Tuesday, April 7, 2020
ഹോമിയോപ്പതി ഒരു തട്ടിപ്പ്?
തലക്കെട്ട് ഒരു ഞെട്ടൽ ഉണ്ടാക്കിയേക്കാം, ഇന്ത്യക്കാർക്ക്, വിശിഷ്യാ മലയാളികൾക്ക്. സാമാന്യജനത്തിന് പൊതുവേ ഇതൊരു ഷോക്ക് ആവുന്നതിൽ അത്ഭുതമില്ല. ഏറെ വർഷങ്ങളായി ഇത് സംബന്ധിച്ച് പുറത്തുവന്നുകൊണ്ടിരിക്കുന്ന വിവരങ്ങളും പൊതുസംവാദങ്ങളും സാമാന്യജനത്തിൽ നിന്ന് മറച്ചുവയ്ക്കുന്നതിൽ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളും അധികാരികളും ശ്രദ്ധ പുലർത്തി വന്നിട്ടുണ്ട്.
ഒരുവിധം മിക്ക വിദേശരാജ്യങ്ങളും ഹോമിയോപ്പതിയെ അശാസ്ത്രീയം എന്ന് കണ്ടെത്തി ഒഴിച്ചു നിർത്തുന്നു.
ഇന്ത്യയിലാകട്ടെ ഇതിന് കടകവിരുദ്ധമായി 'ആയുഷ്' എന്നൊരു വകുപ്പ് തന്നെ ഉണ്ടാക്കി എല്ലാ ആൾട്ടർനേറ്റീവ് ചികിത്സാ സമ്പ്രദായങ്ങളും (മോഡേൺ മെഡിസിൻ ഒഴികെ എല്ലാം) ഒരുകുടക്കീഴിൽ എത്തിച്ചിരിക്കുന്നു.
ശാസ്ത്രീയ അടിത്തറയുള്ളവയെ നിലനിർത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, അല്ലാത്തവയെ തള്ളിക്കളയുക എന്നാണ് ശാസ്ത്രപ്രചാരകരുടെ വാദം.
സോഷ്യൽ മീഡിയയുടെ പ്രചാരത്താൽ അവിടെയാണ് ഇത്തരത്തിലുള്ള സംവാദങ്ങളും വിവരങ്ങളും നിലനിൽക്കുന്നത്. എണ്ണത്തിൽ വളരെ കുറവായ ശാസ്ത്ര പ്രചാരകരുടെ ഇടയിൽ. ബഹുഭൂരിപക്ഷമുള്ള സാധാരണക്കാർക്കിടയിലേക്ക് ഇപ്പോഴും ഈ ചിന്ത എത്തിത്തുടങ്ങിയിട്ടില്ല.
ഈയുള്ളവനും ഒരു ഞെട്ടലോടെയാണ് ഇത്തരം ഒരു ലേഖനം അടുത്തിടെ വായിച്ചത്. അതിലെ വാദങ്ങൾ അവഗണിക്കാവുന്നതല്ല എന്നും തിരിച്ചറിയുന്നു.
പതുക്കെയെങ്കിലും സത്യം എല്ലാവരിലേക്കും എത്തുമെന്നാണ് അവരുടെ പ്രതീക്ഷ. ശാസ്ത്ര പ്രചാരകനായ ശ്രീ. വൈശാഖൻ തമ്പിയുടെ ലേഖനം വായിക്കുക. ലിങ്ക് താഴെ. ചേർത്തല എൻ.എസ്.എസ് കോളേജിലെ ഫിസിക്സ് അദ്ധ്യാപകനാണ് ഇദ്ദേഹം.
(അന്തിപ്പോഴൻ )
04-04-2020
https://m.facebook.com/vaisakhan.thampi/posts/10204250059839391
Friday, February 7, 2020
ദില്ലി സംസ്ഥാന തെരഞ്ഞെടുപ്പ്- 2020
ദില്ലിയിൽ ഒരു തെരഞ്ഞെടുപ്പിന് കൂടി കളമൊരുങ്ങിയിരിക്കുന്നു. ജനാധിപത്യവിശ്വാസികൾക്ക് സന്തോഷവും പ്രതീക്ഷയും നൽകുന്നതാണ് ദില്ലിയിലെ നിയമസഭാത്തെരഞ്ഞെടുപ്പ്. സാധാരണക്കാരനായ ഒരാൾ ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്ന റിസൾട്ട് ഇങ്ങനെ.
