- ശബരിമല എന്ന വിഷയം ഉയർത്തിവിട്ട വിദ്വേഷം.
- ജനങ്ങളെ വശത്താക്കാൻ (നാടിന്റെ പൾസ് മനസ്സിലാക്കാൻ) അറിയാത്ത മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഇടതുപക്ഷ നേതാക്കൾ.
- സിപിഎമ്മിന്റെ വടിവാൾ / കൊലപാതക രാഷ്ട്രീയം. സ: ജയരാജന്റെ സ്ഥാനാർത്ഥിത്വം. അതിനോടുള്ള ജനങ്ങളുടെ വെറുപ്പു നിറഞ്ഞ പ്രതികരണം.
- ബിജെപിയ്ക്ക് ബദൽ ഇടതുപക്ഷം എന്ന ന്യായം ജനങ്ങൾക്ക് ബോധ്യപ്പെട്ടില്ല.
- അനഭിലഷണീയമായി വളരുന്ന മതബോധം. വർഗ്ഗീയവിഷവ്യാപനം.
- ബിജെപിയുടെ വളർച്ച ന്യൂനപക്ഷങ്ങളിൽ ഉണ്ടാക്കിയ അരക്ഷിതത്വവും ആശങ്കയും.
- സംഘപരിവാർ അണികളുടെ വിവേകമില്ലായ്മ കൊണ്ട് ബിജെപിയുടെ ഭരണത്തോട് നാട്ടുകാർക്ക് ഉണ്ടായ അസംതൃപ്തി. (എന്നാൽ മോദിയെക്കുറിച്ച് നാട്ടിൽ ഏറെ പേർക്കും മതിപ്പാണ് എന്നുതന്നെയാണ് വിലയിരുത്തൽ). പകരം കാണുന്നത് കോൺഗ്രസിനെ മാത്രം.
- ഒരുകാലത്തും വടക്കേ ഇന്ത്യയുടെ പൾസ് അറിയാതെ പോകുന്ന കേരളത്തിന്റെ മനസ്സ്. ഇക്കുറി കോൺഗ്രസിന്റേതാണ് അവസരം എന്ന് തെറ്റിദ്ധരിച്ചു. *അഥവാ*
- ശരാശരി മലയാളിയുടെ രാഷ്ട്രീയവിവേകം കോൺഗ്രസിനൊപ്പം നിൽക്കാൻ പ്രേരിപ്പിച്ചു.
- ഇവയ്ക്കൊപ്പം യുഡിഎഫ് സ്ഥാനാർത്ഥികളുടെ മികവും.
Tuesday, May 28, 2019
2019 കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംഭവിച്ചത് : ഇടതുമുന്നണിയുടെ പരാജയകാരണങ്ങൾ:-_
Monday, May 20, 2019
നരേന്ദ്രമോദി സർക്കാർ-ഒരു വിലയിരുത്തൽ
Sunday, March 23, 2014
ചില രാഷ്ട്രീയ(ച്ചിരി)ക്കാഴ്ചകൾ-
Friday, January 27, 2012
സുകുമാർ അഴീക്കോട്- ക്ഷോഭിക്കുന്ന സുവിശേഷകൻ

വാഗ്ദേവത വരമേകിയ ആ വചോവിലാസം വിടപറഞ്ഞു. മങ്ങാത്ത മനീഷയുടെയും ഭാരതീയസംസ്കൃതിയുടെ തെളിനീരുറന്ന അറിവിന്റെയും ഉടലാർന്ന രൂപം. അദ്ധ്യാപകനായും അന്ധതയെപ്പിളർക്കുന്ന വജ്രസൂചിയായും ആദ്യന്തം മലയാളത്തിന്റെ മനസ്സാക്ഷിസൂക്ഷിപ്പുകാരൻ. സംസ്കാരലോപം സമൂഹത്തിന്റെ ഏതു കോണിൽ നിന്നായാലും മുഖം നോക്കാതെ ഗർജ്ജിച്ച ഒരാശയക്കടലാണു് അലയൊതുക്കിയതു്.
