിച്ച ആമഹാത്മാവിനെ. 'മ്പ'. -ങ്ങ, കഴിഞ്ഞു. മുട്ടുകുത്തി നമസ്കരിച്ചതിന്റെ ഫോട്ടോഗ്രാഫാ; കൊള്ളാമോ?)
അതിലെ ഭാവനയുടെ വലിപ്പവും സൗന്ദര്യവുമോർത്തു ഞാൻ അന്‌തംവിട്ടു പണ്ടാരടങ്ങിനിന്നുപോയെന്റിഷ്ടാ ! ഭൂലോകം എന്ന ഒറിജിനലിന്റെ വാക്കും അതിന്റെ ആശയവും, blog എന്ന പുതുജിനലിന്റെ അർഥം, ആശയം, ഇവയുടെ വ്യാപ്തി (internet ഉൾപ്പെടെ) പിന്നെ ഒരു പുത്തനാശയം convey ചെയ്യുന്ന പുതുപദസൃഷ്ടിയുടെ ത്രില്ല്- ഇങ്ങനെ പല മാനങ്ങൾ ഒറ്റയടിക്കു 'തമസ്കരിച്ചു'കളഞ്ഞില്ലേ('ഉൾക്കൊള്ളിച്ചിരിക്കുന്നല്ലോ'യെന്നു സ്വൽപം വെയിറ്റിട്ടു പറഞ്ഞതാടോ) ഈയൊറ്റ വാക്കിലൂടെ, ആ ബ്രഹ്‌മാവുതമ്പുരാൻ, ആരായിരുന്നാലും.
നമ്മളാകട്ടെ അതിനെ എല്ലാ എസ്സെൻസിലും ഏറ്റെടുത്തുകൊണ്ടാടുകയും ചെയ്തുകഴിഞ്ഞതു ചരിത്രം. മലയാളത്തിന്റെ നല്ലകാലത്തുതന്നെ 'ഫാര്യ'മാർ വീടു ഭരിക്കാനും ചില 'ഫയങ്കര'ന്മാർ നമ്മെ 'ബയപ്പെടു'ത്താനും തുടങ്ങിയിരുന്നല്ലൊ ബൂലോഗത്തു്. ഫലത്തിൽ 'ഭൂലോകം' പോലെയുള്ള വാക്കുകൾതന്നെ പലരും ഓർമയിൽനിന്നു ഡിലീറ്റുചെയ്തു പുതുവാക്കുകളെ കുടിയിരുത്തിയമട്ടായിട്ടുണ്ടു്.
'ശബ്ദതാരാവലി'യുടെ പുതിയ പതിപ്പിൽ ഇവപലതുമുണ്ടാവില്ലെന്നാണു പറഞ്ഞുകേൾക്കുന്നതു് !! (നൂറ്റാണ്ടുകൾക്കു ശേഷം ഈ വാക്കിന്റെ ഫോസിലുകൾ മണ്മറഞ്ഞ ഗ്രന്ഥക്കെട്ടുകൾക്കിടയിൽനിന്നു ചില ചരിത്രപണ്ഡിതന്മാർ കണ്ടെടുത്തേക്കാം. അന്നു നമുക്കു ഇതിനെപ്പറ്റി ഗവേഷണവും പ്രബന്ധാവതരണവും നടത്തി നാട്ടുകാരെ ബോറടിപ്പിക്കാം.)
'മോങ്ങാനിരുന്ന മലയാളിയുടെ മണ്ടയിൽ ബ്ലോങ്ങാ വീണെ'ന്നു പറഞ്ഞപോലെയായി കാര്യങ്ങൾ. പുതുതലയുടെ മുറയിലിപ്പോൾ 'ബൂലോഗം' മാത്രമേയുള്ളൂ. ഈ മനോഹര മൊമെന്റിലാണു ഒരു ച്..ചെറി..യ.. (അത്രവേണ്ടെങ്കിൽ, ഒരു ഞ്..ഞെറിയ..) പരിഷ്കാരത്തിൽ തരക്കേടില്ലെന്നു തോന്നിയതു്. മാത്രമല്ല ഇന്ദ്ര-ജാല(inter-net)ത്തിന്റെയും ഇമെയിലിന്റെയും MMSന്റെയും ബ്ലോഗുകളുടെയും ഈലോകത്തെ ബ്ലൂലോകമെന്നു വിളിച്ചുണർത്തിക്കണമെന്നു് ബ്ലോങ്ങാനിരിക്കുന്ന എല്ലാ നായകന്മാരെയും ഇതിനാൽ ഉദ്ബോധിപ്പിച്ചുകൊള്ളിവയ്ക്കുന്നു.