ആം ആദ്മി പാർട്ടി- 70
മറ്റുള്ളവർ- 0
അരവിന്ദ് കെജ്രിവാൾ എന്ന ജനനേതാവിന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ ജനങ്ങൾക്കുള്ള വിശ്വാസത്തിന് വിളംബരം ആകേണ്ടതാണ് ഈ തെരഞ്ഞെടുപ്പ് സ്കോർ.
ഭാരതത്തിലെ സാഹചര്യങ്ങളിൽ ഒരു പ്രദേശത്തിന് കിട്ടാവുന്ന ഏറ്റവും നല്ല സർക്കാരാണ് കഴിഞ്ഞ അഞ്ചു വർഷം ഡൽഹിയിൽ നിലനിന്നിരുന്നത്. കോൺഗ്രസിനെയും ബിജെപിയെയും പരീക്ഷിച്ചു മടുത്താണ് ദില്ലി ജനത ആംആദ്മി സർക്കാരിനെ തെരഞ്ഞെടുത്തത്. അവർ മുന്നോട്ടുവെച്ച നയങ്ങളും പരിപാടികളും ഇന്ത്യൻ സാഹചര്യങ്ങളിലെ പരിമിതികൾക്കുള്ളിൽ നിന്ന് പരമാവധി ഭംഗിയായി അവർ നിറവേറ്റുകയും ചെയ്തു. മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി, അല്പം ചൊവ്വോടെ കാര്യങ്ങൾ നടന്നു പോകാറുള്ള കേരളത്തിനു പോലും മാതൃകയാക്കാവുന്ന നിരവധി ഉദാഹരണങ്ങൾ അവർ സൃഷ്ടിച്ചിരിക്കുന്നു.
ഇന്ത്യയിൽ ആദ്യമായി ബജറ്റിന്റെ നാലിലൊന്നോ അതിലേറെയോ വിദ്യാഭ്യാസത്തിന് വേണ്ടി ചെലവഴിച്ചതും വിജയിച്ചതും കേജ്രിവാൾ സർക്കാരാണ്. ഇത് എല്ലാ സർക്കാരുകളും മാതൃകയാക്കേണ്ടതാണ്. അങ്ങനെ ഇന്ത്യയിൽ ആദ്യമായി തെരഞ്ഞെടുപ്പിൽ വിദ്യാഭ്യാസം ഒരു അജണ്ടയായി സെറ്റ് ചെയ്യാൻ ദില്ലി സർക്കാരിന് കഴിഞ്ഞു. ഇന്ന് ദില്ലിയിലെ സർക്കാർ സ്കൂളുകൾ അടിസ്ഥാന സൗകര്യങ്ങളിൽ സ്വകാര്യ സ്കൂളുകളെക്കാൾ ഒന്നുകൊണ്ടും പിന്നിലല്ല. ('മുഖ'ച്ഛായ മാറിയെങ്കിലും 'അക'ച്ഛായ ഇനിയും മാറാനുണ്ട്. അത് തുടർന്നുണ്ടാകുമെന്നു പ്രതീക്ഷിക്കാം)
ഈ സർക്കാർ ആരംഭിച്ച മൊഹല്ല ക്ലിനിക്കുകൾ ആരോഗ്യ രംഗത്ത് വൻ വിപ്ലവമാണ് വരുത്തിയിരിക്കുന്നത്. നമ്മുടെ ഗ്രാമീണ PHC (പ്രൈമറി ഹെൽത്ത് സെന്റർ) കളെക്കാൾ മുന്നിലാണ് മൊഹല്ല ക്ലിനിക്കുകൾ. എല്ലാവർക്കും തൊട്ടടുത്ത ലഭ്യമാവുന്ന സൗജന്യ ചികിത്സ.