മറുത്തവരോടു പൊറുത്തും അകന്നവരോട് അടുത്തും, ആ വിമർശനങ്ങൾ വ്യക്തിനിഷ്ഠങ്ങളല്ലെന്നഒരുത്തമാചാര്യന്റെ ദിവ്യത്വം അടുത്തനാളുകളിൽ കൈരളി കൺനിറയെക്കണ്ടറിഞ്ഞു. പരിതപിച്ചോ പഴിപോക്കാനോ മലയാണ്മയെ മൊത്തം കാൽച്ചുവട്ടിലെത്തിച്ച വൻപു് തത്ത്വമസി വായിച്ചവരും വാഗ്താഡനമേറ്റവരും മാത്രമല്ല തിരിച്ചറിഞ്ഞതു്. ജ്ഞാനമുറഞ്ഞ ആ ഗ്രന്ഥങ്ങളിലൊന്നുപോലും വായിച്ചിട്ടില്ലാത്ത പോഴന്മാർക്കും ആ വേർപാട് ഒരു വിങ്ങലായി മാറുന്നു.
ആ ധന്യാത്മാവിനു് അപരജന്മങ്ങളില്ലാത്ത നിത്യശാന്തിയേകണമെന്നു പ്രാർത്ഥിക്കാനല്ല, പതിന്മടങ്ങു ക്ഷോഭത്തോടെ നിർമമതയുംനിരങ്കുശത്വവും മുഖമുദ്രയാക്കിയ ആയിരം അഴീക്കോടുമാരായി പുനർജ്ജനിക്കട്ടെയെന്നാശിക്കാനാണു തോന്നുന്നതു്. അലയൊടുങ്ങാത്ത ക്ഷോഭത്തിന്റെ സുവിശേഷകന്മാരാണീയാസുരകാലത്തു് അവതരിക്കേണ്ടതു്. അജ്ഞാനം പിളർന്ന ആ പ്രജ്ഞാനസൂര്യൻ മരണമില്ലാതെ നമ്മെ നയിക്കട്ടെ.
Monday, August 22, 2011
‘അന്നാ ഹസാരെ’ നൽകുന്ന പാഠങ്ങൾ
1. ഒരു ഗാന്ധിശിഷ്യനു് ഇത്രസാധിക്കുമെങ്കിൽ സാക്ഷാൽ ഗാന്ധിയുടെ പ്രഭാവം എന്തായിരുന്നിരിക്കണം?!!ഇന്നത്തെ തലമുറ ഉണ്ടാകും മുമ്പേ ജീവിച്ചുമരിച്ച ഒരു സത്യപരീക്ഷകന്റെ നിലപാടുകളിലെ സത്യസന്ധതയും ആത്മാർത്ഥതയും കുറച്ചെങ്കിലും തിരിച്ചറിയാനൊരു അവസരം.
2. ആത്മാർത്ഥമായ നിലപാടുകൾ ജനം തിരിച്ചറിയും. സെക്രട്ടറിമാർ തയ്യാറാക്കിയ പ്രസംഗം വായിക്കുന്ന നേതാവിന്റെ നിലപാടല്ല, ഹസാരെയുടേത്. ഒരു പാർട്ടി അംഗത്വത്തിന്റെ വിധേയത്വമാണു നേതാക്കളുടെ പ്രസ്താവനകൾക്കു കയ്യടിക്കാൻ പലപ്പോഴും അനുയായികളെ പ്രേരിപ്പിക്കുന്നത്.. തന്റെയും സംഘടനയുടെയും താത്കാലിക നിലനില്പാണു രാഷ്ട്രീയനേതാക്കൾ ലക്ഷ്യമാക്കുന്നത്. അതല്ല, ഹസാരെ മൂവ്മെന്റിന്റെ ലക്ഷ്യം.
4. ഭരണകൂടം, അത് ഏതുകാലത്തും എവിടെയും ഭീതിയും അറപ്പുമുണ്ടാക്കുന്ന ഒരസ്ഥികൂടം മാത്രമാണു്. ഹൃദയമോ മനസ്സോ ഇല്ലാത്തതാണു്. പുഴുക്കൾ നുരയ്ക്കുന്ന ചീഞ്ഞളിഞ്ഞ ഒരു തലച്ചോർ മാത്രമാണതിനുള്ളത്. അതുകൊണ്ടാണു ചൗരിചൗരാകളുണ്ടായത്. ക്വിറ്റിന്ത്യ വേണ്ടിവന്നത്. ഇറോം ഷർമ്മിളമാർ പതിറ്റാണ്ടുകളായി പട്ടിണിയാകുന്നത്. നദികൾക്കുവേണ്ടി യോഗിമാർ നിര്യാതരാകുന്നത്. ഗാന്ധിമാരും ഹസാരെമാരും തിഹാറിലാകുന്നത്.