ഒരു നിശ്ചയമില്ലയൊന്നിനും
അങ്ങനെ ഞാനും ഒരു ബ്ലോഗിയായി. ചുമ്മാ ഒരു രസത്തിനു്. ആ കടിയങ്ങു മാറിക്കിട്ടിയെന്നല്ലാതെ ഇതെത്രനാൾ മുന്നോട്ടു പോകുമെന്നൊന്നും ഇപ്പോൾ പറയാനാകില്ല. കാരണം മറ്റൊന്നുമല്ല, അൽപവിഭവന്മാരുടെ വിഷയദാരിദ്ര്യം തന്നെ. എന്‌തെടുത്തിട്ടു പോസ്റ്റും റെഗുലറായി, എന്നൊരാഷങ്ക! എന്നാലും പ്രതീക്ഷയ്ക്കൊരു വകയുള്ളതു് എന്റെ ചില ശീലങ്ങളെയാണു്. ചുമ്മാ ഒരു സെന്റൻസിലങ്ങു തുടങ്ങിയാൽ എവിടെയെങ്കിലും ഒരു കരയ്ക്കടുപ്പിക്കാം. പക്ഷെ ഈ തുടങ്ങലാണു പാടു്. തോന്നുന്നു നിങ്ങളിൽ പലരുടെയും അനുഭവമിതുതന്നെയെന്നു്.
നമ്മൾ യുവാക്കളുടെ മുഖമുദ്രയാണല്ലോ മടി, ചില വേണ്ടാത്ത കാര്യങ്ങളിലൊഴികെ! ജോലിയായി വീട്ടിൽനിന്നു പുറപ്പെട്ടു പോയതിനു ശേഷം വീട്ടിലേക്കു കത്തെഴുതാൻ മടിയായിരുന്നു. എന്നാൽ എന്‌തെങ്കിലും രണ്ടു വാചകം എഴുതിവിട്ടേക്കാമെന്നുകരുതി തുടങ്ങിയാൽ ഒരു ചെറുനോവെലിന്റെ വലിപ്പമുണ്ടാകും,കുറച്ചുദിവസങ്ങൾക്കു ശേഷം പോസ്റ്റുചെയ്യുമ്പോൾ. കൂടെയുള്ളവർ ചോദിക്കും താനെന്‌തിനാടോ ഇങ്ങനെ വീട്ടുകാരെ ശിക്ഷിക്കുന്നതു്? എന്നാലും അതിനൊരു സുഖമുണ്ടെന്നു ഞാൻ വിനീതനാകും. ഒരു സാഡിസ്റ്റിന്റെ സുഖം!
ഇതേ സുഖമത്രേ ഈ ബ്ലോഗിൽനിന്നും എന്റെ പ്രതീക്ഷ. 'ഒരു നിശ്ചയമില്ല ബ്ലോഗിനും വരുമോരോ കടി വന്നപോലെപോം' എന്ന മട്ടിലാകരുതെന്നു ആഗ്രഹമുണ്ടു്.
കമന്റടിക്കാനൊരു കുറുക്കുവഴി!
അങ്ങനെ ഞാനും ഒരു ബ്ലോഗിയാകുന്നു. നല്ലതു ചെയ്യുന്ന കൊറച്ചു ദുഷ്ടന്മാർ എന്റെ ദൃഷ്ടിദോഷത്തിൽ പെട്ടിട്ടുണ്ടു്. അവരെയൊക്കെ പോസ്റ്റി വളർത്തുക എന്ന ദുഷ്ടലാക്കോടെയാനു ഞാനും സ്വയംബ്ലോഗിയായതു്. ഒരു നാച്ചുറൽ എഴുത്താളനല്ലാത്തതോണ്ടു മുക്കാലെ മുണ്ടാണിയും, ചെലപ്പോ മൊത്തത്തിലും പ്രകൃതിവിരുദ്ധമായേക്കാം.
എന്നിരിക്കിലും ഞാൻ പറയുന്നതെല്ലാം നമ്പർ വൺ അഭിപ്രായമാണെന്നും എഴുതുന്നതൊക്കെ ലോകോത്തര സാഹിത്യമാണെന്നും തോന്നുന്നവർ മാത്രം എന്നെ കമന്റടിക്കാൻ വന്നാൽ മതി. മറിച്ചെന്തെങ്കിലും തോന്നിയാലതെല്ലാം മനസ്സിൽ വച്ചുകൊള്ളാനും എന്റെ നിയോജകമണ്ഡലത്തിലൊ പുറത്തോ ആ മാതിരി കമന്റിയാൽ അവമ്മാരുദെയും അവളുമാരുദെയും ഈരും പേരും കണ്ടുപിടിച്ചു ഈമെയിലു വരെ തകർത്തുകളയുകയോ നട്ടപ്പാതിരയ്ക്കു കുറ്റാക്കുറ്റിരുട്ടത്തു NH-47ൽ നേരിടുകയൊ ചെയ്യുമെന്നുമുള്ള സന്തോഷവാർത്തയെ കണ്ണുതുറിപ്പിച്ചും മുഖംചുവപ്പിച്ചും ഷർട്ടിന്റെ കൈ ആമ്പിറ്റ് വരെ തെറുത്തുകയറ്റിയും മുഷ്ടി ചുരുട്ടി വിരൽചൂണ്ടി താക്കീതു ചെയ്തും തൽക്കാലം വിട്ടയയ്ക്കുന്നു.