പാവപ്പെട്ടവർക്ക് സൗജന്യമായി വെള്ളം, കുറഞ്ഞ ചെലവിൽ വൈദ്യുതി, സ്ത്രീകൾക്ക് സൗജന്യയാത്ര തുടങ്ങിയ അടിസ്ഥാന വിഷയങ്ങൾ അഭിസംബോധന ചെയ്തു വിജയിച്ച മാതൃകയാണ് ജനങ്ങൾക്ക് മുന്നിലുള്ളത്. ഇത്രയധികം സൗജന്യങ്ങൾ അനുവദിച്ചിട്ടുണ്ടെങ്കിലും ഡൽഹിക്ക് മിച്ചബജറ്റാണുള്ളത് എന്നോർക്കുക.
അഴിമതി ഇല്ലാതാക്കുന്നതും സർക്കാരിന്റെ അനാവശ്യച്ചെലവ് കുറയ്ക്കുന്നതും എങ്ങനെ എന്ന് അവർ കൺമുന്നിൽ കാണിച്ചുതന്നു. മന്ത്രിമാരുടെയും പേഴ്സണൽ സ്റ്റാഫിന്റെയും എണ്ണം കുറയ്ക്കുന്നതിലൂടെ മാത്രം കോടികളാണ് ലാഭിച്ചത്. വാക്കും പ്രവൃത്തിയും തമ്മിലുള്ള അകലം കുറയ്ക്കാൻ ഇത്രയധികം പ്രവർത്തിക്കുന്ന ഒരു നേതാവിനെ അരവിന്ദ് കെജ്രിവാളിലല്ലാതെ കാണാൻ പ്രയാസം.
ഈ വ്യത്യസ്തതയിൽ ജനങ്ങൾക്ക് വിശ്വാസമുണ്ടെന്നത് ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കാതെ തരമില്ല. പ്രകടനപത്രികയെ 'പ്രവർത്തന പത്രിക' ആക്കിമാറ്റിയതാണ് അവരുടെ വിജയം.
ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകൾ വ്യത്യസ്തമാണെന്ന ദില്ലി ജനതയുടെ ബോധ്യം അവർ മുമ്പേ തെളിയിച്ചിട്ടുണ്ട്.
ഒരു പൊതുസമൂഹത്തിന്റെ സഹജമായ പ്രശ്നങ്ങളും പോരായ്മകളും ആം ആദ്മി പാർട്ടിയെയും അലട്ടുന്നുണ്ട്. എന്നാൽ അതിനെ മറികടക്കാൻ വകതിരിവുള്ള നേതൃത്വത്തിന്റെ ഇച്ഛാശക്തി വകവെച്ചുകൊടുത്തേ മതിയാകൂ. അത്തരം മറ്റൊരു മാതൃക നമുക്ക് മുന്നിൽ നിലവിലില്ല തന്നെ.
നാടു ഭരിക്കാൻ നാട്യവും നാടകവുമല്ല, നാടിനും ജനങ്ങൾക്കും വേണ്ടതെന്തെന്ന് ശരിയായ തിരിച്ചറിവുള്ള അരവിന്ദ് കെജ്രിവാളിനെ പോലുള്ള ഒരു നേതാവിനെയാണ് ഇന്ന് ഭാരതത്തിനാവശ്യം.
Friday, December 20, 2019
അധികാരപ്രമത്തതയുടെ അവിശ്വസനീയ കഥ.
Friday, December 6, 2019
ചിരിക്കണോ കരയണോ?
ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിലാണ്. നമ്മുടെ നാട്ടിലെ നിയമവാഴ്ചയിൽ ജനം വിശ്വസിക്കുന്നില്ല എന്നത് ആരെയാണ് അസ്വസ്ഥരാക്കേണ്ടത്? ആരുടെ കണ്ണുകളാണ് തുറക്കേണ്ടത്?
പോലീസും പൊതുജനവും നിയമം കയ്യിലെടുക്കുക എന്നതല്ലാതെ മറ്റു വഴിയില്ല എന്ന് വരുന്നു. നമ്മുടെ അതിഭീകര വർത്തമാനകാല അവസ്ഥയിൽ പറയാവുന്നത് ഇതാണ്- ആൾക്കൂട്ട കൊലപാതകത്തെക്കാൾ ഭേദമാണ് പോലീസ് കൊലപാതകം. തമ്മിൽ ഭേദം തൊമ്മൻ.