5. മനുഷ്യസഹജമായ അല്ല, 'ജന്തു'സഹജമായ(മറ്റു ജന്തുക്കൾ ക്ഷമിക്കട്ടെ) അസൂയയും അസഹിഷ്ണുതയുമാണു നമ്മുടെ ഭരണകർത്താക്കളെയും നേതാക്കളെയും ഭരിക്കുന്നത്. ആദ്യം, അരാഷ്ട്രീയവാദിയെന്നൊരു മുദ്ര. പൊതുജനമദ്ധ്യത്തിൽ മുഖം നഷ്ടപ്പെടാതിരിക്കാൻ സൂക്ഷിച്ചും കണ്ടും മാത്രം അഥവാ മനസ്സില്ലാമനസ്സോടെ ഹസാരെക്കു പിന്തുണ. (നാളെ ഇതേ പ്രസ്ഥാനം/തരംഗം തങ്ങൾക്കെതിരായുമുണ്ടാകുമെന്നോർക്കണമല്ലോ. ‘ഇന്നു നീ നാളെ ഞാൻ’.) ദേശീയപ്പാർട്ടികളുടെ പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, പതിറ്റാണ്ടുകളായി ജനസഹസ്രങ്ങളെ അണിനിരത്തി(വാടകയ്ക്കെടുത്തും) നഗരഹൃദയങ്ങളെ പ്രകമ്പനം കൊള്ളിക്കുന്നവർ; കിരീടം വെക്കാത്ത രാജാക്കൾ. തങ്ങൾക്കു ലഭിക്കാത്ത ജനപിന്തുണ ഒരു ചോട്ടാ നേതാവുപോലുമല്ലാത്തയാൾ നേടുകയോ?
6. കാലത്തിന്റെയും ലോകത്തിന്റെയും ചുവരെഴുത്തുകൾ വായിക്കാൻ കഴിയാതെ എന്തിനോടൊക്കെയോ ഉള്ള മമതകൊണ്ട് അന്ധരായിപ്പോയ ധൃതരാഷ്ട്രന്മാർ വാഴുന്ന ഇന്ദ്രപ്രസ്ഥം. ഇക്കാണുന്നതൊക്കെ വഴിപോക്കന്മാരുടെ വായലപ്പുകൾ മാത്രമായിക്കാണുന്നവർ. ഇമേജുകൾക്കു പഞ്ഞമില്ലാത്തവരുടെ, ആദർശവാദികളുടെയും സത്യസന്ധന്മാരുടെയും, ഉദിച്ചുയരുന്ന സൂര്യന്മാരുടേയും ഭരണകുടീരം. "നിയമങ്ങളും ചട്ടങ്ങളും ഞങ്ങൾ പറയും; വഴിപോക്കർ വായടക്കട്ടെ"യെന്ന ഹുങ്കാരം. നാടു വാഴാൻ തങ്ങളെത്തെരഞ്ഞെടുത്തവരുടെ ശബ്ദം ഇനിയും ഉയരാറായിട്ടില്ലെന്നു വിശ്വസിക്കുന്നവർ(?). അതു തങ്ങൾക്കുവേണ്ടിയുയരാൻ എവിടെയോ ഉറങ്ങുകയാണെന്നു സമാശ്വസിക്കുന്ന മൂഢന്മാർ അഥവാ ബുദ്ധി‘രാക്ഷസന്മാർ’.
7. അന്നാ ഹസാരെ എന്നത് ഇന്നു് ഒരു വ്യക്തിയുടെ പേരല്ല, അതൊരു തരംഗമാണു് (movement). ഒരു നിലപാടുതറയാണു്. ആ വ്യക്തി ഒരു നിമിത്തം മാത്രം. സ്വത്വനാശം വന്ന ഒരു സമൂഹത്തിന്റെ കരുത്തു് ഓർമ്മിപ്പിച്ചുകൊടുത്ത വൃദ്ധനായ 'ജാംബവാൻ'. പുരാണകഥയിൽ ഈ സമൂഹം ഒരു കുരങ്ങനെങ്കിൽ ഇവിടെയെന്തു വ്യത്യാസം? പൊതുജനമെന്ന കഴുത. രണ്ടും സ്വത്വമില്ലാത്ത എന്തിനെയും അവഹേളിക്കാനുള്ള ഉപമകൾ; അഥവാ ഉപകരണങ്ങൾ. അഞ്ചുവർഷം കൂടുമ്പോൾ അരങ്ങേറുന്ന ജനാധിപത്യനാടകത്തിന്റെ പേരിൽ തങ്ങളുടെ മുതുകിൽ ഇനിയും വിഴുപ്പുഭാണ്ഡങ്ങൾ വച്ചുകെട്ടുന്നത് സൂക്ഷിച്ചുവേണമെന്ന താക്കീതാണീ തരംഗം.