ഇപ്പൊൽ മീശ പിരിക്കാത്തതു് അടുത്തിടെ ക്ലീൻ ഷേവു ചെയ്തതു കൊണ്ടാണെന്നും പക്ഷെ അതുകൊണ്ടു് ഇപ്പരഞ്ഞതിന്റെ സീരിയസ്നെസ്സിൽ കുറവുവരാൻ പാടില്ലാത്തതാകയാൽ ആ കർമ്മം മീശ വളർന്നാലുടൻ നിർവ്വഹിക്കുമെന്നും ഉറപ്പു തരുന്നു.
ഈ ക്രുരകൃത്യം ചെയ്യാൻ ഏന്നെ കലിപ്പിച്ചതിന്റെ കഴുക്കോൽവാദി, കൊടകരയെ ചുമ്മാ പുരാണിച്ചു വെച്ച ഒരു മഹാനാ(റിയാ)ണെന്നും എപ്പോഴെങ്കിലും ആർക്കെങ്കിലും തല്ലണമെന്നൊ തെറിവിളിക്കണമെന്നൊ തോന്നിയാൽ അതു കൊടകരയിലെ മുത്തപ്പന്റെ വീട്ടുമുറ്റത്തു പൂർണ്ണമനസ്സോടെ അനുവദിച്ചുകൊണ്ടും നോം കൈകഴുകിത്തുടച്ചുകൊള്ളുന്നു.
വിശാല മനസ്കനിട്ടൊരു കമന്റടി.-1) ഹോ, ഈ വി.മനസ്കന്റെയൊരു കാര്യം! എന്താ പറയ്യാ? ഇങ്ങൊരെക്കൊണ്ടു ജയിച്ചൂന്നു പറഞ്ഞാ മതീല്ലൊ. എന്തെങ്കിലും വായിച്ചു ചിരിക്കാനുള്ള കഴിവു നഷ്ടപ്പെട്ടെന്നു കരുതിയിരിക്കയായിരുന്നു ഞാൻ ഏറെക്കാലമായി. ചിരിക്കാനുള്ള വക വായിക്കുന്നതിലില്ലാത്തതോണ്ടാകാമെന്നു ചിലർ പറഞ്ഞിരുന്നെങ്കിലും എനിക്കു വിശ്വാസമായിരുന്നില്ല.
പക്ഷെ ഇപ്പൊ കൊടകരക്കാരന്റെ പഴമ്പുരാണം വായിച്ചു ചിരിച്ചു (ചിരിച്ചു ഞാൻ മണ്ണു കപ്പീന്നൊക്കെ എന്റെ ശത്രുക്കൾ പറയുന്നതു വെറുതെ. ഇന്നലെക്കണ്ട ഒരുവനു അതൊരു പുകഴ്തലായിപ്പോകൂല്ലെ? അതു വേണോ? വി.മനസ്കൻ അവമ്മാരുടെ ആരെങ്കിലും ആയതോണ്ടാരിക്കും. (എന്നേ നമ്മൾ മല്ലൂസ് പറയാവൂ). ഒരുപാടു പൊക്കിയാൽ ഉത്തരത്തെ മുട്ടി 'മു'ല 'ത'ഴക്കുമെന്നും അറിയണ്ടെ?
അതിന്റെ കേടാർക്കാ?സത്യത്തിൽ സംഭവിച്ചതിതാണു്- ഈ പഴമ്പുരാണമൊക്കെ വായിച്ചപ്പൊ ഞാൻ ചിരിച്ചു എന്നതു നേരു്. ചുമ്മാ ചിരിക്കുന്നതിനു് ഒരു ത്രില്ലില്ലെന്നു വേറൊരു കൊടകരക്കാരൻ, സൊറി, കരമനക്കാരൻ ഒരു സിലിമായിൽ പറഞ്ഞതോർക്കയാൽ തലകുത്തിനിന്നു ചിരിച്ചു. ഒരു ചെയ്ഞ്ചിനു്.