(നമ്മുടെ പെൺകുട്ടികളുടെ സുരക്ഷിതത്വം ഓർത്ത് പേടിക്കുക, വ്യവസ്ഥകളെ ഓർത്ത് ലജ്ജിക്കുക അല്ലാതെന്തു ചെയ്യാൻ..!)
കുറ്റവാളികളെ നേരിടാൻ പരിഷ്കൃത സമൂഹത്തിന്റെ വഴി അവരെ സംസ്കരിച്ചെടുക്കലും അതിനു സാധിക്കാത്തവരെ ഒറ്റപ്പെടുത്തലുമാണ്. ജീവപര്യന്തം ജാമ്യമില്ലാജയിൽവാസം. അപ്പാടെ നീക്കംചെയ്യൽ (കൊല) അല്ല.
നമ്മുടെ നാട് ഇന്ന് ഒരുവിധമെങ്കിലും മുന്നോട്ടുപോകുന്നത് നിയമവാഴ്ചയുടെ മേന്മയോ ഔദ്യോഗിക സംവിധാനങ്ങളുടെ കാര്യക്ഷമതയോ കൊണ്ടല്ല, വ്യക്തികളുടെയോ സമൂഹത്തിന്റെയോ ധാർമികബോധവും സാമൂഹ്യബോധവും കൊണ്ടാണ്. വിദ്യാഭ്യാസവും മൂല്യബോധവും കുറവുള്ള ഇടങ്ങളിൽ തകർച്ച പ്രകടമാണ്. സമൂഹത്തിന്റെ തകർച്ച പരിഹരിക്കാൻ ഉത്തരവാദപ്പെട്ടവർ വേണ്ടത് ചെയ്യുന്നില്ലെങ്കിൽ കാട്ടുനീതി അല്ലാതെ മറ്റു വഴികളില്ല എന്നത് ഇന്ന് നമ്മുടെ നാട് എത്തി നിൽക്കുന്ന ഗതികേട് തന്നെയാണ് സൂചിപ്പിക്കുന്നത്. തർക്കമില്ല. ആശങ്കാജനകമായ ഒരു അവസ്ഥയുമാണ്.
പതിറ്റാണ്ടുകൾ എടുത്താലും തീരാതെ അനന്തമായ നീളുന്ന വിചാരണയും കോടതി നടപടികളും ആണ് ഈ അവസ്ഥയ്ക്ക് കാരണമായിരിക്കുന്നത്. പോലീസും കോടതികളും ഉൾപ്പെടുന്ന നീതിനിർവഹണവ്യവസ്ഥയും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമടങ്ങുന്ന ഭരണകൂടവും കുറ്റവാളികളോടു പുലർത്തുന്ന അവിശുദ്ധബാന്ധവം മൂലം കുറ്റവാളികൾ രക്ഷപ്പെട്ടു പോകുന്നത് ഈ തകർച്ചയുടെ ആക്കം കൂട്ടുന്നു. ഈ അവസ്ഥയ്ക്ക് ഒരു പരിഹാരം ഉണ്ടാക്കുക എന്നതാണ് വിവേകമുള്ള ഭരണാധികാരികൾ ആദ്യം ചെയ്യേണ്ടത്.
ഇന്നത്തെ അവസ്ഥയിൽ ഈ അവിവേകത്തിന് കയ്യടിക്കുന്നവരെ കുറ്റം പറയാനും കഴിയില്ല.
ഒപ്പം ഒരു വസ്തുത കൂടി തുറന്നു പറയാതെ തരമില്ല. പോലീസും സമൂഹവും പുലർത്തുന്ന ഡബിൾ സ്റ്റാൻഡേർഡ്. പിടിപാട് ഇല്ലാത്തവനോട് എന്തുമാകാം എന്ന ധാർഷ്ട്യം. പ്രതിസ്ഥാനത്ത് സമൂഹത്തിലെ നിലയും വിലയും ഉള്ള ആളുകൾ ആയിരുന്നെങ്കിൽ പോലീസ് ഇങ്ങനെ നീതി നടപ്പാക്കാൻ മുതിരുമായിരുന്നോ? ഡൽഹിയിലെ തന്തൂരി കേസ് മുതൽ കത്വ, ഉന്നാവ് വരെ ഉദാഹരണങ്ങൾ അനവധി. അവർക്കും മുട്ടിടിക്കും എന്നതിൽ തർക്കം വേണ്ട.