8. വൈകിയവേളയിൽപ്പോലും വിവേകമുണ്ടാവാൻ ദുരഭിമാനം അനുവദിക്കുന്നില്ല. വെറുമൊരു വൃദ്ധന്റെ മുന്നിൽ ഒരു രാജ്യത്തിന്റെ നിയന്താക്കൾ മുട്ടുകുത്തുകയോ? അറുപത്തഞ്ചു വർഷങ്ങൾക്കുമുമ്പ് ലോകത്തിന്റെ ചക്രവർത്തിമാർ ചെന്നുപെട്ട അതേ ധർമ്മസങ്കടം !! എങ്കിലും നാടുവിടുമ്മുമ്പ് അന്നവർ തങ്ങളാലാവതുചെയ്തു. നാടുപകുത്ത്, തമ്മിൽത്തെറ്റിച്ചു തലതല്ലിക്കീറിച്ചു്, എല്ലാം വെടക്കാക്കിയ വൃദ്ധനെയും കൊല്ലിക്കുന്നതരത്തിലാക്കിവച്ചു. അതിന്റെ പുതിയ പതിപ്പുകൾക്കായി നമുക്കിപ്പോഴും കാത്തിരിക്കാം.
എല്ലാ നാടകങ്ങൾക്കും കയ്യടിച്ചുകൊണ്ടേയിരിക്കുന്ന, വിലാസവും വിചാരവും വഴുതിയ, മുഖവും മനസ്സും കൈമോശംവന്ന കോടിക്കണക്കായ പൊതുജനമെന്ന പോഴന്മാരിലൊരുവൻ- അന്തിപ്പോഴൻ
Monday, April 11, 2011
ഞാൻ ആർക്കു വോട്ടു ചെയ്യണം?
ഈ പോഴൻ ആദ്യമായി വോട്ടുചെയ്യാൻ പോവുകയാണു്. ഇപ്പോൾ 18 വയസ്സു പൂർത്തിയായതുകൊണ്ടല്ല. ഇതുവരെ വോട്ടുചെയ്യണമെന്നു തോന്നിയിരുന്നില്ല. ഇവന്റെ വോട്ടിനർഹതയുള്ളവരെയാരെയും കിട്ടിയിരുന്നില്ല. സമ്മതിദാനാവകാശം വിലപ്പെട്ടതെന്നറിയാമായിരുന്നു. അതുകൊണ്ടുതന്നെ അർഹതയില്ലാത്തവർക്കുകൊടുക്കുന്നതു് അതു പാഴാക്കലാണെന്നും വിചാരിച്ചു. ബോധമുറച്ചകാലം മുതൽ കക്ഷിരാഷ്ട്രീയത്തിൽ താത്പര്യമില്ല. രാഷ്ട്രീയക്കാരെ പുച്ഛവുമായിരുന്നു. ഇപ്പോൾ ചിന്തകളും ധാരണകളും പ്രായത്തിനൊപ്പിച്ചു മാറിവരുന്നു. ഒരു പരീക്ഷണത്തിനെങ്കിലും ഇത്തവണ വോട്ടുചെയ്യണമെന്നു വിചാരിക്കുന്നു. നിമിത്തം പോലെ, കൃത്യസമയത്തു വെക്കേഷനുമായി തെരഞ്ഞെടുപ്പ് ഒത്തുവരുകയും ചെയ്തു.
കന്നിവോട്ട് ഉത്തരവാദിത്തത്തോടെ, കുറഞ്ഞപക്ഷം യുക്തിയോടെയെങ്കിലും ചെയ്യണമെന്നുണ്ട്. ഇവിടെയാണു നിങ്ങളുടെ അഭിപ്രായത്തിന്റെ പ്രസക്തി. ഇതുവരെ ആലോചിക്കാത്ത ഒരു പുതിയ വീക്ഷണവെളിച്ചം വീണുകിട്ടിയാൽ ഏറെ ധന്യനായി.