പക്ഷെ ഈ അഭ്യാസം ഏറെനാളായി പ്രാക്റ്റീസു ചെയ്യാതിരുന്നതിനാലാകണം ബാലൻസു തെറ്റി. (പണ്ടു ശ്രി.വേളുർ കൃഷ്ണൻകുട്ടിയുടെ കാലത്താണു ഞാൻ ഈ അഭ്യാസക്കാഴ്ച്ച നടത്തിയിരുന്നതു്. അന്നുറയിലിട്ട വാളു് പിന്നീടു പ്രയോഗിക്കാനവസരപ്പെട്ടിട്ടില്ല. ആരു വാളുവെച്ചാലും അവിടെക്കിടന്നു ക്രമേണ ഉറുമ്പരിക്കുമല്ലൊ). മുഖമടിച്ചു വീണു. സൗദിയറേബ്യയല്ലെ? മണ്ണിനുണ്ടോ പഞ്ഞം? വായിൽക്കേറുന്നതു നാച്ചുറൽ. ഈ നാച്ചുറാലിറ്റിയെയാണു അവമ്മാർ വളച്ചൊടിച്ചു് എന്നെ പ്രാകൃതനാക്കിവിട്ടതു്.)
'ഉപമാ വി.മനസ്കസ്യ'എന്നു കാളിദാസന്റെ കാലത്തു(കലികാലം എന്നും ചുരുക്കാം. kali-കലി. dasa(ദശ)-കാലം) ചിലർ പറഞ്ഞു വെച്ചിരുന്നതു വെറുതെയാണെന്നും എനിക്കുമനസ്സിലായി.
ഹാവു! ഇപ്പൊ ഞാനും മലയാളിയാണെന്നു തെളിയിച്ചില്ലേ? എന്തൊരു മനസ്സമാധാനം!! നാടറിയാതെ മാജിക്കു കാണിച്ചിട്ട് അതു കേരളക്കരയാണെന്നു കൃത്യമായിക്കണ്ടുപിടിച്ച ആ ഫോറിൻ മജിഷ്യനു വകോനാമം!!
2)അല്ലയൊ വി.യുനസ്കൊ അങ്ങു എന്നെ ഇങ്ങനെ തലകുത്തി ചവിരിപ്പിച്ചതിനു പ്രതികാരം വീട്ടേണ്ടതു് എങ്ങിനെയാണവോ? വംശനാശം സംഭവിക്കുന്ന ഇത്തരം ജീവജാലങ്ങളെ കുറ റി അറ റു പൊകാതെ-ഇവിടെ ഒരു സൗണ്ട് എഫെക്ടിനുള്ള വകവച്ചുകൊടുക്കുന്നു- ശിക്ഷിച്ചെടുക്കണമല്ലൊ.
ഡീസീയിൽ പോയി അങ്ങയുടെ koppu (കൊ.പു.-അലങ്കാരം ഉലല്ലെഖം-ഒന്നിലധികമുണ്ടെങ്കിലങ്ങനെയാവാമെന്നു വൃത്തിചു അലങ്കരിച്ചു വ്യാകരിച്ച മഹാവഷളനായ കേ.പാ. (കേട്ട പാതി കേക്കാത്ത പാതി) പറഞ്ഞതു അമ്മച്ചിയാണെ ഞാൻ കേട്ടതാ) വാങ്ങി അങ്ങയെ സഹായിക്കാമെന്നുവച്ചാൽ മുക്കാലും അവരെടുക്കും .എന്റെ കാശു വേസ്റ്റു്.
പോരാഞ്ഞിട്ടു എല്ലബോറുകളും ഒരുമിച്ചു സംഹരിക്കാത്തതിനാലക്കൊണ്ടു അതിപ്പഴും കൊ.പു.(കൊച്ചു പുസ്തകം)ആയിത്തന്നെയിരിക്കുന്നു. വേഗമൊന്നു വളത്തിയെടു്. പ്രായപൂർത്തിയായതിന്റപ്പറം ഞാൻ ദത്തെടുത്തോളാം. അർജന്റായിട്ടിപ്പൊ ഒരു വലിയ 'കുത' ഞാൻ സംഭാവന ചെയ്യാനുദ്ദേശിക്കുന്നു.
മനോരാജ്യത്തിലെ രാജാവിനു തുണിയില്ലാണ്ടും നടക്കാലൊ. എന്തിനു ഗുണനം, ഹരനം, ന്യുനം ഛെ അധികം(ഹാവു, കിട്ടി!), വിശാലപ്പ്രഭോ, എനിക്കിനിയും കലിയടങ്ങിയിട്ടില്ലാാാ.....
Subscribe to:
Posts (Atom)