അണികളുടെ എണ്ണമോ കയ്യടിയുടെ ഒച്ചയോ കൊണ്ട് ഭൂരിപക്ഷത്തിന്റെ 'വികാര'മളക്കാം. 'വിവേക'ത്തിന്റെ അളവെടുക്കാൻ കഴിയില്ല. വിവേകത്തിന്റെ ശബ്ദം നേർത്തതാണ്. ഒച്ച ഉണ്ടാക്കുന്നവരുടെ ആളെണ്ണം കുറവും. എന്നും എല്ലായിടത്തും അങ്ങനെയാണ്.
കണ്ണു തുറക്കേണ്ടത് അധികാരിവർഗ്ഗം ആണ്. അതിനവരെ പ്രേരിപ്പിക്കുകയാണ് ജനങ്ങൾ ചെയ്യേണ്ടത്.
Tuesday, May 28, 2019
2019 കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംഭവിച്ചത് : ഇടതുമുന്നണിയുടെ പരാജയകാരണങ്ങൾ:-_
- ശബരിമല എന്ന വിഷയം ഉയർത്തിവിട്ട വിദ്വേഷം.
- ജനങ്ങളെ വശത്താക്കാൻ (നാടിന്റെ പൾസ് മനസ്സിലാക്കാൻ) അറിയാത്ത മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഇടതുപക്ഷ നേതാക്കൾ.
- സിപിഎമ്മിന്റെ വടിവാൾ / കൊലപാതക രാഷ്ട്രീയം. സ: ജയരാജന്റെ സ്ഥാനാർത്ഥിത്വം. അതിനോടുള്ള ജനങ്ങളുടെ വെറുപ്പു നിറഞ്ഞ പ്രതികരണം.
- ബിജെപിയ്ക്ക് ബദൽ ഇടതുപക്ഷം എന്ന ന്യായം ജനങ്ങൾക്ക് ബോധ്യപ്പെട്ടില്ല.
- അനഭിലഷണീയമായി വളരുന്ന മതബോധം. വർഗ്ഗീയവിഷവ്യാപനം.
- ബിജെപിയുടെ വളർച്ച ന്യൂനപക്ഷങ്ങളിൽ ഉണ്ടാക്കിയ അരക്ഷിതത്വവും ആശങ്കയും.
- സംഘപരിവാർ അണികളുടെ വിവേകമില്ലായ്മ കൊണ്ട് ബിജെപിയുടെ ഭരണത്തോട് നാട്ടുകാർക്ക് ഉണ്ടായ അസംതൃപ്തി. (എന്നാൽ മോദിയെക്കുറിച്ച് നാട്ടിൽ ഏറെ പേർക്കും മതിപ്പാണ് എന്നുതന്നെയാണ് വിലയിരുത്തൽ). പകരം കാണുന്നത് കോൺഗ്രസിനെ മാത്രം.
- ഒരുകാലത്തും വടക്കേ ഇന്ത്യയുടെ പൾസ് അറിയാതെ പോകുന്ന കേരളത്തിന്റെ മനസ്സ്. ഇക്കുറി കോൺഗ്രസിന്റേതാണ് അവസരം എന്ന് തെറ്റിദ്ധരിച്ചു. *അഥവാ*
- ശരാശരി മലയാളിയുടെ രാഷ്ട്രീയവിവേകം കോൺഗ്രസിനൊപ്പം നിൽക്കാൻ പ്രേരിപ്പിച്ചു.
- ഇവയ്ക്കൊപ്പം യുഡിഎഫ് സ്ഥാനാർത്ഥികളുടെ മികവും.