നേതാവിന്റെ വാക്കുകേട്ടു പാർട്ടിച്ചിഹ്നത്തിൽ കണ്ണുമടച്ചുകുത്താൻ വിധിക്കപ്പെടുന്ന പാർട്ടിമെമ്പർഷിപ്പ് എന്ന പോഴത്തം ഇതുവരെയില്ല. നല്ലതിനോടൊക്കെ അനുഭാവമുണ്ട്. അപ്പോൾ ചെയ്യാവുന്നത് വിവിധനിലപാടുകളുടെ വെളിച്ചത്തിൽ അഭിപ്രായം രേഖപ്പെടുത്തുകയെന്നതാണു്. ആഗ്രഹത്തിനനുസരിച്ച സ്ഥാനാർത്ഥികളാരുമില്ലാത്തപ്പോൾ കൂട്ടത്തിൽ നിന്നു ഭേദപ്പെട്ട ഒരു തൊമ്മൻ.
സ്ഥാനാർത്ഥിപ്പട്ടികയിൽ ഒരാളേയും അംഗീകരിക്കാത്തവർക്കുവേണ്ടി ഒരു ഓപ്ഷൻ ഉണ്ടാകേണ്ടതല്ലേ? അതിനു് ഒരു നിശ്ചിത ശതമാനത്തിൽക്കൂടുതൽ അംഗീകാരം കിട്ടിയാൽ അവരെ ഒഴിവാക്കി വീണ്ടും മറ്റൊരു തെരഞ്ഞെടുപ്പുനടത്തി ജനഹിതം സംരക്ഷിക്കേണ്ടതല്ലേ?
വ്യത്യസ്തകോണുകളിൽനിന്നു നോക്കുമ്പോൾ കാഴ്ചയും വ്യത്യസ്തമാകും. അതുതന്നെയാണു് ഒരു സാധാരണ വോട്ടറെ കുഴക്കുന്നതും. നാടിന്റെയും ജനങ്ങളുടെയും സർവ്വതോമുഖമായ വളർച്ചയ്ക്കു സമഗ്രമായ സംഭാവന നിർഭാഗ്യവശാൽ ഒരു മുന്നണി സർക്കാരിൽ നിന്നും ഇക്കാലമത്രയും(ഒരുപക്ഷേ ഭാവിയിലും) ഉണ്ടായിട്ടില്ല. ആകെമൊത്തം ഒരു പാസ്സ് മാർക്കെങ്കിലും കൊടുക്കാവുന്നത് ഇക്കഴിഞ്ഞ സർക്കാരിനാണു്.
വിദ്യാഭ്യാസത്തെപ്പറ്റി ഭേദപ്പെട്ട കാഴ്ചപ്പാടുള്ള മന്ത്രി എം.എ. ബേബി, ആരും ആക്ഷേപിക്കാത്ത എൻ.കെ. പ്രേമചന്ദ്രൻ, മനുഷ്യ-പ്രകൃതിസ്നേഹിയായ ബിനോയ്‌വിശ്വം തുടങ്ങിയവർ പ്രതീക്ഷ തരുന്നു. (സ്നേഹം കൂടിയതുകൊണ്ടോ 'കസേരകളി' പിടിപാടില്ലാത്തതുകൊണ്ടോ പാവത്തിനിത്തവണ സീറ്റില്ല. കൂട്ടത്തിൽ പറയട്ടെ, ഇപ്പോഴും മിനിമം ഗ്യാരണ്ടിയുള്ള അംഗങ്ങൾ CPI ക്കു മാത്രം. പാഴ്‌ജന്മങ്ങളൊന്നും ആ പാർട്ടിയുടെ പ്രതിനിധികളായിക്കണ്ടിട്ടില്ല.)
ഇക്കൂട്ടത്തിൽപ്പെടുത്താമായിരുന്ന അൽഫോൺസ് കണ്ണന്താനം എന്ന മന്ത്രിയെ കേരളീയർക്കു നഷ്ടപ്പെടുത്തിയതിൽ അതിയായ ദുഃഖമുണ്ടു്.LDF തമ്പുരാക്കന്മാരോട് പ്രതിഷേധമുണ്ട്.
പക്ഷേ ഒരു തുടർച്ച അനുവദിക്കണമെന്നു നിസ്സംശയം പറയാനുമാകുന്നില്ല. പാർട്ടിക്കുള്ളിലെ പടലപ്പിണക്കം തന്നെ പ്രധാനം. ഇച്ഛാശക്തിയുള്ള ഒരു മുഖ്യമന്ത്രിക്കു മൂക്കുകയറിടുന്ന പാർട്ടി(നേതൃത്വം) നിലപാടുകൾ ഒരു ബലഹീനത തന്നെയാണു്. മൂന്നാർ മിഷൻ പരാജയപ്പെടുത്തിയവർക്കു കാലം മാപ്പുനൽകില്ല. എന്നാൽ കാലത്തിനൊത്തു പുരോഗമനാത്മകമായ ചില അഭിപ്രായങ്ങൾ ശ്രീ പിണറായി വിജയനിൽ നിന്നുണ്ടാകുമ്പോൾ ശ്രീ അച്യുതാനന്ദന്റേതു മൂരാച്ചിവാദമാകാറുമുണ്ട്.
ഒരു മുന്നണിയെന്ന നിലയിൽ അഴിമതിയും അഴിമതിക്കാരും LDFൽ കുറവാണെന്നത് ചെറിയ കാര്യമല്ല.
ദേശവികസനത്തിന്റെ കാഴ്ചപ്പാടിൽ മിക്കവരും പരാജയങ്ങൾ തന്നെ. കരണീയമായത്, പുതുമുഖങ്ങൾക്കും യുവത്വത്തിനും അവസരം കൊടുത്ത് ഒരു പരീക്ഷണത്തിനു തയ്യാറാവുകയാണു്. സ്വാഭാവികമായും അത്തരം സ്ഥാനാർത്ഥികളുള്ള മുന്നണി അധികാരത്തിൽ വരും. ആ നയം തുടരാൻ മേലിലും പാർട്ടികൾക്കതൊരു പ്രേരണയാകും.
UDFൽ മുമ്പെന്നപോലെ ചുരുക്കം ചിലരെ മാറ്റി നിർത്തിയാൽ അവസരവാദികളുടെയും അഴിമതിക്കാരുടെയും ഒരു കൂടാരമെന്ന ഇമേജിനു വലിയ മാറ്റമൊന്നും കാണുന്നില്ല. തൻകാര്യം നോക്കികളായ ഘടകകക്ഷികളാണു പേരു ചീത്തയാക്കുന്നത്. കോൺഗ്രസ്സു മാത്രമെങ്കിൽ പലതിലും പാസ്സ് മാർക്കു കൊടുക്കാമായിരുന്നു.
രണ്ടുമുന്നണികളോടുമുള്ള പ്രതിഷേധസൂചകമായി ബി.ജെ.പി ക്കോ മറ്റൊരാൾക്കോ വോട്ടുചെയ്യാം. ഇപ്പോൾ BJPയുടെ കുറെ വോട്ടുകൾ അവർക്കുള്ള അംഗീകാരമല്ല മറിച്ച് രണ്ടുമുന്നണികളോടുമുള്ള പ്രതിഷേധമാണു് എന്നു കരുതാൻ ന്യായമുണ്ട്.
എന്റെ മുന്നിലുള്ള ഓപ്ഷൻസ് -
1- വ്യക്തിപരമായി ഭേദപ്പെട്ട തൊമ്മൻ.
മാർക്കു തുല്യമായാൽ ഭേദപ്പെട്ട മുന്നണി ആരുടേതെന്നു നോക്കാം.
(ഇപ്പോൾ പോഴൻ LDFനെ സപ്പോർട്ട് ചെയ്യും. വി.എം.സുധീരനെ മുഖ്യമന്ത്രിയാക്കുമെങ്കിൽ UDFനെ താങ്ങാനും തയ്യാർ.)
2- ഭേദപ്പെട്ട തൊമ്മനെ നിശ്ചയിക്കാൻ പറ്റാതെവന്നാൽ പുതുമുഖത്തിനു വോട്ട്.
അതും തുല്യമായാൽ യുവത്വത്തിനു വോട്ട്.
ഒടുവിൽ മാത്രം മുന്നണി പരിഗണന.
3- ഇരുകൂട്ടരോടും പ്രതിഷേധവുമായി മൂന്നാമതൊരാൾക്കു വോട്ട്. അടുത്ത വലിയകക്ഷിയായ ബി.ജെ.പിക്കു്.
4- വോട്ടു ചെയ്യാതെയിരിക്കാം ഇക്കുറിയും. പക്ഷേ അഭിപ്രായം എവിടെയും പ്രത്യക്ഷപ്പെടുന്നില്ല.