Monday, May 20, 2019
നരേന്ദ്രമോദി സർക്കാർ-ഒരു വിലയിരുത്തൽ
Sunday, March 23, 2014
ചില രാഷ്ട്രീയ(ച്ചിരി)ക്കാഴ്ചകൾ-
Friday, January 27, 2012
സുകുമാർ അഴീക്കോട്- ക്ഷോഭിക്കുന്ന സുവിശേഷകൻ

വാഗ്ദേവത വരമേകിയ ആ വചോവിലാസം വിടപറഞ്ഞു. മങ്ങാത്ത മനീഷയുടെയും ഭാരതീയസംസ്കൃതിയുടെ തെളിനീരുറന്ന അറിവിന്റെയും ഉടലാർന്ന രൂപം. അദ്ധ്യാപകനായും അന്ധതയെപ്പിളർക്കുന്ന വജ്രസൂചിയായും ആദ്യന്തം മലയാളത്തിന്റെ മനസ്സാക്ഷിസൂക്ഷിപ്പുകാരൻ. സംസ്കാരലോപം സമൂഹത്തിന്റെ ഏതു കോണിൽ നിന്നായാലും മുഖം നോക്കാതെ ഗർജ്ജിച്ച ഒരാശയക്കടലാണു് അലയൊതുക്കിയതു്.
മറുത്തവരോടു പൊറുത്തും അകന്നവരോട് അടുത്തും, ആ വിമർശനങ്ങൾ വ്യക്തിനിഷ്ഠങ്ങളല്ലെന്നഒരുത്തമാചാര്യന്റെ ദിവ്യത്വം അടുത്തനാളുകളിൽ കൈരളി കൺനിറയെക്കണ്ടറിഞ്ഞു. പരിതപിച്ചോ പഴിപോക്കാനോ മലയാണ്മയെ മൊത്തം കാൽച്ചുവട്ടിലെത്തിച്ച വൻപു് തത്ത്വമസി വായിച്ചവരും വാഗ്താഡനമേറ്റവരും മാത്രമല്ല തിരിച്ചറിഞ്ഞതു്. ജ്ഞാനമുറഞ്ഞ ആ ഗ്രന്ഥങ്ങളിലൊന്നുപോലും വായിച്ചിട്ടില്ലാത്ത പോഴന്മാർക്കും ആ വേർപാട് ഒരു വിങ്ങലായി മാറുന്നു.
ആ ധന്യാത്മാവിനു് അപരജന്മങ്ങളില്ലാത്ത നിത്യശാന്തിയേകണമെന്നു പ്രാർത്ഥിക്കാനല്ല, പതിന്മടങ്ങു ക്ഷോഭത്തോടെ നിർമമതയുംനിരങ്കുശത്വവും മുഖമുദ്രയാക്കിയ ആയിരം അഴീക്കോടുമാരായി പുനർജ്ജനിക്കട്ടെയെന്നാശിക്കാനാണു തോന്നുന്നതു്. അലയൊടുങ്ങാത്ത ക്ഷോഭത്തിന്റെ സുവിശേഷകന്മാരാണീയാസുരകാലത്തു് അവതരിക്കേണ്ടതു്. അജ്ഞാനം പിളർന്ന ആ പ്രജ്ഞാനസൂര്യൻ മരണമില്ലാതെ നമ്മെ നയിക്കട്ടെ.
Monday, August 22, 2011
‘അന്നാ ഹസാരെ’ നൽകുന്ന പാഠങ്ങൾ
1. ഒരു ഗാന്ധിശിഷ്യനു് ഇത്രസാധിക്കുമെങ്കിൽ സാക്ഷാൽ ഗാന്ധിയുടെ പ്രഭാവം എന്തായിരുന്നിരിക്കണം?!!ഇന്നത്തെ തലമുറ ഉണ്ടാകും മുമ്പേ ജീവിച്ചുമരിച്ച ഒരു സത്യപരീക്ഷകന്റെ നിലപാടുകളിലെ സത്യസന്ധതയും ആത്മാർത്ഥതയും കുറച്ചെങ്കിലും തിരിച്ചറിയാനൊരു അവസരം.
2. ആത്മാർത്ഥമായ നിലപാടുകൾ ജനം തിരിച്ചറിയും. സെക്രട്ടറിമാർ തയ്യാറാക്കിയ പ്രസംഗം വായിക്കുന്ന നേതാവിന്റെ നിലപാടല്ല, ഹസാരെയുടേത്. ഒരു പാർട്ടി അംഗത്വത്തിന്റെ വിധേയത്വമാണു നേതാക്കളുടെ പ്രസ്താവനകൾക്കു കയ്യടിക്കാൻ പലപ്പോഴും അനുയായികളെ പ്രേരിപ്പിക്കുന്നത്.. തന്റെയും സംഘടനയുടെയും താത്കാലിക നിലനില്പാണു രാഷ്ട്രീയനേതാക്കൾ ലക്ഷ്യമാക്കുന്നത്. അതല്ല, ഹസാരെ മൂവ്മെന്റിന്റെ ലക്ഷ്യം.
4. ഭരണകൂടം, അത് ഏതുകാലത്തും എവിടെയും ഭീതിയും അറപ്പുമുണ്ടാക്കുന്ന ഒരസ്ഥികൂടം മാത്രമാണു്. ഹൃദയമോ മനസ്സോ ഇല്ലാത്തതാണു്. പുഴുക്കൾ നുരയ്ക്കുന്ന ചീഞ്ഞളിഞ്ഞ ഒരു തലച്ചോർ മാത്രമാണതിനുള്ളത്. അതുകൊണ്ടാണു ചൗരിചൗരാകളുണ്ടായത്. ക്വിറ്റിന്ത്യ വേണ്ടിവന്നത്. ഇറോം ഷർമ്മിളമാർ പതിറ്റാണ്ടുകളായി പട്ടിണിയാകുന്നത്. നദികൾക്കുവേണ്ടി യോഗിമാർ നിര്യാതരാകുന്നത്. ഗാന്ധിമാരും ഹസാരെമാരും തിഹാറിലാകുന്നത്.
5. മനുഷ്യസഹജമായ അല്ല, 'ജന്തു'സഹജമായ(മറ്റു ജന്തുക്കൾ ക്ഷമിക്കട്ടെ) അസൂയയും അസഹിഷ്ണുതയുമാണു നമ്മുടെ ഭരണകർത്താക്കളെയും നേതാക്കളെയും ഭരിക്കുന്നത്. ആദ്യം, അരാഷ്ട്രീയവാദിയെന്നൊരു മുദ്ര. പൊതുജനമദ്ധ്യത്തിൽ മുഖം നഷ്ടപ്പെടാതിരിക്കാൻ സൂക്ഷിച്ചും കണ്ടും മാത്രം അഥവാ മനസ്സില്ലാമനസ്സോടെ ഹസാരെക്കു പിന്തുണ. (നാളെ ഇതേ പ്രസ്ഥാനം/തരംഗം തങ്ങൾക്കെതിരായുമുണ്ടാകുമെന്നോർക്കണമല്ലോ. ‘ഇന്നു നീ നാളെ ഞാൻ’.) ദേശീയപ്പാർട്ടികളുടെ പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, പതിറ്റാണ്ടുകളായി ജനസഹസ്രങ്ങളെ അണിനിരത്തി(വാടകയ്ക്കെടുത്തും) നഗരഹൃദയങ്ങളെ പ്രകമ്പനം കൊള്ളിക്കുന്നവർ; കിരീടം വെക്കാത്ത രാജാക്കൾ. തങ്ങൾക്കു ലഭിക്കാത്ത ജനപിന്തുണ ഒരു ചോട്ടാ നേതാവുപോലുമല്ലാത്തയാൾ നേടുകയോ?