ഇനി നിങ്ങൾ പറയൂ. ഒരു സാധാരണപോഴൻ (വോട്ടർ) നിങ്ങളുടെ അഭിപ്രായം ആരായുന്നു. പാർട്ടിയും മുന്നണിയും മാറ്റിവച്ച് മനസ്സാക്ഷി പറയുന്നതു മാത്രം പറയൂ. ഞാനാർക്ക് എന്തുകൊണ്ടു വോട്ടുചെയ്യണം?
Wednesday, October 27, 2010
എന്റെ അരുമ അയ്യപ്പൻ

ഔപചാരികതകളോ അലങ്കാരങ്ങളോ ഇല്ലാത്ത ഒരസാധാരണൻ; അല്ല, ഒരതിസാധാരണൻ. അയ്യപ്പനെ ആദ്യം ഓർമ്മിച്ചുപോകുന്നതു് ഇങ്ങനെയാണു്. ഏതു കൊച്ചുകുഞ്ഞിനും ‘അയ്യപ്പൻ’ തന്നെ. അങ്ങനെ വിളിച്ചുകേൾക്കാനായിരുന്നിരിക്കണം ഇഷ്ടവും. 'അയ്യപ്പേട്ടൻ' എന്ന ബഹുമാനം പോലും അയ്യപ്പൻ സ്വീകരിച്ചിരുന്നതായി വിശ്വസിക്കുന്നില്ല. ഏവരുടെയും അരുമ.
കേട്ടറിവുകളിലൂടെ അയ്യപ്പനെയറിയാൻ ഒട്ടും പ്രയാസമുണ്ടായിട്ടില്ല. ആരുടെ മനസ്സിലും ചാടിക്കയറി ഇരിപ്പുറപ്പിക്കുന്ന ശുദ്ധരിൽ ശുദ്ധൻ. ഒരിക്കലും അന്യനാണെന്നു തോന്നാൻ ആരെയും അനുവദിച്ചിരുന്നില്ല. ഓരോ അണുവിലും നിറഞ്ഞ നിഷ്കളങ്കത, ആരിലും മതിപ്പുളവാക്കി. അങ്ങനെയാണു ഞാനും അയ്യപ്പനെ സ്നേഹിക്കാൻ തുടങ്ങിയതു്. ഒരു കത്തുപോലുമെഴുതാതെ. അതിനു ഒരു വിലാസമെവിടെ?നമുക്കൊക്കെയല്ലേ വീടും വിലാസവും ഈമെയിൽ ഐഡിയുമൊക്കെ. പ്രപഞ്ചം തന്നെ വീടാക്കിയവനു് എന്തും വിലാസം.
ആദ്യമായി കേട്ടറിഞ്ഞതു സാഹിത്യകുതുകിയായ ഒരു സുഹൃത്തിൽനിന്നു്. ആളെക്കുറിച്ചായിരുന്നില്ല, കവിതയെക്കുറിച്ചു്. എങ്കിലും ആ പറച്ചിലിലെ ഓമനത്തം എന്റെ ആത്മാവിലേക്കിറങ്ങി. സംഭാഷണമദ്ധ്യേ ഏതോ വരികൾ ഉദാഹരിച്ചതായിരുന്നു. അയ്യപ്പൻ എന്ന പേരു കേൾക്കെത്തന്നെ ഒരു ജന്മാന്തരബന്ധം രൂപപ്പെട്ടപോലെ. അതാണാ തനിനാടൻപേരിന്റെ തനിമയും അരുമയും. പിന്നീടും അയ്യപ്പന്റെ വിശേഷങ്ങൾ അധികമാരും പറഞ്ഞില്ല. എങ്കിലും അതു തനിയെ ഒരറിവായി നിറയുകയായിരുന്നു. ഒരു ലയമായിരുന്നു പിന്നെ. ഞാനറിയുന്നപോലെ അയ്യപ്പനെ എല്ലാവരുമറിയുമെന്നു തോന്നുന്നു. നേരിട്ടു കാണാതെ. കവിതപോലും വായിക്കാതെ.