6. കാലത്തിന്റെയും ലോകത്തിന്റെയും ചുവരെഴുത്തുകൾ വായിക്കാൻ കഴിയാതെ എന്തിനോടൊക്കെയോ ഉള്ള മമതകൊണ്ട് അന്ധരായിപ്പോയ ധൃതരാഷ്ട്രന്മാർ വാഴുന്ന ഇന്ദ്രപ്രസ്ഥം. ഇക്കാണുന്നതൊക്കെ വഴിപോക്കന്മാരുടെ വായലപ്പുകൾ മാത്രമായിക്കാണുന്നവർ. ഇമേജുകൾക്കു പഞ്ഞമില്ലാത്തവരുടെ, ആദർശവാദികളുടെയും സത്യസന്ധന്മാരുടെയും, ഉദിച്ചുയരുന്ന സൂര്യന്മാരുടേയും ഭരണകുടീരം. "നിയമങ്ങളും ചട്ടങ്ങളും ഞങ്ങൾ പറയും; വഴിപോക്കർ വായടക്കട്ടെ"യെന്ന ഹുങ്കാരം. നാടു വാഴാൻ തങ്ങളെത്തെരഞ്ഞെടുത്തവരുടെ ശബ്ദം ഇനിയും ഉയരാറായിട്ടില്ലെന്നു വിശ്വസിക്കുന്നവർ(?). അതു തങ്ങൾക്കുവേണ്ടിയുയരാൻ എവിടെയോ ഉറങ്ങുകയാണെന്നു സമാശ്വസിക്കുന്ന മൂഢന്മാർ അഥവാ ബുദ്ധി‘രാക്ഷസന്മാർ’.
7. അന്നാ ഹസാരെ എന്നത് ഇന്നു് ഒരു വ്യക്തിയുടെ പേരല്ല, അതൊരു തരംഗമാണു് (movement). ഒരു നിലപാടുതറയാണു്. ആ വ്യക്തി ഒരു നിമിത്തം മാത്രം. സ്വത്വനാശം വന്ന ഒരു സമൂഹത്തിന്റെ കരുത്തു് ഓർമ്മിപ്പിച്ചുകൊടുത്ത വൃദ്ധനായ 'ജാംബവാൻ'. പുരാണകഥയിൽ ഈ സമൂഹം ഒരു കുരങ്ങനെങ്കിൽ ഇവിടെയെന്തു വ്യത്യാസം? പൊതുജനമെന്ന കഴുത. രണ്ടും സ്വത്വമില്ലാത്ത എന്തിനെയും അവഹേളിക്കാനുള്ള ഉപമകൾ; അഥവാ ഉപകരണങ്ങൾ. അഞ്ചുവർഷം കൂടുമ്പോൾ അരങ്ങേറുന്ന ജനാധിപത്യനാടകത്തിന്റെ പേരിൽ തങ്ങളുടെ മുതുകിൽ ഇനിയും വിഴുപ്പുഭാണ്ഡങ്ങൾ വച്ചുകെട്ടുന്നത് സൂക്ഷിച്ചുവേണമെന്ന താക്കീതാണീ തരംഗം.
8. വൈകിയവേളയിൽപ്പോലും വിവേകമുണ്ടാവാൻ ദുരഭിമാനം അനുവദിക്കുന്നില്ല. വെറുമൊരു വൃദ്ധന്റെ മുന്നിൽ ഒരു രാജ്യത്തിന്റെ നിയന്താക്കൾ മുട്ടുകുത്തുകയോ? അറുപത്തഞ്ചു വർഷങ്ങൾക്കുമുമ്പ് ലോകത്തിന്റെ ചക്രവർത്തിമാർ ചെന്നുപെട്ട അതേ ധർമ്മസങ്കടം !! എങ്കിലും നാടുവിടുമ്മുമ്പ് അന്നവർ തങ്ങളാലാവതുചെയ്തു. നാടുപകുത്ത്, തമ്മിൽത്തെറ്റിച്ചു തലതല്ലിക്കീറിച്ചു്, എല്ലാം വെടക്കാക്കിയ വൃദ്ധനെയും കൊല്ലിക്കുന്നതരത്തിലാക്കിവച്ചു. അതിന്റെ പുതിയ പതിപ്പുകൾക്കായി നമുക്കിപ്പോഴും കാത്തിരിക്കാം.
എല്ലാ നാടകങ്ങൾക്കും കയ്യടിച്ചുകൊണ്ടേയിരിക്കുന്ന, വിലാസവും വിചാരവും വഴുതിയ, മുഖവും മനസ്സും കൈമോശംവന്ന കോടിക്കണക്കായ പൊതുജനമെന്ന പോഴന്മാരിലൊരുവൻ- അന്തിപ്പോഴൻ