ഒരിക്കലേ നേരിട്ടു കണ്ടിട്ടുള്ളൂ. എറണാകുളത്തു് ഒരു ഫിലിം ഫെസ്റ്റിവലിൽ. ഏറെ വർഷങ്ങൾക്കു മുമ്പു്. എന്റെ പിൻനിരയിലിരുന്ന അയ്യപ്പനെക്കണ്ടു രണ്ടു ചെറുപ്പക്കാർ (ഏതോ കോളേജുകുമാരന്മാരായിരിക്കണം) "ഡാ, അയ്യപ്പൻ- കണ്ടാൽ കാശു ചോദിക്കും" എന്നു പതുങ്ങുമ്പോൾ. അതാണു് അയ്യപ്പന്റെ 'ക്യരക്ടറി'ലേക്കു നേരിട്ടുകിട്ടിയ 'എക്സ്പീരിയൻസ്'. അതിനും വളരെ മുമ്പുതന്നെ എന്റെ മനസ്സിൽ ചേക്കേറിയിരുന്നു, ആ അയ്യപ്പൻ പക്ഷി. ആരുമറിയാതെ. ആദ്യമായി നേരിൽക്കണ്ടതു് ഇത്തരമൊരു രംഗത്തിലും.പക്ഷേ ഇതൊന്നുമറിയാതെ തന്റേതു മാത്രമായ ഏതോ ലോകത്തിലായിരുന്നു,അയ്യപ്പൻ.
ഒരു മനുഷ്യജീവനു് ഇക്കാണുന്ന തത്രപ്പാടൊന്നും ആവശ്യമില്ലെന്നല്ലേ ആ ജീവിതം നൽകുന്ന സന്ദേശം? ഒരു തുണ്ടു ഭൂമിയോ ഒരു കൊച്ചുകൂരയോ പോലും. അന്യന്റെ കയ്യിലുള്ളതു തന്റേതുകൂടിയാണെന്ന ഒരു സമത്വദർശനം കാണാനാകുന്നില്ലേ? 'തത്ത്വമസി' 'അഹം ബ്രഹ്മാസ്മി' എന്നൊന്നും ഒരിക്കലും വിളിച്ചുകൂവിയില്ല.
ആരോടെങ്കിലും പിണങ്ങിയിട്ടുണ്ടാകുമോ അയ്യപ്പൻ? വെറുതെ ആലോചിച്ചുപോയി. അതിനു കഴിയില്ലെന്നു വിശ്വസിക്കാനാണെനിക്കിഷ്ടം. ആർക്കും അയ്യപ്പനോടു പിണങ്ങാനും. അന്നന്നത്തെ ലഹരിക്കു് അഞ്ചോ പത്തോ ചോദിച്ചാൽ കൊടുക്കാത്തവരോടു പോലും പിണങ്ങിയിരിക്കില്ല. ആ മനസ്സിന്റെ നൈർമ്മല്ല്യം അതിനെയൊക്കെ വെടിപ്പാക്കിയിരിക്കണം. "ഇയാൾ കാശു തരുന്നില്ലെ"ന്നു് അടുത്തുകണ്ടയാളോടു പറയുന്ന നിഷ്കളങ്കമായ പരിഭവത്തിൽ അതവസാനിക്കുന്നു. അലിഞ്ഞുപോകുന്നു. "ഈ സുഗതകുമാരി കാശുചോദിച്ചാൽ തരില്ലെ"ന്നു മൈക്കിലൂടെ മാളോരോടു പരാതിപറഞ്ഞു കവയിത്രിയെപ്പോലും ചിരിപ്പിച്ചില്ലേ?
ജീവിതത്തിനുവേണ്ടി മറ്റുള്ളവരുടെ പരക്കമ്പാച്ചിൽ. പത്തിനെ നൂറും നൂറിനെ ആയിരങ്ങളുമാക്കുന്ന ദുരയൊന്നും തെല്ലുമേശാതെ, രണ്ടിൽത്തുടങ്ങി ഇരുപതിലവസാനിക്കുന്ന അക്കങ്ങളിൽ അയ്യപ്പൻ ജീവിതത്തിന്റെ സമസ്തസൗന്ദര്യവും സമാധാനവും ദർശിച്ചു. അതിനേക്കാൾ വലിയ തുക ആരോടും ചോദിച്ചിരിക്കാനിടയില്ല. അവസാനം കിട്ടിയ അവാർഡുതുകയുടെ 'വലുപ്പം പോലും' അയ്യപ്പനു താങ്ങാവുന്നതിനപ്പുറമായിരുന്നുവോ?
മണ്ണിൽ നിന്നു വന്നുമണ്ണിലേക്കു മടങ്ങിയ മണ്ണിന്റെ മകൻ. ഒടുവിൽ വിടവാങ്ങി, പണവും പദവിയുമല്ല, ഉറുമ്പും ചിതലുമാണു നരജന്മത്തിനു നിതാന്തബന്ധുത്വമണയ്ക്കുന്നതെന്ന തിരിച്ചറിവു് പങ്കുവച്ചുകൊണ്ടു്.